നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം/അദ്ധ്യായം രണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം
രചന:സി. അന്തപ്പായി
അദ്ധ്യായം രണ്ട്
[ 9 ]
രണ്ടാം അദ്ധ്യായം


കഥ അവിടെ നിൽക്കട്ടെ. ഇനി "രെയിസ്ത്രാൾ" ഗോവിന്ദപ്പണിക്കരുടെ വീട്ടിൽ നടന്ന ഒരു സംഭാഷണം ഇവിടെ വിവരിക്കാം. പുത്തമ്പാറെ ഗോവിന്ദപ്പണിക്കർ ഹജൂർ രജിസ്ട്രാരാണ്. ഏകദേശം മുപ്പത്തഞ്ചു വയസ്സ് പ്രായമുണ്ട്. മഹാരസികനും ശൃംഗാരിയും ആണെങ്കിലും ശുണ്ഠിത്വത്തിൽ കിഴക്കെസ്രാമ്പിയിൽ കരുണാകരമേനോനെക്കാൾ അല്പം കൂടുമെന്നല്ലാതെ ഒട്ടും കുറകയില്ല. വ്യുൽപത്തി ഇക്കാലത്തെ അവസ്ഥ ആലോചിച്ചാൽ, വളരെ അധികമുണ്ടെന്നു പറഞ്ഞുകൂടാ. എന്നാൽ, നാട്യം അത്രയ്ക്കല്ലതാനും. കയ്ക്കുളങ്ങരെ രാമവാരിയരാകട്ടൊ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരാകട്ടൊ ഇങ്ങേ അറ്റം വലിയകോയിത്തമ്പുരാൻതന്നെ ആകട്ടൊ ഒക്കെ ഒരുവക എന്നാണ് ഇദ്ദേഹത്തിന്റെ ഭാവം. അതു നിമിത്തം പുത്തമ്പാറെ ഗോവിന്ദപ്പണിക്കർക്ക് വിദ്യാവിഷയത്തിൽ പല ശത്രുക്കളും ഉണ്ടായിരുന്നു എന്നു കേൾക്കുന്നതിൽ വായനക്കാർ അദ്ഭുതപ്പെടുവാനില്ലല്ലൊ.

ഒരു ദിവസം കാലത്ത് ഏകദേശം ആറര മണിക്ക് ഇദ്ദേഹം പതിവിൻപ്രകാരം കാപ്പി കഴിച്ച് പൂമുഖത്ത് ഒരു ചാരുകസേരിയിൽ വർത്തമാനക്കടലാസു വായിച്ചു കിടക്കയായിരുന്നു. അപ്പോൾ ഹജൂർ ട്റാൻസ്‌ലേട്ടർ ശേഷയ്യർ, ഹെഡ് ക്ലേർക്ക് കേശവനെളയത് എന്നിവർ അവിടെ വന്നു. ഇവർ ഹജൂരിൽ തന്റെ സഹചാരികളാകയാൽ ഗോവിന്ദപ്പണിക്കരുടെ ഇഷ്ടന്മാരാണ്. ശേഷയ്യർ അല്പം നാരദനും അതിനാൽ കടികൂട്ടുന്നതിൽ ബഹുസമർത്ഥനും ആണ്. പണിക്കർ ഒരു വലിയ കവിയാണെന്നു ഭാവിച്ചുംകൊണ്ടു നടക്കുന്നതിനെക്കുറിച്ച് ശേഷയ്യർക്കു കുറെ പരിഹാസമാണ്. എങ്കിലും അതൊന്നും പ്രസിദ്ധമായി ആരോടും പറയാറില്ല. എളയത് അങ്ങനെയല്ല. പണിക്കർക്കു വളരെ സ്നേഹവും വിശ്വാസവും [ 10 ] ആണ്. എളയതിനും പണിക്കരെ എത്രയും ബഹുമാനമുണ്ട്. ഇവർ രണ്ടു പേരും വന്ന ഉടനേ പണിക്കർ എഴുന്നേറ്റു കസേര വലിച്ചിട്ടുകൊടുത്തു. ഇരിക്കാൻ പറഞ്ഞു. അതിന്റെ ശേഷം അവിടെ നടന്ന സംഭാഷണം താഴെ ചേർക്കുന്നു.

ഗോവിന്ദപ്പണിക്കർ: കേട്ടില്ലേ എളയത്? ആ മാധവമേനോൻ ഇപ്പോൾ നമ്മോടായി മൽസരം. കരുണാകരമേന്നെ ദിവസവും ചെന്ന് അസഹ്യപ്പെടുത്തുകയാണത്രെ.

എളയത്: ഞാനും കേട്ടു അല്പം. ആ വിവരം പറയാനായിട്ടാണ് ഇങ്ങട്ടു പുറപ്പെട്ടത്. വഴിക്കു ശേഷയ്യരെ കണ്ടു.

ശേഷയ്യർ: ഇനിക്കിതൊന്നും ലവലേശം മനസ്സിലാകുന്നില്ല. നിങ്ങൾ എന്തോ പറയുന്നു. എന്തു മത്സരമാണ്. പക്ഷേ, സ്വകാര്യമായിരിക്കുമോ എന്നാൽ ഞാൻ പൊയ്ക്കളയാം--എന്നും പറഞ്ഞ് എഴുന്നേൽക്കാൻ തുടങ്ങുന്നു.

ഗോവിന്ദപ്പണിക്കർ: ഛേ. ഇരിക്കു ശേഷയ്യരേ. പറയാം. ശേഷയ്യരുള്ളപ്പോൾ എന്തു സ്വകാര്യമാണിനിക്ക്. ഒക്കെ മനസ്സിലാക്കിത്തരാം. നല്ല രസമുണ്ട്.

എളയത്: മാധവമേന്റെ വർത്തമാനം ഇവിടെ ആരാണ് പറഞ്ഞത്?

ഗോവിന്ദപ്പണിക്കർ: ആ ചെക്കൻ ചങ്കരൻ ഇന്നലെ ഇവിടെ വന്നിട്ടുണ്ടായിരുന്നു. അവൻ വലിയ സ്വകാര്യമായി വെച്ചിരിക്കയാണത്രെ. ഇവിടെ അടിച്ചുതളി നാരായണിയോടാണ് പറഞ്ഞത്, കരുണാകരമേനോൻ നാടകം ഉണ്ടാക്കുന്നുണ്ടെന്ന്.

എളയത്: അവൻതന്നെയാണ് മഠത്തിലേ ശിഷ്യൻ ഗോപാലനോടും പറഞ്ഞത്.

ഗോവിന്ദപ്പണിക്കർ: ആ കഴുവേറിക്ക് ഇതുതന്നെയാണു വേല. കരുണാകരമേന്റെ അവസ്ഥകളും മറ്റും എല്ലായിടത്തും ഘോഷിച്ചുകൊണ്ട് നടക്കായാണു പണി. അദ്ദേഹം ഈ വർത്തമാനം കേട്ടാൽ കഴുവേറിയെക്കൊല്ലും. നാടകം അത്ര ഗോപ്യമായിട്ടാണത്രെ ഉണ്ടാക്കുന്നത്.

