ആൎയ്യവൈദ്യചരിത്രം/പത്താം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആൎയ്യവൈദ്യചരിത്രം (ചരിത്രം)
രചന:പി. വി. കൃഷ്ണവാരിയർ
പത്താം അദ്ധ്യായം : ഇന്ത്യയിലെ ശസ്ത്രവിദ്യ--അതിന്റെ അഭ്യുദയവും അധഃപതനവും.

[ 177 ]

പത്താം അദ്ധ്യായം

ഇന്ത്യയിലെ ശസ്ത്രവിദ്യ--അതിന്റെ അഭ്യുദയവും അധഃപതനവും.


ശല്യം അല്ലെങ്കിൽ ശസ്ത്രവിദ്യ എന്നത്, ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തൊരിക്കൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ, ആയുർവ്വേദത്തിന്റെ എട്ട് അംഗങ്ങളിൽ ഒന്നാകുന്നു. സുശ്രുതന്റെ ഗ്രന്ഥത്തിൽ അതിന്നു പ്രഥമസ്ഥാനം കൊടുക്കപ്പെട്ടിരിക്കുന്നു. ചികിത്സാശാസ്ത്രവും, ശസ്ത്രവിദ്യയും രണ്ടും ഒരേ ശാസ്ത്രത്തിന്റെ ഭാഗങ്ങൾ തന്നെയാണെങ്കിലും പ്രത്യേകം ഓരോ ശാഖകളായിട്ടാണു ഗണിക്കപ്പെട്ടിരിക്കുന്നത്. ചരകൻ, ആത്രേയൻ, ഹാരീതൻ, അഗ്നിവേശൻ എന്നിവരും മറ്റും ശസ്ത്രവിദ്യയിലേക്കാൾ അധികം ചികിത്സാവിഷയത്തിലാണു പ്രമാണമായി സ്വീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ധൻവന്തരി, സുശ്രുതൻ, ഔപധേനൻ, ഔരഭ്രൻ, പൗഷ്കലാവതൻ മുതലായവരെല്ലാം അധികവും ഔഷധപ്രയോഗശാസ്ത്രജ്ഞന്മാരല്ല, ശസ്ത്രവൈദ്യന്മാരണെന്നാണു പറയേണ്ടത്. ഇവരാകട്ടെ യന്ത്രങ്ങളെക്കൊണ്ടും ശസ്ത്രങ്ങളെക്കൊണ്ടുമുള്ള രോഗനിവൃത്തിയെക്കുറിച്ച് അതിവിസ്തീർണ്ണങ്ങളായ ഗ്രന്ഥങ്ങളെഴുതീട്ടുമുണ്ട്. ഔഷധപ്രയോഗം കൊണ്ടു രോഗശമനം വരുത്തുന്ന വൈദ്യന്മാർ ശസ്ത്രക്രിയവേണ്ടതായ ഏതെങ്കിലും രോഗത്തിൽ, 'അത്ര ധൻവന്തരീണാമധികാരഃ ക്രിയാവിധൗ' അതായത് ഈ വിഷയത്തിൽ പ്രവൎത്തിക്കുവാനുള്ള അധികാരം ശസ്ത്രവൈദ്യന്മാർക്കാണു [ 178 ] എന്നു പറയുന്നതാണു. പ്രാചീനശസ്ത്രവിദ്യ, ആധുനികശാസ്ത്രത്തിന്നു സിദ്ധിച്ചിട്ടുള്ളതുപോലെ അത്ര വലിയൊരു നിലയിൽ എത്തീട്ടില്ലെന്നുള്ളതു വാസ്തവമാണു. ആധുനികശസ്ത്രവിദ്യയുടെ മാഹാത്മ്യം അത്യാശ്ചര്യകരമാണെന്നു പരക്കെ സമ്മതിക്കപ്പെട്ടിട്ടുള്ളതുതന്നെ, എങ്കിലും ഇതുകൊണ്ടു പ്രാചീനന്മാർക്കുള്ള ന്യായമായ മെച്ചം കുറയ്ക്കേണമെന്നില്ലല്ലൊ. ഈ ഇരുപതാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷുവൈദ്യന്നുള്ള ശസ്ത്രസഞ്ചയത്തോടു താരതമ്യപ്പെടുത്തുമ്പോൾ പ്രാചീനന്മാർ ഉപയോഗിച്ചിരുന്ന ശസ്ത്രങ്ങളുടേയും മറ്റു ചികിത്സാസാംഗ്രികളുടേയും സംഖ്യ വളരെ ചെറിയതും നിസ്സാരവുമാണെന്നുതന്നെ പറയണം. ഇതിന്നുള്ള സമാധാനം, പ്രാചീനന്മാർക്ക് അവരുടെ ആവശ്യങ്ങൾക്ക് ഈ ശസ്ത്രങ്ങൾതന്നെ ധാരാളം മതിയായിരുന്നു എന്നുള്ള സംഗതിയാണു. എന്തുകൊണ്ടെന്നാൽ, അവർക്ക് ഓരോ ഔഷധങ്ങളുടേയും രസവീൎയ്യാദികളെക്കുറിച്ച് അപാരമായ അറിവുണ്ടായിരുന്നതിനാൽ, ഇക്കാലത്തുള്ള ശസ്ത്രവൈദ്യന്മാർ ശസ്ത്രക്രിയകൊണ്ട് ആശ്വാസപ്പെടുത്തുന്ന മിക്ക രോഗങ്ങളും അവർ അന്ന് ഔഷധ പ്രയോഗംകൊണ്ടുതന്നെ സുഖപ്പെടുത്തിയിരുന്നു. അതിന്നു ചില ദൃഷ്ടാന്തം പറയാം.കുരുവിന്നു സാധാരണയായി അവർ ചില മരുന്നുണ്ടാക്കി പുരട്ടി അതു താണേ അമുങ്ങുവാനിടയാക്കുകയോ, അല്ലെങ്കിൽ ആ വീക്കം വേഗത്തിൽ പാകംവരുവാൻ പൊൾട്ടീസ്സു വല്ലതും വെച്ചുകെട്ടിയശേഷം നല്ലവണ്ണം പാകം വന്നു എന്നു തോന്നിയാൽ അതിനെ സാമാന്യേന ശസ്ത്രംകൊണ്ടു കീറുന്നതിന്നു പകരം, ദന്തീചിത്രകം, ഏരണ്ഡം ഇവയും മറ്റു ചിലമരുന്നുകളും ചേൎത്തുണ്ടാക്കിയ ക്ഷാരം കൊണ്ടു ഭേദിക്കുകയോ ചെയ്കയാണു പതിവ്. അശ്മരീരോഗങ്ങൾക്ക്, അശ്മരീഭേദകങ്ങൾ (Antilithics) ആയ ഔഷധങ്ങളെക്കൊണ്ടാണു അവർ ചികിത്സിച്ചിരുന്നത്. പിന്നെ ആ [ 179 ] ക കല്ല്(അശ്മരി)കളെ ദ്രവിപ്പിക്കുന്നതിന്നു മൂത്രവർദ്ധകങ്ങളായ (Diuretics) ദ്രവ്യങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു. ഇങ്ങിനെയുള്ള പ്രയോഗങ്ങളെക്കൊണ്ട്, അവർ രോഗിക്ക് ആഗ്രഹമുണ്ടെങ്കിൽ ശസ്ത്രക്രിയയുടെ ആവശ്യം കൂടാതെ കഴിക്കുകയും ചെയ്തിരുന്നു. ദുർല്ലഭം ചില സംഗതികളിൽ വേഗത്തിൽ ദീനം ഭേദമാകേണ്ടതിന്നോ, അല്ലെങ്കിൽ തൽക്കാലം ഉപദ്രവശമനത്തിന്നൊ വേണ്ടി മാത്രമേ അവർ ശസ്ത്രങ്ങളെ ഉപയോഗിച്ചിരുന്നുള്ളൂ. ഇങ്ങിനെയൊക്കെ ആണെങ്കിലും അവരുടെ ഏറ്റവും പ്രാചീനങ്ങളായ ഗ്രന്ഥങ്ങളിൽ പോലും നേത്രസംബന്ധമായും ഗൎഭസംബന്ധമായും മറ്റുമുള്ള ശസ്ത്രക്രിയകൾക്കായി നൂറ്റിരുപത്തഞ്ചിൽ കുറയാതെകണ്ടുള്ള ശസ്ത്രങ്ങളെപ്പറ്റി പറഞ്ഞിട്ടുമുണ്ട്.

