കുന്ദലത/അതിഥി
←രാജകുമാരൻ | കുന്ദലത രചന: അതിഥി |
വൈരാഗി→ |
|
[ 28 ] ധർമ്മപുരിക്കു് സമീപം ഒരു ചന്തസ്ഥലമുണ്ടെന്നു് മുമ്പു് ഒരേടത്തു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ ചന്തയ്ക്കു് ഒരു ദിവസം ആ ദിക്കുകാരല്ലാത്ത നാലഞ്ചുപേർ വരികയുണ്ടായി. ക്രയവിക്രയാദികൾക്കു വരികയല്ല, വഴിപോക്കന്മാരാണ്. അവിടെനിന്നു് ഭക്ഷണത്തിനും, മറ്റും തരമായ സ്ഥലമേതെന്നു് അന്വേഷിച്ചപ്പോൾ ധർമപുരിയിൽ ബ്രാഹ്മണഗൃഹം ഉണ്ടെന്നറിഞ്ഞു് ചക്കാലന്മാർ ഒരു കോമ്പലായി വരുന്നവരുടെ കൂടെ അവരും വന്നു കയറി. ചക്കാലന്മാർ ചിലർ അവരുടെകൂടെ ചെന്നു ബ്രാഹ്മണഗൃഹങ്ങൾ കാണിച്ചുകൊടുത്തു. ആ പാന്ഥന്മാരും ബ്രാഹ്മണരാണത്രെ. എകദേശം എഴെട്ടു നാഴിക പകലുള്ളപ്പോഴാണ് ധർമ്മപുരിയിൽ വന്നെത്തിയത്. എല്ലാവരും വഴിപോക്കന്മാരുടെ പതിവുപോലെ കുറെ നേരം [ 29 ] ആൽത്തറയിന്മേൽ കാറ്റുകൊണ്ടിരുന്നു. ചിലർ പതുക്കെ സ്നാനത്തിന്നും പോയി.
രണ്ടാളുകൾ പോകാതെ പിന്നെയും അവിടെതന്നെ ഇരിക്കുമ്പോൾ യോഗീശ്വരനും വന്നെത്തി. വേഷം ഒക്കെയും മുമ്പത്തെക്കുറി വന്നപ്പോഴുണ്ടായിരുന്നതുപോലെതന്നെ. വന്നു്, ആൽത്തറയിന്മേൽ കയറി, കുറഞ്ഞൊന്നു് ഇരുന്നതിന്റെശേഷം ആ രണ്ടു് പാന്ഥന്മാരോടും ഓരോ വർത്തമാനം ചോദിക്കുവാനാരംഭിച്ചു. അവരിൽ അധികം ചെറുപ്പക്കാരനായ പാന്ഥൻ യോഗീശ്വരനെ കണ്ടപ്പോൾ വളെരെ വിസ്മയത്തോടുകൂടി സൂക്ഷിച്ചുനോക്കിത്തുടങ്ങി. യോഗീശ്വരന്നും ആ യുവാവിന്റെ കാന്തിയേറിയ മുഖവും വിസ്തീർണ്ണമായ മാറിടവും മറ്റും കാണുകയാൽ അധികമായ കൗതുകം തോന്നി. അദ്ദേഹത്തെ കണ്ടാൽ ഒരു വൈഷ്ണവബ്രാഹ്മണനാണെന്നു തോന്നും. ഗോപി നാസികാഗ്രംമുതൽ മൂർദ്ധാവുവരെ വളരെ വിശദമാകുംവണ്ണം കുറിയിട്ടിട്ടുണ്ട്. ആ വിഷ്ണുമുദ്രതന്നെ, മാറത്തും കൈയിന്മേലും പുറത്തും മറ്റും പല ദിക്കിലും ചെറുതായി കാണ്മാനുണ്ട്. വളെരെ ദക്ഷിണദിക്കിൽനിന്നാണു വരുന്നതു്. എന്നും പല രാജ്യങ്ങളെയും പരിചയമുണ്ടെന്നും മറ്റും പറഞ്ഞു: ക്രമേണ, സംഭാഷണം യോഗീശ്വരനും ആ യുവാവും തമ്മിൽതന്നെയായി. ആ കുറച്ചുനേരത്തിനുള്ളിൽ യോഗീശ്വരൻ തന്റെ മേൽ ആ യുവാവിനു് എങ്ങനെയെന്നറിയാതെ, ഒരു വിശ്വാസം ജനിപ്പിച്ചു. അപ്പോഴേക്കു് അപ്രശസ്തനായ മറ്റേ വഴിപോക്കൻ സ്നാനത്തിന്നായിട്ടിറങ്ങിപോകയും ചെയ്തു.