ശേഷയ്യർ: ഓ ഹോ. നാടകമാണല്ലേ? ഇപ്പോൾ മനസ്സിലായി. നായന്മാർക്കിപ്പോൾ ഇതല്ലേ സമാചാറമുള്ളൂ.

എളയത്: നാടകത്തിന്റെ പേര് എന്താണെന്നറിഞ്ഞുവോ?

ഗോവിന്ദപ്പണിക്കർ: ഇല്ല. അതില്ല.

എളയത്: മാധവമേനോൻ പറഞ്ഞിട്ടാണോ നാടകം ഉണ്ടാക്കാൻ തുടങ്ങിയിരിക്കുന്നത്?

ഗോവിന്ദപ്പണിക്കർ: ആ വിദ്വാന്ന് ഇപ്പോൾ കിഴക്കേസ്രാമ്പിയിൽ നിന്നൊഴിഞ്ഞിട്ടുള്ള നേരമുണ്ടോ? നാണമില്ലാത്തവൻ. അവനെന്തു മേനോൻ?

ഇതു കേട്ടപ്പോൾ ശേഷയ്യനു കുറെ രസം പിടിച്ചു. പണിക്കർക്കും മാധവമേനോനും തമ്മിൽ എന്തോ ശണ്ഠയുണ്ടെന്നും കഴിയുമെങ്കിൽ അതു മുറുക്കി രണ്ടുപേരെയും ചെണ്ടകൊട്ടിക്കണമെന്നും നിശ്ചയിച്ചു. [ 11 ] ഈ നാടകക്കാരെ ശേഷയ്യനു പണ്ടേതന്നെ പരിഹാസമാണെന്നു മുമ്പിൽ പറഞ്ഞിട്ടുണ്ടല്ലൊ.

ശേഷയ്യൻ: ഈ ഗോവിന്ദപ്പണിക്കർക്ക് ഒരു ദോഷമുണ്ട്. വളരെ ചീത്തയാണ്. യോഗ്യറും മാന്യറും ആയവരെയൊക്കെ ചീത്ത പറയും.

ഗോവിന്ദപ്പണിക്കർ: ഏതു യോഗ്യൻ? ആ എരപ്പാളി മാധവനോ? ആ അസൂയക്കുക്ഷിയോ? അവൻ യോഗ്യനാണത്രെ. വേണ്ട. സ്വാമി എന്നെക്കൊണ്ട് അധികം പറയിക്കണ്ട. എരപ്പാളി. നാണമില്ലാത്ത ചൂല്.

ശേഷയ്യൻ: ഇങ്ങനെ തുമ്പും വാലുമില്ലാതെ പറഞ്ഞതുകൊണ്ടായില്ല. നിങ്ങൾ തമ്മിൽ ഇത്ര വൈറം ഉണ്ടാവാൻ എന്താണ് സംഗതി? പരമാർത്ഥമായി പറയണം. ഞാൻ നിങ്ങളെ സമാധാനപ്പെടുത്താം.

ഗോവിന്ദപ്പണിക്കർ: സമാധാനപ്പെടുത്തുകയോ? ആരെ? ആ എരപ്പാളി മാധവനെയും എന്റെ പട്ടിയെയും സമാധാനപ്പെടുത്താൻ കൂടി ഇവിടെ സമ്മതമില്ല. അങ്ങ് ബ്രാഹ്മണനല്ലേ. ഇതിലും കടുപ്പമായി പറഞ്ഞുകൂടല്ലൊ.

ശേഷയ്യൻ (ചിരിച്ചുംകൊണ്ട്): ഈ പുത്തമ്പാറെ വീട്ടുകാറൊക്കെ ഇങ്ങനത്തവരാണ്. ബഹുദേഷ്യക്കാറാണ്. എന്താ മാധവമേന്നുമായുള്ള വഴക്ക്? പറയൂ.

എളയത്: ആ കാര്യം കളയൂ. അത് പറയുക എന്നുവെച്ചാൽ വളരെയുണ്ട്-- എന്ന് പറഞ്ഞ് കുറെ ചിരിച്ചു പണിക്കരുടെ മുഖത്തു നോക്കുന്നു.

ശേഷയ്യൻ: എന്താ? കേൾക്കട്ടെ. എന്തോ സ്വകാര്യമുണ്ട്. ഇനിക്കു കേൾക്കറുതോ?

ഗോവിന്ദപ്പണിക്കർ (എളയതിന്റെ മുഖത്തു നോക്കി മന്ദസ്മിതത്തോടു കൂടെ): എന്താ? പറഞ്ഞാലൊരു പുല്ലുമില്ല.

എളയത്: വേണോ? (ശങ്ക നടിക്കുന്നു)

ശേഷയ്യൻ: കണ്ടുവോ? ഈ എളയത് ദുർഘടമുണ്ടാക്കുന്നത്?

ഗോവിന്ദപ്പണിക്കർ: എന്താണ്? പറയാം. ഒരു ബ്രാഹ്മണനോടു പറഞ്ഞിട്ടു വരുന്ന ദോഷമൊക്കെ വരട്ടെ. ഈ മാധവമേന്നു കിളിവേലി വീട്ടിലായിരുന്നു സംബന്ധം.

ശേഷയ്യൻ: സറി. ഞാൻ ഓർക്കുന്നുണ്ട്. കിളിവേലി ലക്ഷ്മി, രസികത്തി. ഇന്നലെ തൊഴാൻ പോകുന്നതു കണ്ടു. കേമത്തിയല്ലേ പെണ്ണ്?

ഗോവിന്ദപ്പണിക്കർ: അതേ. പക്ഷേ, ലക്ഷ്മിക്ക് ആ വിഡ്ഢ്യാനെ അത്രയ്ക്കേ രസമുള്ളൂ. കരുണാകരമേന്റെ ശുപാർശയിന്മേൽ ഉണ്ടാക്കിയ സംബന്ധമാണത്രെ.

ശേഷയ്യൻ: പിന്നെയും പറയും വിഡ്ഢ്യാനാണെന്ന്. പണിക്കർ ബഹുദുർഘടക്കാറൻതന്നെ ആട്ടെ. എന്നിട്ടോ?