പുതുതായി ചെവികളും മൂക്കുകളും വെക്കുന്നതിന്ന് അവർ പ്രത്യേകം സാമർത്ഥ്യമുള്ളവരായിരുന്നു. ഇന്ത്യയിൽ ചെവികളും മൂക്കും ഛേദിക്കുക എന്നുള്ളതു വളരെ സാധാരണയായ ഒരു ശിക്ഷയായിരുന്നതുകൊണ്ട് ഇവിടെ ഈ പ്രയോഗം അനവധി കാലമായി പരിചയിച്ചു വന്നിട്ടുള്ളതാകുന്നു. 'നമ്മുടെ ആധുനികശസ്ത്രവൈദ്യന്മാർ മൂക്കു വെക്കുന്ന പ്രയോഗം അവരിൽ (ഹിന്തുക്കളിൽ) നിന്നു കടം വാങ്ങീട്ടുള്ളതാണു' എന്നു മിസ്റ്റർ വീബർ പറഞ്ഞിരിക്കുന്നു. ഈ വിഷയത്തിൽ ബർലിൻ പട്ടണത്തിലെ ഡാക്ടർ ഹീഴ്സ് ബൎഗ്ഗ് എന്ന മഹാൻ ഇങ്ങിനെ പറഞ്ഞിരിക്കുന്നു:-- ' ഇന്ത്യയിലുള്ള ബുദ്ധിശാലികളായ പ്രവൃത്തിക്കാരുടെ സൂത്രങ്ങൾ നമുക്കു മനസ്സിലായപ്പോഴാണു യൂറോപ്പിലെ 'പ്ലാസ്റ്റിക് സർജറി' അല്ലെങ്കിൽ അംഗനവീകരണം എന്ന ശസ്ത്രവിദ്യാഭാഗം മുഴുവൻ ഇപ്പോഴത്തെ നിലയിൽ ഒരു പരിഷ്കൃതരീതിയിലായത്. അതു കൂടാതെ, ജീവികളുടെ തോലെടുത്തു മറ്റു ജീവികളിൽ വെച്ചുകെട്ടുന്നതും കേവലം ഇന്ത്യയിലെ ഒരു സമ്പ്രദായം തന്നെയാണു? അതിന്നു പുറമെ, ഈ ഗ്രന്ഥകാരൻ തന്നെ [ 180 ] തിമിരം കീറുന്ന സമ്പ്രദായം കണ്ടുപിടിച്ചതിന്നുള്ള മെച്ചവും ഹിന്തുക്കൾക്കു കൊടുത്തിരിക്കുന്നു. ഇതാകട്ടെ ഗ്രീക്കുകാൎക്കും, ഈജിപ്തുകാൎക്കും, മറ്റ് ഏതു സമുദായത്തിന്നും തീരെ അറിയപ്പെടാത്തതായിരുന്നു' എന്നാണു അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ വൈദ്യന്മാർ ഇപ്പോഴും തിമിരം കീറി വളരെ ശരിയായി ഫലം കാണിക്കുന്നുണ്ടെന്ന് പരക്കെ അനുഭവമുള്ളതുമാണല്ലൊ. അതുകൂടാതെ, ഓരോ അംഗങ്ങളെ മുറിച്ചുകളയുന്നതിന്നും, വയർ കീറുന്നതിന്നും മറ്റും ഹിന്തുവൈദ്യന്മാർ പ്രത്യേകം വശതയുള്ളവരായിരുന്നു. അവർ മനുഷ്യർക്കും മൃഗങ്ങൾക്കുമുണ്ടാകുന്ന ഭംഗങ്ങളേയും സ്ഥാനഭ്രംശങ്ങളേയും നേരെയാക്കി കെട്ടുകയും, ആന്ത്രവൃദ്ധിയെ ഒതുക്കിനിൎത്തുകയും, മൂലക്കുരു, ഭഗന്ദരം ഇവകളെ ആശ്വാസപ്പെടുത്തുകയും, അന്തശ്ശല്യങ്ങളെ എടുത്തുകളയുകയും ചെയ്തിരുന്നു. വസൂരി കീറിവെക്കുന്ന സമ്പ്രദായം അവർക്ക് വളരെ ആദ്യ കാലത്തു തന്നെ അറിവുണ്ടായിരുന്നതായി കാണുന്നു. എഡ്വർഡ് ജന്നർ ജനിക്കുന്നതിന്നു വളരെകാലം മുമ്പുതന്നെ ഇന്ത്യയിലെ ചില ജാതിക്കാർ, പ്രത്യേകിച്ചു പശുപാലന്മാർ, ആട്ടിടയന്മാർ, ചാരണന്മാർ ഇങ്ങിനെയുള്ള ജാതിക്കാർ, പൊള്ളകളുടെ ഉണങ്ങിയ പൊറ്റൻ എടുത്തു ശേഖരിച്ചുവെക്കുക പതിവായിരുന്നു. ഇതിൽനിന്നു കുറച്ചെടുത്തു ഭുജത്തിന്മേൽ വെച്ച്, ഒരു തൂശികൊണ്ട് അവിടെ തുളയ്ക്കുകയായിരുന്നു അവർ ചെയ്തിരുന്നത്. ഇങ്ങിനെ കീറി വെയ്ക്കുന്നതു കൊണ്ട് ആ കൂട്ടർക്കു കുറേ കാലത്തേക്കു പിന്നെ വസൂരി പിടിപെടാതെ സുഖമായിരിക്കാൻ ഇടവരുമെന്നാണു അവരുടെ വിശ്വാസം. പുതുശ്ശേരിയിലുണ്ടായിരുന്ന ഡാക്ടർ ഹില്ലറ്റ് എന്ന മഹാൻ, 'ഹിപ്പോക്രെട്ടീസ്സിന്നും മുമ്പു ജീവിച്ചിരുന്ന ധൻവന്തരി എന്ന ഒരു വൈദ്യന്നു വസൂരി കീറിവെക്കുന്ന സമ്പ്രദായം അറിവുണ്ടായിരുന്നു' എന്നു സിദ്ധാന്തിച്ചിരിക്കുന്നു. പൂൎവ്വഹിന്തു [ 181 ] ക്കൾ മനുഷ്യശരീരം കീറി പരിചയിക്കുകയും, അതു