മാടമഹീശശതകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മാടമഹീശശതകം (മണിപ്രവാളം)

രചന:കൊട്ടാരത്തിൽ ശങ്കുണ്ണി (1908)
[ പുറം ]
ശ്രീമാടമഹീശശതകം


മണിപ്രവാളം
കൊട്ടാരത്തിൽ ശങ്കുണ്ണി


ഉണ്ടാക്കിയത്തൃശ്ശിവപേരൂർ


‘ഭാരതവിലാസം’ അച്ചുകൂടത്തിൽ


അച്ചടിപ്പിക്കപ്പെട്ടത്.


൧ഠ൨൩.


[ 1 ]
ശ്രീ.
മാടമഹീശശതകം.

ശ്രീമാടക്ഷ്മാപവംശാമലകലശമഹാം-
  ഭോധിസംഭൂതനുദ്യൽ-
ഭൂമാ സദൃത്തര‌മ്യൻ സുധി സകലകലാ-
  സായുതൻ സൽ‌പഥസ്ഥൻ
ധീമാൻ സൎവ്വജ്ഞചൂഡാമണി ഗുണി സുമനോ-
  വൃന്ദസംസേവ്യപാദൻ
ശ്രീമാൻ ശ്രീരാമരാജേശ്വരനിഹ വിജയി-
 ക്കുന്നിതുന്നിദ്രശോഭം.       

അപ്പാൎത്ഥിവോത്തമചരിത്രമഹോ! കഥിപ്പാൻ
സൎപ്പാധിപന്നുമെളുതല്ലതിനില്ല വാദം
ഇപ്പാവമെന്തു പുനരെങ്കിലുമല്പമാത്രം
തൃപ്പാദഭക്തിയതുകൊണ്ടിഹ ചൊല്ലിടുന്നേൻ.       

മാലാൎന്നിടാതെ പുകഴുന്നൊരു മാടധാത്രീ-
പാലാന്വവായമതി 'ലംബ'യിതെന്നു പാരം
ചേലാൎന്ന പേരൊടൊരു രാജ്ഞി ഭവിച്ചു മുന്നം
പാലാഴിയിസ്സുമുഖി പൂമകളെന്നപോലെ.       

ചേണാൎന്നീടിന കാവ്യനാടകരസാ-
  ലങ്കാരപാണ്ഡിത്യവും
വീണാവാദനവിദ്യയിൽബ്ബഹുതരം
  വൎദ്ധിച്ച വൈദഗ്ദ്ധിയും

[ 2 ]

ഏണാക്ഷീമണി രാജകന്യക മനം
  വാടാതെ നേടിസ്സുഖം
വാണാളാത്മഗൃഹത്തിലത്തലണുവും
  കൂടാതെ കൂടും മുദാ.       

ഭഞ്ജിയ്ക്കാത്ത മുദാ പിതാക്കളരുൾ ചെ-
  യ്തോരോമനപ്പേരിനാൽ-
'ക്കുഞ്ഞിക്കാവി'തി വിശ്വവിശ്രുതമതാം
  പേരാൎന്നൊരാ രാജ്ഞിയേ
രഞ്ജിച്ചങ്ങനെ 'കൂടലാറ്റുപുറ'മാം
  നമ്പൂതിരിപ്പാടഹോ!
നെഞ്ഞിൽ പ്രേമരസം കലൎന്നു സരസം
  തൃത്താലി ചാൎത്തീടിനാൻ.        

ചേലാൎന്നായിരമൊത്ത കൊല്ലമിരുപ-
  ത്തെട്ടിൽദ്ധനുസ്സിൽപ്പതി-
ന്നാലാന്തീയതി നാട്ടുകാൎക്കുടയ സൽ-
  പുണ്യങ്ങൾ ചേൎന്നങ്ങനെ
ബാലാകാരതയാൎന്ന പോലെവിലസും
  നൽപ്പുള്ള നൽപ്പുത്രനൊ-
ന്നാലാവണ്യപയോധികൾക്കഴകിനോ
  ടുണ്ടായികണ്ഠേതരം.        

ഉണ്ടായി നൽബാലകനെന്നു കേൾക്കയാ-
ലുണ്ടായമോദത്തൊടു മാടഭൂപൻ
കൊണ്ടാടിയേറ്റം ധരണീസുരേന്ദ്രരേ-
ക്കൊണ്ടാശു ചെയ്യിച്ചിതു ജാതകൎമ്മം.        

പേരാൎന്ന മാടധരണീശ്വരനന്നു മോദ-
ഭാരാന്വിതം ദ്വിജവരാദിജനത്തിനെല്ലാം
ധാരാളമായ്തിലജധാന്യധനാദിദാനം
പാരാതെ ചെയ്തു പരിതുഷ്ടി പരം വളൎത്തി.        

[ 3 ]


തന്മാനസത്തിലതികൌതുകഭാരമാൎന്നു
സന്മാനനീയമതി മാടമഹീമണാളൻ
നിൎമ്മായമേകി പുനരാശ്ശിശുവിന്നു 'രാമ-
വൎമ്മാ'
വിതെന്നു തിരുനാമമനല്പമോദാൽ.        

ആ ബാലകന്റെ തനുകാന്തി പരം നിരീക്ഷി-
ച്ചാബാലവൃദ്ധമളവറ്റ ജനങ്ങളെല്ലാം
ശ്രീബാലകൃഷ്ണമഹിതദ്യുതി കണ്ടു മുന്നം
ഗോപാലരെന്നവിധമന്നു തെളിഞ്ഞു പാരം.        ൧൦

തെളിവൊടു നിജപുത്രാസ്യേന്ദുസന്ദൎശനത്താ-
ലിളകിന ഹൃദയാനന്ദാബ്ധിവീചീകകദംബം
വെളിയിലിഹ വഴിഞ്ഞീടുന്ന മട്ടാൎന്ന ബാഷ്പ-
പ്രളയനിരയിലന്നാ പ്രാജ്ഞയാം രാജ്ഞി മുങ്ങി.        ൧൧

തനയവദനരാകാചന്ദ്രസൽക്കാന്തിമൂലം
ജനകഹൃദയമാകും ചന്ദ്രകാന്തം നിതാന്തം
അനഘതരമലിഞ്ഞിട്ടക്ഷിമാൎഗ്ഗേണ പാഞ്ഞ-
ങ്ങനവരതമൊലിച്ചൂ ഹൎഷബാഷ്പച്ഛലേന.        ൧൨

