Jump to content

ആൎയ്യവൈദ്യചരിത്രം/പതിനൊന്നാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആൎയ്യവൈദ്യചരിത്രം (ചരിത്രം)
രചന:പി. വി. കൃഷ്ണവാരിയർ
പതിനൊന്നാം അദ്ധ്യായം : ഹിന്തുവൈദ്യശാസ്ത്രത്തിന്നു സംഭവിച്ചമാറ്റങ്ങൾ

[ 189 ]

പതിനൊന്നാം അദ്ധ്യായം
ഹിന്തുവൈദ്യശാസ്ത്രത്തിന്നു സംഭവിച്ചമാറ്റങ്ങൾ


രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും കാലത്തു ഹിന്തുവൈദ്യശാസ്ത്രത്തിന്റെ കീൎത്തി അത്യുച്ചസ്ഥിതിയിലായിരുന്നു. അക്കാലത്തു വലിയതോ ചെറിയതോ ആയ ഏത് അവസ്ഥയിലുള്ള പ്രഭുക്കന്മാരും തങ്ങളുടെ കൊട്ടാരത്തിൽ പ്രത്യേകിച്ച് ഓരോ വൈദ്യന്മാരെക്കൂടി താമസിപ്പിക്കുകയും, അവരെ വളരെ ആദരിച്ചു പോരികയും പതിവായിരുന്നു. വൈദ്യന്മാർ തന്നെ പട്ടാളവൈദ്യന്മാരെന്നും, കൊട്ടാരവൈദ്യന്മാരെന്നും രണ്ടു തരത്തിലുണ്ടായിരുന്നു. ഇപ്പോൾ പട്ടാളവൈദ്യന്മാർ ചെയ്യുന്ന പ്രവൃത്തിതന്നെയാണു അന്നത്തെ പട്ടാളവൈദ്യന്മാൎക്കും ഉണ്ടായിരുന്നത്. കൊട്ടാരത്തിലെ വൈദ്യന്മാർ ദിവസേന രാവിലെ രാജാവിന്റെ അടുക്കൽ പോയി അൻവേഷിക്കുകയും, അദ്ദേഹത്തിന്റെ ആരോഗ്യത്തെ സൂക്ഷിക്കുകയും ചെയ്തിരുന്നു. ലങ്കാരാജാവായ രാവണനോടുള്ള യുദ്ധത്തിൽ ശ്രീരാമന്റെ സൈനികവൈദ്യനുള്ള പേർ സുഷേണൻ എന്നായിരുന്നു. അതുകൂടാതെ, ശ്രീരാമന്റെ ഒന്നിച്ചുണ്ടായിരുന്ന ഒരു പ്രത്യേകവൈദ്യന്റെ പേർകൂടി വാൽമീകി പറഞ്ഞിട്ടുണ്ട്. പാണ്ഡവന്മാരും കൗരവന്മാരും തമ്മിലുണ്ടായ വലിയ യുദ്ധത്തിന്റെ കാലത്തും ഇങ്ങിനെയുള്ള സമ്പ്രദായം നടപ്പുണ്ടായിരുന്നതായി കാണുന്നു. ആന്നത്തെ സൈനികവൈദ്യന്മാർ ആവശ്യമുള്ള ഔഷധങ്ങളേയും, ശസ്ത്രക്രിയയ്ക്കു വേണ്ട മറ്റു സാമഗ്രികളേയും ധാരാളം ശേഖരിച്ചിരുന്നതായി മഹാഭാരതത്തിൽ ഭീഷ്മപൎവ്വം 120-ാമദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട്. കൗരവരാജാവായ ദുൎയ്യോധനൻ ശത്രുക്കളുടെ ആയുധങ്ങളെക്കൊണ്ടു മുറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വൈദ്യ [ 190 ] ന്മാർ മരുന്നുചേൎത്ത വെള്ളം ഒരു പാത്രത്തിൽ നിറച്ച് അതിൽ അദ്ദേഹത്തെ ഇരുത്തി എന്നും, അതുനിമിത്തം അദ്ദേഹത്തിന്റെ മാംസത്തിന്നുള്ളിൽ അസ്ത്രങ്ങൾ തറച്ചിരുന്നിട്ടുള്ള ഉപദ്രവം നിശ്ശേഷം മാറി സുഖപ്പെട്ടു എന്നും മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്നു. പരസ്പരം യുദ്ധം ചെയ്തിരുന്ന ആ രണ്ടു വൎഗ്ഗക്കാരുടെ കൂട്ടത്തിലും അന്നു നല്ല വിദഗ്ദ്ധന്മാരായ ശസ്ത്രവൈദ്യന്മാരുണ്ടായിരുന്നു. ആ കാലത്തിന്നൊക്കെ മുമ്പുതന്നെ മൃഗചികിത്സാശാസ്ത്രവും ഇന്ത്യയിൽ ധാരാളം അഭ്യസിച്ചിരുന്നതായി കാണുന്നു. പാണ്ഡവന്മാരുടെ വംശത്തിൽ തന്നെ വളരെക്കാലം മുമ്പു ജീവിച്ചിരുന്ന നളൻ എന്ന രാജാവ് അശ്വങ്ങളെ വളൎത്തുന്നതിൽ അതിവിദഗ്ദ്ധനായിരുന്നു എന്നും, അദ്ദേഹത്തിന്നു കുതിരയെ സംബന്ധിച്ചെടത്തോളമുള്ള സകലസംഗതികളുടേയും പൂൎണ്ണമായ ജ്ഞാനം ഉണ്ടായിരുന്നു എന്നും പറയപ്പെട്ടിരിക്കുന്നു. പാണ്ഡവന്മാരിൽ ഒരാളായ നകുലനും മൃഗചിത്സാശാസ്ത്രത്തിൽ പ്രത്യേകം വിദഗ്ദ്ധനായിരുന്നതിന്നു പുറമെ ആ വിഷയത്തിൽ വളരെ ഗ്രന്ഥങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ 'അശ്വചികിത്സ' എന്ന ഗ്രന്ഥം ഇന്നും നശിക്കാതിരിക്കുന്നുണ്ട്. ആനകൾ, കാളകൾ മുതലായി വീട്ടിൽ വളൎത്തുന്ന മറ്റു മൃഗങ്ങളെ രക്ഷിക്കേണ്ടതിന്നുള്ള ശാസ്ത്രവും ഇന്ത്യയിൽ മുമ്പുണ്ടായിരുന്നു എന്നു മാത്രമല്ല, ഇപ്പോഴും ധാരാളം അഭ്യസിക്കപ്പെട്ടുപോരുന്നുണ്ടുതാനും. അഷ്ടാംഗഹൃദയത്തിന്റെ കൎത്താവായ പ്രസിദ്ധപ്പെട്ട വഗ്ഭടൻ മഹാഭാരതത്തിന്റെ കാലത്താണു ജീവിച്ചിരുന്നതെന്നും, അദ്ദേഹം പാണ്ഡവന്മാരുടെ ഗൃഹചികിത്സകനായിരുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

