താൾ:Kundalatha.djvu/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭ്രമമുണ്ടായി. യോഗീശ്വരൻ അതു കണ്ടുവെന്നു ഭാവിക്കാതെ കുന്ദലതയെ പതുക്കെ തന്റെ മേലേക്കണച്ചു് 'എന്തിനിങ്ങനെ വ്യസനിക്കുന്നു' എന്നു ചോദിച്ചു. കുന്ദലത യോഗീശ്വരന്റെ മുഖത്തേക്കു് ഒന്നു തല പൊങ്ങിച്ചു നോക്കി. അപ്പോൾ വ്യസനം അധികമായതേയുള്ളു. അദ്ദേഹത്തിന്റെ സ്വഭാവഗുണം വളരെ പരിചയമുള്ളതായിരുന്നതുകൊണ്ടു് അവൾക്കു് ഒട്ടും പരിഭ്രമം ഉണ്ടായില്ല.

യോഗീശ്വൻ: 'എന്തായാലും വേണ്ടതില്ല നിങ്ങളുടെ വ്യസനത്തിന്റെ കാരണം എന്നോടു പറഞ്ഞാൽ ഞാൻ നിവൃത്തിയുണ്ടാക്കാം. നിങ്ങൾ വ്യസനിക്കുന്നതു കണ്ടിട്ടു് എനിക്കും വളരെ വ്യസനമുണ്ടാകുന്നു' എന്നു പറഞ്ഞു.

സ്നേഹത്തോടും വളരെ ദയയോടുംകൂടി പറഞ്ഞ ആ വാക്കുകൾ കേട്ടപ്പോൾ, രാമകിശോരൻ കുന്ദലത കഠിനമായി വ്യസനിക്കുന്നതിന്റെ കാരണം ചുരുക്കത്തിൽ പറഞ്ഞു. അതുതന്നെ തനിക്കും വ്യസനകാരണമായിരിക്കുന്നു എന്നും അറിയിച്ചു.

'ഇതിന്നുവേണ്ടീട്ടാണു് ഈ കാറും മഴയും? താമസിയാതെ നമുക്കെല്ലാവർക്കുംകൂടിത്തന്നെ രാമകിശോരന്റെ നാട്ടിലേക്കു പോയി സോദരിയെക്കണ്ടു് മടങ്ങിവരാമല്ലോ. അതല്ല നാം രണ്ടു പേരും അവിടെത്തന്നെ താമസിച്ചേ കഴിയൂ എന്നാണു് രാമകിശോന്റെ ആവശ്യം എങ്കിൽ അങ്ങനെ ചെയ്യുന്നതിന്നും തരക്കേടെന്തു്? ഏതായാലും ഇങ്ങനെ വ്യസനിക്കുവാനാവശ്യമില്ലല്ലോ' എന്നിങ്ങനെ യോഗീശ്വരൻ പറഞ്ഞപ്പോഴേക്കു് കുന്ദലതയുടെ മുഖത്തു നിന്നു കാറും മഴയും നീങ്ങി മുഖം മുമ്പത്തെപ്പോലെ പ്രസന്നമായി.

രാമകിശോരൻ: ഞങ്ങളുടെ ആവശ്യം ഇതുതന്നെയായിരുന്നു അങ്ങേ അറിയിക്കുവാൻ മടിച്ചതാണു്. ഇന്നു് എല്ലാംകൊണ്ടും ഒരു സുദിനമാണു്. അങ്ങേയ്ക്കു് അപ്രിയമല്ലാത്തവിധം ഞങ്ങളുടെ മനോരഥം സാധിച്ചുവല്ലോ.

യോഗീശ്വരൻ: 'എനിക്കും സുദിനമാണെന്നു പറയാം. ഞാൻ രാവിലെ നടക്കാൻപോയതു് വൃഥാവിലായില്ല. എനിക്കു് പണ്ടത്തെ ശിഷ്യരിൽ ഒരാൾ അയച്ചുതന്ന ഈ പട്ടു് കാണണ്ടേ?' എന്നു പറഞ്ഞു തന്റെ കൈയിൽ ഉണ്ടായിരുന്ന ഒരു ചെറിയ പെട്ടിയിൽനിന്നു് ഒരു പട്ടെടുത്തു് അവരെ കാണിച്ചു.

കുന്ദലത അതു് എടുത്തു നൂർത്തിനോക്കി 'നല്ല പട്ടു്' എന്നു പറഞ്ഞു്, അതിൽ ഉണ്ടായിരുന്ന ചില സുവർണരേഖകളെ കണ്ട് ആശ്ചര്യപ്പെട്ടു.

രാമകിശോൻ: ഇതു് അയച്ച ശിഷ്യൻ ഏതാണു്? ധനികനാണെന്നു തോന്നുന്നു. എങ്ങനെ കിട്ടി?

യോഗീശ്വരൻ: 'എനിക്കു തരുവാനായി ധർമപുരിയിൽ എനിക്ക് പരിചയക്കാരനായ ഒരു ബ്രാഹ്മണന്റെ പക്കൽ ഇന്നലെ കൊടുത്തതാണത്രെ. ആരയച്ചതാണെന്നു സൂക്ഷ്മം വഴിയെ അറിയിക്കാം എന്നു പറഞ്ഞു് രാമകിശോരനെയും കുന്ദലതയെയും

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/90&oldid=163098" എന്ന താളിൽനിന്ന് ശേഖരിച്ചത്