അക്ഷീണപ്രഭമാത്മജാസ്യവിധു ശോ-
  ഭിക്കെപ്പിതാക്കൾക്കെഴു-
ന്നക്ഷിദ്വന്ദ്വചകോരയുഗ്മമതുലം
  മുത്താൎന്നതെന്തത്ഭുതം?
ലക്ഷ്മീവത്വമെഴുന്നൊരാനൃപകമാ-
  രാസ്യേന്ദുഭാസ്സഞ്ജസാ
ലക്ഷിച്ചാസ്യസരോജഹാസമുളവായ്
  ലോകൎക്കതാണത്ഭുതം.        ൧൩

  ബാലചന്ദ്രനതുപോലെ ധരിത്രീ-
  പാലബാലനഴകോടനുവേലം

[ 4 ]

  മാലകന്നു ജനമോദമൊടൊത്ത-
  ക്കാലമങ്ങനെ വളൎന്നുതുടങ്ങി.        ൧൪

മട്ടൊത്ത മന്ദഹസിതം തെളിവോടു,മുല്ല-
മൊട്ടൊത്ത നല്ല രദനാങ്കുരജാലമപ്പോൾ
ഒട്ടൊട്ടു കാട്ടിയഴകോടു ചൊരിഞ്ഞു ലോക-
മൊട്ടൊക്കെ മുക്കി കുതുകാംബുധിയിൽക്കുമാരൻ.        ൧൫

മുത്താദരേണ പണിയും ചെറുദന്തകാന്തി-
യൊത്താ മൃദുസ്മിതമെഴും തനയാനനാബ്ജം
തത്താതനും ജനനിയും സതതം നിരീക്ഷി-
ച്ചുൾത്താരിലാണ്ടൊരു കുതൂഹലമെന്തു ചൊൽവു?        ൧൬

തൻകണ്ണീണയ്ക്കമൃതമാം മൃദുമന്ദഹാസം
തങ്കുന്ന ചാരുവദനാബ്ജമെഴും സുതന്റെ
തങ്കത്തിനൊത്ത തനുവങ്ങനെ കണ്ടുകണ്ടാ-
ത്തിങ്കൾപ്രസന്നമുഖി രാജ്ഞി വസിച്ചു മോദാൽ.        ൧൭

  ഉന്നതമോദാൽ മാതുല-
 മന്നവനാബ്ബാലകന്നു മുറപോലെ
  അന്നപ്രാശനവിധിയും
 ഖിന്നതയെന്യേ നടത്തി നലമോടേ.        ൧൮

കാന്തിപ്രവാഹമതിലാണ്ടു കമഴ്ന്നുവീണു
നീന്തിത്തുടങ്ങി പുനരാ നരപാലബാലൻ
ഏന്തീടുമുന്നതകുതൂഹലസിന്ധുവിങ്കൽ-
പ്പൂന്തിങ്കൾനേൎവദന രാജ്ഞിയുമപ്രകാരം.        ൧൯

  മുട്ടുകുത്തി മുഹുരങ്ങനെ മോദാ-
  ലൊട്ടുനാളഥ നടന്നു കുമാരൻ
  ഒട്ടുമാ നട മനസ്സിനു പറ്റാ-
  ഞ്ഞിട്ടു പിന്നെയെഴുനേറ്റു പതുക്കെ.        ൨൦

[ 5 ]


  പിച്ചനിന്നുമഴകിൽച്ചില പാദം
  വെച്ചുമൊട്ടഥ പതിച്ചുമെണീറ്റും
  കൊച്ചുബാലകനുറച്ചു പദം ത-
  ന്നിച്ഛപോലഥ നടന്നുതുടങ്ങി.        ൨൧

  കൊഞ്ചിയങ്ങു ചില വാക്കു പറഞ്ഞും
  പൊഞ്ചിലംബുകൾ കിലുക്കി നടന്നും
  അഞ്ചിതാംഗനവനീശ്വരബാലൻ
  നെഞ്ചിലേറ്റി കുതുകം നിഖിലൎക്കും.        ൨൨

ചേലാൎന്നു ചേൎന്ന ചില കൂട്ടരൊടൊത്തുകൂടി
ലീലാവിധങ്ങൾ പുനരങ്ങു തുടങ്ങി ബാലൻ
മാലാകെ വിട്ടു പരമായവ കണ്ടുകണ്ടു
നീലാരവിന്ദമിഴി രാജ്ഞി മയങ്ങി മോദാൽ.        ൨൩

കൊഴുത്ത മോദേന വളൎന്നു ബാലൻ
മുഴുത്തു കൗമാരദശാപ്തനായി
തഴുത്തൊരാ രാജകുമാരനേപ്പി-
ന്നെഴുത്തിനക്കാലമിരുത്തി മോദാൽ.        ൨൪

ഭൂവിൽ'പ്പാലപ്പുറത്താം പുതിയിട'മതിലു-
  ണ്ടായ സൎവ്വജ്ഞവൎയ്യൻ
'ഗോവിന്ദൻ നമ്പിയാര'ങ്ങനെ നൃപഗുരുവാ-
  യത്ര വൎത്തിച്ചിരുന്നു
ആ വിദ്വാനീക്കുമാരന്നൊരു ഗുരുവരനാ-
  യാദ്യമേയുദ്യമിച്ച-
ങ്ങാവിൎമ്മോദം പഠിപ്പിച്ചിതു ലിപി മുതലോ-
  രോന്നുടൻ മന്ദമെന്യേ.        ൨൫

[ 6 ]


മുന്നേ'മൂഴിക്കുളത്തു'ള്ളൊരു ഗുണനിധിയാ-
  കുന്ന 'കുഞ്ഞുണ്ണിനമ്പ്യാ-
രെ'ന്നേറ്റം കേൾവികേട്ടുള്ളൊരു നൃപഗുരുവും
  ഹന്ത! രാജാന്തികത്തിൽ
നന്ദ്യാ വൎത്തിച്ചിരുന്നൂ നലമൊടു പുനരാ-
  വൻപനാം നമ്പിയാരും
ചെന്നാബ്ബാലന്നു വേണ്ടുന്നവ സപദി പഠി-
  പ്പിച്ചു തന്നിച്ഛ പോലെ.        ൨൬

മുറയ്ക്കാദ്യപാഠം മുതൽക്കത്ര കാവ്യം
വരെക്കും പഠിപ്പിച്ചിതാപ്പാണിഘന്മാർ
ഗുരുക്കൾക്കു മോദം കുരുക്കുംവിധത്തിൽ-
ത്തെരുക്കെൎന്നതെല്ലാം പഠിച്ചാൻ കുമാരൻ.        ൨൭