ഗോവിന്ദപ്പണിക്കർ: അങ്ങനെ കുറെ നാൾ കഴിഞ്ഞപ്പോൾ, എന്നു വെച്ചാൽ ഒന്നു രണ്ടു മാസമായപ്പോൾ ലക്ഷ്മി ഈ മാധവമേന്നെ സ്വീകരിക്കാതെയായിത്തുടങ്ങി. ഇവിടത്തേ അടിച്ചുതളി ഈ കഥയൊക്കെ [ 12 ] ഇവിടെ വന്നു പറയും. ഒരു ദിവസം ഞാൻ കച്ചേരിയിൽനിന്നും വന്നു ചായ കഴിച്ച് നടക്കാനായി പോകുമ്പോൾ കിളിവേലിപ്പറമ്പിന്റെ അരികേയുള്ള ആ ഇടവഴിയിൽകൂടി വെച്ചു. അപ്പോൾ ലക്ഷ്മി ആ പറമ്പിൽ കുറേ ചെമ്പകപ്പൂവ് കയ്യിൽ പിടിച്ച് നിന്നിരുന്നു. എന്നെ കണ്ടപ്പോൾ "എങ്ങട്ടാ, ഇത്ര വയ്യിട്ട്? ഇഷ്ടമുണ്ടെങ്കിൽ കയറി മുറുക്കിപ്പോകാം" എന്നു പറഞ്ഞ് വല്ലാതെ ഒന്നു മന്ദഹാസംചെയ്തു. എന്റെ ദേഹം ആസകലം വിറച്ചു. എന്താണ് മറുപടി പറയെണ്ടതെന്നുണ്ടാകാതെ ഞാൻ അവിടെത്തന്നെ മരംപോലെ അല്പനേരം നിന്നു. അപ്പോൾ ലക്ഷ്മി വീണ്ടും "പടി കടന്നു വരാൻ വഴി ഇത്തിരി വളയണം. ഇതാ ആ ചെമ്പകം നിൽക്കുന്നതിന്റെ അടുക്കെ ഒരു കഴയുണ്ട്. അതിലേകൂടി കടക്കാം. ഇവിടെ വിശേഷിച്ചാരുമില്ല" എന്നു പറഞ്ഞു. എന്റെ ശേഷയ്യരെ, ഇനിക്കിതു കേട്ടപ്പോൾ ഏതെല്ലാം വികാരങ്ങളാണ് ഉണ്ടായതെന്ന് ഓർമയില്ല. നിന്നെടത്തുനിന്നും ഇളകാൻ നോക്കീട്ട് നീങ്ങുന്നില്ല. ഇടിവെട്ടു കൊണ്ടാൽ ഇതിലും ഭേദം. കിളിവേലിയിൽ ഞാൻ ചിലപ്പോൾ പോകാറുണ്ടെന്നല്ലാതെ ഈ ലക്ഷ്മിയായിട്ടു യാതൊരു പരിചയവും ഇല്ലാത്ത അവസ്ഥയ്ക്ക് ഇത്ര ലൗകികമായി സംസാരിച്ചതോർത്തു ഞാൻ വിസ്മയിച്ച് അവിടെത്തന്നെ നിന്നു "മാധവമേനോൻ ഇപ്പഴൊന്നും വരാറില്ലേ?" എന്നു ചോദിച്ചു.

അപ്പോൾ ലക്ഷ്മി "ഇല്ല. മാധവമേനോന്റെ വരവ് എന്നെങ്ങാനും ഒഴിഞ്ഞു. അയാളിവിടെ നാലോ അഞ്ചോ തവണ വരികയുണ്ടായി" എന്നു പറഞ്ഞു. ഉടനേ ഞാൻ "എന്തിനു വന്നു?" എന്നു ചോദിച്ചു.

അപ്പോൾ ലക്ഷ്മി അതിനൊന്നും മറുപടി പറയാതെ മുഖംതാഴ്ത്തി നിന്നു. അപ്പോൾ ഞാൻ "ആട്ടെ, ഒഴിയാൻ എന്താ സംഗതി" എന്നു ചോദിച്ചു.

"എന്താ സംഗതി, വിശേഷിച്ചൊന്നുമില്ല."

അപ്പോൾ ഞാൻ "എങ്കിലും കേൾക്കട്ടെ" എന്നു പറഞ്ഞു.

ലക്ഷ്മി ഇത് കേട്ട് അല്പനേരം ഒന്നും മിണ്ടിയില്ല. ഒടുക്കം ഇങ്ങനെ പറഞ്ഞു. "എന്റെ കാര്യം ഞാൻ പറയാലൊ. ഇനിക്കിവിടെ കരുണാകരമേനോന്റെയല്ല. ഏതു ദേവേന്ദ്രന്റെ ശിപാർശി കൊണ്ടുവന്നാലും ഇനിക്കിഷ്ടമുള്ളവരല്ലാതെ.....?

ഇതുവരെയായപ്പോഴേക്കും ലജ്ജാപരവശയായി സംസാരം നിറുത്തി. എങ്കിലും ഞാൻ സമ്മതിച്ചില്ല. "ഇഷ്ടമുള്ളവരല്ലാതെ... എന്താണ്?" എന്നു ചോദിച്ചു.

ലക്ഷ്മി മിണ്ടീയില്ല. അധോമുഖിയായി കാൽവിരൽ കൊണ്ട് നിലത്ത് വരച്ചുംകൊണ്ടു നിന്നു.

അപ്പോൾ ഞാൻ "ഇതു വിഷമംതന്നെ. ഒന്നു പറഞ്ഞാൽ പിന്നെ അത് മുഴുവനാക്കാഞ്ഞാൽ വിഷമംതന്നെ" എന്നു പറഞ്ഞു.

അപ്പോൾ ലക്ഷ്മി (സഗദ്ഗദം) "ദയയുണ്ടെങ്കിൽ (പിന്നെ മിണ്ടുവാൻ പാടില്ല) ഒരു വിഷമവും ഇല്ല." [ 13 ]

എന്നു പറഞ്ഞു മുഖം തുടച്ച് ഒരു ദീർഘനിശ്വാസം ചെയ്തു. ഇനിക്കിതു കണ്ടപ്പോൾ--ശേഷയ്യരോടിനിക്കു തുറന്നു പറയാമല്ലൊ--ലക്ഷ്മിയുടെ നേരെയുണ്ടായ അനുരാഗം--ഇത്രയാണുണ്ടായതെന്നു പറഞ്ഞൊപ്പിക്കുവാൻ പ്രയാസം. എങ്കിലും സ്ത്രീകളെ അത്ര എളുപ്പത്തിൽ വിശ്വസിച്ചുകൂടല്ലൊ എന്നു വിചാരിച്ച് എന്റെ പ്രണയം ലേശമെങ്കിലും പുറത്തുകാണിച്ചില്ല.

ശേഷയ്യൻ: പണിക്കർ ആൾ ബഹുസമർത്ഥൻ തന്നെ--എന്നും പറഞ്ഞു കുറേ ചിരിച്ചു. കേശവനെളയതും ചിരിച്ച് "കളയൂ വേഗം കലാശിപ്പിക്ക്" എന്നു പറഞ്ഞു.

ശേഷയ്യൻ: എളയതവിടെ മിണ്ടാതെയിരിക്കു (ബദ്ധകൗതുകത്തോടെ ഗോവിന്ദപ്പണിക്കരോട്) എന്നിട്ടോ?