ബുദ്ധമുനിയുടെ കാലത്തു (ക്രി‌-മു-543) ഹിന്തുവൈദ്യത്തിന്നു നല്ല സഹായവും, പ്രോത്സാഹനവും ലഭിച്ചിരുന്നു. പ [ 191 ] ക്ഷേ, അന്നു ശസ്ത്രക്രിയാഭാഗം ക്ഷയിക്കുവാൻ ഇടയാക്കി. എങ്ങിനെയെന്നാൽ, ബുദ്ധനും അദ്ദേഹത്തിന്റെ പിൻഗാമികളും മൃഗങ്ങളെയും മറ്റും കീറുവാൻ അശേഷം അനുവദിച്ചിരുന്നില്ല. അവരാകട്ടെ ശരീരവ്യവച്ഛേദശാസ്ത്രത്തിന്റെ ജ്ഞാനം നല്ലവണ്ണം സമ്പാദിക്കുവാൻ തരമുള്ളതായ മൃഗബലിയെ തീരെ വിരോധിക്കുകയും, അതിന്നുപകരം അരിമാവുകൊണ്ടുള്ള പ്രതിമകൾ മതി എന്നു വെക്കുകയും ചെയ്തു. എങ്കിലും അന്നു ബുദ്ധൻ മനുഷ്യരുടേയും, മൃഗങ്ങളുടേയും ആവശ്യത്തിന്നായി നാട്ടിലെല്ലാം വൈദ്യശാലകൾ സ്ഥപിക്കുകയും, ചികിത്സാ വിഷയത്തിൽ പ്രത്യേകം പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഗ്രീക്കുകാർ ഇന്ത്യയിൽ വരുന്നതുവരെ ഈ ശാസ്ത്രത്തിന്നു പിന്നേയും പുഷ്ടി കൂടിക്കൊണ്ടിരുന്നു. ഗ്രീക്കുചരിത്രക്കാരനായ ആൎയ്യൻ എന്ന ആൾ അലക്സാൻഡരുടെ ആക്രമകാലത്തുള്ള ഇന്ത്യയുടെ സ്ഥിതി വിവരിക്കുന്ന കൂട്ടത്തിൽ അന്നത്തെ ഹിന്തുവൈദ്യന്മാർക്കു വളരെ അഭിമാനഹേതുകമായ ഒരു പ്രത്യേക സംഗതികൂടി പറഞ്ഞിട്ടുണ്ട്. അലക്സാൻഡരുടെ സൈന്യങ്ങളുടെ കൂട്ടത്തിൽ അന്നു മിടുമിടുക്കന്മാരായ പല വൈദ്യന്മാരുമുണ്ടായിരുന്നു. എങ്കിലും അവർക്കാർക്കും അന്നു പഞ്ചനദത്തിൽ വളരെ കലശലായിരുന്ന സർപ്പദംശത്തിന്നു (പാമ്പുകടിച്ചിട്ടുള്ളതിന്നു) യാതൊരു ചികിത്സയും ചെയ് വാൻ അറിഞ്ഞുകൂടെന്നു സമ്മതിക്കേണ്ടിവന്നുപോയി. അതുകൊണ്ട് അലക്സാന്റർക്കു ഹിന്തുവൈദ്യന്മാരെത്തന്നെ ആശ്രയിക്കേണ്ടി വരികയും അവർ ആവക കേസ്സുകൾ ചികിത്സിച്ചു സുഖപ്പെടുത്തുകയും ഉണ്ടായിട്ടുണ്ട്. അതിന്നുപുറമെ, മെസിഡോണിയായിലെ ആ രാജാവ് (അലക്സാൻഡർ) അവരുടെ ഈ സാമർത്ഥ്യം കണ്ട് അത്ഭുതപ്പെട്ട് തന്റെ ഒന്നിച്ചു യോഗ്യന്മാരായ ചില ഹിന്തുവൈദ്യന്മാരെക്കൂടി താമസിപ്പിക്കുകയും, പാ [ 192 ] മ്പുകടിക്കുകയോ, അപായകരങ്ങളായ മറ്റു വല്ല ഉപദ്രവങ്ങളും നേരിടുകയോ ചെയ്താൽ തന്റെ കൂടെ വന്നിട്ടുള്ള വൈദ്യന്മാർ ഈ ഹിന്തുവൈദ്യന്മാരോടുകൂടി ആലോചിച്ചു പ്രവർത്തിക്കേണ്ടതാണെന്നു നിശ്ചയിക്കുകയും ചെയ്തിട്ടുള്ളതായി നീയാർക്കസ് പ്രസ്താവിച്ചിരിക്കുന്നു. യൂറോപ്പിലെ വിഷവൈദ്യശാസ്ത്രജ്ഞന്മാർ സർപ്പവിഷത്തിന്നു നല്ലൊരു മരുന്നു കണ്ടുകിട്ടാതെ ഇപ്പോഴും കിടന്നു ബുദ്ധിമുട്ടുന്ന സംഗതി ആലോചിക്കുമ്പോൾ, രണ്ടായിരത്തി ഇരുനൂറു കൊല്ലത്തിന്നു മുമ്പു ജീവിച്ചിരുന്ന ഹിന്തുവൈദ്യന്മാരുടെ സാമൎത്ഥ്യത്തെക്കുറിച്ച് എത്രതന്നെ പ്രശംസിച്ചാലും മതിയാകുന്നതല്ല. അലക്സാൻഡർ അല്ലെങ്കിൽ സിക്കാൻഡർ എന്ന് ഇന്ത്യയിൽ പറയപ്പെടുന്ന ആ മഹാൻ സ്വരാജ്യത്തേക്കു മടങ്ങിപ്പോയപ്പോൾ തന്റെ ഒന്നിച്ചു ചില ഹിന്തുവൈദ്യന്മാരെക്കൂടി കൊണ്ടുപോയിട്ടുണ്ടായിരുന്നു എന്നും വിചാരിക്കാവുന്നതാണല്ലൊ. ഗ്രീക്കു വൈദ്യത്തിന്റെ പ്രാചീനചരിത്രം നോക്കുമ്പോൾ ഈ ഊഹം കുറേ ബലപ്പെടുന്നതുമുണ്ട്. ഇന്ത്യക്കാരുടേയും, ഗ്രീക്കുകരുടേയും വൈദ്യശാസ്ത്രത്തിന്റെ ഉല്പത്തികൾക്കു തമ്മിൽ വളരെ സാമ്യമുണ്ട്. ഈ രണ്ടു ശാസ്ത്രപദ്ധതികളും ദൈവത്തിൽനിന്നു കിട്ടിയതാണെന്നാണു വെച്ചിട്ടുള്ളത്. ആൎയ്യമാരുടെ ശാസ്ത്രങ്ങളിൽ കാണുന്നപ്രകാരം സൂൎയ്യന്റെ ഇരട്ട പെറ്റ മക്കളും, സ്വർഗ്ഗത്തിലെ വൈദ്യന്മാരുമായ അശ്വിനീദേവകൾക്കും, ഗ്രീക്കുകാരുടെ പ്രമാണപ്രകാരം 'തേജസ്സിന്റെ അധിപതി'യായ സിവസ്സി (Zeus)ങ്കൽനിന്നു ജനിച്ചവരും, മനുഷ്യരുടെ രോഗങ്ങളെ മാറ്റി സുഖപ്പെടുത്തിയവരുമായ അപ്പോളോ (Appollo)എന്നും, ആർട്ടിമിസ്സ് (Artemis) എന്നുമുള്ള ഇരട്ടപെറ്റുണ്ടായരണ്ടു ദിവ്യന്മാർക്കും തമ്മിൽ വളരെ സാദൃശ്യം കാണുന്നുണ്ട്. യൂറോപ്പിൽ പണ്ടത്തെ ഏറ്റവും പ്രസിദ്ധപ്പെട്ട വൈദ്യനായ ഹിപ്പൊക്രെട്ടീസ്സും (ക്രി. മു. 460) വൈദ്യശാസ്ത്രം ഈശ്വരൻ ഉണ്ടാക്കിയതാ [ 193 ] ണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. എന്നാൽ, ഗ്രീക്കുകാരും ഹിന്തുക്കളും മാത്രമല്ല, ലോകത്തിലെ എല്ലാ പ്രാചീനജനസമുദായങ്ങളും, ജീവൻ, രോഗം, മരണം ഇവയുടെ ഗൂഢതത്വങ്ങളെസ്സംബന്ധിച്ച അറിവുംകൂടി അടങ്ങിയ എല്ലാത്തരം ജ്ഞാനങ്ങളും മനുഷ്യരുടെ അധികാരത്തിൽ നിന്നു കവിഞ്ഞതായ ഒരു ശക്തിയിൽ (ദൈവത്തിൽ) നിക്ഷേപിച്ചിട്ടുണ്ടെന്നു കൂടി ഈ സന്ദൎഭത്തിൽ പ്രസ്താവിക്കുന്നതു ഉചിതമായിരിക്കുമല്ലോ. ചില ഗ്രന്ഥകൎത്താക്കന്മാരുടെ അഭിപ്രായത്തിൽ ഹിപ്പോക്രെട്ടീസ്സുതന്നെ വൈദ്യശാസ്ത്രത്തിൽ അറിവു സമ്പാദിച്ചത് ഇന്ത്യയിൽനിന്നാണെന്നു കാണുന്നു. ഗ്രീക്കുകാരുടെ ഇടയിൽ വൈദ്യശാസ്ത്രത്തിന്റെ പ്രഥമപ്രവൎത്തകനായ പൈത്തഗോറസ്സിന്റെ (ക്രി. മു. 430) ഉപദേശം ഹിന്തുവൈദ്യശാസ്ത്രം തന്നെയാണെന്നതിന്നു യാതൊരു സംശയവുമില്ല. എന്തുകൊണ്ടെന്നാൽ, അദ്ദേഹം വൈദ്യശാസ്ത്രപാണ്ഡിത്യം സമ്പാദിച്ചത് ഈജിപ്ത്കാരുടെ അടുക്കൽ നിന്നാണെന്നാണു പറയപ്പെടുന്നത്. ഈജിപ്തുകാർ ഈ ശാസ്ത്രം ഹിന്തുക്കളോടു കടംവാങ്ങിയതാണെന്ന് ഇനി മേലിൽ കാണിക്കുന്നതുമാണു. എൻഫീൽഡ് എന്ന വിദ്വാൻ 'തത്ത്വശാസ്ത്രത്തിന്റെ ചരിത്രം" (History of Phylosophy) എന്നുള്ള തന്റെ പുസ്തകത്തിൽ പൈത്തഗോറസ്സിന്ന് ഈ സിദ്ധാന്തം കിട്ടീട്ടുള്ളത്, ഹിന്തുക്കളിൽനിന്നാണെന്നുള്ള താല്പൎയ്യത്തിൽ, കിഴക്കൻ ദിക്കിലെ തത്വശാസ്ത്രജ്ഞന്മാരിൽ നിന്നാണെന്നു പറഞ്ഞിരിക്കുന്നു ഈ പൈത്താഗോറസ്സിന്റെ തത്വശാസ്ത്രവും, ബുദ്ധന്റെ തത്വശാസ്ത്രവും തമ്മിൽ അതികലശലായ ഒരു സാദൃശ്യമുണ്ട്. അതുകൊണ്ടാണു മിസ്റ്റർ പോകോക്കിന്റെ 'ഇന്ത്യാ ഇൻ ഗ്രീസ്സ്' (India in Greece) എന്ന പുസ്തകത്തിൽ ഇദ്ദേഹവും ബുദ്ധഗുരുവും ഒരാളാണെന്നുതന്നെ പറയുവാനിടയായത്. അദ്ദേഹം (പൈത്താഗോറസ്സ്) തന്റെ തത്വ ശാസ്ത്രം ഇന്ത്യയിൽ നിന്നാണു കടംവാങ്ങിയതെ [ 194 ] ങ്കിൽ വൈദ്യശാസ്ത്രവും അതേവഴിക്കു സമ്പാദിച്ചതാണെന്നു വരുവാനാണല്ലൊ അധികം എളുപ്പം. പ്ലേറ്റോ, ഹിപ്പോക്രെട്ടീസ്സ് എന്നീ രണ്ടു വിദ്വാന്മാരും രോഗങ്ങൾക്കുള്ള നിദാനം 'ദോഷങ്ങൾ' ആണെന്നു വിശ്വസിക്കുകയും, അതുപ്രകാരം വാതം, പിത്തം, കഫം, ജലം എന്നീ നാലു ദോഷങ്ങളാണു സകലരോഗങ്ങളും ഉണ്ടാക്കിത്തീൎക്കുന്നതെന്ന് അവരുടെ ശിഷ്യൎക്ക് ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ദേഹത്തിലെ ത്രിദോഷങ്ങളെക്കുറിച്ച് ഋഗ്വേദത്തിൽ (1,34,6) പറഞ്ഞിട്ടുണ്ടെന്നുള്ള സംഗതി കൊണ്ട് ഇന്ത്യയിലെ സമ്പ്രദായമാണു ഏറ്റവും പുരാതനമായിട്ടുള്ളതെന്നു തീർച്ചപ്പെടുന്നതുമുണ്ടല്ലൊ. പിന്നെ, ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടിൽ റോമിൽ പ്രസിദ്ധനായിത്തീർന്ന ഗാലൻ എന്ന ഗ്രീക്കുവൈദ്യന്റെ സംഗതി ആലോചിക്കുന്നതാണെങ്കിൽ അദ്ദേഹം ഹിന്തുവൈദ്യശാസ്ത്രത്തിലുള്ള പല മൂലതത്ത്വങ്ങളും തന്റെ ഗ്രന്ഥങ്ങളിൽ എഴിതീട്ടുണ്ടെന്നു മുമ്പെ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