  ഉരുതരഘോഷമൊടപ്പോൾ
 തിരുമാടമ്പും കഴിഞ്ഞു, പിന്നീടും
  വിരുതൻ രാജകുമാരൻ
 പുരുമോദാൽത്താൻ തുടങ്ങി തൻ പഠനം.        ൨൮

ശ്രീശേഷാംശാൽ ഭവിച്ചീടിന വിധമധികം
  വൻപനാം 'കുംഭകോണം
ശ്രീശേഷാചാൎയ്യരേ'ത്താനഥ നിജഗുരുവാ-
  യ്‌വെച്ചുടൻ കൊച്ചുഭൂപൻ
മോശം പറ്റാതെ താൻ സംഗ്രഹമതുമുതൽ നി-
  സ്തൎക്കമായ്‌തൎക്കശാസ്ത്രം
ക്ലേശം ലേശം പെടാതങ്ങനെ ഝടിതി പഠി-
  ച്ചീടിനാൻ പ്രൗഢശീലൻ.        ൨൯

ഉദാരനാമഗ്ഗരുവിങ്കൽ നിന്നഹോ!
'ഗദാധരീയം'വരെയാക്കുമാരകൻ
മുദാ പഠിച്ചാനഥ തൎക്കമൊക്കെയും
തദാ പരം തീൎത്തിതു തൎക്കവും ക്ഷണം.        ൩൦

[ 7 ]


  സൽഗുണനിധിയാകുന്നോ-
 രഗ്ഗുരുവോടാ നൃപാലബാലനുടൻ
  വെക്കം വ്യാകരണത്തിൽ-
 ത്തക്കം പോലെ പഠിച്ചു 'കൌമുദിയും'.        ൩൧

'കൂടല്ലൂരുമനയ്ക്കലാൎന്നൊരു മഹാൻ
  'കുഞ്ചുണ്ണി നമ്പൂതിരി-
പ്പാട'ല്ലാതിനിയന്യനെന്നുടെ ഗുരു-
  സ്ഥാനം വഹിച്ചീടുവാൻ
പാടില്ലാ ദൃഢ'മെന്നുറച്ചു പുനരാ-
  ബ്ഭൂപാലബാലൻ മുദാ
നാടെല്ലാം പുകഴും'മനോരമ' പഠി-
  ച്ചാൻ തൽസമീപത്തു താൻ.        ൩൨

വൻപേറീടും കുമാരന്നുടയൊരു കടുതാം
  ബുദ്ധിവൈദഗ്ദ്ധിമൂലം
തൻപേരിന്നേറ്റമുണ്ടാം കുറവിനിയിവിടെ-
 പ്പാൎക്കിലെന്നോൎത്തു ധീമാൻ
നമ്പൂതിരിപ്പാടു പിന്നെ ക്ഷിതിതലമുടനേ
  വിട്ടഹോ! പുഷ്ടമോദം
സമ്പൂരിച്ചുള്ളസൌഖ്യത്തൊടുമമരപുരം
  പൂകിനാൻ വേഗമോടെ.        ൩൩

പിന്നീടാഗ്ഗുരുവിന്റെ ശിഷ്യനിവഹാ-
  പീഡോരുവൈഡൂൎയ്യമായ്
മിന്നീടുന്നൊ'രെടപ്പലാ'ഖ്യ കലരും
  വൻപാൎന്ന നമ്പൂരിതാൻ
വന്നീടാൎന്നൊരു ബാലകന്റെ ഗുരുവാ-
  യ്‌വൎത്തിച്ചു ബുദ്ധിക്ഷയം
വന്നീടാതഥ 'ശേഖരാ'ദി പലതും
  കെല്പിൽ‌പ്പഠിപ്പിച്ചുതേ.        ൩൪

[ 8 ]


 ഇന്നും കോവിലകത്തു കോവിദവര-
  ശ്രേണിക്കു മാണിക്ക്യമായ്
 മിന്നും സൽഗുണനാം ദ്വിജേന്ദ്രമണിതൻ-
  വിദ്വത്വവൃത്താദികൾ
 ഒന്നും ഞാൻ പറയാതെ തന്നെയറിയാ-
  മെല്ലാൎക്കു,മുല്ലാസമാ-
 ൎന്നെന്നും വാണരുളട്ടെ ഭൂപഗുരുവാ
  സ്ഥാനത്തു മാനത്തൊടും.        ൩൫

ശ്രദ്ധിച്ചു ശാസ്ത്രമളവറ്റു പഠിക്കകൊണ്ടും
ബുദ്ധിപ്രഭാവമതുകൊണ്ടുമഹോ! വിശേഷാൽ
വൎദ്ധിച്ച വൈദുഷിവശാൽ ബുധവൎയ്യഭാവം
സിദ്ധിച്ചു സൽപടുതയൊത്തു വിളങ്ങി ബാലൻ.        ൩൬

  ഹൂണഭാഷമുതലായതിലും ഗീ-
  ൎവ്വാണഭാഷയതിലെന്നതുപോലെ
  ചേണെഴുന്ന നൃപതീന്ദ്രകുമാരൻ
  ക്ഷീണമറ്റ പുരനൈപുണി നേടി.        ൩൭

 ഇതിപലപല ഭാഷാഭേദവൈദഗ്ദ്ധിയാൎന്നും
 ധൃതിയൊടഖിലശാസ്ത്രാംഭോധിപാരം കടന്നും
 ക്ഷിതിരമണകുമാരൻ ഹന്ത! സൎവ്വജ്ഞനായി-
 ട്ടതിപുകഴൊടു വാണാൻ ഭോജരാജോപമാനൻ.        ൩൮

 ഭുവനം നിറഞ്ഞു കവിയുന്ന കീൎത്തിയും
 നവയൗവനത്തിനുളവായ പൂൎത്തിയും
 യുവരാജപട്ടമതിനുള്ളവസ്ഥയും
 ജവമോടു പൂണ്ടഥ വസിച്ചു ഭാഗ്യവാൻ.        ൩൯

 എല്ലായ്പോഴുമടുത്തു പാൎവ്വതി വസി-
  ച്ചീടാതിരുന്നീടുകിൽ-
 ത്തെല്ലാഹന്ത! ഭവിച്ചുപോം കുറവു തൻ-
  സൎവജ്ഞതയ്ക്കെന്നുടൻ.