ഗോവിന്ദപ്പണിക്കർ: ലക്ഷ്മിയെ ഒന്നുകൂടി പരീക്ഷിക്കണമെന്നു ഞാൻ നിശ്ചയിച്ചു. "പതിവ്രതാധർമ്മത്തിന്ന് ഈ വാക്കുകളൊന്നും അത്ര ചേരുന്നതല്ല. കിട്ടോ" എന്നു പറഞ്ഞു.

അപ്പോൾ ലക്ഷ്മി--: "എന്താ ചേരായ്ക? എന്റെ ഹിതത്തിനു വിരോധമായിട്ടു സംബന്ധം ഇനിക്കു വയ്യ. എന്നുതന്നെയല്ല ശീമയിൽ ഭാര്യകളെയും ഭർത്താക്കന്മാരെയും യഥേഷ്ടം മാറാമെന്ന് ഇന്നലെ കൂടി കൊച്ചുകുട്ടൻ കടലാസിൽ വായിച്ചുപറയുന്നതു കേട്ടു" എന്നു പറഞ്ഞു.

ഇതു കേട്ടപ്പോൾ ഇനിക്കു ഭയമായി. ഇങ്ങനത്തവളാണോ ഇവൾ? ഇതാണോ മനോഗതം? എന്നു ചിന്തിച്ച് ഇപ്രകാരം പറഞ്ഞു. "അയ്യോ. അങ്ങനെയാണ് കരുതിയിരിക്കുന്നത്? ഈ മ്ലേച്ഛന്മാരുടെ സമ്പ്രദായം നമ്മുടെ ഇടയിലും പരത്താനാണോ ലക്ഷ്മി കോപ്പിടുന്നത്? തരക്കേടില്ല. എന്നാൽ സംബന്ധക്കാർ വേണമെന്നില്ല."

ഞാൻ ഇങ്ങനെ പറഞ്ഞ് ഒന്നു രണ്ട് അടി വെച്ചു. അപ്പോൾ ലക്ഷ്മി എന്റെ മുഖത്തു സൂക്ഷിച്ചു നോക്കി വേഗം വേലിയുടെ അടുക്കലേക്കു വന്ന് മേൽപ്പറഞ്ഞ കഴ കടന്നു പതുക്കെ "പ്രാണവല്ലഭാ എന്നെ വ്യസനിപ്പിക്കരുതേ" എന്നു തൊണ്ടയിടറിപ്പറഞ്ഞതിന്റെ ശേഷം കണ്ണിൽ ബാഷ്പധാരയോടു കൂടെ കയ്യിൽ വെച്ചിരുന്ന ചെമ്പകപ്പൂമാല എന്റെ കുടുമയിൽവെച്ചു. ഒരു ക്ഷണനേരമെങ്കിലും പിന്നെ അവിടെ നിൽക്കാതെ കിളിവേലിയിലേക്കുതന്നെ ഓടിപ്പോയി. എങ്കിലും ശ്രോണീമണ്ഡലഭാരത്താൽ ഗമനം മന്ദമായിരുന്നു എന്ന് ഇനിക്ക് തോന്നി.

ശേഷയ്യൻ: "ഭേഷ്, ഭേഷ്. ഈ വർത്തമാനമാണോ എളയതു മുടക്കുവാൻ നോക്കിയത്?"

ഗോവിന്ദപ്പണിക്കർ: "ലക്ഷ്മി പോയതോടുകൂടി എന്റെ പ്രാണങ്ങളും വലിച്ചുകൊണ്ടു പോയോ എന്നു ശങ്കിച്ചു ഞാൻ അവിടെ കുറേ നേരം ചത്തപോലെ നിന്നു. അല്ല. ചത്തപോലെയല്ല. സാക്ഷാൽ ചത്തു എന്നു തന്നെ പറയണം. എന്റെ നേരെയുണ്ടായ അനുരാഗത്തിന് എന്തു കാരണമെന്നറിയാതെ ഞാൻ ഏറ്റവും പരിഭ്രമിച്ചു."

ശേഷയ്യൻ: "കാരണം ഇപ്പോൾ വിശേഷിച്ചു വല്ലതും വേണമെന്നുണ്ടോ? ഗോവിന്ദപ്പണിക്കരുടെ രസികത്വം കണ്ടിട്ടു തന്നെ." [ 14 ] ഗോവിന്ദപ്പണിക്കർ: "അതുണ്ടോ ആവോ? ഇനിക്കറിഞ്ഞുകൂട. എങ്കിലും ഞാൻ പിന്നെ ഒരു വിധമൊക്കെ അറിഞ്ഞു. മഠത്തിൽ തിരിച്ചു വന്നതിന്റെ ശേഷം ഇനിക്കു വിചാരം ഒക്കെ ലക്ഷ്മിയെയും ആ മോഹനാംഗിയുടെ പ്രണയാതിരേകത്തെ സൂചിപ്പിച്ച വാക്കുകളെയും കുറിച്ചായിത്തുടങ്ങി. അശേഷം ഉറക്കം വരുന്നില്ല. അന്നു രാത്രി ഒരു വിധം കഴിച്ചുകൂട്ടി. പിറ്റേദിവസം രാവിലെ ഞാൻ വിഷണ്ണനായി അനങ്ങാതെ പൂമുഖത്തിരിക്കുമ്പോൾ അടിച്ചുതളി നാരായണി കടന്നുപോകുന്നതുകണ്ടു. ഉടനേ അവളെ വിളിച്ച് ഉണ്ടായ വിവരമൊക്കെ പറഞ്ഞു കേൾപ്പിച്ചു. എന്റെ വർത്തമാനം പകുതിയായപ്പോഴക്കും അവൾ കുറേശ്ശ പുഞ്ചിരി കൊള്ളുന്നതു കണ്ടു. അതിന്റെ കാരണം ചോദിച്ചപ്പോൾ ആണ് ഇനിക്കു കഥ മനസ്സിലായത്."