യോഗീശ്വരൻ: ഞാൻ അങ്ങേ അനാവശ്യമായി സംസാരിച്ചു് താമസിപ്പിക്കുകയല്ലല്ലൊ? മറ്റവരെല്ലാവരും സ്നാനത്തിന് പോയിത്തുടങ്ങി . അങ്ങുന്നും കൂടെ പോകുന്നില്ലേ?
പാന്ഥൻ: എനിക്കു് അങ്ങുന്നുമായുണ്ടായ പരിചയത്തിൽ കുറച്ചു് അധികം നേരമുണ്ടായിരിക്കാം അവരുമായുള്ള പരിചയം. അല്ലാതെ അധികമായ സംബന്ധം ഒന്നും ഇല്ല. സമീപം എവിടെയെങ്കിലും ഒരേടത്തു് ഭക്ഷണത്തിനു് തരമായി കിട്ടേണം. അവരുടെകൂടെ പോയേ കഴിയൂ എന്നോ ഇപ്പോൾതന്നെ പോകേണമെന്നോ നിഷ്കർഷയില്ലാതാനും!
യോഗീശ്വരൻ: (കുറഞ്ഞൊരു പുഞ്ചിരിയോടുകൂടി) വിരോധമില്ലെങ്കിൽ എന്റെ ഒരുമിച്ചു പോന്നാൽ എന്റെ ഭവനത്തിൽ ഉള്ളതിനു് ഒട്ടും അസ്വാധീനമില്ല. യഥേഷ്ടം എത്ര കാലമെങ്കിലും ഒരുമിച്ചു താമസിക്കുന്നതും എനിക്കു് വളെരെ സന്തോഷമാണു്.
പാന്ഥൻ: എനിക്കു് ഇന്ന ദിവസം ഇന്ന ദിക്കിൽ എത്തേണമെന്നും മറ്റും ഒരു നിശ്ചയവും ഇല്ലല്ലോ. സൗഖ്യമാണെന്നു തോന്നിയാൽ വിശിഷ്ടന്റെ കൂടെ താമസിക്കുന്നതിനെന്തു വിരോ [ 30 ] ധം എന്നു വിചാരിച്ചു്, 'അങ്ങേടെ ഭവനത്തിലേക്കു് ഇവിടുന്നു് എത്ര ദൂരമുണ്ട്?' എന്നു ചോദിച്ചു.
'അധികം ദൂരമില്ല, എങ്കിലും അങ്ങുന്നു് വഴി നടന്നു് ക്ഷീണിച്ചിരിക്കയാൽ അടുക്കെ ഒരേടത്തുനിന്നു് ഭക്ഷണസാധനങ്ങൾ വല്ലതും വാങ്ങി അല്പം ക്ഷീണം തീർക്കാം' എന്നു പറഞ്ഞു യോഗീശ്വരൻ എഴുനീറ്റു; പാന്ഥനും കൂടെ പുറപ്പെട്ടു.
അദ്ദേഹത്തിന്നു് ചെറിയ ഒരു ഭാണ്ഢവും ബ്രാഹ്മണവേഷത്തിന്നു് ഒട്ടും ചേർച്ചയില്ലാത്ത ഉറയിൽ ഇട്ട ഒരു വാളും ഉണ്ട്; അല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല. പോകുന്ന വഴിക്കു് ഒരു ബ്രാഹ്മണഗൃഹത്തിൽനിന്നു് പാന്ഥനു് കുറെ ഭക്ഷണസാധനം വാങ്ങിക്കൊടുത്തു് ക്ഷീണം തീർത്തശേഷം, രണ്ടുപേരുംകൂടി മുമ്പു് പ്രസ്താവിച്ച ഭയങ്കരമായ മാർഗത്തിലൂടെ യാത്ര തുടങ്ങി.