[ 9 ]

 ചൊല്ലാളും യുവരാജമൌലി മതിമാ-
  നുൾത്താരിലോൎത്താശുതാ-
 നുല്ലാസത്തൊടു പാൎവ്വതീപരിണയം
  ചെയ്താൻ സകൌതൂഹലം.        ൪൦

 അനഘതയൊടുകൂടിബ്ഭൂതലോൽബ്ഭൂതയായി-
 ജ്ജനകനധികമായുൾപ്രീതിയും ഖ്യാതിയും താൻ
 അനവരതമുദിപ്പിച്ചോരു തൻ ജായയോടൊ-
 ത്തനുദിനമഥ വാണാൻ കോമളൻ രാമദേവൻ.        ൪൧

 ശ്രീരാമനും യുവനരേശ്വനും സ്വകാന്ത-
 മാരോൎക്കുകിൽ ക്ഷിതിജമാരതിനില്ല വാദം
 എന്നാലുമേകയുടെ താതനഹോ! വിദേഹ-
 നന്യയ്ക്കു താതനഴകാൎന്നു സുദേഹനല്ലോ.        ൪൨

 സമ്പന്നനാം യുവനൃപൻ പുനരാശു ശിഷ്യ-
 സമ്പത്തനല്പമുളവാക്കണമെന്നുറച്ചു
 തൻപത്തണഞ്ഞ പലരേയുമഹോ! സ്വവിദ്യാ-
 സമ്പത്തുകൊണ്ടു പരിപൂൎണ്ണരതാക്കി ധീമാൻ.        ൪൩

 അൻപാൎന്നൊരാ നൃപതി നൾകിയ വിദ്യയാകും
 സമ്പാദ്യമാൎന്നു പലരും ബഹുധന്യരായി
 വൻപാൎന്ന ധീരമതി തല്പ്രിയഭാഗിനേയൻ
 മുൻപാൎന്നിതായവരിലുന്നതബുദ്ധിശക്ത്യാ.        ൪൪

 ബീയേജ്ജയിച്ചു ബഹുവിശ്രുതനായിദാനീം
 ശ്രീയേറ്റമാൎന്നരിയ പണ്ഡിതമൌലിയായി
 ആയോഗ്യനങ്ങുവിലസുന്നിതു, തത്സമാന-
 നായോരു ചാരുമതിയാരിഹ പാരിടത്തിൽ?        ൪൫

[ 10 ]


 അബ്ഭാഗിനേയഗുണമോൎത്തതിതുഷ്ടിയോടും
 നല്പാൎവ്വണേന്ദുമുഖിയാം നിജകാന്തയോടും
 ഇപ്പാരിടത്തിൽ നിറവാന്നൊരുകീൎത്തിയോടും
 സൽഭാഗധേയനിധി വാണു യുവക്ഷിതീന്ദ്രൻ        ൪൬

 കോളിൽക്കൊല്ലമൊരായിരത്തൊടെഴുപ-
  ത്തൊന്നിൽക്കടന്നാദ്യമേ
 മേളിച്ചീടിന ചിങ്ങമാസമിരുപ-
  ത്തേഴാം ദിനേ ശോഭനേ
 നാളീകേക്ഷണഭക്തനാം യുവനൃപൻ
  മൂപ്പാൎന്നു കെല്പോടു ഭൂ-
 വാളീടാൻ വിധിപോലെ ചെയ്തു ശുഭമാം
  സിംഹാസനാരോഹണം.        ൪൭

 അവനിപനുടെ കേൾവിപ്പെട്ട പട്ടാഭിഷേകോ-
 ത്സവമതിനുടെ ഘോഷം വിസ്തരിച്ചത്ര ചൊൽവാൻ
 ഇവനിഹ മതിയാകില്ലെന്നതല്ലിന്നു പാൎത്താൽ
 ശിവശിവ! വിരുതേറും ശേഷനും ശേഷി പോരാ.        ൪൮

 സ്വൈരം ശ്രീരാമഭൂമീശ്വരനാഥ സരസം
  പ്രാജ്യമാം രാജ്യകാര്യം
 പാരംഭംഗ്യാ നടത്തീടണമിതി മനസാ
  താനുറച്ചുനമെന്ന്യേ
 ആരംഭിച്ചാൻ മുറയ്ക്കങ്ങനെ സപദി പരി-
  ഷ്കാരമോരോന്നതെല്ലാം
 നേരംപോക്കല്ല ചൊല്ലുന്നതിനിഹ വിരുതും
  നേരവും പോരഹോ! മേ.        ൪൯

 ദിക്കാകെക്കേൾവികേട്ടുള്ളൊരു നയനിധിയാം
  രാജഗോപാലകാചാ-
 രിക്കായ്‌തീട്ടൂരമേകി ക്ഷിതവരനുടനേ
  ഹന്ത! തൻ മന്ത്രിയാക്കി.

[ 11 ]

 ഉൾക്കൊളും മോദമോടാ മഹിതതരമഹാ-
  മാതൃനോടൊത്തു പിന്നെ-
 സ്സൎക്കാർകാൎയ്യങ്ങൾ നോക്കിസ്സകലമപി നട-
  ത്തീടിനാനാടലെന്ന്യേ        ൫൦

 അക്കാലം മുതലാ നൃപന്നുടെ നയോ-
  പായപ്രയോഗങ്ങളാൽ
 മുഷ്കാളും ഖലരക്രമങ്ങളഖിലം
  പെട്ടെന്നു വിട്ടൂഴിയിൽ
 കൈക്കൂലിക്കു കൊതിച്ചിടും കുടിലരാം
  സൎക്കാർപണിക്കാൎക്കുമ-
 ങ്ങുൽക്കുലോൽക്കടഭീതി ചേൎത്തതിനു കൈ
  പൊക്കാതെയാക്കീ നൃപൻ.        ൫൧

 ശ്രീരാമക്ഷിതിപാലകൻ ധരണീയേ-
  ക്കാത്തത്ര പാൎത്തീടവേ
 പാരാതേ ഖരദൂഷണാദികൾ നശി-
  ച്ചുൾത്താരിൽ മുത്താൎന്നഹോ!
 പാരിക്കും സുമനോഗണങ്ങൾ സുഖമാ-
  യ്‌വർത്തിച്ചതെന്തത്ഭുതം?
 പാരിൽപ്പുണ്യജനങ്ങളന്നു നിതരാം
  വൎദ്ധിച്ചതാണത്ഭുതം.        ൫൨

 ഇപ്പാരിടത്തിലഖിലം പുകഴും റവന്യൂ-
 ഡിപ്പാൎട്ടുമേണ്ടിലളവറ്റ കുഴപ്പമെല്ലാം
 അപ്പാൎത്ഥിവൻ സപദി തീൎത്തു പരിഷ്ക്കരിച്ചു
 കെല്പാൎന്നിടും പുതിയ ചട്ടവുമേൎപ്പെടുത്തി.        ൫൩

