താൾ:Kundalatha.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധം എന്നു വിചാരിച്ചു്, 'അങ്ങേടെ ഭവനത്തിലേക്കു് ഇവിടുന്നു് എത്ര ദൂരമുണ്ട്?' എന്നു ചോദിച്ചു.

'അധികം ദൂരമില്ല, എങ്കിലും അങ്ങുന്നു് വഴി നടന്നു് ക്ഷീണിച്ചിരിക്കയാൽ അടുക്കെ ഒരേടത്തുനിന്നു് ഭക്ഷണസാധനങ്ങൾ വല്ലതും വാങ്ങി അല്പം ക്ഷീണം തീർക്കാം' എന്നു പറഞ്ഞു യോഗീശ്വരൻ എഴുനീറ്റു; പാന്ഥനും കൂടെ പുറപ്പെട്ടു.

അദ്ദേഹത്തിന്നു് ചെറിയ ഒരു ഭാണ്ഢവും ബ്രാഹ്മണവേഷത്തിന്നു് ഒട്ടും ചേർച്ചയില്ലാത്ത ഉറയിൽ ഇട്ട ഒരു വാളും ഉണ്ട്; അല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല. പോകുന്ന വഴിക്കു് ഒരു ബ്രാഹ്മണഗൃഹത്തിൽനിന്നു് പാന്ഥനു് കുറെ ഭക്ഷണസാധനം വാങ്ങിക്കൊടുത്തു് ക്ഷീണം തീർത്തശേഷം, രണ്ടുപേരുംകൂടി മുമ്പു് പ്രസ്താവിച്ച ഭയങ്കരമായ മാർഗത്തിലൂടെ യാത്ര തുടങ്ങി.

മാർഗത്തിന്റെ വിജനതയും ഘോരകാന്താരത്തേയും കണ്ടപ്പോൾ പാന്ഥനു് വളെരെ വിഷാദമായി: 'ഇദ്ദേഹം എന്നെ ചതിക്കുകയല്ലല്ലൊ? ഈശ്വരാ! ഞാൻ ഒരു അവിവേകിയായ ബാലൻ, ഏകൻ, അസഹായൻ-മുമ്പു് ലേശം പോലും പരിചയമില്ലാത്ത ഇദ്ദേഹത്തിന്റെ ഒരുമിച്ചു് പോരുവാൻ ഞാൻ സമ്മതിച്ചുവല്ലൊ. കഷ്ടം! പിന്നോക്കം വെച്ചാലോ-ഭീരുവാണെന്നു വന്നാലും തരക്കേടില്ല, പ്രാണരക്ഷയാണല്ലൊ അധികം പ്രാധാനം-അങ്ങെനെയല്ല-കൂടെ പോവുകതന്നെ - വല്ലതും അക്രമത്തിനു് മുതിർന്നാൽ ഇയ്യാളോടു് ഞാൻ പോരെ? -വേറെയും ആളുകൾ ഉണ്ടെങ്കിലോ-കണ്ടാൽ ഒരു ദുഷ്ടനാണെന്നു് ഒരിക്കലും തോന്നില്ല-അബദ്ധമായോ?' എന്നീ മാതിരി അനവധി വിചാരങ്ങൾ പാന്ഥന്റെ മനസ്സിൽ ഉളവായി.

അതിനാൽ തല താണു് നടത്തത്തിന്നു് വേഗം കുറയുകയും യോഗീശ്വരൻ ഒരിക്കൽ പിന്നോക്കം തിരിഞ്ഞു നോക്കിയപ്പോൾ പാന്ഥനെ കുറേ ദൂരത്തായി കാണുകയും ചെയ്തു. അദ്ദേഹം ബുദ്ധിമാനാകയാൽ യുവാവിന്റെ വിചാരം പത്തിനഞ്ചു് കണ്ടറിഞ്ഞു് അവിടെനിന്നു് 'വേഗത്തിൽ വരൂ' എന്നു് വിളിച്ചു. ഒരു സ്വപ്നത്തിൽനിന്നു് ഞെട്ടി ഉണർന്നതുപോലെ പാന്ഥൻ തല പൊങ്ങിച്ചുനോക്കി; തന്റെ അകാരണമായ ഭയം വിചാരിച്ചു് നാണം പൂണ്ടു് വേഗത്തിൽ നടന്നു് ഒപ്പം എത്തി. യോഗീശ്വരൻ ഭയമാസകലം നീങ്ങത്തക്കവിധത്തിൽ കനിവോടുകൂടി ചിലതു പറഞ്ഞപ്പോൾ പാന്ഥനു് മുമ്പത്തെ വിശ്വാസവും ബഹുമാനവും വീണ്ടും ജനിച്ചു. പിന്നെ യോഗീശ്വരൻ പാന്ഥനോടു് ഓരോന്നും ചോദിച്ചുകൊണ്ടു് മനോരാജ്യങ്ങൾക്കു് ഇടകൊടുക്കാതെയും, വഴിയുടെ ബുദ്ധിമുട്ടു് അറിവാൻ അയയ്ക്കാതെയും, കുറേ നേരം മല കയറിയപ്പോഴേക്കു് ഭവനത്തിൽനിന്നു് വെളിച്ചം കണ്ടു തുടങ്ങി.

'അതാ എന്റെ ഭവനം' എന്നു് യോഗീശ്വരൻ പറഞ്ഞു.

'വേറെ എത്ര ഭവനങ്ങൾ സമീപം ഉണ്ടു്?' എന്നു് പാന്ഥൻ

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/30&oldid=214317" എന്ന താളിൽനിന്ന് ശേഖരിച്ചത്