തങ്ങളുടെ ശിഷ്യർക്കു പഠിപ്പിക്കുകയും പതിവായിരുന്നു. അവർ മനുഷ്യരെ സംബന്ധിച്ച ശരീരവ്യവച്ഛേദശാസ്ത്രവും (Anatomy) ശരീരശാസ്ത്രത്തിന്റെ ഏതാനും ഭാഗവും ധരിച്ചിരുന്നു. ശവം തൊടുന്നതിലും മറ്റുമുള്ള കഠിനവിരോധം നിമിത്തം വളരെ തടസ്ഥമുണ്ടായിട്ടുണ്ടെങ്കിലും, മരിച്ചവരെക്കൊണ്ടു ജീവിച്ചിരിക്കുന്നവർക്കുണ്ടാകുന്ന ഉപയോഗങ്ങളെക്കുറിച്ചു വേദാന്തവിഷയമായും, പൂർണ്ണമായുമുള്ള അഭിപ്രായങ്ങളെ സ്വീകരിച്ചതിന്നുള്ള ബഹുമാനത്തിന്നു ഹിന്തുവേദാന്തികൾ അൎഹന്മാരാണെന്നും, വൈദ്യശാസ്ത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും വെച്ച് ഏറ്റവും പ്രധാനവും അത്യാവശ്യവുമായ 'പ്രാക്ടിക്കൽ അനാറ്റമി' എന്ന ശരീരവ്യവച്ഛേദശാസ്ത്രം അവരാണു ആദ്യമായി ശാസ്ത്രരീതിക്കനുസരിച്ചു പരിഷ്കരിക്കുവാൻ ശ്രമിച്ചു ഫലിപ്പിച്ചവരെന്നും ഡാക്ടർ വൈസ്സ് എന്ന മഹാൻ പറഞ്ഞിരിക്കുന്നു. അതിന്നു പുറമെ അവരുടെ യാഗാദികൎമ്മങ്ങളിൽ ഉപയോഗിച്ചിരുന്ന കോലാട്, കുറിയാട്, കുതിര എന്നിവയുടേയും മറ്റും ശരീരവ്യവച്ഛേദശാസ്ത്രത്തെപ്പറ്റിയും അവർക്ക് അറിവുണ്ടായിരുന്നു എന്നു പറയാതെ കഴികയില്ല. മുൻ കാലങ്ങളിൽ യുദ്ധം ചെയ്തിരുന്നതു ശരം, വാൾ, ഗദ മുതലായ ആയുധങ്ങളെക്കൊണ്ടായിരുന്നുവല്ലൊ. അതു നിമിത്തം എല്ലാ യുദ്ധത്തിലും ശരങ്ങളെ എടുക്കുവാനും, അംഗങ്ങളെ മുറിച്ചു കളകയൊ വെച്ചു കെട്ടുകയോ ചെയ് വാനും, ചോരനിൎത്തുവാനും മറ്റുമായി നല്ലധൈൎയ്യവും വശതയുമുള്ള ശസ്ത്രവൈദ്യന്മാർ ആവശ്യമായിരുന്നു. സുശ്രുതനാകട്ടെ, ശസ്ത്രക്രിയ ചെയ്യുമ്പോൾ മനസ്സിരുത്തേണ്ടതായ എത്ര നിസ്സാരസംഗതികളെക്കുറിച്ചും പറഞ്ഞിട്ടുള്ളതു കൂടാതെ, കുരുകീറുക, വീക്കം, സ്ഫോടം(പൊളുകൻ) ഗ്രന്ഥി, വ്രണം, നാളീവ്രണം ഇവകൾക്കു ചികിത്സിക്കുക, പൊള്ളിക്കുക, ചൂടുവെക്കുമ എന്നീവക ചെയ് വാനുള്ള സമ്പ്രദായം [ 182 ] വിവരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ കൂടക്കൂടെ ഉണ്ടായിരുന്ന യുദ്ധങ്ങളും ആഭ്യന്തരകലഹങ്ങളും നിമിത്തം ശസ്ത്രവൈദ്യന്മാർക്കു തങ്ങളുടെ പ്രവൃത്തിയിലുള്ള വൈദഗ്ദ്ധ്യം കാണിച്ചു പ്രസിദ്ധി സമ്പാദിപ്പാനും, ആ പ്രവൃത്തിയിൽ പിന്നെയും അധികമായ പരിചയവും സാമർത്ഥ്യവും ഉണ്ടാക്കിത്തീർക്കുവാനും തരം കിട്ടിയിരുന്നു. വൈദികകാലത്തേയോ മഹാകാവ്യകാലത്തേയോ ചരിത്രം ഒന്നു നോക്കുന്നതായാൽ ഈ സംഗതി ധാരാളം തെളിയുന്നതാണു. ഇക്കാലത്തു തന്നെ, സാധാരണ കൂട്ടർക്കു ബോധിക്കുവാൻ പ്രയാസമായിട്ടുള്ള അനേകം കാൎയ്യങ്ങൾ നമ്മുടെ ശസ്ത്രവൈദ്യന്മാർക്കു ചെയ് വാൻ കഴിയുന്നതുപോലെ പണ്ടത്തെ ശസ്ത്രവൈദ്യന്മാർ ശസ്ത്രക്രിയാവിഷയത്തിൽ കാണിച്ചിട്ടുള്ള ഓരോ അത്ഭുത കൎമ്മങ്ങളെക്കുറിച്ചും ചരിത്രത്തിൽ പ്രസ്താവിച്ചു കാണുന്നുണ്ട്. ആധുനികശസ്ത്രവിദ്യ അതിന്റെ മുന്നോട്ടുള്ള ഗതിയിൽ പ്രാചീനവൈദ്യന്മാർ ചെയ്തതായി പറയുന്ന സംഗതികൾ ചെയ് വാൻ ഇനി ഒരു കാലത്തു കഴിവുള്ളതായി എന്നു വരാവുന്നതാണല്ലൊ. സുശ്രുതൻ ശസ്ത്രകൎമ്മങ്ങളെയെല്ലാം താഴേ പറയും പ്രകാരം തരം തിരിച്ചിരിക്കുന്നു:--