  ഭൂവിൽപ്പാരം പുകഴും
 സിവിൽക്കോൎട്ടിന്നെഴുന്ന ചട്ടമതും
  ആ വിരുതൻ ഭൂമീശ്വര-
 നാവിൎമ്മോദം പരിഷ്കരിച്ചുതദാ.        ൫൪

[ 12 ]


  പെട്ടെന്നഥ താൻ ക്രിമിനൽ-
 ച്ചട്ടവുമെല്ലാം പുതുക്കി നന്നാക്കി
  ധൃഷ്ടതയോടുനടത്തി-
 ക്കഷ്ടതയാക്കോൎട്ടിനും നൃപൻ തീൎത്തു.        ൫൫

 വിദ്യാഭ്യാസം നാട്ടിലെല്ലാം വളൎത്താൻ
 ഹൃദ്യാലോചിച്ചാദരാൽ വേണ്ടതെല്ലാം
 ഹൃദ്യാകാരൻ മന്നവൻ ചെയ്തു പിന്നീ-
 ടദ്യാപ്യൎത്ഥം തത്ര നൾകുന്നു വിജ്ഞൻ.        ൫൬

 ദേവസ്വമാം വക, പരം വഴിപോക്കരാം ഭ്ര-
 ദേവൎക്കെഴുന്ന വഴിയൂട്ടിവ രണ്ടുമൊപ്പം
 ദേവാധിനാഥസമനാം നൃപമൌലിവേഗാ-
 ദേവാത്ര വേണ്ടവിധമങ്ങു പരിഷ്ക്കരിച്ചു.        ൫൭

 അഞ്ചാതഞ്ചലുമിഞ്ചിനീയരഥ പോ-
  ലീസ്സും റജിസ്ത്രേഷനും
 സഞ്ചായം പുനരാശുപത്രികൾ കലാൽ
  ചുങ്കങ്ങളെന്നീവിധം
 പഞ്ചം വിട്ടിയലും വകപ്പുകളശേ-
  ഷം പാൎത്തു പേൎത്തും പരം
 തഞ്ചം പൂണ്ടുപരിഷ്ക്കരിച്ചു മതിമാൻ
  ശ്രീമാടഭ്രമീശ്വരൻ.        ൫൮

 അപ്പോൾ ഭാരതചക്രവൎത്തിനിയതായ്
  വൎത്തിച്ച വിക്ടോറ്യതൻ-
 കെല്പോടൊത്തൊരുജുബിലിമഹമഹോ!
  കൊണ്ടാടി വേണ്ടും വിധം
 ചൊല്പൊങ്ങും പല ഘോഷമൊക്കയുമതി-
  ന്നൻപോടു തൻ ഭൂവിലും
 നല്പോടന്നു നടത്തിനാൻ നയമെഴും
  ധീമാൻ ക്ഷമാനായകൻ.        ൫൯

[ 13 ]


 മന്നെല്ലാം പുകഴാൎന്ന മാടധരണീ-
  മാഹാത്മ്യമാഹാ! ശ്രവി-
 ച്ചന്നുല്ലാസമിയന്നുടൻ ഗവർണരാ
  വൈസ്രോയി കഴ്സൻപ്രഭു
 എന്നെല്ലാവരുമത്ര വന്നിതവരേ-
  ച്ചിക്കെന്നു കൈക്കൊണ്ടുതാ-
 നെന്നല്ലാശു നൃപാലമൌലി ബഹുമാ-
  നിച്ചങ്ങയച്ചീടിനാൻ.        ൬൦

 നന്ദ്യാ നീതി പിഴച്ചിടാതിഹ ഭരി-
  ച്ചീടുന്നു നാടെന്നു ക-
 ണ്ടന്നാ മാന്യരശേഷരും ബഹുതരം
  മുത്താൎന്നു പൃത്ഥ്വീന്ദ്രനേ
 നന്നായിട്ടു പുകഴ്ത്തി 'നീതിയറിവാ-
  നിബ്ഭൂവിലിബ്ഭൂപനോ-
 ടിന്നാരും കിടയില്ലി'തെന്നു മരുളി-
  ക്കൊണ്ടാശു കൊണ്ടാടിനാർ.        ൬൧

ഈടാൎന്നീടും പഴയ നിയമങ്ങൾക്കഹോ! നീക്കമേതും
കൂടാതേവം പുതുതരപരിഷ്കാരമൊട്ടേറെയേറ്റി
നാടാകെത്താൻ നലമൊടു ഭരിച്ചീടവേയീടെഴുന്നോ-
രേടാകൂടം ചിലതു നൃവരന്നപ്പൊളങ്ങുത്ഭവിച്ചു.        ൬൨

 ഓരായിരത്തെഴുപതിൽ‌പ്പുനരഞ്ചു ചേൎന്നു-
 ള്ളോരാണ്ടിലാത്മസഹജൻ ഗുണവാൻ സതീൎത്ഥ്യൻ
 പേരാൎന്ന തൎക്കകലശാംബുധികുംഭജാതൻ
 പാരാതെ പുക്കിതു ദിവം യുവഭൂമണാളൻ.        ൬൩

 അച്ഛന്നാ വേദരാന്നിധിയുടെ മറുതീ-
  രത്തിലങ്ങെത്തി വാണോ-
 രച്ഛന്നമ്പൂതിരിപ്പാടമരവരപുരം
  പുക്കു പാൎപ്പാക്കി പണ്ടേ

[ 14 ]

 'തുച്ഛന്നാടാണ്ടു'വാഴും സുഖമിതി കരുതീ-
  ട്ടംബയാം രാജ്ഞിതാനും
 സ്വച്ഛന്ദം പുക്കു പിന്നെസ്സുരപുരമതിനാൽ-
  തമ്പുരാനമ്പരന്നു.        ൬൪

 സംഗീതവാരിധി സഹോദരി മുന്നമേ മാ-
 തംഗീമനോജ്ഞതര 'ഗാമിനിയാണ്ടു' നാകം
 തുംഗപ്രഭാവനീശ്വരനന്നുമേവം
 തിങ്ങും വിഷാദമകതാരിലുദിച്ചതില്ല.        ൬൫

 'എല്ലാമീശ്വരകല്പിതങ്ങളവയേ
  നീക്കാനുമോൎക്കുമ്പൊളി-
 ന്നില്ലാരും ദൃഢ'മെന്നുറച്ചു പുനരാ
  വിദ്വാൻ ധരിത്രീധവൻ
 വല്ലാതാൎന്ന വിഷാദമൊക്കെയകമേ
  ചിക്കെന്നൊതുക്കിത്തെളി
 ഞ്ഞുല്ലാസാൽജ്ജനയത്രിതന്നപരകൃ-
  ത്യത്തേ നടത്തീടിനാൻ.        ൬൬

