നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം/അദ്ധ്യായം ഒന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം
രചന:സി. അന്തപ്പായി
അദ്ധ്യായം ഒന്ന്
[ 1 ]
ഒന്നാം അദ്ധ്യായം


"എടാ നിന്ദക്കഴുവേറീ. ഇവൻ നിമിത്തം ഒരു കാര്യത്തിൽ മനസ്സിരുത്തുവാൻ പാടില്ലെന്നായല്ലൊ. കച്ചേരിക്കു പോകുന്ന കാര്യം അന്വേഷിക്കേണ്ടവൻ നീയോ ഞാനോ? എന്തെടാ? കഴുവേറീ, പറ. ഇനിക്കറിഞ്ഞുകൂടെ അതിനുള്ള നേരം? നിന്നെ ഇങ്ങനെ കൂടെക്കൂടെ ഇതിന്റെ മുകളിലേക്കു വലിച്ചുകൊണ്ടു വരണോ?"

"നേരം ഇശ്യായീന്നു പറഞ്ഞു അമ്മ. മണി പതിനൊന്നടിച്ചുവെന്നു പറയാൻ പറഞ്ഞിട്ടാണ്. ഊണു കാലായിട്ടു നേരം...."

"ഹടി. വായാട്ടക്കാരൻ കഴുവേറീ, നിന്നോടല്ലേ പോകാൻ പറഞ്ഞത്?"

കിഴക്കേസ്രാമ്പിയിൽ കരുണാകരമേനോൻ ഭൃത്യന്റെ നേരെ ഇങ്ങനെ തട്ടിക്കയറി. അടിക്കാനായി വരുന്നതു കണ്ടപ്പോൾ അവൻ ഭയപ്പെട്ട് ഓടി കോണിപ്പടി ഇറങ്ങുകയാൽ കാൽ തെന്നി തികതത്താ എന്നുമറിഞ്ഞു നിലത്തേക്ക് ഉരുണ്ടു വീണു. കരുണാകരമേനോൻ ഈ ഒച്ച കേട്ട് കോണിവാതുക്കൽ വന്ന് താഴത്തേക്കു നോക്കിയപ്പോൾ ഭൃത്യൻ വീണെടത്തു നിന്നും തട്ടിപ്പിടഞ്ഞ് എഴുന്നേൽക്കുന്നതു കണ്ടിട്ട് പറയുന്നു.

"അങ്ങനെ വേണം നിനക്ക്. കുർ---രുത്തംകെട്ട കഴുവേറീ. നിനക്കതു പറ്റണം. എത്ര തവണ നീ എന്നെ വന്ന് അസഹ്യപ്പെടുത്തി?"

അപ്പഴേക്കും കരുണാകരമേനോൻ്റെ ഭാര്യ അവിടെ എത്തി. ഇതെല്ലാം കണ്ടപ്പോൾ വളരെ വ്യസനിച്ചു. ഭർത്താവിനെ കോപത്തോടുകൂടെ ഒന്നുനോക്കി. "ശങ്കരാ ഇങ്ങട്ടു പോരു. ഇക്കാലത്തു ഗുണം ചെയ്‌വാൻ പോയാൽ ദോഷമാണ് ഫലം. ഉണ്ണാൻ വിളിച്ചാൽ തള്ളിയിടുക എന്നുള്ള കാലമാണ്. കലിവൈഭവം. കലിവൈഭവം" എന്നു പറഞ്ഞ് അകത്തേക്കുപോയി. [ 2 ] കരുണാകരമേനോൻ ഇതു കേട്ടപ്പോൾ ചിരിച്ചു. ഭാര്യയെ ഇദ്ദേഹത്തിന്ന് പ്രാണസ്നേഹമാണ്. അവരുടെ വാക്കുകൾ കേട്ടപ്പോൾ ശങ്കരന്റെ നേരെയുണ്ടായിരുന്ന കോപം പകുതിയിലധികം പോയി. എന്നിട്ട് പറയുന്നു. "വേണ്ട. കല്യാണിതന്നെ പറയു. ഒരു കാര്യത്തിൽ ദൃഷ്ടി വെച്ചുകൊണ്ടിരിക്കുമ്പോൾ എത്രണ്ട് അസഹ്യപ്പെടുത്താം ഒരാളെ?"

കല്യാണിയമ്മ (മുഷിഞ്ഞ്)---ഈ ചാടുവാക്യങ്ങളൊന്നും ഇനിക്കു കേൾക്കണ്ട. അല്ലെങ്കിലും ഞാൻ പറയാറില്ലേ കരുണാകരനെന്നുള്ള പേര് അത്ര ചേർച്ചയില്ലെന്ന്?