ഇങ്ങിനെ ഇനിയും വളരെ ദൃഷ്ടാന്തങ്ങൾ വേണമെങ്കിൽ പറയുവാനുണ്ട്. എന്നാൽ ഈ പറഞ്ഞ ദൃഷ്ടാന്തങ്ങളെക്കൊണ്ടു തന്നെ, ഒന്നെങ്കിലോ ആൎയ്യന്മാർ അവരുടെ വൈദ്യശാസ്ത്രം ഗ്രീക്കുകാരിൽനിന്നും കടംവാങ്ങിയതായിരിക്കണമെന്നോ, അല്ലെങ്കിൽ ഗ്രീക്കുകാർ അവരുടെ ശാസ്ത്രം ആൎയ്യന്മാരിൽനിന്നു കടംവാങ്ങിയിരിക്കണമൊന്നോ ആൎക്കും തീൎച്ചപ്പെടുത്തുവാൻ പ്രയാസമില്ലല്ലൊ. പക്ഷെ ഇതിൽ ആദ്യത്തെ ഊഹം ബലപ്പെടുത്തുവാൻ ബാഹ്യമായോ ആഭ്യന്തരമായൊ യാതൊരു തെളിവും കാണുന്നില്ല.എന്തുകൊണ്ടെന്നാൽ, ഇന്ത്യക്കാർ അധികം പ്രാചീനമായ ഒരു ജനസമുദായവും, അവരുടെ ഗ്രന്ഥങ്ങൾ ലോകത്തിൽ ഇതേവരെ കണ്ടുപിടിച്ചിട്ടുള്ള എല്ലാ ഗ്രന്ഥങ്ങളിലും വെച്ചു പഴക്കമേറിയതുമാകുന്നു. പിന്നെ അവർ അവൎക്കുള്ളതു കൊണ്ടുതന്നെ തൃപ്തിപ്പെട്ടിരി [ 195 ] ക്കുന്ന ശുദ്ധമേ സ്ഥിതിസ്ഥാപകന്മാർ (Conservatives)ആണെന്നും പരക്കെ സമ്മതിക്കപ്പെട്ടിട്ടുള്ളതാണു. അങ്ങിനെയുള്ള കൂട്ടർക്കു മറ്റു ചിലരോടു കടംവാങ്ങുവാൻ സ്വതേ വളരെ വിരോധമുണ്ടായിരിക്കുമെന്നുള്ളതിന്നും സംശയമില്ല. ഇന്ത്യയിലെ മതവും തത്ത്വശാസ്ത്രവും ലോകത്തിലേക്കു വലുതായിട്ടുള്ള ദത്തധനങ്ങളാണെന്നു സർ വില്യം ഹണ്ടർ പ്രസ്താവിച്ചിട്ടുള്ളതു വളരെ ശരിയാണു. സാമാന്യേന തത്വശാസ്ത്രത്തെ സംബന്ധിച്ചെടത്തോളം ഹിന്തുക്കൾ ഗുരുനാഥന്മാരാണു; ശിഷ്യന്മാരല്ല' എന്നു മിസ്റ്റർകോൾബ്രൂക്കും പറയുവാൻ ഇടയായിട്ടുണ്ട്. [1] പ്രധാനപ്പെട്ട സകലശാസ്ത്രവും ഇന്ത്യയിലാണു ഉണ്ടായിട്ടുള്ളത്. അതിന്നുപുറമേ ഇന്ത്യയിലെ പണ്ടത്തെ വൈദ്യശാസ്ത്രം തന്നെയാണു പറയത്തക്ക മാറ്റമൊന്നും കൂടാതെ ഇന്നും ഇവിടെ നടന്നുവരുന്നത്. ഗ്രീക്കുകാരുടെ ഇടയിൽ പണ്ടു നടപ്പുണ്ടായിരുന്ന ആ വൈദ്യശാസ്ത്രത്തിന്റെ ചിഹ്നങ്ങൾകൂടി ഇപ്പോൾ കാണുന്നതുമില്ല. അതുകൊണ്ടു പ്രാചീനഹിന്തുക്കൾ അവരുടെ വൈദ്യശാസ്ത്രം മറ്റു വല്ലവരോടും കടംവാങ്ങിയതാണെന്ന് ഊഹിപ്പാൻ യാതൊരു ന്യായവും കാണുന്നില്ല. ഒരിക്കലും ഹിന്തുക്കളുടെ ഭാഗം പറയാത്ത ആളാണെന്നു തീർച്ചപെട്ടിട്ടുള്ള പ്രോഫ്സ്സർ വീബർതന്നെ അദ്ദേഹത്തിന്റെ ഭാഷാചരിത്രപുസ്തകത്തിൽ(History of Indian Leterature) 'സുശ്രുതൻ ആയാളുടെ വൈദ്യശാസ്ത്രപദ്ധതി ഗ്രീക്കുകാരിൽനിന്നു കടം വാങ്ങിയതാണെന്നു വിചാരിക്കുവാൻ എന്തായാലും യാതൊരു യുക്തിയും കാണുന്നില്ലെന്നും, എന്നാൽ അതിന്നുപകരം, അങ്ങിനെയുള്ള അഭിപ്രായത്തിന്നു വിപരീതമായി പറയുവാൻ വളരെയൊക്കെ ഉണ്ടെന്നും' തുറന്നുപറഞ്ഞിരിക്കുന്നു. ഇതരഭാഷയിൽനിന്നു വന്നതാണെന്നു [ 196 ] വിചാരിക്കത്തക്ക യാതൊരു സങ്കേതശബ്ദങ്ങളും ഇന്ത്യയിലെ വൈദ്യശാസ്ത്രഗ്രന്ഥങ്ങളിലില്ല.