 ചേലാൎന്നിടിന മുഖ്യമന്ത്രി മതിമാൻ
  പേരാൎന്ന പീ.രാജഗോ-
 പാലാചാൎയ്യവർകൾക്കു നിശ്ചിതമതാ-
  യുള്ളോരു കാലാവധി
 നാലഞ്ചാണ്ടിടകൊണ്ടു തീൎന്നതുവശാൽ
  ലോക്കാം ധ്വരയ്ക്കപ്പൊളാ-
 വേലയ്ക്കുങ്ങനുവാദമേകി നൃപന-
  ന്നാക്ടിങ്ങതാക്കീടിനാൻ.        ൬൭

 ദീക്ഷിച്ചിരുന്നിഹ ലഭിച്ചൊരു മന്ത്രിയും താൻ
 ദീക്ഷിച്ചിരുന്നളവിലങ്ങു ഗമിക്കമൂലം
 ഭൂക്ഷിത്തു തൻ സചിവനാം ധ്വരയൊത്തു പിന്നെ-
 സ്സൂക്ഷിച്ചു ചെയ്തു നിഖിലം നിജരാജ്യകാൎയ്യം.        ൬൮

[ 15 ]


  ഒരുകൊല്ലം മുഴുവനുമ-
 ങ്ങുരുതരഭക്ത്യാ മുറയ്ക്കു ദീക്ഷിച്ച്,
  തിരുമാസം പൊടിപൊടിയായ്
 നിരുപമഘോഷം നടത്തിനാൻ നൃവരൻ.        ൬൯

  ലാക്കിനൊടൊത്തു ദിവാൻപണി
 ലേക്കിഹ മോദാൽ മുഴുക്കെയൊരുകൊല്ലം
  നോക്കിയ ശേഷം മുൻസ്ഥിതി-
 യാക്കിയയാളേയയച്ചു നൃപതീന്ദ്രൻ.        ൭൦

കേമനായുള്ള പട്ടാഭിരാമനാമൊരു രായരേ
ശ്രീമാടഭൂമിപൻ പിന്നെ സ്വാമാത്യവരനാക്കിനാൻ.        ൭൧

 ആ മന്ത്രിവൎയ്യനൊടുമൊത്തഥ രാജ്യകാൎയ്യം
 കേമന്തനിച്ചിഹ നടത്തി നരാധിനാഥൻ
 ക്ഷാമന്തരിമ്പുമണയാതെ മഹീതലത്തിൽ
 ക്ഷേമന്തഴച്ചു നിതരാം പുനരദ്ദശായാം.        ൭൨

 മണ്ടിനടന്നു വലഞ്ഞിടുവോൎക്കുൾ-
 ത്തണ്ടിലെഴുന്നൊരു താപമൊഴിപ്പാൻ
 പണ്ടിവിടത്തിൽ വരാത്തൊരു നൽത്തീ-
 വണ്ടിയതിങ്ങു വരുത്തി നരേന്ദ്രൻ.        ൭൩

 പിന്നെയും പല പരിഷ്കൃതി രാജ്യ-
 ത്തുന്നതിക്കുതകിടുമ്പടിയെല്ലാം
 സന്നയത്തൊടു നടത്തി മുറയ്ക്കാ
 മന്നവൻ സുഖമൊടൊത്തു വസിച്ചാൻ.        ൭൪

 മങ്ങാതക്കാലമേ താൻ പിതൃജനഗതിയു-
  ണ്ടാക്കുവാൻ ലാക്കു നോക്കി-
 ഗ്ഗംഗാസ്നാനം ഗയാശ്രാദ്ധവുമഴകിൽ നട-
  ത്തീടുവാനൂഢമോദം

[ 16 ]

 തുംഗാത്മാവാം നരേന്ദ്രൻ നിജമനസി വിചാ-
  രിച്ചു കല്പിച്ചു വേഗാൽ
 ഭംഗാപേതം മുറക്കങ്ങഖിലവുമഥ കൂ-
  ട്ടിച്ചു വട്ടങ്ങളും താൻ.        ൭൫

 അപ്പോൾ ഡൽഹിയിൽവെച്ചു സപ്തമനതാ-
  മെഡ്വർഡ്മഹാരാട്ടുതൻ-
 നല്പോടൊത്ത കിരീടധാരണമഹം
  തോഷേണ ഘോഷിക്കുവാൻ
 ഇപ്പാരിങ്കലെഴുന്ന ഭൂപതികള-
  ങ്ങെപ്പേരുമെത്തേണ്ടതായ്
 കെല്പാൎന്നീടിന കല്പനക്കുറിയതും
  വന്നെത്തി മന്ദേതരം.        ൭൬

 'നന്നായീ രണ്ടു കാൎയ്യങ്ങളുമഴകിനൊടീ
  യാത്രയാൽത്തീൎത്തുകൊള്ളാ'-
 മെന്നായുൾതാരിലോൎത്തിട്ടുടനുരുതരസൽ-
  ഭക്തിസംയുക്തനായി,
 ചെന്നാപ്പൂൎണ്ണത്രയീശൻ തിരുവടിയുടെ തൃ-
  ക്കാലതക്കാലമേറ്റം
 നന്ദ്യാ വന്ദിച്ചു കൂപ്പിപ്പുനരപി നിതരാം
  വാഴ്ത്തിനാൻ പാൎത്ഥിവേന്ദ്രൻ.        ൭൭

 'സ്വാമിൻ! കാരുണ്യസിന്ധോ! സതതമലിവൊടീ
  യാത്രയിൽ കാത്തു മഠം ഞാൻ
 കാമിക്കും കാൎയ്യമെല്ലാം കനിവൊടു നിറവേ-
  റ്റിയ്ക്കണേ ചക്രപാണേ!
 ഭൂമിത്തട്ടിങ്കലുള്ളെൻ പ്രജകളെയഖിലം
  പൂൎണ്ണകാരുണ്യസാര-
 ശ്രീ മിന്നീടും കടാക്ഷാഞ്ചലമതിനകമേ
  ചേൎത്തു നീ കാത്തുകൊൾക'.        ൭൮

[ 17 ]