മാർഗത്തിന്റെ വിജനതയും ഘോരകാന്താരത്തേയും കണ്ടപ്പോൾ പാന്ഥനു് വളെരെ വിഷാദമായി: 'ഇദ്ദേഹം എന്നെ ചതിക്കുകയല്ലല്ലൊ? ഈശ്വരാ! ഞാൻ ഒരു അവിവേകിയായ ബാലൻ, ഏകൻ, അസഹായൻ-മുമ്പു് ലേശം പോലും പരിചയമില്ലാത്ത ഇദ്ദേഹത്തിന്റെ ഒരുമിച്ചു് പോരുവാൻ ഞാൻ സമ്മതിച്ചുവല്ലൊ. കഷ്ടം! പിന്നോക്കം വെച്ചാലോ-ഭീരുവാണെന്നു വന്നാലും തരക്കേടില്ല, പ്രാണരക്ഷയാണല്ലൊ അധികം പ്രാധാനം-അങ്ങെനെയല്ല-കൂടെ പോവുകതന്നെ - വല്ലതും അക്രമത്തിനു് മുതിർന്നാൽ ഇയ്യാളോടു് ഞാൻ പോരെ? -വേറെയും ആളുകൾ ഉണ്ടെങ്കിലോ-കണ്ടാൽ ഒരു ദുഷ്ടനാണെന്നു് ഒരിക്കലും തോന്നില്ല-അബദ്ധമായോ?' എന്നീ മാതിരി അനവധി വിചാരങ്ങൾ പാന്ഥന്റെ മനസ്സിൽ ഉളവായി.
അതിനാൽ തല താണു് നടത്തത്തിന്നു് വേഗം കുറയുകയും യോഗീശ്വരൻ ഒരിക്കൽ പിന്നോക്കം തിരിഞ്ഞു നോക്കിയപ്പോൾ പാന്ഥനെ കുറേ ദൂരത്തായി കാണുകയും ചെയ്തു. അദ്ദേഹം ബുദ്ധിമാനാകയാൽ യുവാവിന്റെ വിചാരം പത്തിനഞ്ചു് കണ്ടറിഞ്ഞു് അവിടെനിന്നു് 'വേഗത്തിൽ വരൂ' എന്നു് വിളിച്ചു. ഒരു സ്വപ്നത്തിൽനിന്നു് ഞെട്ടി ഉണർന്നതുപോലെ പാന്ഥൻ തല പൊങ്ങിച്ചുനോക്കി; തന്റെ അകാരണമായ ഭയം വിചാരിച്ചു് നാണം പൂണ്ടു് വേഗത്തിൽ നടന്നു് ഒപ്പം എത്തി. യോഗീശ്വരൻ ഭയമാസകലം നീങ്ങത്തക്കവിധത്തിൽ കനിവോടുകൂടി ചിലതു പറഞ്ഞപ്പോൾ പാന്ഥനു് മുമ്പത്തെ വിശ്വാസവും ബഹുമാനവും വീണ്ടും ജനിച്ചു. പിന്നെ യോഗീശ്വരൻ പാന്ഥനോടു് ഓരോന്നും ചോദിച്ചുകൊണ്ടു് മനോരാജ്യങ്ങൾക്കു് ഇടകൊടുക്കാതെയും, വഴിയുടെ ബുദ്ധിമുട്ടു് അറിവാൻ അയയ്ക്കാതെയും, കുറേ നേരം മല കയറിയപ്പോഴേക്കു് ഭവനത്തിൽനിന്നു് വെളിച്ചം കണ്ടു തുടങ്ങി.
'അതാ എന്റെ ഭവനം' എന്നു് യോഗീശ്വരൻ പറഞ്ഞു.
'വേറെ എത്ര ഭവനങ്ങൾ സമീപം ഉണ്ടു്?' എന്നു് പാന്ഥൻ [ 31 ] ഉടനെ ചോദിച്ചപ്പോൾ 'എന്റെ വാസം വളരെ ഏകാന്തമായിട്ടാണു്. അഞ്ചാറു നാഴികയ്ക്കുള്ളിൽ വേറെ ഒരു ഭവനവും ഇല്ല. എന്നു തന്നെയല്ല, ഈ പ്രദേശത്തു് മനുഷ്യരെതന്നെ കാണുകയില്ല' എന്നുത്തരം പറഞ്ഞു.