ബർളിൻപട്ടണത്തിലെ ഡാക്ടർ ഹീഴ്സ്ബർഗ്ഗ് എന്ന മഹാൻ തന്റെ ഒരു സാരവത്തായ പ്രസംഗത്തിൽ ചില ശസ്ത്രക്രിയകളെപ്പറ്റി പറയുന്ന കൂട്ടത്തിൽ, ഇന്ത്യക്കാർ മുമ്പു യുക്തിക്കനുസരിച്ചു പല ശസ്ത്രക്രിയകളും പരിചയിച്ചു പ്രവർത്തിച്ചിരുന്നു എന്നും, അതൊന്നും ഗ്രീക്കുകാർക്ക് ഒരിക്കലും മനസ്സിലായിട്ടുണ്ടായിരുന്നില്ലെന്നു മാത്രമല്ല ആവക ചിലതു യൂറോപ്യന്മാരായ നമ്മൾകൂടി ഈ കഴിഞ്ഞ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അവരിൽ (ഹിന്തുക്കളിൽ) നിന്നാണു അത്യാശ്ചര്യത്തോടുകൂടി പഠിച്ചിട്ടുള്ളതെന്നും പ്രസ്താവിച്ചിരിക്കുന്നു. കോണിഗ്സ്ബർഗ്ഗ് സൎവ്വകലാശാലയിലെ ഡിയാസ്സ് എന്ന പണ്ഡിതൻ ഗ്രീക്കുകാരുടെ വൈദ്യശാസ്ത്രത്തിൽ ഹിന്തുവൈദ്യശാസ്ത്രത്തിലെ തത്വങ്ങൾ അന്തർഭവിച്ചിട്ടുണ്ടെന്നു സ്ഫഷ്ടമായി കണ്ടുപിടിച്ചിട്ടുണ്ട്. എല്ലാവിഷയത്തിലും ഗ്രീസ്സിന്റെ പ്രാചിനതയെക്കുറിച്ചു ഘോഷിക്കുന്ന കൂട്ടർതന്നെ വൈദ്യശാസ്ത്രത്തെ സംബന്ധിച്ചെടത്തോളം അപൂർവ്വകല്പനാശക്തിക്കുള്ള മെച്ചം അതിന്നു കൊടുക്കാതിരിക്കുകയും, ഗ്രീക്കുകാർ അവരുടെ വൈദ്യശാസ്ത്രത്തിലുള്ള അറിവിന്ന് ഈജിപ്തുകാർക്ക് കടപ്പെട്ടിരിക്കുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്.