ആഹരണം --ശല്യങ്ങളെ പുറത്തേക്കെടുക്കുക.
ഭേദനം --പിളർക്കുക.
ഛേദനം --മുറിച്ചുകളയുക.
ഏഷണം --ശസ്ത്രം ഉള്ളിൽകടത്തി പരിശോധിക്കുക.
ലേഖനം --ഒരയ്ക്കുക.
സീവനം --തുന്നിക്കെട്ടുക.
വേധനം --തുളയ്ക്കുക.
വിസ്രാവണം --ദ്രവ്യങ്ങളെ ദ്രവിപ്പിച്ചുകളയുക.

വൈദ്യൻ ഒരു ശസ്ത്രക്രിയയ്ക്ക് ആരംഭിക്കുന്നതിന്നു മുമ്പായി ശസ്ത്രങ്ങൾ, ക്ഷാരങ്ങൾ, കെട്ടുവാനുള്ള ശീല മുതലായവ, [ 183 ] തേൻ, തൈലം എന്നീവക സകലസാമഗ്രികളും സംഭരിച്ചിട്ടുണ്ടായിരിക്കണമെന്നാണു നിശ്ചയം. ആയാൾക്ക് ഈ വക പ്രവൃത്തി ചെയ്തിട്ടു നല്ല തഴക്കവും, മറ്റുള്ളവർ അങ്ങിനെ പല ശസ്ത്രക്രിയകളും ചെയ്യുന്നതു കണ്ടിട്ടുള്ള പരിചയവും ഉണ്ടായിരിക്കണം. ആയാൾ ബുദ്ധിമാനും, ധീരനും, സമർത്ഥനുമായിരിക്കേണ്ടതാണു. അദ്ദേഹത്തിന്റെ സഹായത്തിന്നായി നല്ല ധൈൎയ്യവും ശക്തിയുമുള്ള പരിചാരകന്മാർ അടുത്തുണ്ടായിരിക്കുകയും വേണം. ഏതെങ്കിലും ഒരു ശസ്ത്രക്രിയ ചെയ്യുന്നതിന്നു മുമ്പു രോഗിക്ക് ലഘുവായ ഭക്ഷണമേ കൊടുക്കാവൂ. ഉദരത്തിലോ, വായിലോ അല്ലെങ്കിൽ ഗുദത്തിന്നു സമീപിച്ചോ വല്ല ശസ്ത്രക്രിയയും ചെയ്യണമെങ്കിൽ രോഗി ഏതായാലും ഉപവസിച്ചിരിക്കണം. ശസ്ത്രക്രിയ ചെയ്യുന്നതു വളരെ ശ്രദ്ധയോടുകൂടി വേണ്ടതാണു. അതു കഴിഞ്ഞശേഷം എള്ളുകൊണ്ട് പോൾട്ടീസ്സുണ്ടാക്കിയ മുറിയിന്മേൽ വെച്ചു ചുറ്റും ശീലകൊണ്ട് കെട്ടുകയും വേണം. ശസ്ത്രക്രിയ ചെയ്യുന്ന മുറിയിൽ ഒരു മാതിരി ധൂപം പുകച്ചുകൊണ്ടിരിക്കുന്നത് ആവശ്യമാണു.[1] തന്റെ രോഗിക്ക് വേഗത്തിൽ ആശ്വാസം കിട്ടേണ്ടതിന്ന് ദൈവത്തെ പ്രാർത്ഥിക്കുക കൂടി ചെയ്തല്ലാതെ വൈദ്യൻ രോഗിയെ വിട്ടുപോകരുത്. രോഗിയുടെ അന്നപാനവിധിയുടെ കാൎയ്യത്തിൽ പ്രത്യേകം ശ്രദ്ധവെക്കേണ്ടതാണു. ആ വ്രണം ഉണങ്ങുന്നതുവരെ ഇടയ്ക്കിടയ്ക്ക് ക്രമമായി മുറി അഴിച്ചു കെട്ടുകയും വേണം. മുറി കലശലായി വേദനപ്പെടുന്നുണ്ടെങ്കിൽ ഇരട്ടിമധുരം പോടിച്ചിട്ടു കാച്ചിയ നെയ്യുകൊണ്ട് ധാരയിടുകയോ, അതിൽതന്നെ ശീലമുറുക്കി മുറിയ്ക്കു മീതെ ഇടുകയോ ചെയ്താൽ ആശ്വാസപ്പെടുന്നതായിരിക്കും. [ 184 ]