 എന്നോരോന്നോതിയൎത്ഥിച്ചഥ സപദി മഹാ-
  ഭാഗനാം ഭാഗിനേയൻ-
 തന്നോടും തൻസഗൎഭ്യന്നോടുമരിയ മഹ
  മാതൃഭൂത്യാദിയോടും
 മന്നോർമന്നൻ പുറപ്പെട്ടഴകെഴുമൃഷിനാ-
  ഗക്കുളം പൂക്കു ശൎവ്വൻ-
 തന്നോമൽത്തൃപ്പദാബ്ജം തെളിവിനൊടു നമി-
  ച്ചാസ്ഥയാ യാത്രയായാൻ.        ൭൯

 പാട്ടിൽപ്പെട്ടവരൊത്തുചേൎന്നു നൃവരൻ
  തീവണ്ടിയേറീട്ടു തൻ-
 നാട്ടില്പെട്ടൊരിടങ്ങളല്ല ചെറുവ-
  ണ്ണൂരും കടന്നഞ്ജസാ
 കാട്ടുപ്പാടിയുമാശു തൃപ്പതിയതും
  ശ്രീതുംഗഭദ്രാദിയും
 കോട്ടപ്പാടു പെടാതെ കണ്ടു സരസം
  പൂനാവുമൂനം വിനാ.        ൮൦

 ബമ്പാപ്പട്ടണമാശു പുക്കു സകലം
  വീക്ഷിച്ചു ദാക്ഷിണ്യവാൻ
 തൻപാൎശ്വത്തിലണഞ്ഞ ശാസ്ത്രികളെ മാ-
  നിച്ചങ്ങയച്ചിട്ടുടൻ
 കുമ്പാശങ്ക വെടിഞ്ഞു നാസികയിലും
  കെല്പിൽജ്ജബൽപ്പൂരിലും
 വൻപാൎന്നൊരു നൃപൻ പ്രയാഗയതിലും
  ചെന്നെത്തി പിന്നെത്തദാ.        ൮൧

 ഒന്നിച്ചേവരുമൊത്തുചേൎന്നു പുനരാ-
  ത്തൃക്കാശി പുക്കാശു താൻ
 നന്ദിച്ചൻപൊടു ചെയ്തു ഗംഗയിലുടൻ
  സ്നാനാദി ദാനാന്വിതം

[ 18 ]

 കുന്നിച്ചീടിന ഭക്തിയോടു സഹിതം
  ശ്രീവിശ്വനാഥാംഘ്രിയും
 വന്ദിച്ചീടിന പാർത്ഥിവോത്തമനെഴും
  പുണ്യങ്ങളെണ്ണാവതോ?        ൮൨

 തിണ്ണം പ്രാപിച്ചു ഭൂപൻ ഗയയതിലധിക
  ശ്രദ്ധയാ ശ്രാദ്ധമപ്പോ-
 ളെണ്ണം വിട്ടുള്ള ദാനാദികളൊടുമുടന-
  ന്നൂട്ടിനാൻ കോട്ടമെന്യേ
 സ്വൎണ്ണം, വസ്ത്രം, പണം, ഗോവ,ശനമിതുകളാ
  ലന്തമറ്റന്തണൎക്കും
 പുണ്യംകൊണ്ടങ്ങുയൎത്തിപ്പിതൃഗണമതിനും
  ചേൎത്തു താൻ ചീൎത്തസൌഖ്യം.        ൮൩

 തക്കത്തിൽത്തത്ര പാൎത്തൂ ചില ദിനമഥപോയ്
  മന്നവൻ മന്ദമെന്ന്യേ
 കൽക്കത്താവും ജഗന്നാഥവുമഴകെഴു മ-
  മ്പാടിയും മോടിയോടേ
 പുക്കുല്ലാസേന വൃന്ദാവനമഥ യമുനാ-
  തീൎത്ഥമാഗ്രാം മുതൽക്കാ-
 ദ്ദിക്കെല്ലാം കണ്ടു ഡൽഹീപുരമതിലുടന-
  ങ്ങെത്തിനാൻ ചിത്തമോദാൽ.        ൮൪

 ജംഭാരിതുല്യനരചൻ ധിഷണോജ്വലൻ പൊ-
 ന്നമ്പാരിയാണ്ട ഘനവാരണമേറി മോദാൽ
 വൻപാടവത്തൊടമരും സുമനോഗണങ്ങ-
 ളെമ്പാടെഴും സഭയിലങ്ങനെ ചെന്നുചേൎന്നു.        ൮൫

 മാനം കൂടും മഹീനായകകുലവരനെ-
  ഡ്വർഡ്ഡഹോ! ജീ സിയെസ്സൈ
 സ്ഥാനം തൻപ്രാതിനിധ്യം കലരുമരിയവൈ-
  സ്രോയികഴ്സൻ മുഖേന

[ 19 ]

 ഊനം കൂടാതനേകം ക്ഷിതിപതികൾ നിറ-
  ഞ്ഞുള്ളൊരാ നല്ല യോഗ-
 സ്ഥാനം പ്രാപിച്ച മാടക്ഷിതിപതിവരന-
  ന്നേകിനാൻ ശ്ലാഘയോടേ.        ൮൬

 സാമാന്യക്കാൎക്കു കിട്ടാത്തൊരു വിധമെഴുമീ
  സ്ഥാനമാനം ലഭിച്ച-
 ന്നാ മാന്യൻ മാടഭൂമീശ്വരനഥ പരിവാ-
  രാന്വിതം പോന്നുപിന്നെ
 ധീമാൻ വന്നെത്തി തന്നാടതിലുടനതിസ-
  ന്തുഷ്ടരാം നാട്ടുകാരാൽ
 ശ്രീമാൻ സമ്പൂജ്യനായിസുഖമൊടു നിവസി-
  ച്ചീടിനാനൂഢമോദം.        ൮൭

  കനകക്കുന്നിൽസ്സുമനോ-
 ജനനിരയോടും തെളിഞ്ഞു ധിഷണാഢ്യൻ
  അനഘൻ ഭൂപതി സാക്ഷാൽ
 ഘനവാഹനനെന്നപോലെ വാണു സുഖം.        ൮൮

 അക്കാലം വന്ന മദ്രാസ്ഗവർണ്ണരവർകളാ-
  പ്തിൽപ്രഭുസ്സായ്‌വു തന്നെ-
 സ്സൽക്കാരം ചെയ്തു മോദപ്രചുരിമ നിറയി-
  ച്ചങ്ങയച്ചിട്ടു പിന്നെ
 അക്കാരുണ്യാബ്ധി ഭൂപൻ സ്വസൃസുതസഹജാ-
  മാത്യഭൃത്യാദിയോടൊ-
 ത്തുൾക്കാളും കൌതുകാൽപ്പുക്കിതു ജവമൊടു രാ
  മേശ്വരം വിശ്വപൂതം.        ൮൯

 സേതുസ്നാനം കഴിച്ചാസ്സുകൃതി നൃപവരൻ
  ദാനധൎമ്മാദിയും ചെ-
 യ്തേതും വൈകാതെ പോന്നോരളവഴകൊടുവ-
  ഞ്ചീന്ദ്രസമ്മാന്യനായി.