ഈജിപ്ത് അല്ലെങ്കിൽ "മിശ്രം" ഹിന്തുക്കൾ കുടിയേറിപ്പാർത്തതാണെന്നാകുന്നു ആൎയ്യന്മാരുടെ വിശ്വാസം. ഈ വിശ്വാസത്തെ ബലപ്പെടുത്തുവാൻ അവർ വളരെ തെളിവുകളും കൊണ്ടുവരുന്നുണ്ട്. പക്ഷെ അതൊന്നും നമുക്കിവിടെ പ്രതിപാദിക്കേണ്ടുന്ന ആവശ്യമില്ലല്ലൊ. രുദ്രന്റെ ഒരു അവതാരമൂർത്തിയും തന്ത്രദേവതയുമായ 'നീലശിഖണ്ഡി' 'നീലതന്ത്രം' (ഹിന്തുക്കൾക്കറിയാവുന്ന ഗൂഢമായ ഒരു മതസിദ്ധാന്തഭേദം) ആ [ 197 ] ദ്യമായി ഉപദേശിച്ചത് ഈജിപ്തിൽ വെച്ചാണെന്നും, അവിടെയുള്ള പ്രധാനനദിക്കു 'നീലനദി' എന്ന പേർ ഒരു സമയം അദ്ദേഹത്തിൽനിന്നു സിദ്ധിച്ചതായിരിക്കുമെന്നും മാത്രമേ ഇവിടെ പ്രസ്താവിക്കുന്നുള്ളൂ. അതിന്നുപുറമെ, വിശ്വാമിത്രൻ രാജ്യം രക്ഷിച്ചിരുന്നകാലത്തു മനവീണൻ എന്നൊരു രാജാവിനെ ബ്രാഹ്മണരൊക്കെക്കൂടി ഭ്രഷ്ടനാക്കിയതിനാൽ അദ്ദേഹം തന്റെ എല്ലാ അനുചരന്മാരോടും കൂടി ഇവിടെനിന്നു പുറപ്പെട്ടുപോയി എന്നും, 'ആൎയ്യാ', (ഇരാൻ അല്ലെങ്കിൽ പേർഷ്യാരാജ്യം), ബൎയ്യാ, (അറേബിയാ), 'മിശ്രം' (ഈജിപ്ത്) എന്നീ പ്രദേശങ്ങളിൽകൂടി കടന്നു പോയിട്ടുണ്ടെന്നും പറയപ്പെട്ടിരിക്കുന്നു. പിന്നെ യയാതിയുടെ നാലുമക്കൾ അവരുടെ അച്ഛന്റെ ശാപം നിമിത്തം പടിഞ്ഞാട്ടു കടന്നുപോയി എന്നും, അവിടെ അവർ മ്ലേച്ഛജാതിക്കാരുടെ പൂർവ്വന്മാരായിത്തീർന്നു എന്നും ഭാരതത്തിൽ കാണുന്നു. എന്നാൽ ഒരുസമയം ഈ സംഗതിയിൽ നിന്നായിരിക്കാം 'മിശ്രം' (കൂടിക്കലർന്നത്) എന്ന പേർ ഉണ്ടായിത്തീർന്നത്.

ഈജിപ്തുരാജ്യം വളരെ വളരെ കാലത്തിന്നു മുമ്പ് ഇന്ത്യയിലെ ആൎയ്യന്മാർ കുടിയേറിപ്പാർത്തതായിരിക്കണമെന്നു സർ വില്യം ജോൺസ് വിശ്വസിച്ചിട്ടുള്ളതായി 'റോയൽ ഏഷ്യാട്ടിക്ക് സൊസൈറ്റിയുടെ റിപ്പോർട്ടിൽ' കാണുന്നു; എന്നുമാത്രമല്ല, മേജർ പിൽഫോർഡിനെപ്പോലെയുള്ള ഗ്രന്ഥകർത്താക്കന്മാരും പുരാണങ്ങളിൽ കാണുന്ന 'മിശ്രസ്ഥാനം' ഈജിപ്തിന്റെ പണ്ടത്തെ പേരായ പണ്ടത്തെ പേരായ 'മിശ്ര'മല്ലാതെ മറ്റൊന്നുമല്ലെന്ന് അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഇതിന്നെതിരായി ഈജിപ്തുകാർ എന്നെങ്കിലും ഇന്ത്യയിലേക്കു വന്നു പാർത്തിട്ടുണ്ടെന്നു പറയുവാൻ യാതൊരു ലക്ഷ്യവുമില്ലതാനും. ഇങ്ങിനെ ഓരൊ സംഗതികൊണ്ടു കിട്ടുന്ന തെളിവുകളാൽ ലൂയി ജേക്കോറിയട്ടു മുതലായ യൂറോപ്പിലെ ഗ്രന്ഥകാരന്മാർക്ക്, ഈജിപ്തു ഗ്രീസ്സിന്നു പരിഷ്കാ [ 198 ] രം ദാനം ചെയ്കയും, ഗ്രീസ്സ് അതു റോമിന്നു കൊടുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഈജിപ്തിന്നു തന്നെ അതിന്റെ നിയമങ്ങൾ, കലാവിദ്യകൾ, ശാസ്ത്രങ്ങൾ എന്നിവയെല്ലാം ഇന്ത്യയിൽ നിന്നു കിട്ടിയതായിരിക്കണമെന്നു വിശ്വാസം വന്നിട്ടുണ്ട്. ഹിന്തുവൈദ്യശാസ്ത്രത്തിലില്ലാത്ത യാതൊന്നും ഗ്രീക്കുകാരുടെ വൈദ്യശാസ്ത്രത്തിലില്ലെന്നു മാത്രമല്ല, ബഹുശ്രമസിദ്ധമായ ഹിന്തുവൈദ്യശാസ്ത്രത്തിലുള്ളതു പലതും ഈജിപ്തുകാരുടെ ശാസ്ത്രത്തിൽ കാണുന്നില്ലതാനും.