ഈ അദ്ധ്യായത്തിന്റെ ആരംഭത്തിൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ, ഇന്ത്യയിലെ ശസ്ത്രവിദ്യക്കാർ 125-ൽ അധികം ഉപകരണ (ആയുധ) ങ്ങളെ അംഗീകരിച്ചിട്ടുണ്ട്. [2]ഈ ഉപകരണങ്ങളെ 'യന്ത്ര'ങ്ങളെന്നും 'ശസ്ത്രങ്ങ'ളെന്നും രണ്ടാക്കി തരം തിരിച്ചിരിക്കുന്നു. അതിൽ യന്ത്രങ്ങൾ ആറുവിധവും, എല്ലാംകൂടി 105 എണ്ണവുമാകുന്നു. അവയുടെ തരവും എണ്ണവും താഴേ കാണിക്കാം:--

തരം എണ്ണം
സ്വസ്തികങ്ങൾ 24
സന്ദംശങ്ങൾ 2
താളകങ്ങൾ 2
നാളീയന്ത്രങ്ങൾ 20
ശലാകകൾ 30
ഉപയന്ത്രങ്ങൾ 26

ഇങ്ങിനെ ആകെ 104 ആയി. ഇനി ഒടുക്കത്തേതും, എന്നാൽ പ്രാധാന്യത്തിൽ ഒട്ടും കുറവില്ലാത്തതുമായ ഒരു യന്ത്രം കയ്യാണു. ശസ്ത്രക്രിയയുടെ കാൎയ്യത്തിൽ അതാണു ഏറ്റവും നന്നായിട്ടുള്ളതും, ഒരിക്കലെങ്കിലും കൂടാതെ കഴിയാത്തതുമായ ഒരു ആയുധമായി ഗണിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ഏഴും എട്ടും ചിത്രക്കടലാസ്സുകൾ നോക്കിയാൽ ഏതാനും ചില യന്ത്രങ്ങളുടെ മാതിരി കാണാവുന്നതാണു.