[ 20 ]

 ആതിഥ്യം സ്വീകരിച്ചാ ക്ഷിതിപതിസവിധേ
  മൂന്നു നാൾ വാണു പിന്നെ
 പ്രീതിപ്രാചുൎയ്യഭാരാന്വിതമതുവഴി വൈ-
  ക്കത്തുവന്നെത്തി വേഗാൽ.        ൯൦

പുരഹരപദപത്മം വന്ദനം ചെയ്തുടൽ തൻ-
പുരവരമതിലെത്തീട്ടാസ്ഥയോടൊത്തുപിന്നെ
നിരുപമകൃപയേലുന്നോരു പൂൎണ്ണത്രയീശൻ-
തിരുവടിയെ നമിച്ചാൻ പേൎത്തമാപ്പാൎത്ഥിവേന്ദ്രൻ.        ൯൧

 വീൎയ്യാന്വിതം വിനയമൊത്തു മുറയ്ക്കു രാജ്യ-
 കാൎയ്യാദി സൎവ്വമഴകോടു ഭരിച്ചു വീണ്ടും
 സൂൎയ്യാന്വവായകലശാംബുധിപൂൎണ്ണചന്ദ്ര-
 നാൎയ്യാശയൻ നൃപശിഖാമണി വാണുമോദാൽ.        ൯൨

 തന്നേസ്സൽകൃതിചെയ്തുതോൎത്തു കുതുകാ-
  ലഞ്ചാതെ വശ്ചീശ്വരൻ
 തന്നേ സ്നേഹയുതം ക്ഷണിച്ചു മതിമാൻ
  ശ്രീമാടഭൂമീശ്വരൻ
 തന്ദേശത്തു വരുത്തിയൻപൊടഥ സൽ-
  ക്കാരങ്ങൾ ചെയ്താദരാൽ
 മുന്നേതിൽപ്പരമേറ്റി മൂലനൃവര-
  ന്നുൾത്താരിൽ മുത്താ മഹാൻ.        ൯൩

അനുപമഗുണനാകും മൂലഭൂപാലകൻ ത-
ന്നനുചരസഹിതം സന്തുഷ്ടനായപോയ ശേഷം
മനുകുലവരനാകും മാടഭൂപൻ മുറയ്ക്കു-
ങ്ങനുദിനമഴകിൽത്തൻ ധാത്രിയേക്കാത്തു പാർത്താൻ.        ൯൪

 ട്രാംമാൎഗ്ഗമായ് തടികൾ കേറ്റിയിറക്കി വിൽക്കാൻ
 താൻ മാൎഗ്ഗമാക്കി നിജരാജ്യമതിൽദ്ധരേശൻ
 സാന്മാൎഗ്ഗികത്വമെഴുമീദ്ധരണീശമൌലി-
 താന്മാൎഗ്ഗദർശിയിതിനിൻഡ്യയിലെന്നു നൂനം.        ൯൫

[ 21 ]


കണ്ടങ്ങളും പുരയിടങ്ങളുമാകമാനാ
കണ്ടങ്ങെഴുത്തിനരചൻ പല ചട്ടമെല്ലാം
ഉണ്ടാക്കിയങ്ങനെ മുറയ്ക്കു രാജ്യ-
ത്തുണ്ടാക്കിടുന്നു മുതലൻപൊടു മുൻപിലേക്കാൾ.        ൯൬

സൎവ്വജ്ഞനാം നൃപതി നീതി നടത്തിടുമ്പോൾ
സൎവ്വത്രഭൂതിയുയരുന്നതിലെന്തു ചിത്രം?
ഗൎവ്വറ്റു പാരമുയരുന്നു തദീയരാജ്യേ
സൎവ്വൎക്കുമങ്ങനെ വിനീതിയതേ വിചിത്രം.        ൯൭

മുന്നേ താൻതന്നെ പാൎത്താൽപ്പുകഴധികമെഴും
  രാജപട്ടാഭിരാമൻ
പിന്നെന്തിന്നന്യനിപ്പോളൊരു സചിവനതാ-
  യുള്ള പട്ടാഭിരാമൻ
എന്നേവം ചിന്തചെയ്താനൃപമണി പുനരാ-
  ഹന്ത! തന്മന്ത്രിയേത്താൻ
തന്നേ സൽക്കാരപൂൎവ്വം സരസമിവിടെനി-
  ന്നാസ്ഥയാ യാത്രയാക്കി.        ൯൮

 മാനമെഴുന്നൊരു മിസ്റ്റർ
ബാനറജിക്കാ പ്രധാനസചിവന്റെ
 സ്ഥാനമൊടൊത്തു നരേശ്വര-
നൂനമതെന്യേ കൊടുത്തു തീട്ടൂരം.        ൯൯

ആ മന്ത്രീന്ദ്രനൊടൊത്തുചേൎന്നു സുഗുണം
  മെത്തുന്നൊരത്തമ്പുരാൻ
ക്ഷേമം തൽപ്രജകൾക്കുദിപ്പൊരു പരി-
  ഷ്കാരങ്ങളോരോതരം
ഈ മന്നിങ്കലനല്പമോദസഹിതം
  പേൎത്തും വരുത്തീടുവാൻ
കാമത്തോടു പരിശ്രമങ്ങൾ പലതും
  ചെയ്യുന്നിതിന്നും സദാ.        ൧൦൦

[ 22 ]


ഏവമ്പാരിച്ചെഴും സൽഗുണഗണമഖിലം
  പൂണ്ടു ഭ്രവാണ്ടിടുന്നോ-
രീ വൻപൻ തമ്പുരാൻ താൻ പ്രജകളിലിഹ കൂ -
  റാണ്ടു നൂറാണ്ടിവണ്ണം
ഭ്രവൻപിൽക്കാത്തു പാൎത്തിടണമതിനു കടാ-
  ക്ഷിച്ചു രക്ഷിച്ചു നിത്യം
ദേവൻ പൂൎണ്ണത്രയീശൻ തിരുവടിയരുളീ-
  ടട്ടെ സംപുഷ്ടസൌഖ്യം.        ൧ഠ൧


ശുഭം.

"https://ml.wikisource.org/w/index.php?title=മാടമഹീശശതകം&oldid=138522" എന്ന താളിൽനിന്ന് ശേഖരിച്ചത്