"ഇവിടുത്തേ കാര്യം ലക്ഷ്മിക്കുട്ടി (ലക്ഷ്മിക്കുട്ടിയെന്നാണ് കിളിവേലിവീട്ടിലുള്ളവരും വേലക്കാരും വിളിക്കാറ്) എന്നോടു കൂടക്കൂടെ പറയാറും ചോദിക്കാറും ഉണ്ട്. ഇനിക്കു ലക്ഷ്മിക്കുട്ടിയുടെ ആഗ്രഹം അപ്പോൾതന്നെ മനസ്സിലായിട്ടുണ്ടായിരുന്നു. പിന്നെ ഇവിടുന്ന് ഇന്നാൾ നാടകം ഉണ്ടാക്കിയെന്നു കേട്ടതു മുതൽ എന്നെ ദിവസവും വിളിച്ച് ഇവിടുത്തേ വർത്തമാനം അന്വേഷിക്കാറുണ്ട്. അതു മുതൽക്കാണ് മാധവമേന്നെ ഒഴിച്ചത്. പെണ്ണിന് ഇവിടത്തേ നേരെയുള്ള ഭ്രമം ഒന്നും പറയണ്ട. ഇന്നലെ രാത്രി ലക്ഷ്മിക്കുട്ടി ഇനിക്കാളയച്ചിട്ടുണ്ടായിരുന്നു. ഞാൻ കിളിവേലിൽ ചെല്ലുമ്പോൾ നാലഞ്ചുനാഴിക രാത്രിയായി. എന്നെ കണ്ട ഉടനേ കൈകൊണ്ടു മാടിവിളിച്ചു ലക്ഷ്മിക്കുട്ടിയുടെ മുറിയിലേക്കു കൊണ്ടുപോയി ഇന്നലെ ഉണ്ടായ വർത്തമാനമൊക്കെ എന്നോടു പറഞ്ഞു. ആ നേരത്തു തന്നെ ഇവിടെ വന്നു പറഞ്ഞ് അങ്ങോട്ടു കൊണ്ടുചെല്ലണം എന്ന് എന്നോട് ലക്ഷ്മിക്കുട്ടി ആവശ്യപ്പെട്ടു. ഇരുട്ടായതിനാലും ഇവിടത്തേ മനസ്സ് ഇനിക്കു നിശ്ചയമില്ലാത്തതിനാലും ഇനിക്കു കഴികയില്ലെന്നു ഞാൻ മറുപടി പറഞ്ഞു."

നാരായണിയുടെ ഈ വാക്കുകൾക്ക് എന്തുമാത്രം മാധുര്യമാണുണ്ടായിരുന്നതെന്നു ശേഷയ്യർക്ക് ഊഹിക്കാവുന്നതാണ്. ഓരോ വാക്കിനു നൂറുനൂറു രൂപ വിലപിടിക്കും. ആനന്ദസാഗരത്തിൽ നിമഗ്നനായി എന്നും മറ്റും പലെടത്തും പ്രയോഗിച്ചു കാണാം. ആ വക പ്രയോഗങ്ങൾ മുക്കാലിലധികം അതിശയോക്തിയും അനാവശ്യമാണ്. എന്നാൽ, എന്റെ ഈ സംഗതിയിൽ അത് യഥാർത്ഥമായിരുന്നു എന്നതിനു യാതൊരു സംശയവുമില്ല. "അസത്തേ, ആ വിവരം അപ്പോൾതന്നെ ഇവിടെ വന്നു പറയായിരുന്നില്ലേ? പറയുന്നതിൽ എന്താ ദോഷം?" എന്നു പറഞ്ഞ് ഞാൻ നാരായണിക്ക് ഒരു ഉറുപ്പിക എടുത്തു കൊടുത്തു. നാലുമണിക്ക് എന്റെ അടുക്കൽ വരണം എന്നും പറഞ്ഞ് അവളെ അയച്ചു. ലക്ഷ്മിക്ക് എന്റെ നാടകം ദേവായനീകചം ഒരു പ്രതി അപ്പോൾ തന്നെ കൊടുത്തയച്ചു.

എളയത്: "മതി. കലാശിപ്പിക്കൂ. ഇനിയെന്താ പറയാനുള്ളത്." [ 15 ]

ഗോവിന്ദപ്പണിക്കർ: "ഓ. അങ്ങനെതന്നെ, ചുരുക്കുപ്പറയാം. അന്നു മുതൽ ഇനിക്കു സംബന്ധം കിളിവേലിയിൽ ആണ്."

ശേഷയ്യൻ: അല്ലാ, ഇങ്ങനെയാണു സമാചാറം. എന്നിട്ട് ഇതുവരെ ഒരു വാക്കുപോലും പണിക്കർ എന്നോടു പറകയുണ്ടായോ? കഷ്ടം അതിനു മുമ്പിൽ സംബന്ധം ഉണ്ടായിരുന്നില്ലേ?

ഗോവിന്ദപ്പണിക്കർ: "സ്ഥിരമായ സംബന്ധം ഒരുത്തിയിലും ഇനിക്കുണ്ടായിരുന്നില്ല. കിളിവേലിയിൽ സംബന്ധം തുടങ്ങിയതു മുതൽ ആ വിഡ്ഢി--അതാണ് ഞാൻ അവനെ, ആ മാധവമേന്നെ, വിഡ്ഢിയെന്നു പറയുന്നത്--ആ വിഡ്ഢ്യാൻ എന്നെക്കുറിച്ച് എന്തെല്ലാം അപവാദങ്ങളാണു പറഞ്ഞു നടത്തിയത്. ഞാൻ ക്ഷുദ്രപ്രയോഗത്താൽ ആണത്രെ അയാളുടെ സംബന്ധം ഒഴിപ്പിച്ചതും ഞാൻ ലക്ഷ്മിയുമായുള്ള സംബന്ധം തുടങ്ങിയതും. ഞാൻ നാടകം ഉണ്ടാക്കിയതിനെക്കുറിച്ച് അവന്റെ കണ്ണുകടി ഒന്നും പറയണ്ട. അവനു വ്യുൽപത്തിയില്ലാത്തതിനു ഞാൻ എന്തു ചെയ്യും? ഞാനെന്തു പിഴച്ചു? ഉശിരുണ്ടെങ്കിൽ വായിക്കട്ടെ രണ്ടു മൂന്നു കാവ്യം. എന്നിട്ട് അവരുണ്ടാക്കട്ടെ നാടകം. അമരേശം ഒന്നു രണ്ടു വർഗവും കുറേ സിദ്ധരൂപവും പഠിച്ചതുകൊണ്ടു നാടകവും മറ്റും ഉണ്ടാക്കാൻ കഴിയുമോ? വേണമെങ്കിൽ ഉറുപ്പിക കൊടുത്ത് ഒരു ശാസ്ത്രിയളെ ഇരുത്തി വായിക്കട്ടെ ഒന്നുരണ്ടു സംവൽസരം. കഴുവേറിക്ക് പ്രായം അത്ര അധികമായിട്ടില്ലല്ലോ?"

ശേഷയ്യൻ: "എന്തിനു വെറുതെ അസഭ്യം പറയുന്നു, മാനമുള്ളാളുകളെ?"

ഗോവിന്ദപ്പണിക്കർ: :ഇനിക്ക് അവന്റെ മാനമൊന്നും കേൾക്കണ്ട തെണ്ടി, കിഴക്കേസ്രാമ്പിയിൽനിന്ന് ഒഴിയാറില്ല. എപ്പൊഴും അവിടെത്തന്നെയാണ്. എന്നിട്ട് ഇപ്പോൾ എന്നെ തോല്പിക്കാൻ ആ സാധു കരുണാകരമേനോന്റെ ചെവിടിൽ മന്ത്രിച്ചു മന്ത്രിച്ച് നാടകം ആരംഭിച്ചിട്ടുണ്ടത്രെ. ഇനി അതല്ലല്ലൊ. ആ നാടകം കലാശിക്കുമ്പോൾ മാധവന്റെ കുറുമ്പു കാണണ്ടേ? തിക്കു തിരക്കും ഉണ്ടാക്കുവാൻ കഴുവേറിക്ക് നല്ല വശമാണ്. കൂട്ടുകാർ അവനെപ്പോലെയുള്ളവർ അസംഖ്യമുണ്ടുതാനും.