ശസ്ത്രങ്ങൾ ആകെ ഇരുപത്താറെണ്ണമുണ്ട്. അവയുടെ ആകൃതി ഇതിൽ ഒമ്പതും പത്തും ചിത്രക്കടലാസ്സുകൾ നോക്കിയാൽ അറിയാം. അവയുടെ പേരുകൾ താഴെ കാണിക്കുന്നതാകുന്നു. [ 185 ]

1 അദ്ധ്യർദ്ധധാരം. 11 മണ്ഡലാഗ്രം.
2 ആടീമുഖം. 12 മുദ്രികാശസ്ത്രം.
3 ആരാ. 13 നഖശസ്ത്രം.
4 ബളിശം. 14 ശരാരിമുഖം.
5 ദന്തശങ്കു. 15 സൂചി.
6 ഏഷണി. 16 ത്രികൂർച്ചകം.
7 കരപത്രം. 17 ഉല്പലപത്രകം.
8 കർത്തരി. 18 വൃദ്ധിപത്രം.
9 കുഠാരി. 19 വ്രീഹീമുഖം.
10 കുശപത്രം. 20 വേതസപത്രം.

ഈവക ശസ്ത്രങ്ങളുടെ വലിപ്പവും മറ്റും പ്രാചീനഗ്രന്ഥകാരന്മാർ വിവരിച്ചു കാണിച്ചിട്ടുണ്ട്. അതിന്നു പുറമെ ഓരൊ സന്ദൎഭങ്ങളിൽ നേരിടുന്ന ആവശ്യങ്ങൾക്കും വൃദ്ധവൈദ്യന്മാരുടെ ഉപദേശങ്ങൾക്കും അനുസരിച്ച് ഇനിയും ഓരോ യന്ത്രങ്ങളേയും ശസ്ത്രങ്ങളേയും ഉണ്ടാക്കാമെന്നും അവർതന്നെ പറയാതിരുന്നിട്ടില്ല. പിന്നെ ഈവക ശസ്ത്രങ്ങൾ ഒന്നാന്തരം ഉരുക്കുകൊണ്ട് ഉണ്ടാക്കേണ്ടതാണെന്നും അവർ പ്രത്യേകം നിയമിച്ചിട്ടുണ്ട്. എത്രയോ അനവധി കാലം മുമ്പുതന്നെ വിശേഷപ്പെട്ട ഇരുമ്പുപണിക്ക് ഇന്ത്യ പ്രസിദ്ധപ്പെട്ടതുമായിരുന്നുവല്ലൊ. ഈ പറഞ്ഞ ശസ്ത്രങ്ങളെല്ലാം, കണ്ടാൽ നല്ല ആകൃതിയോടും, തീഷ്ണവും നിച്ഛിദ്രവുമായ അഗ്രങ്ങളോടും കൂടിയിരിക്കണമെന്നു മാത്രമല്ല ഇവകളെ അതാതിന്നു വെവ്വേറെ സ്ഥാനത്തോടുകൂടിയതും, കയ്യിൽ കൊണ്ടുനടക്കുവാൻ സൗകൎയ്യമുള്ളതും, ഭംഗിയുള്ളതുമായ മരങ്കൊണ്ടുള്ള ഒരു പെട്ടിയിൽ സൂക്ഷിക്കുകയും വേണം. ശസ്ത്രക്രിയകൾ ചെയ്യുന്നതു നല്ല ദിവസം നോക്കീട്ടു വേണ്ടതാണു. രോഗിയെ കിഴക്കോട്ടഭിമുഖമായി ഇരുത്തുകയോ നിൎത്തുകയോ ചെയ്ത് ആയാളുടെ മുമ്പിലായി വൈദ്യൻ പടിഞ്ഞാട്ടു മുഖമായി നിൽക്കണം. ശസ്ത്രക്രിയ ചെയ്യുമ്പോൾ സൂക്ഷ്മക്കുറവുകൊണ്ട് മൎമ്മങ്ങൾ [ 186 ] ക്കോ, സിരകൾക്കോ, സന്ധികൾക്കോ അല്ലെങ്കിൽ എല്ലിന്നോ യാതൊരു കേടും തട്ടാതിരിക്കുവാനും, ശസ്ത്രം ആവശ്യത്തിൽ അധികം ഒട്ടും ഉള്ളിലേക്കു കടക്കാതിരിപ്പാനും വൈദ്യൻ പ്രത്യേകം മനസ്സിരുത്തേണ്ടതാണു. ഭയങ്കരങ്ങളായ ശസ്ത്രപ്രയോഗങ്ങളിലും, വേദന കലശലായിട്ടുണ്ടാകുവാൻ ഇടയുള്ള രോഗങ്ങളിലും, രോഗിക്കു ബോധക്ഷയം വരുത്തുന്ന മരുന്നുകൾ ഉപയോഗിച്ചു തന്റേടമില്ലാതാക്കുകയും മുമ്പു പതിവുണ്ടായിരുന്നു. കുട്ടികൾക്കോ അല്ലെങ്കിൽ ശസ്ത്രം കണ്ടാൽതന്നെ ഭയമുള്ളവൎക്കോ ശസ്ത്രക്രിയ ചെയ്യേണ്ടതായ വല്ല രോഗങ്ങളും പിടിപെടുകയോ, അല്ലെങ്കിൽ വല്ല സംഗതിവശാലും തരംപോലെയുള്ള ശസ്ത്രങ്ങളൊന്നും കിട്ടാതിരിക്കുകയൊ ചെയ്യുമ്പോൾ, മുള, കുപ്പിക്കഷണം, കുരുവിന്ദം, (ഒരു മാതിരി രത്നം) അട്ട, അഗ്നി, ക്ഷാരം നഖം, തലനാർ, കൈവിരൽ ഈവകയും ഉപയോഗിക്കപ്പെടുത്താവുന്നതാണു. ഇവയ്ക്ക് 'അനുശസ്ത്രങ്ങൾ' എന്നാണു പേർ പറയുന്നത്. മുളയുടെ കൂൎപ്പുള്ള പൊളികളും, തീക്ഷ്ണമായ ചില്ല്, കുരുവിന്ദം എന്നിവയും കീറുവാനുള്ള ആയുധങ്ങളാണു. അതുപോലെ നഖം ശല്യങ്ങളെ വലിച്ചെടുക്കുവാനും, അട്ട ചോര കളയുവാനും, തലനാർ, വിരൽ, ധാന്യങ്ങളുടെ മുള എന്നിവ ക്ഷതാദികളുടെ പരിശോധനയ്ക്കും ഉപയോഗപ്പെടുന്നതാകുന്നു. കുരു മുതലായതു പൊട്ടിക്കുവാൻ ക്ഷാരം ഉപയോഗിക്കപ്പെടുന്നു. പാമ്പു കടിച്ച സ്ഥലത്തും, കലശലായി വേദനപ്പെടുന്ന വ്രണങ്ങളിലും അഗ്നി (തീപ്പൊള്ളിക്കുക)യും വിഹിതമായിട്ടുള്ളതാകുന്നു. ഇങ്ങിനെ നോക്കുമ്പോൾ ശസ്ത്രക്രിയ ചെയ്യേണ്ട രോഗങ്ങളെല്ലാം, ആയുധങ്ങളെക്കൊണ്ടു കീറുകയോ ക്ഷാരം വെക്കുകയോ അല്ലെങ്കിൽ അഗ്നികൊണ്ടു പൊള്ളിക്കുകയൊ ഇങ്ങിനെ മൂന്നു തരം പ്രയോഗങ്ങളിൽ ഏതെങ്കിലും ചെയ്തിട്ടാണു ഹിന്തുവൈദ്യന്മാർ സുഖപ്പെടുത്തിയിരുന്നതെന്നു കാണാം. അതിൽതന്നെ ക്ഷാരം ശസ്ത്രത്തെക്കാളും, അഗ്നി ക്ഷാരത്തേക്കാളും ശ്രേഷ്ഠമാണെന്നുമാണു [ 187 ] സുശ്രുതന്റെ അഭിപ്രായം.