രണ്ടുപേരും കൂടി ഭവനത്തിന്റെ ഉമ്മരത്തു് എത്തിയപ്പോഴേക്കു് പാർവതി ഒരു പായ കൊണ്ടുവന്നു നൂർത്തി. കുറച്ചുനേരം അവിടെ കാററുകൊണ്ടു് ഇരുന്നശേഷം, യോഗീശ്വരൻ അകത്തേക്കുപോയി. പുതുതായി വന്ന ആളെക്കുറിച്ചു് കുന്ദലതയോടു് അല്പം സംസാരിച്ചു് വേഗത്തിൽ പുറത്തേക്കുതന്നെ വന്നു. 'നമുക്കു് ഒട്ടും താമസിയാതെ കുളിക്കുവാൻ ഉത്സാഹിക്ക' എന്നു് യോഗീശ്വരൻ പറഞ്ഞപ്പോൾ അതിഥി തന്റെ വസ്ത്രങ്ങളും ഭാണ്ഡവും മറ്റും അഴിപ്പാൻ തുടങ്ങി. 'ഞാനും അല്പം ചില മാറ്റങ്ങൾ ഉണ്ടാക്കട്ടെ' എന്നു പറഞ്ഞു് യോഗീശ്വരൻ തന്റെ ജടയും താടിയും അഴിച്ചു. അതിഥി അതിവിസ്മയത്തോടുകൂടി നോക്കി. എങ്കിലും മുഖത്തിന്റെ സൗമ്യത കണ്ടപ്പോൾ വിസ്മയത്തേക്കാൾ അധികം സന്തോഷമാണുണ്ടായതു്. 'ഇനി വല്ല മാറ്റവും ഉണ്ടാക്കാനുണ്ടോ? എന്നു് അതിഥി ചോദിച്ചു. യോഗീശ്വരൻ മന്ദസ്മിതത്തോടുകൂടി ഇല്ലെന്നുത്തരം പറഞ്ഞു് വിളക്കെടുത്തു് ചോലയുടെ സമീപത്തേക്കു നടന്നു തുടങ്ങി. സുഖമായി കുളി കഴിഞ്ഞു് ഉമ്മരത്തേക്കു എത്തിയപ്പോഴേക്കു് ഈറൻ വിഴുക്കുവാൻ പുതിയ ശുഭ്രങ്ങളായ വസ്ത്രങ്ങളും ഒരു തമലയിൽ ജലവും വച്ചിട്ടുണ്ടായിരുന്നു. ഈറൻ വിഴുത്തു് അകായിലേക്കു കടന്നപ്പോഴേക്കു് അത്താഴത്തിന്നു് ഒക്കെയും തയ്യാറായിരുന്നു. യോഗീശ്വരനും അതിഥിയും കൂടി ഭക്ഷണം കഴിച്ചു് ഉമ്മരത്തുതന്നെ രണ്ടാളുകൾക്കും കിടക്ക വിരിച്ചിട്ടുണ്ടായിരുന്നതിനാൽ കിടക്കുകയും ചെയ്തു. ക്ഷീണമുണ്ടാകയാൽ അതിഥി ഉറങ്ങികൊള്ളട്ടെ എന്നു വിചാരിച്ചു് യോഗീശ്വരൻ ഒന്നും സംസാരിച്ചില്ല. അതിഥി 'വിചാരിച്ചതുപോലെയൊന്നുമല്ല. വളെരെ സുഖമായിട്ടുള്ള ഗൃഹം, ഇദ്ദേഹവും അതി ഉദാരൻ, കഷ്ടം! ഞാൻ വേറെ ചിലതൊക്കെയും അബദ്ധമായി ശങ്കിച്ചുവല്ലോ, എന്നിങ്ങനെ ചിലതു വിചാരിച്ചു് വഴിനടന്നു ക്ഷീണം കൊണ്ടും മൃഷ്ടമായി ഭക്ഷിച്ചിരുന്നതിനാലും താമസിയാതെ ഉറക്കമായി. അതിഥി ഉറങ്ങി എന്നു തീർച്ചയായശേഷം, അകത്തക്കു പോയി, അതിഥിയെക്കുറിച്ചു് കുന്ദലതയോടുകൂടി അല്പം സംഭാഷണം ചെയ്തു് യോഗീശ്വരനും ഉമ്മരത്തു വന്നു കിടന്നു. അദ്ദേഹം അതിഥിയുടെ ഊരും പേരും മറ്റും സൂക്ഷ്മമായി ചോദിക്കയുണ്ടായില്ല. എല്ലാംകൂടി യോഗ്യനായ ഒരു യുവാവാണെന്നു് തനിക്കു് തൃപ്തിപ്പെട്ടതിനാലും അദ്ദേഹത്തിന്റെ ആവശ്യം പ്രത്യേകം ഒരു ദിക്കിലേക്കു പോകണമെന്നും മറ്റും ഇല്ലെന്നറിഞ്ഞതിനാലും, തന്റെ ഒരുമിച്ചു് കൂട്ടികൊണ്ടുപോന്നതാണ്. പക്ഷേ, തന്റെ ഒരു സഹായകനും സ്നേഹിതനുമായി തന്റെ ഭവനത്തിൽ താമസി [ 32 ] പ്പാൻ തക്കവിധം ഏതു പ്രകാരത്തിലെങ്കിലും വഴിപ്പെടുത്തേണമെന്നും മററും പല മനോരാജ്യങ്ങളോടുകൂടി യോഗീശ്വരന്നും സുഷുപ്തിയെ പ്രാപിച്ചു.