ക്രിസ്താബ്ദത്തിന്റെ ആരംഭകാലത്ത് അറബിക്കച്ചവടക്കാർ ഇന്ത്യയിൽനിന്ന് അനേകം ഔഷധങ്ങളെ കൊണ്ടുപോകയുണ്ടായിട്ടുണ്ടെന്നു മുമ്പേതന്നെ പറഞ്ഞുവെച്ചിട്ടുണ്ടല്ലൊ. എന്നാൽ അറബിക്കാരുടെ വൈദ്യശാസ്ത്രത്തിന്ന് ഇന്ത്യ വളരെ സഹായിച്ചുകൊടുത്തിട്ടുണ്ടെന്നു തെളിയിക്കുവാൻ വളരെ അദ്ധ്വാനിക്കേണ്ടാവശ്യമില്ല. സിറാപ്യൺ എന്ന അറബിവൈദ്യൻ തന്റെ പ്രസിദ്ധപ്പെട്ട വൈദ്യഗ്രന്ഥത്തിൽ പലദിക്കിലും ചരകന്റെ അഭിപ്രായം എടുത്തുപറഞ്ഞിട്ടുണ്ട്. ഈ സിറാപ്യന്റെ ഗ്രന്ഥം പിന്നെ ലാറ്റിൻ ഭാഷയിലേക്കു തർജ്ജമ ചെയ്തിട്ടുള്ളതിൽ ചരകന്നു 'ഷരക ഇൻഡ്യാനസ്സ്' എന്നാണു പേർ പറയപ്പെട്ടിരിക്കുന്നത്. അഫ്ലാറ്റൂൺ[2] എന്ന പേർ പറഞ്ഞാൽ ഇന്ത്യയിൽ അധികം എളുപ്പത്തിൽ മനസ്സിലാകുന്ന അവിസന്നാ എന്ന മഹാൻ ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആളും, ബൊക്കാറയിൽ ഏറ്റവും പ്രസിദ്ധപ്പെട്ട വൈദ്യനുമായിരുന്നു. അദ്ദേഹം തന്റെ കൃതിയിൽ ഇന്ത്യയിലെ ത്രിഫല ഉപയോഗിക്കുന്ന രീതിയെപ്പറ്റി പറയുന്ന കൂട്ടത്തിൽ ചരകന്റെയും മറ്റു ചില ഗ്രന്ഥകാരന്മാരുടേയും അ [ 199 ] ഭിപ്രായങ്ങളെ വളരെ ബഹുമാനത്തോടുകൂടി എടുത്തെഴുതീട്ടുണ്ട്. ഈ മേല്പറഞ്ഞ രണ്ടു വൈദ്യന്മാരേക്കാളും വളരെ മുമ്പു ജീവിച്ചിരുന്നവനെന്നു പറയപ്പെടുന്ന റേസസ്സ് എന്ന മറ്റൊരു അറബിവൈദ്യൻ ചുക്കിന്റേയും മറ്റു ചില മരുന്നുകളുടേയും ഗുണങ്ങളെപ്പറ്റി പറയുന്നതിന്നിടയിൽ ഒരു ഹിന്തുവൈദ്യന്റെ ഗ്രന്ഥത്തിൽനിന്നു ചില ഭാഗം എടുത്തെഴുതുകയും, ആ ഗ്രന്ഥകർത്താവിനെ താൻ 'സിന്ധി-ചരൻ' എന്നു പേർ വിളിക്കുകയും ചെയ്തിട്ടുണ്ട്. ഈ 'സിന്ധിചരൻ' സിന്ധുദേശികനായ പ്രസിദ്ധപ്പെട്ട വഗ്ഭടനല്ലാതെ മറ്റാരുമാണെന്നു തോന്നുന്നില്ല. വഗ്ഭടനെ അദ്ദേഹത്തിന്റെ കാലത്തു രണ്ടാം 'ചരകൻ' അല്ലെങ്കിൽ 'ചരൻ' എന്നു സാധാരണയായി പറയുമാറുണ്ടായിരുന്നു. ഇതിലുള്ള 'ക' എന്ന പ്രത്യയം, കുട്ടി എന്നർത്ഥമുള്ള 'ബാലൻ' എന്നും 'ബാലകൻ' എന്നുമുള്ള വക്കുകളിലെപ്പോലെ യാതൊരു അർത്ഥഭേദത്തേയും കാണിക്കാത്തതാകുന്നു. 'ചരകം'-, 'സുശ്രുതം' എന്നീ രണ്ടു ഗ്രന്ഥങ്ങളും ഏഴാം നൂറ്റാണ്ടിൽ കാലിഫ് അൽമൻ സൂറിന്റെ ധനസഹായത്തോടുകൂടി അറബിഭാഷയിലേക്കു തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. 'സുശ്രുതം' അറബിഭാഷയിലേക്കു തർജ്ജമ ചെയ്തിട്ടുള്ളതിന്നു "കീലേൽ-ഷാഹൂർ-അൽ-ഹിൻഡി" എന്നാണു പേർ പറയപ്പെടുന്നത്. ഈ രണ്ടു തർജ്ജമകളും പിന്നെ ലാറ്റിൻഭാഷയിലേക്കും തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പതിനേഴാം നൂറ്റാണ്ടോളം കിഴക്കരുടെ വൈദ്യശാസ്ത്രത്തിന്നു തന്നെ കടപ്പെട്ടുകൊണ്ടിരുന്ന യൂറോപ്പിലെ വൈദ്യശാസ്ത്രത്തിന്നുള്ള അടിസ്ഥാനം ലാറ്റിൻ തർജ്ജമകളാണുതാനും.

വിക്രമാദിത്യന്റെ രാജ്യഭരണകാലത്തു (ക്രി. മു. 57) ഹിന്തുവൈദ്യശാസ്ത്രത്തിന്റെ കീർത്തി അത്യുച്ചസ്ഥിതിയിലായിരുന്നു. ആ രാജാവു വിദ്യാഭിവൃദ്ധിക്കു വളരെ സഹായിച്ചിരുന്ന [ 200 ] ആളും, അദ്ദേഹത്തിന്റെ സദസ്സ് 'നവരത്നങ്ങൾ' എന്നു പറയപ്പെടുന്ന ഒമ്പതു പണ്ഡിതന്മാരെക്കൊണ്ടു ശോഭിച്ചതുമായിരുന്നു. ഇവരിൽ ഒരാളുടെ പേർ 'ധൻവന്തരി' എന്നായിരുന്നു. എന്നാൽ വേണ്ടുന്ന യോഗ്യതയെല്ലാം തികഞ്ഞ ഏതു വൈദ്യനും 'ധൻവന്തരി' എന്നു പേർ പറയുമാറുള്ളതുകൊണ്ട് ഈ ഒരു പേരോടുകൂടിത്തന്നെ അനവധി വൈദ്യന്മാരുണ്ടായിട്ടുണ്ടെന്നു കൂടി ഇവിടെ പ്രത്യേകം പ്രസ്താവയോഗ്യമായിരിക്കുന്നു. വിക്രമാദിത്യന്റെ സദസ്സിനെ അലങ്കരിച്ചിരുന്നതായി ഇവിടെ പറയപ്പെട്ട 'രത്നം', നിഘണ്ഡു എന്നു പേരുള്ള ബഹുശ്രമസിദ്ധമായ ഒരു ഭേഷജശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവാകുന്നു.