അക്കാലങ്ങളിൽ ഓരോ ഗുരുനാഥന്മാർ തങ്ങളുടെ ശിഷ്യൎക്കു ശസ്ത്രപ്രയോഗത്തിൽ നല്ല സാമർത്ഥ്യവും പരിചയവുമുണ്ടാക്കിത്തീർക്കേണ്ടതിന്ന് ഓരോരോ സാധനങ്ങളിൽ പലതരം ശസ്ത്ര പ്രയോഗങ്ങളും അവരെക്കൊണ്ടു ചെയ്യിച്ചിരുന്നു. എങ്ങിനെയെന്നാൽ, ഛേദനം, കർത്തനം (കീറുക മുറിക്കുക) മുതലായ കൎമ്മങ്ങൾ കുമ്പളങ്ങ, ചുരങ്ങ, കുമ്മട്ടിക്കായ, വെള്ളരിയ്ക്ക എന്നീ വക ഫലങ്ങളിന്മേലാണു അവർ പ്രവൃത്തിച്ചു പരിചയം വരുത്തിയിരുന്നത്. ഭേദനം (പിളർക്കുക) എന്ന ശസ്ത്രകർമ്മം ചെയ്തു ശീലിച്ചിരുന്നതു ദൃതി (വെള്ളം നിറക്കുന്ന തോൽസഞ്ചി), ചത്ത ജന്തുക്കളുടെ മൂത്രാശയങ്ങൾ മുതലായകളിന്മേലും, ലേഖനം അല്ലെങ്കിൽ ഉരസുക എന്ന ക്രിയ ചെയ്തിരുന്നതു രോമത്തോടുകൂടിയ മൃഗചൎമ്മത്തിന്മേലും, സിരാവേധം അഭ്യസിച്ചിരുന്നതു ചത്ത മൃഗങ്ങളുടെ ഓരോ അംഗങ്ങൾ ഉല്പലനാളം എന്നിവകളിന്മേലും ആയിരുന്നു. ഓടമുള, ചിലതരം പുല്ലുകൾ ഇവയുടെ ദ്വാരങ്ങളിലൊ, വൃക്ഷങ്ങൾ, ഉണങ്ങിയ ചുരങ്ങ ഇവയുടെ തുളകളിലോ യന്ത്രശസ്ത്രങ്ങൾ എന്തെങ്കിലും കടത്തീട്ടായിരുന്നു അവർ ഏഷണം എന്ന ശസ്ത്രക്രിയാഭാഗം അഭ്യസിച്ചിരുന്നത്. ശല്ല്യങ്ങൾ എടുക്കുന്ന ക്രിയയായ ആഹരണം ശീലിച്ചിരുന്നതു പനസം, കൂവളക്കായ, ചത്തുപോയ ജന്തുക്കളുടെ പല്ലുകൾ എന്നീവക സാധങ്ങളിന്മേലായിരുന്നു. ശാൽമലീഫലകത്തിന്മേൽ (പൂളപ്പലകമേൽ) മെഴുകു പരത്തി അതിന്മേലായിരുന്നു അന്നു വിസ്രാവണക്രിയ ശീലിച്ചിരുന്നത്. തുന്നിക്കെട്ടുക മുതലായ പ്രവൃത്തികൾ, തടിച്ചതും തടികുറഞ്ഞതുമായ വസ്ത്രഖണ്ഡങ്ങൾ, മനുഷ്യരുടെയോ മൃഗങ്ങളുടേയോ തോലുകൾ എന്നിവകളിന്മേലും, പിന്നെ മുറികെട്ടുക മുതലായതെല്ലാം കൃത്രിമങ്ങളായ മനുഷ്യ ശരീരങ്ങളുണ്ടാക്കി അവയുടെ അംഗപ്രത്യംഗങ്ങളിന്മേലുമായിരുന്നു. അഭ്യാസാർത്ഥം ചെയ്തു പോന്നിരുന്നത്. ക്ഷാരാ [ 188 ] ഗ്നികർമ്മങ്ങൾ പഠിച്ചിരുന്നതു മൃദുക്കളായ മാംസഖണ്ഡങ്ങളിൽ പ്രവർത്തിച്ചു നോക്കീട്ടായിരുന്നു. അതുപോലെ, കുരു, വസ്തിയന്ത്രം മുതലായവയുടെ പ്രയോഗം വെള്ളം നിറച്ച കുടത്തിന്റേയും മറ്റും പാൎശ്വഭാഗങ്ങളിലുള്ള സ്രോതസ്സുകളിൽകൂടി ആവക കടത്തി നോക്കീട്ടുമായിരുന്നു പണ്ടുള്ളവർ ശീലിച്ചുവന്നിരുന്നത്.

