താൾ:Kundalatha.djvu/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ക്കുന്നതിൽ താല്പര്യം തോന്നുകയാൽ രാമകിശോരന്നു് അതുകൊണ്ട് ഒട്ടും സൗഖ്യക്കേടുണ്ടായതുമില്ല. അവർ തമ്മിൽ ഇണക്കം വർദ്ധിക്കേണമെന്നായിരുന്നു യോഗീശ്വരന്റെയും മനോരഥം എന്നു തോന്നും. എന്തുകൊണ്ടെന്നാൽ, താൻ പുറത്തേക്കു പോകാത്ത ദിവസങ്ങളിലും രാമകിശോരനും, കുന്ദലതയും- നടക്കുന്ന ദിക്കിലേക്കു ചെല്ലുകയാകട്ടെ അവരെ തന്റെ അടുക്കലേക്ക് വിളിക്കുകയാകട്ടെ ചെയ്കയില്ല. പക്ഷേ, അവർ തമ്മിൽത്തന്നെ സംസാരിക്കുമ്പോൾ വല്ല സംഗതിയെക്കുറിച്ചും ഭിന്നാഭിപ്രായം ഉണ്ടായാൽ യോഗീശ്വരനോടു ചെന്നു് ചോദിക്കുകയും അപ്പോൾ തന്റെ അഭിപ്രായം പറഞ്ഞുകൊടുക്കുകയുംചെയ്യും എന്നാൽ, രാത്രിയിൽ രാമകിശോരനും യോഗീശ്വരനും തമ്മിൽ പതിവുപോലെയുള്ള സംഭാഷണത്തിന്ന് ഒരിക്കലും മുടക്കംവരികയില്ല. അത്താഴം കഴിഞ്ഞു് കുന്ദലതയും പാർവതിയുംകൂടി അകത്തു് വാതിൽ അടച്ച് കിടന്ന ശേഷം, ഉമ്മറത്തു് കിടന്നു് ഉറക്കം വരുന്നതുവരെ ഗുരുവും ശിഷ്യനും കൂടി വളരെനേരം സംസാരിക്കുകയുംചെയ്യും.

ഇങ്ങനെ കഴിഞ്ഞുപോരുന്ന കാലം ഒരു ദിവസം രാമകിശോരനും കുന്ദലതയുംകൂടി തോട്ടത്തിൽ നടക്കുമ്പോൾ രാമദാസൻ അവിടെ പണി എടുക്കുന്നതു കണ്ടു.

കുന്ദലത:'അച്ഛൻ എവിടെയാണ്' എന്നു് അവനോടു ചോദിച്ചു.

രാമദാസൻ: പുലർച്ചെ എഴുനീററു പുറത്തേക്കു പോകുന്നതു കണ്ടു.

കുന്ദലത: അപൂർവമായിട്ടു് ചിലപ്പോൾ അച്ഛൻ രാവിലേയും പുറത്തേക്ക് പോവുക പതിവുണ്ട്.

രാമകിശോരൻ: ഇയ്യിടെ പുറത്തേക്കു പോകുമ്പോൾ എന്നെ വിളിക്കാത്തതു് എന്താണെന്ന് എനിക്ക് അറിഞ്ഞുകൂടാ.

കുന്ദലത: അതുള്ളതുതന്നെ. അങ്ങേടെ ദീനം ഭേതമായശേഷം ഒന്നോ, രണ്ടോ കുറിയല്ലാതെ അച്ഛന്റെ ഒരുമിച്ചു് പുറത്തു പോവുകയുണ്ടായിട്ടില്ല.

രാമകിശോരൻ: ഒരു ദിവസം ഞാനും പോരാമെന്നു പറഞ്ഞു് കൂടെ ചെന്നു. 'അപ്പോൾ ക്ഷീണം നല്ലവണ്ണം തീരട്ടെ. അതിനു മുമ്പെ പുറത്തിറങ്ങീട്ടു് തരക്കേട് വരേണ്ട' എന്നു പറഞ്ഞു് എന്നെ മടക്കിയയച്ചു.

കുന്ദലത: അതാവില്ല. ക്ഷീണം നല്ലവണ്ണം തീർന്നു് ദേഹം സ്വസ്ഥമായിട്ടു് എത്ര നാളായി .അച്ഛന്റെ അന്തർഗതം എന്താണെന്നറിയുവാൻ എളുപ്പമല്ല.

രാമകിശോൻ:അദ്ദേഹത്തിന്റെ ഹൃദയം അഗാധമാണ്. എനിക്കു് നല്ല പരിചയമുണ്ട്. എന്തെങ്കിലും അച്ഛൻ ഇങ്ങനെ പറഞ്ഞതുകൊണ്ടു് എനിക്കു് ഒട്ടും സുഖക്കേടുണ്ടായില്ല.

കുന്ദലത:(അല്പം പുഞ്ചിരിയോടുകൂടി) അതെന്തുകൊണ്ട്?

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/84&oldid=163091" എന്ന താളിൽനിന്ന് ശേഖരിച്ചത്