താൾ:Kundalatha.djvu/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആലോചനാസഭയിൽചെന്നു്, അവിടെ കഴിയുന്ന കാര്യങ്ങളെയും അറിയുക പതിവായിരുന്നു. ആ ആലോചനാസഭയിൽ പ്രധാനമന്ത്രിയൊഴികെ, ശേഷമുള്ളവർ മിക്കപേരും ചെറുപ്പക്കാരും, കാര്യങ്ങളിൽ പഴക്കം കുറഞ്ഞവരും പ്രതാപചന്ദ്രന്റെ കുട്ടികാലത്തെ പരിചയക്കാരാണെന്നുള്ള ഒരു ഗുണം ഒഴികെ വിശേഷിച്ചു് യോഗ്യതയില്ലാത്തവരുമായിരുന്നു. മുഖ്യമായ രാജ്യകാര്യങ്ങളിൽ വല്ലതും ആലോചിക്കേണ്ടതുണ്ടായാൽ അന്നു് അഘോരനാഥനും ഉണ്ടാവും. അഘോരനാഥൻ സഭയിലില്ലാത്ത ഒരു ദിവസം പ്രതാപചന്ദ്രനു് അഭിഷേകം കഴിഞ്ഞതിൽപിന്നെ തന്നെ പതിവുപോലെ വന്നു കാണാത്തവരും കോഴ ബാക്കി നിർത്തീട്ടുള്ളവരും ആയ പ്രഭുക്കന്മാരുടെയും ഉപരാജാക്കന്മാരുടെയും അടുക്കലേക്കു് അതിന്റെ കാരണം ചോദിക്കുവാനായിട്ടു് ഓരോ ദൂതന്മാരെ അയേയ്ക്കണമെന്നു് ഒരു സചിവൻ സഭയിൽവച്ചു പ്രസ്താവിക്കയുണ്ടായി. രാജാവും അതിനെ അഭിനന്ദിച്ചു് അതു വേണ്ടതുതന്നെയാണെന്നരുളി, പോകേണ്ട ദൂതന്മാരെ നിശ്ചയിക്കുകയും ചെയ്തു.

അങ്ങനെ കോഴ ബാക്കി നിർത്തീട്ടുള്ള മിക്ക പ്രഭുക്കന്മാരും ബലഹീനന്മാരായിരുന്നതുകൊണ്ടു് അവരോടു് സമാധാനം ചോദിക്കുവാൻ ആളെ അയയ്ക്കുന്നത് അത്ര വലിയ കാര്യമായിരുന്നില്ല. കുന്തളേശനോടു് സമാധാനം ചോദിക്കുന്നതു് ചില്ലറ കാര്യമായരുന്നില്ലതാനും. പ്രധാനമന്ത്രിയുടെ അറിവുകൂടാതെയും കുന്തളേശന്റെ ശക്തിയറിയാതെയുമാണു് കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച ദൂതു് അയച്ചത്. ദൂതനെ അയച്ചു രണ്ടു ദിവസം കഴിഞ്ഞതിനു ശേഷം, യുവരാജാവ് അഘോരനാഥനോടു് പല രാജ്യകാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനിടയിൽ യദൃച്ഛമായി ആ വിവരം പറഞ്ഞു. ആയതു കേട്ടപ്പോൾ ഉടനെ അദ്ദേഹം ഒന്നു ഞെട്ടി.നെറ്റിയിന്മേൽ കൈവെച്ചുംകൊണ്ടു് വളെരെ വിചാരത്തോടുകൂടി മുഖം താഴ്ത്തി നാലു നിമിഷം ഇരുന്നശേഷം, കുന്തളേശനോടു് പറവാൻ പറഞ്ഞയച്ചതു് എന്താണെന്ന് സൂഷ്മമായി അറിവാന്വേണ്ടി ചോദിച്ച് അത് ഇന്നതെന്ന് രാജാവ് അറിയച്ച ഉടനെ, കോപത്തോടും വ്യസനത്തോടുംകോടി ദീർഘമാകുംവണ്ണം നിശ്വസിച്ച് പെട്ടെന്നെഴുനീറ്റ് 'ഇവിടുന്നു് ചെയ്തതിന്റെ ഫലം നമുക്കു് അധികം താമസിയാതെ അനുഭവിക്കാം. സർപ്പത്തിന്റെ വാലിന്മേലാണു ചവിട്ടിയതു്' എന്നു മാത്രം പറഞ്ഞു. പിന്നെ ആരോടും ഒന്നും പറയാതെയും ഒരുത്തന്റേയും മുഖത്തു നോക്കാതേയും, തന്റെ കുതിരപ്പുറത്തു കയറി കഴിയുന്ന വേഗത്തിൽ ഓടിച്ച് ചന്ദനോദ്യാനത്തിൽ എത്തുകയുംചെയ്തു.

അറിവാൻ പ്രയാസമായ അഘോരനാഥന്റെ ആ വാക്കും പ്രവൃത്തിയും കണ്ടപ്പോൾ, യുവരാജാവിന്നു മനസ്സിൽ ഉണ്ടായ പരിതാപം പറഞ്ഞാൽ തീരുന്നതല്ല. മൃതശരീരം നടന്നുപോകുമ്പോലെ

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/76&oldid=163082" എന്ന താളിൽനിന്ന് ശേഖരിച്ചത്