താൾ:Aarya Vaidya charithram 1920.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧0] ഇന്ത്യയിലെ ശസ്ത്രവിദ്യ ൧൮൩


തേൻ, തൈലം എന്നീവക സകലസാമഗ്രികളും സംഭരിച്ചിട്ടുണ്ടായിരിക്കണമെന്നാണു നിശ്ചയം. ആയാൾക്ക് ഈ വക പ്രവൃത്തി ചെയ്തിട്ടു നല്ല തഴക്കവും, മറ്റുള്ളവർ അങ്ങിനെ പല ശസ്ത്രക്രിയകളും ചെയ്യുന്നതു കണ്ടിട്ടുള്ള പരിചയവും ഉണ്ടായിരിക്കണം. ആയാൾ ബുദ്ധിമാനും, ധീരനും, സമർത്ഥനുമായിരിക്കേണ്ടതാണു. അദ്ദേഹത്തിന്റെ സഹായത്തിന്നായി നല്ല ധൈൎയ്യവും ശക്തിയുമുള്ള പരിചാരകന്മാർ അടുത്തുണ്ടായിരിക്കുകയും വേണം. ഏതെങ്കിലും ഒരു ശസ്ത്രക്രിയ ചെയ്യുന്നതിന്നു മുമ്പു രോഗിക്ക് ലഘുവായ ഭക്ഷണമേ കൊടുക്കാവൂ. ഉദരത്തിലോ, വായിലോ അല്ലെങ്കിൽ ഗുദത്തിന്നു സമീപിച്ചോ വല്ല ശസ്ത്രക്രിയയും ചെയ്യണമെങ്കിൽ രോഗി ഏതായാലും ഉപവസിച്ചിരിക്കണം. ശസ്ത്രക്രിയ ചെയ്യുന്നതു വളരെ ശ്രദ്ധയോടുകൂടി വേണ്ടതാണു. അതു കഴിഞ്ഞശേഷം എള്ളുകൊണ്ട് പോൾട്ടീസ്സുണ്ടാക്കിയ മുറിയിന്മേൽ വെച്ചു ചുറ്റും ശീലകൊണ്ട് കെട്ടുകയും വേണം. ശസ്ത്രക്രിയ ചെയ്യുന്ന മുറിയിൽ ഒരു മാതിരി ധൂപം പുകച്ചുകൊണ്ടിരിക്കുന്നത് ആവശ്യമാണു.[1] തന്റെ രോഗിക്ക് വേഗത്തിൽ ആശ്വാസം കിട്ടേണ്ടതിന്ന് ദൈവത്തെ പ്രാർത്ഥിക്കുക കൂടി ചെയ്തല്ലാതെ വൈദ്യൻ രോഗിയെ വിട്ടുപോകരുത്. രോഗിയുടെ അന്നപാനവിധിയുടെ കാൎയ്യത്തിൽ പ്രത്യേകം ശ്രദ്ധവെക്കേണ്ടതാണു. ആ വ്രണം ഉണങ്ങുന്നതുവരെ ഇടയ്ക്കിടയ്ക്ക് ക്രമമായി മുറി അഴിച്ചു കെട്ടുകയും വേണം. മുറി കലശലായി വേദനപ്പെടുന്നുണ്ടെങ്കിൽ ഇരട്ടിമധുരം പോടിച്ചിട്ടു കാച്ചിയ നെയ്യുകൊണ്ട് ധാരയിടുകയോ, അതിൽതന്നെ ശീലമുറുക്കി മുറിയ്ക്കു മീതെ ഇടുകയോ ചെയ്താൽ ആശ്വാസപ്പെടുന്നതായിരിക്കും.


  1. ഇതു, പഴുപ്പുണ്ടാകുന്നതിന്നു കാരണം പുറമേനിന്നു ബാധിക്കുന്ന മൈക്രോബങ്ങാളാണെന്നുള്ള ആധുനികസിദ്ധാന്തത്തെ സൂചിപ്പിക്കുകയാണു ചെയ്യുന്നത്.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/198&oldid=155592" എന്ന താളിൽനിന്ന് ശേഖരിച്ചത്