എന്നാൽ ക്രിസ്താബ്ദം 977-ൽ ധാരാപുരത്തിൽ വാണിരുന്ന ഭോജരാജാവിന്റെ കാലത്തെപ്പോലെ വിദ്യാവിഷയത്തിൽ സാമാന്യമായും, കവിതയ്ക്കും വൈദ്യശാസ്ത്രത്തിന്നും പ്രത്യേകിച്ചും, അത്ര ധാരാളമായി ഒരു സഹായം ലഭിച്ചിട്ടുള്ള കാലം ഇന്ത്യയിലെ സാഹിത്യത്തിന്റെയും ശാസ്ത്രങ്ങളുടേയും ചരിത്രത്തിൽ വേറെ ഒരിക്കലുമുണ്ടായിട്ടില്ല. അതു ഹിന്തു സാഹിത്യത്തിന്ന് ഒരു സൗവർണ്ണകാലം തന്നെയായിരുന്നു. ആ രാജാവുതന്നെ മഹാവിദ്വാനും, വൈദ്യശാസ്ത്രത്തിൽ ഒരു ഗ്രന്ഥവും മറ്റു ചില കൃതികളും ഉണ്ടാക്കിയ പ്രസിദ്ധപ്പെട്ട ഒരു ഗ്രന്ഥകർത്താവുമായിരുന്നു. ഭോജരാജാവിനെ സംബന്ധിച്ച പല കഥകളും കൂട്ടി എഴുതി ഉണ്ടാക്കിയ ബല്ലാളപണ്ഢിതന്റെ 'ഭോജപ്രബന്ധത്തിൽ' ആ രാജാവിന്ന് ഒരു ശസ്ത്രക്രിയ ചെയ്തിട്ടുള്ളതായി താഴെ പറയുന്ന ഒരു രസമുള്ള കഥകൂടി കാണുന്നുണ്ട്. ഒരിക്കൽ രാജാവിന്ന് അതികലശലായി തലവേദന തുടങ്ങി. അദ്ദേഹം അതിന്നു സകലവൈദ്യപ്രയോഗങ്ങളും നോക്കി. എന്തായിട്ടും യാതൊരു ഫലവും കണ്ടില്ലെന്നല്ല, രാജാവിന്ന് ഇതുകൊണ്ട് അപായം നേരിടുമെന്നുള്ളേടത്തോളമാവുകയും ചെയ്തു. അങ്ങിനെ [ 201 ] യിരിക്കുമ്പോൾ സഹോദരന്മാരായ രണ്ടു വൈദ്യന്മാർ ധാരാപുരത്തിൽ വന്നു. അവർ ദീനം നല്ലവണ്ണം പരിശോധിച്ചശേഷം ശസ്ത്രക്രിയ ചെയ്യാതെ സുഖം കിട്ടുവാൻ പ്രയാസമാണെന്നു തീർച്ചപ്പെടുത്തി. അതുപ്രകാരം, അവർ അദ്ദേഹത്തെ ബോധം കെടുത്തുവാനായി 'സമ്മോഹിനി' എന്ന ഒരു മരുന്നു കൊടുത്തു. മരുന്നിന്റെ ശക്തികൊണ്ട് അദ്ദേഹത്തിന്നു തീരെ തന്റേടമില്ലാതായപ്പോൾ, അവർ അദ്ദേഹത്തിന്റെ തലയോടു കീറി രോഗകാരണത്തെ തലച്ചോറിൽനിന്നു നീക്കിക്കളയുകയും, ദ്വാരമടച്ചു തുന്നിക്കെട്ടി വ്രണവിരോപണമായ മരുന്നു വെക്കുകയും ചെയ്തു. പിന്നെ അവർ അദ്ദേഹത്തിന്റെ ബോധക്കേടു തീർക്കുവാനായി 'സഞ്ജീവനി' എന്നു പറയുന്ന വേറെ ഒരു മരുന്നു കൊടുക്കുകയും, അതുകൊണ്ട് അദ്ദേഹത്തിന്നു ബോധക്ഷയം തീർന്നു പൂർണ്ണസുഖം ലഭിക്കുകയും ചെയ്തിട്ടുള്ളതായി പറയപ്പെട്ടിരിക്കുന്നു. ഈ സംഗതിയിൽനിന്ന്, ആധുനികശാസ്ത്രത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണെന്നു വെച്ചിട്ടുള്ള മസ്തിഷ്ക ശസ്ത്രക്രിയ (തലച്ചോറിനെ സംബന്ധിച്ച ശസ്ത്രക്രിയ) പണ്ട് ഇന്ത്യക്കാർക്ക് അറിവില്ലാത്തതായിരുന്നില്ലെന്ന് നല്ലവണ്ണം തെളിയുന്നുണ്ടല്ലൊ, എന്നാൽ ഇങ്ങിനെ ഒരു ഉദാഹരണം മാത്രമല്ലതാനും. ബുദ്ധന്റെ അംഗവൈദ്യനായ ജീവകൻ തലയോടിനെ സംബന്ധിച്ച ശസ്ത്രക്രിയകൾ ഏറ്റവും വലിയ വിജയത്തോടുകൂടി ചെയ്തിട്ടുണ്ടെന്നുള്ളതിന്നു ലക്ഷ്യമുണ്ട്. അതിന്നു പുറമെ, ഉദരം കീറി പലേ രോഗങ്ങളും സുഖപ്പെടുത്തീട്ടുള്ളതിന്നും വളരെ തെളിവുകളുണ്ട്. ഇങ്ങിനെ നോക്കുമ്പോൾ 'ആധുനികശസ്ത്രവിദ്യയുടെ വിജയങ്ങൾ' ആണെന്നു വെച്ചിരിക്കുന്ന പല ശസ്ത്രകർമ്മങ്ങളും പൂർവ്വഹിന്തുക്കൾ ചെയ്തിരുന്നു എന്ന് കാണാം. അവരുടെ 'സമ്മോഹിനി" ആധുനികന്മാരുടെ 'ക്ലോറൊഫോറ'ത്തിന്നു പകരമായിരുന്നു [ 202 ] എന്നാൽ 'സഞ്ജീവിനി'യോടു തുല്യമായി വല്ല മരുന്നും ആധുനികഭേഷജകല്പത്തിൽ കാണുമോ എന്നു സംശയമാണുതാനും. ഈ 'സഞ്ജീവിനി' എന്ന മരുന്ന്, ഇക്കാലത്തു ചിലപ്പോൾ സംഭവിച്ചു കാണുന്നതും, സമ്മോഹനദ്രവ്യങ്ങൾനിമിത്തം നേരിടുന്നതുമായ മരണങ്ങളുടെ സംഖ്യയെ മുമ്പു വളരെ കുറച്ചിരുന്നു എന്നുള്ളതിന്നു യാതൊരു സംശയവുമില്ല.