ശേഷയ്യൻ: കരുണാകരമേനോൻ ഉണ്ടാക്കുന്ന നാടകം പുറത്തു വരുന്നതിനെക്കുറിച്ചു പണിക്കർക്കു കുറെ ഭയമുണ്ട്, അല്ലേ? അങ്ങെന വരട്ടെ.

ഗോവിന്ദപ്പണിക്കർ: എന്തു ഭയമാണു, ഹേ? ഇനിക്ക് അതു പുല്ലിനു സമം.

എളയത്: "കരുണാകരമേനോന്റെ നാടകം പുറത്തു വന്നു കാണാതെ അതിന്റെ ഗുണദോഷങ്ങളെ എങ്ങനെ നിശ്ചയിക്കും?" അതുകൊണ്ട് ആകാര്യത്തെക്കുറിച്ച് ഇപ്പോൾ തർക്കിക്കുന്നത് അനാവശ്യമാണ്.

ശേഷയ്യൻ: "എങ്കിലും പണിക്കർക്ക് ഈഷൽ ഭയമുണ്ട് ഇല്ലേ പണിക്കരേ?" എന്നു പറഞ്ഞ് ചിരിക്കുന്നു.

ഗോവിന്ദപ്പണിക്കർ: "ഇനിക്കു കരുണാകരമേന്നോട് ഒരു രസക്ഷയവും ഇല്ല. ആ തെണ്ടിമാധവന്റെ കുറുമ്പും ഞെളിച്ചിലും കാണുമ്പൊ [ 16 ] ളാണു സഹിച്ചുകൂടാത്തത്. നാടകങ്ങളുടെ ഗുണദോഷവിവേചനം ചെയ്യുന്നവർ ഇക്കാലത്തു ചുരുക്കമാണ്. നാടകമെന്നു പേരായി വല്ലതും ഉണ്ടാക്കിയാൽ മതി. ആളുകൾക്കൊക്കെ സമമാണ്."

ശേഷയ്യൻ: "അപ്പഴും പണിക്കരുടെ നാടകം മുമ്പു നിൽക്കുമെന്നാണു വിശ്വാസം, അല്ലെ? (മന്ദഹാസത്തോടുകൂടി) ആട്ടെ, അതിനൊരു കൗശലമുണ്ട്. കരുണാകരമേനോന്റെ നാടകപ്പണിയെ നമുക്ക് സസ്പെണ്ട് ചെയ്തുകളയാം."

ഗോവിന്ദപ്പണിക്കർ: "സ്വാമികൾ പറയുന്നത് ഇനിക്കു മനസ്സിലായില്ല."

എളയത്: "ഇനിക്കും മനസ്സിലായില്ല."

ശേഷയ്യൻ:"കരുണാകരമേനോൻ ഇപ്പോൾ നാടകം ഉണ്ടാക്കുന്നില്ലേ?"

എളയത്: "ഉവ്വ്"

ശേഷയ്യൻ:"അതു മുഴുവനായിട്ടില്ലല്ലോ. തുടങ്ങിട്ടല്ലേ ഉള്ളൂ."

എളയത്: "മുഴുവനായിട്ടില്ല. അഞ്ചാറു ദിവസം മുമ്പിൽ ആരംഭിച്ചു എന്നാണു ശങ്കരൻ പറഞ്ഞത്."

ശേഷയ്യൻ: "തീർന്നെടത്തോളം തീർന്നു. ഇനി അത് ഒരക്ഷരം പോലും തുടർച്ചയായി എഴുതിയുണ്ടാക്കാതിരിപ്പാൻ വിദ്യയുണ്ടെന്നാണു ഞാൻ പറഞ്ഞത്."

ഗോവിന്ദപ്പണിക്കർ: "എന്താണത്? ഹൈ അതറിയണ്ടേ? സ്വാമികൾ കുറേ കുസൃതിക്കാരനാണെന്ന് ഇനിക്കു പണ്ടേ നിശ്ചയമുണ്ടല്ലോ. കേൾക്കട്ടെ. എന്താ വിദ്യ?"

ശേഷയ്യൻ: ""നമ്മുടെ കുസൃതിയെക്കുറിച്ചൊന്നും പറയണ്ട. വെറുതെ നമ്മെ പരിഹസിക്കണ്ട."

ഗോവിന്ദപ്പണിക്കർ: "ആട്ടെ പറയൂ."

ശേഷയ്യൻ: "പറയാം. ഗോവിന്ദപ്പണിക്കരുടെ ദേവയാനീകചം അച്ചടിപ്പിച്ചിട്ടല്ലേ ഉള്ളൂ. അഭിനയിച്ചിട്ടില്ലല്ലോ.

ഗോവിന്ദപ്പണിക്കർ: "ഇല്ല. അഭിനയിക്കാനായി ഇവിടത്തേ "സമസ്തസഹൃദയഹൃദയോല്ലാസിനീ" സഭക്കാർ തയാറാക്കുന്നുണ്ട്. വരുന്നാഴ്ചയിൽ അഭിനയിക്കാൻ ഭാവമുണ്ട്."

ശേഷയ്യൻ: "സറി. ഉടുപ്പുകൾ ഒക്കെ തയാറായിട്ടില്ലേ?"

ഗോവിന്ദപ്പണിക്കർ: ആ കഥ പറയണ്ട. ഇവിടെ നാടകമൽസരം പോയി കളവുമൽസരമായിരിക്കുന്നു. "സമസ്തസഹൃദയഹൃദയോല്ലാസിനീ" സഭക്കാരുടെ എത്രയും വിലപിടിച്ച ഉടുപ്പുകൾ ഒക്കെ ഈയിടെ "രസികമംഗലചന്ദ്രികാസഭക്കാർ" കട്ടുകൊണ്ടുപോയി എന്നും മറ്റും കേട്ടില്ലേ?"

ശേഷയ്യൻ: "അയ്യോ, എന്തൊരു പേരുകളാണിത്? മലമ്പാമ്പുപോലെ നീണ്ടുവളഞ്ഞു കിടക്കുന്നു. ഒരിക്കൽക്കൂടി പറയൂ."

ഗോവിന്ദപ്പണിക്കർ: "നേരംപോക്കു കളയൂ. എന്താണു വിദ്യയുണ്ടെന്നു പറഞ്ഞത്? കേൾക്കട്ടെ." [ 17 ]

ശേഷയ്യൻ: അതല്ല. ആ പേരുകൾ ഒരിക്കൽക്കൂടി കേൾക്കട്ടെ പരിഹസിക്കാനായിട്ടല്ല."