ഇന്ത്യയിലെ ശസ്ത്രവിദ്യയ്ക്കു പിന്നെ ഈ നിലയിൽനിന്ന് ഉടവു വരുവാൻ അനേകം കാരണങ്ങളുണ്ടായിട്ടുണ്ട്. അതിൽ പ്രധാനമായിട്ടുള്ളത് സകലശാസ്ത്രങ്ങളും പഠിപ്പിക്കുവാൻ ഏകാധികാരത്തോടുകൂടിയ ബ്രാഹ്മണൎക്കു, ബുദ്ധമതകാലത്തിന്നു മുമ്പ് അവരുടെ ഇടയിൽ ധാരാളമായി നടന്നിരുന്ന മൃഗബലിയും മാംസഭക്ഷണവും തീരെ നിഷിദ്ധമായിത്തീൎന്നതു തന്നേയാണു. ഇങ്ങിനെയുള്ള വിരോധം നിമിത്തം ഓരോ അംഗങ്ങളെ കീറിക്കാണിക്കേണ്ടതിന്നും മറ്റും ഒരിക്കലും കൂടാതെ കഴിയാത്തതായ ശവം തൊടുക എന്നുള്ള കാൎയ്യത്തിലും അവർ മടിച്ചു തുടങ്ങി. അതിന്നു പുറമെ, ചോര, ചലം എന്നീവക സാധനങ്ങളെ തൊടുവാനും അവൎക്കു മടിയായിരുന്നു. ശസ്ത്രക്രിയ ചെയ്യുമ്പോൾ അതൊക്കെ കൂടാതെ കഴിയുന്നതുമല്ലല്ലൊ. ഏതായാലും ശസ്ത്രവിദ്യയുടെ കാൎയ്യം പുരോഹിതവർഗ്ഗക്കാർ ഇങ്ങിനെ അമാന്തിച്ചുതുടങ്ങിയപ്പോൾ അതു താണജാതിക്കാരുടെ കയ്യിൽകിട്ടുകയും, എന്നാൽ അവരേയും അതിൽ വേണ്ടതുപോലെ പ്രോത്സാഹിപ്പിക്കുവാൻ ആളില്ലാഞ്ഞതിനാൽ ക്രമത്തിൽ വളരെ മോശസ്ഥിതിയിലായിത്തീരുവാൻ ഇടവരികയും ചെയ്തു. എന്തിനധികം പറയുന്നു? ഒടുവിൽ, മിസ്റ്റർ എൽഫിൻസ്റ്റോൺ വാസ്തവമായി അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ, ചോര പൊട്ടിക്കുക എന്നതു ക്ഷൗരക്കാരന്റേയും, എല്ലു വെച്ചുകെട്ടുന്നതു കന്നിടയന്റേയും, പൊള്ളിക്കുന്നത് ഓരോ മനുഷ്യരുടേയും കൃത്യമാണെന്നുള്ള നിലയിൽ കലാശിച്ചു എന്നുമാത്രം പറഞ്ഞാൽ കഴിഞ്ഞുവല്ലൊ.


  1. ഇതു, പഴുപ്പുണ്ടാകുന്നതിന്നു കാരണം പുറമേനിന്നു ബാധിക്കുന്ന മൈക്രോബങ്ങാളാണെന്നുള്ള ആധുനികസിദ്ധാന്തത്തെ സൂചിപ്പിക്കുകയാണു ചെയ്യുന്നത്.
  2. യന്ത്രശസ്ത്രങ്ങളാകുന്ന ഈ ഉപകരണങ്ങളുടെ കൂട്ടത്തിൽ ഓരോന്നിന്റെ പേരിന്നും സംഖ്യയ്ക്കും മറ്റും ഓരോ ഗ്രന്ഥങ്ങളിൽ അല്പാല്പം വ്യത്യാസം കാണുന്നതാണു.