മഹമ്മദീയരുടെ രാജ്യഭരണകാലത്തു (ക്രിസ്താബ്ദം1001-മുതൽ 1707വരെ) ഇന്ത്യയിലെ വൈദ്യശാസ്ത്രം ക്രമേണ നശിക്കുവാനുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതിന്നുള്ള കാരണം സ്പഷ്ടമാണല്ലൊ. ഏതു കലാവിദ്യയാകട്ടെ അല്ലെങ്കിൽ ശാസ്ത്രമാകട്ടെ അതാതുകാലത്തെ ഗവൎമ്മേണ്ടിന്റെ വേണ്ടതുപോലെയുള്ള സഹായംകൂടാതെ ഒരിക്കലും അഭിവൃദ്ധിയെ പ്രാപിക്കുവാൻ തരമില്ലല്ലൊ. മഹമ്മദീയരാജാക്കന്മാർ ഇന്ത്യ പിടിച്ചടക്കിയപ്പോൾ അവരുടെ ഒന്നിച്ചു 'ഹാക്കിംസ്' എന്നു പറയുന്ന സ്വന്തം വൈദ്യന്മാരെക്കൂടി കൊണ്ടുവന്നു. രാജ്യത്തു മുഴുവനും അന്നു സമാധാനമില്ലാത്ത നിലയായിരുന്നതുകൊണ്ടു ശാസ്ത്രസംബന്ധമായ തത്വാനേഷണങ്ങൾക്കൊന്നും തരമില്ലാതായിതീർന്നു. ഈ ഹാക്കിംവർഗ്ഗക്കാർ കുറെ ഒരു ബുദ്ധിയുള്ള കൂട്ടരായിരുന്നു. അവർ യാതൊരു മടിയും കൂടാതെ ഹിന്തുവൈദ്യശാസ്ത്രത്തിൽ കാണുന്ന ഏറ്റവും ഫലമുള്ളതും, നല്ലതുമായ പല മരുന്നുകളും ഉപയോഗിക്കുകയും, അവരുടെ ഗ്രന്ഥങ്ങളിൽ എടുത്തു ചേർക്കുകയും ചെയ്തു. മഹമ്മദവൈദ്യന്മാർ എഴുതീട്ടുള്ള പ്രധാനഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ, ഷാജിഹാൻ ചക്രവർത്തിയുടെ അംഗവൈദ്യനായിരുന്ന നൂറഡ്ഡിൻ മഹമ്മദ് അബ്ദുള്ളാ ഷിറാസി എന്ന ആൾ ഉണ്ടാക്കിയ 'അൽഫ്ാസൽ' അഡ്വിച്ച്' എന്ന ഗ്രന്ഥം പ്രത്യേകം ഗണിക്കപ്പെടേണ്ടതാണു. ഈ ഗ്രന്ഥത്തിൽ ഇന്ത്യയിലെ അങ്ങാടികളിൽ വിറ്റുവരുന്ന മരുന്നുകളുടെ പേരുകളും ഗുണങ്ങളും പറയപ്പെട്ടിട്ടുണ്ട്. അ [ 203 ] തു ക്രിസ്താബ്ദം 1512-ൽ ബീവാബിങ്ഖാസ്ഖാൻ ഉണ്ടാക്കിയ 'മാദൻ ഉസ്വഷിഫ് ാ-ഇ-സിക്കണ്ഡർ' എന്ന ഗ്രന്ഥവും, മഹമ്മദ് മോമിൻ എഴുതിയ 'തുഫ് ാത്-അൾ-മമ്മിനിൻ' എന്ന പുസ്തകവും വൈദ്യവിഷയത്തിൽ അറബിഭാഷയിലും സംസ്കൃതത്തിലുമുള്ള അനേകം പ്രമാണഗ്രന്ഥങ്ങളിൽ നിന്ന് എടുത്തെഴുതീട്ടുള്ളതാണു. ക്രിസ്താബ്ദം 1658-ൽ അറംഗസീബിന്റെ കൊട്ടാരവൈദ്യനായിരുന്ന മഹമ്മ്ദ് ആക്ബർ ആർസെനി എന്ന ആൾ തന്റെ 'കാരബാദൈൻ കാദരി' എന്ന ഗ്രന്ഥത്തിലൊ സംസ്കൃതത്തിലുള്ള വൈദ്യശാസ്ത്രഗ്രന്ഥത്തിൽനിന്ന് ആവശ്യമുള്ള പലേ യോഗങ്ങളൂം നേരേ പകൎത്തെഴുതീട്ടുണ്ട്. ഇങ്ങിനെ അതിന്റെ അധഃപതനകാലത്തു കൂടി ഹിന്തുവൈദ്യശാസ്ത്രത്തെ അതിന്റെ വിരോധികളായ മഹമ്മദീയർ അവശ്യം ബഹുമാനിക്കേണ്ടിവന്നതായി കാണുന്നുണ്ട്.

പേഷവന്മാർ രാജാധികാരികളായിത്തീർന്നകാലത്തു (ക്രിസ്താബ്ദം 1715-1818) ഹിന്തുവൈദ്യശാസ്ത്രം വീണ്ടും നന്നായിത്തീരുവാനുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഈ പേഷവമാർ ഉത്തമബ്രാഹ്മണവംശത്തിൽ ജനിച്ചവരായതുകൊണ്ടു സ്വരാജ്യത്തെ വിദ്യാഭ്യാസത്തിന്റേയും പാണ്ഡിത്യത്തിന്റേയും പ്രചാരത്തിന്നു തങ്ങൾക്കു കഴിയുന്നേടത്തോളമൊക്കെ ശ്രമിച്ചിരുന്നു. രാജ്യത്തുള്ള സകലവിദ്വാന്മാരും അവരുടെ രാജധാനികളിൽ ചെല്ലുകയും, അവിടെ അവരെ വേണ്ടതുപോലെ സൽക്കരിക്കുകയും പതിവായിരുന്നു. പ്രായേണ വൈദ്യശാസ്ത്രത്തിലുള്ള വിസ്തീർണ്ണങ്ങളായ പൂർവ്വഗ്രന്ഥങ്ങളുടെ സംഗ്രഹങ്ങളായി ഇയ്യിടയിലുണ്ടായിട്ടുള്ള ചില ഗ്രന്ഥങ്ങൾ ഈ കാലത്ത് ഏഴുതപ്പെട്ടവയാണു.

ഈ പേഷ്വാമാരുടെ അധികാരം പിന്നെ ഇംഗ്ലീഷുകാർ [ 204 ] കൈവശമാക്കി. ഇങ്ങിനെ മഹാരാഷ്ട്രക്കാരുടെ അധികാരശക്തികൂടി നശിച്ചതു മുതൽക്കാണു നാട്ടുവൈദ്യം വേണ്ടതുപോലെയുള്ള സഹായം കിട്ടാതെ തീരെ ക്ഷയിക്കുവാൻ തുടങ്ങിയത്. ഇംഗ്ലീഷുകാർ ഇന്ത്യയിൽ വന്നതുതന്നെ, ഹിന്തുവൈദ്യശാസ്ത്രം കേവലം ദുൎവ്വൈദ്യസമ്പ്രദായമാണെന്നും, അവരുടെ വൈദ്യഗ്രന്ഥങ്ങളൊക്കെ ശുദ്ധമേ വിഡ്ഢിത്വമായിട്ടുള്ളതാണെന്നും മുൻകൂട്ടി ആലോചിച്ചുറച്ചിട്ടാണു. അവർ ഇവിടെ അവരുടെ സമ്പ്രദായത്തിലുള്ള ആസ്പത്രികളും വൈദ്യപാഠശാലകളും സ്ഥാപിച്ചു. ഇതു നമുക്കു വിലമതിക്കുവാൻ പാടില്ലാത്ത ഒരു അനുഗ്രഹമാണെന്നുള്ളതിന്നും സംശയമില്ല. എങ്കിലും ഇവർ നാട്ടുവൈദ്യത്തെ അത്യന്തം നിന്ദയോടുകൂടിയാണു വിചാരിച്ചുപോരുന്നത്. ഇതിന്നു പകരമായി ഇന്ത്യക്കാരും, ഇതരരാജ്യക്കാരുടെ ഏതൊരു സാധനത്തെക്കുറിച്ചും അവർക്കു സ്വഭാവേന തന്നെ അനിഷ്ടമുള്ളതുകൊണ്ട് ഇവരുടെ ഈ കീറുക, മുറികെട്ടുക മുതലായതെല്ലാം പാശ്ചാത്യവൈദ്യശാസ്ത്രത്തിന്റെ 'ഹരിഃശ്രീ' മാത്രമേ ആയിട്ടുള്ളൂ എന്നും വെച്ചു സമാധാനിച്ചിരിക്കുകയാണു.

------:0:------


  1. Transactions of the Royal Asiatic Society, Vol. I. നോക്കുക.
  2. ഈ പേർ ഇന്ത്യക്കാരുടെ ഇടയിൽ 'പഠിപ്പുള്ളവൻ' എന്നതിന്റെ പൎയ്യായമായിത്തീർന്നിരിക്കുന്നു.