ഗോവിന്ദപ്പണിക്കർ: '"-രസികമംഗലചന്ദ്രികാ" എന്നും "സമസ്തസഹൃദയഹൃദയോല്ലാസിനീ" എന്നും ഇങ്ങനെ രണ്ടു നാടകസഭകൾ.

ശേഷയ്യൻ: ഇതിൽ ഒടുവിൽ പറഞ്ഞ പേരിന്റെ ശബ്ദം ചെണ്ട ഒരുട്ടിക്കൊട്ടുന്നതുപോലെ ഇരിക്കുന്നു.

ഗോവിന്ദപ്പണിക്കർ: "അയ്യോ, അങ്ങനെ പറയണ്ട. അവർ എത്രയോ കീർത്തി സമ്പാദിച്ചിട്ടുള്ള സഭക്കാർ. അഭിനയം എത്ര വിശേഷം. ഏതെല്ലാം മാന്യസ്ഥലങ്ങളിനിന്നു സമ്മാനം ലഭിച്ചിരിക്കുന്നു. വേഷക്കാർ ഒക്കെ നല്ല രംഗശ്രീയുള്ള സുമുഖന്മാർ പിള്ളരാണ്."

ശേഷയ്യൻ: "ഓ ഹോ. സറി. മുടി വളർത്തി കുറെ പിള്ളർ നടക്കുന്നതു കാണുന്നുണ്ടല്ലോ. സ്കൂൾപിള്ളരിലും ചിലരെ കാണുന്നുണ്ട്."

ഗോവിന്ദപ്പണിക്കർ: "അവർതന്നെയാണ്. അവരെ കണ്ടാൽ എന്താ?"

ശേഷയ്യൻ: "ഇനിക്കിവരെക്കുറിച്ച് ആദ്യം അബദ്ധമായിട്ടാണു മനസ്സിലായത്. അരക്കയ്യുള്ള കുപ്പായവും അരവാറും ധരിച്ചു നടക്കുന്നതു കണ്ടപ്പോൾ വെള്ളക്കാരുടെ ബട്ട്‌ളറന്മാരോ മേട്ടികളോ ആയിരിക്കാം എന്നു ഞാൻ അന്ധാളിച്ചു. പിന്നെ സ്കൂൾകുട്ടികളുടെ ഇടയിലും ചിലർ ഈ വേഷമിട്ടു നടക്കുന്നതു കണ്ടപ്പോൾ എന്റെ ധാരണയിൽ എന്തോ അബദ്ധമുണ്ടെന്നു നിശ്ചയിച്ചു."

എളയത്: "അങ്ങേക്ക് അല്ലെങ്കിലും കുസൃതിയായിട്ടല്ലേ ഏതു കാര്യവും മനസ്സിലാകയുള്ളൂ."

ശേഷയ്യൻ: ഹോ. മുഷിയണ്ട. പക്ഷേ, എളയതും ഈ സഭക്കാരായിട്ടു വല്ല കൂട്ടുകെട്ടുമുണ്ടായിരിക്കും, അല്ലേ?

എളയത്: :എന്താ ഹേ. ഇനിക്കൊരു മുഷിച്ചിലും ഇല്ല. ഇനിക്കൊരു അത്ഭുതം മാത്രമെ ഉള്ളു. ഇങ്ങനെ കറപറ എന്നു പറയുന്ന അങ്ങേ ഈ ട്രാൻസ്ലേട്ടർപണിക്കു വെച്ചുവല്ലോ എന്നേ ഒരത്ഭുതമുള്ളു. പട്ടന്മാരുടെ കാലമല്ലേ? എന്തുചെയ്യാം."

ശേഷയ്യൻ: "ഹോ. അബദ്ധം. ഞാനാണ് അബദ്ധം ചാടിച്ചത്."

എളയത്: "അബദ്ധം ചാടിക്കേ? എന്തൊരു മലയാളമാണിത്."

ഗോവിന്ദപ്പണിക്കർ: "കലശൽ കൂട്ടാതിരിക്കൂ. നിങ്ങൾ ഇങ്ങനെ കുട്ടികളെപ്പോലെ ആയാലോ?"

എളയത്: "ഞാൻ ഇനി ഒന്നും മിണ്ടുന്നില്ല."

ശേഷയ്യൻ: "ഞാൻ എളയതിനോടു മാപ്പു ചോദിച്ചു കളയാം."

എളയത്: "വേണ്ട, ഹേ. അതൊന്നും വേണ്ട. കണ്ടതു പറഞ്ഞു എന്നേയുള്ളു."

ഗോവിന്ദപ്പണിക്കർ: "നിങ്ങൾ ഇങ്ങനെ നേരം വൃഥാ കളയുന്നതു ബഹുകഷ്ടമാണ്. ശേഷയ്യർ എന്തോ വിദ്യയുണ്ടെന്നു പറഞ്ഞതു കേൾക്കാമോ? പറയുമെങ്കിൽ പറയൂ." [ 18 ]

ശേഷയ്യൻ: "പറയാം. പണിക്കരുടെ നാടകം വരുന്ന ആഴ്ചയിൽത്തന്നെ അഭിനയിക്കാൻ ഏർപ്പാടുകൾ ചെയ്യണം. ഉടുപ്പുകൾ മോഷ്ടിക്കപ്പെട്ടു എങ്കിൽ ഉടനെ ഉണ്ടാക്കണം. അഭിനയം ഒന്നാന്തരമായിരിക്കണം."

ഗോവിന്ദപ്പണിക്കർ: "അങ്ങനെ ചെയ്യാം."

ശേഷയ്യൻ: "യോഗ്യരായുള്ളാളുകളെ ഒക്കെ ക്ഷണിക്കണം. ടിക്കറ്റുകൾ വേണ്ട. ടിക്കറ്റു വെച്ചാൽ ആളുകൾ കുറയും. പണിക്കരുടെ നാടകം ആദ്യമായി അഭിനയിക്കുകയല്ലേ. പ്രവേശനം സൗജന്യമായി എല്ലാവ‍ർക്കും അനുവദിക്കണം."

ഗോവിന്ദപ്പണിക്കർ: "അങ്ങനെ ആവാം. ആട്ടെ. വിദ്യ ഇതുവരെ പറഞ്ഞില്ലല്ലൊ."

ശേഷയ്യൻ: "പറയാം. ക്ഷമിക്കൂ. കാണികളുടെ കൂട്ടത്തിൽ നമ്മുടെ പുതിയ പേഷ്കാർ അച്യുതമേനോൻ അവർകളെയും ക്ഷണിക്കണം. അദ്ദേഹം എല്ലെൽബിയും മറ്റും പാസ്സായി ശീമയിൽനിന്നു വന്നിരിക്കയല്ലേ?

ഗോവിന്ദപ്പണിക്കർ: "അതിനെന്താ വിരോധം? പക്ഷേ, അദ്ദേഹം വരുമോ എന്നു സംശയമാണ്. അദ്ദേഹത്തിന് ഈ നാടകങ്ങളിലൊക്കെ അത്രയ്ക്കേ താല്പര്യമുള്ളു."

ശേഷയ്യൻ: "ഇങ്ങനെ ഒക്കെ വട്ടംകൂട്ടി ഭേഷായി. തിരുതകൃതിയായി പണിക്കരുടെ നാടകം ഒന്ന് അഭിനയിക്കട്ടെ. അതിനെക്കുറിച്ചു മംഗലശ്ലോകങ്ങൾ മഴപെയ്യുന്നതുപോലെ അവിടെ ചൊരിയുന്നതു കാണാം. ഞാൻ ഒക്കെ ശട്ടംകെട്ടാം."

ഗോവിന്ദപ്പണിക്കർ: (സന്തോഷത്തോടുകൂടെ) "സ്വാമികൾ വിചാരിച്ചാൽ അതല്ല അതിലധികം സാധിക്കുമെന്ന് ഇനിക്കറിഞ്ഞുകൂടെ?"

ശേഷയ്യൻ: "ഇങ്ങനെ ഒരഭിനയം കഴിഞ്ഞാൽപ്പിന്നെ കരുണാകരമേനോൻ നാടകം ഉണ്ടാക്കാനായി തൂവലെടുക്കയില്ല, നിശ്ചയം"

ഗോവിന്ദപ്പണിക്കർ: "അതെന്താണ്?"

ശേഷയ്യൻ: "കരുണാകരമേനോന്റെ സ്വഭാവം നിങ്ങൾക്കു നല്ല നിശ്ചയമില്ല. അദ്ദേഹം മഹാഭീരുവാണ്. പ്രതിയോഗിയുടെ ധാടികൾ കണ്ടാൽ ഇത്ര ഭയമുള്ള വേറെ ഒരാളെ ഞാൻ അറിയുന്നില്ല."

ഗോവിന്ദപ്പണിക്കർ: " എന്നാലും ആ മാധവമേനോൻ അയാളെ പറഞ്ഞ് വശീകരിച്ച് നാടകം കലാശിപ്പിക്കാതെയിരിക്കയില്ലെന്നാണു തോന്നുന്നത്."

എളയത്: "അതിനൊരു കാര്യമുണ്ട്. മാധവമേനോനും കരുണാകരമേനോനും തമ്മിൽ എന്തോ അല്പം ഒരു സൗന്ദര്യപ്പിണക്കത്തിന് കാരണമായത്രെ. അത് ശങ്കരൻ പറഞ്ഞില്ലേ? ഇന്നാൾ ശങ്കരനെ കിഴക്കേസ്രാമ്പിയിൽ വെച്ച് കരുണാകരമേനോൻ തല്ലാൻ പോയപ്പോൾ വീണു എന്നും അതുകണ്ടു മാധവമേനോൻ ചിരിച്ചു എന്നും അതു മൂപ്പർക്ക് അത്ര രസിച്ചില്ലെന്നും മറ്റും കേട്ടു." [ 19 ]

ശേഷയ്യൻ: "ഉണ്ടായിരിക്കാം. എങ്കിലും അതു സാരമില്ല. ഉടപ്പിറന്നവൾ കല്യാണിയില്ലേ മാധവന്? അതുകൊണ്ട് ഒന്നും സാരമില്ലാതെ കലാശിക്കും. പിണക്കമുണ്ടെങ്കിൽ ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രമേ നിലനിക്കയുള്ളൂ.

ഗോവിന്ദപ്പണിക്കർ-- "അതെങ്ങനെയെങ്കിലും ആകട്ടെ. എന്റെ നാടകം അഭിനയിച്ചാൽ പിന്നെ കരുണാകരമേനോൻ അദ്ദേഹത്തിന്റെ നാടകം നിറുത്തിക്കളയുമെന്നു ശേഷയ്യർക്കു നല്ല നിശ്ചയമുണ്ടോ?"

ശേഷയ്യൻ: "ഉണ്ട്. നല്ല നിശ്ചയമുണ്ട്. അല്ലെങ്കിൽ കണ്ടോളു."

ഗോവിന്ദപ്പണിക്കർ: എന്നാൽ, അങ്ങനെതന്നെ. ഉടുപ്പുകൾ ഇന്നുതന്നെ തയ്യാറാക്കുന്നതിന്നു ഞാൻ "സഹൃദയഹൃദയോല്ലാസിനീ" സഭയുടെ കാര്യസ്ഥന് എഴുതിക്കളയാം. എന്തു ചെലവായാലും വേണ്ടില്ല. എന്നാൽ ഇനി പിരികയല്ലേ? സ്വാമികൾക്കും പോകാൻ വൈകിയിരിക്കും."

ശേഷയ്യൻ: "ഞാൻ ചന്ദ്രശേഖരയ്യന്റെ മഠത്തിലേക്കു പോകുന്ന വഴിക്കാണ് എളയതിനെ കണ്ടത്. അപ്പോൾ പണിക്കറെ ഒന്നു കാണാമല്ലോ എന്നുവെച്ചു കയറിയതാണ്. ചന്ദ്രശേഖരയ്യൻ എന്നെ കാത്തിരിക്കും. മണി എട്ടായില്ലേ?"

ഗോവിന്ദപ്പണിക്കർ: "ഏഴേമുക്കാലായി."

ശേഷയ്യൻ: "എന്നാൽ അങ്ങനെയാണ്. പറഞ്ഞ കാര്യമൊന്നും അമാന്തിക്കരുത്. പേഷ്കാരെ ക്ഷണിക്കുവാൻ ഒട്ടും അമാന്തിക്കരുത്--എന്നും പറഞ്ഞ് പോയി.

എളയത്: --പേഷ്ക്കാരെ ഇത്ര മുറുക്കമായി പിടിച്ചിരിക്കുന്നതെന്താണാവോ. ശേഷയ്യൻ കള്ളനാണ്. ഇദ്ദേഹം പറയുന്നതൊക്കെ ഇനിക്ക് അത്രയ്ക്കേ സമ്മതമാകുന്നുള്ളു."

ഗോവിന്ദപ്പണിക്കർ:"രണ്ടായാലും നാടകം അഭിനയിക്കുന്നതിന്ന് വിരോധമില്ല. എപ്പഴായാലും അഭിനയിക്കണമല്ലൊ. ഇനി അത് കഴിയുന്നതും കേമമാക്കാനാണ് നോക്കേണ്ടത്."

എളയത്: "അതിന് ഉൽസാഹിക്കേണ്ടതാണ്. ഞാൻ വൈകുന്നേരം വരാം. കുളിക്കാൻ നേരമായി."

ഇങ്ങനെ പറഞ്ഞ് എളയതും പിരിഞ്ഞു.