കരുണാകരമേനോൻ ഇതുകേട്ട് വീണ്ടുംചിരിച്ചു. വലത്തേക്കയ്യിൽ ഒരു ഈയപ്പെൻസിലും ഇടത്തേതിൽ മുഴുവനാകാത്ത ഒരു ശ്ലോകമെഴുതിയ ഒരു കടലാസുതുണ്ടും പിടിച്ചും കൂടെക്കൂടെ തലയിൽ ചൊറിഞ്ഞുംകൊണ്ടു മാളികമുറിയിൽ കൂട്ടിലാക്കിയ വെരുവിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ലാത്തുകയായിരുന്നു. അതിനിടയിൽ കല്യാണിയമ്മയും ശങ്കരനും തമ്മിൽ നടന്ന ഒരു സ്വല്പസംഭാഷണം വായനക്കാരെ അറിയിക്കേണ്ടതാവശ്യമാണ്. ഈ ശങ്കരൻ എത്രയും സ്വാമിഭക്തിയുള്ള ഒരു ചെക്കനാണ്. കിഴക്കേസ്രാമ്പിയിൽ വന്നിട്ട് നാലാണ്ടുകഴിഞ്ഞിരിക്കുന്നു. കരുണാകരമേനോൻ ഒരു കോപശീലക്കാരനാകയാൽ പലപ്പോഴും ശങ്കരനെയും മറ്റു ഭൃത്യന്മാരെയും കഠിനമായി ശകാരിക്കാറുണ്ട്. ചിലപ്പോൾ ഒന്നോ രണ്ടോ തല്ലിയെന്നും വരും. അതുകൊണ്ടു ചില ഭൃത്യന്മാർ ഓടിയൊളിച്ചു പോകാറുണ്ട്. എന്നാൽ, ശങ്കരൻ അങ്ങനെയല്ല. കരുണാകരമേനോനെയും കല്യാണിയമ്മയെയും അത്യന്തം ബഹുമാനവും സ്നേഹവുമാണ്. എത്ര ശകാരിച്ചാലും മിണ്ടുകയില്ല. ക്ഷമ കടുകട്ടിയാണ്.

ശങ്കരൻ വീണതിന്റെ നൊമ്പരവും മറ്റും ഒട്ടു ശമിച്ചപ്പോൾ മുഖം തുടച്ച് സന്തോഷവിസ്മയങ്ങളോടുകൂടെ കല്യാണിയമ്മയുടെ അടുക്കൽ ചെന്ന് സ്വകാര്യമായി പറയുന്നു. "എയമാനൻ ശ്ലോകമുണ്ടാക്കുകയാണ്. ഞാൻ കോണി കേറിച്ചെല്ലുമ്പോൾ മൂളുന്നതു കേട്ടു. രെസിയൻ ശ്ലോകം. കടലാസിൽ എഴുതീട്ടുണ്ട്."

ഇതു കേട്ടപ്പോൾ കല്യാണിയമ്മയ്ക്കു കരുണാകരമേനോന്റെ നേരെ ഉണ്ടായിരുന്ന താൽക്കാലികമായ രസക്കേട് അശേഷം നീങ്ങി. അതിനു പകരം ബഹുമാനവും പ്രണയവും വർദ്ധിച്ചു. തന്റെ ഭർത്താവിനുണ്ടാകുന്ന യശസ്സിൽ തനിക്കും ഒരോഹരി അനുഭവിക്കാമെന്നുള്ള വിചാരം കലശലായുണ്ടായി. എങ്കിലും ഈ ഭാവങ്ങളൊന്നും പുറത്തു കാട്ടാതെ പറയുന്നു.

കല്യാണിയമ്മ: ഓ, കഥ മനസ്സിലായി. നാടകം ഉണ്ടാക്കാൻ തുടങ്ങിയിരിക്കയാണ്. ഓപ്പ ഇന്നലെ അതിനെക്കുറിച്ചു പറഞ്ഞ് ധരിപ്പിക്കുനന്തു കേട്ടു. ഇപ്പോൾ എല്ലാവർക്കും നാടകത്തിലാണ് ഭ്രമം. എവിടെ നോക്കിയാലും നാടകത്തിന്റെ വർത്തമാനമേയുള്ളു. രണ്ടായാലും ഇനി ഊണും ഉറക്കവും കുറെ നാളേക്കു നേരത്തിനു കഴിക്കുമെന്നു തോന്നുന്നില്ല. [ 3 ] ശങ്കരൻ: എന്നാലും വേണ്ടില്ല, ഏമാന്റെ വകയായി ഒരു നാടകം ഉണ്ടാകട്ടെ. ഭേഷായിരിക്കും. സംശോല്ല. രെയിസ്ത്രാൾ ഗോവിന്ദപ്പണിക്കർ ദേവയാനീകചം നാടകം ഉണ്ടാക്കിയതിനെക്കുറിച്ച് അങ്ങോരുടെ ഡംഭൊന്നും പറയണ്ട. ഒരു കാശിനു കൊള്ളുകയില്ല. ഏമാന്റെ ഒന്നാന്തരമായിരിക്കും.

ഇവരിപ്രകാരം പറഞ്ഞുകൊണ്ടു നിൽക്കുന്നതിനിടയിൽ കല്യാണിയമ്മയുടെ സഹോദരൻ മാധവമേനോൻ പടി കടന്നുവന്നു. 'കച്ചേരിക്കു പോയിട്ടു നേരമെത്രയായി?' എന്നു ചോദിച്ചു. "പോയിട്ടില്ല. മാളികയിലുണ്ട്." എന്ന് ശങ്കരൻ ആംഗ്യം കാട്ടി മനസ്സിലാക്കി. "അതുവോ?" എന്നും പറഞ്ഞ് മാധവമേനോൻ ബദ്ധപ്പെട്ടു കോണി കയറി മാളികയിലേക്കു പോയി.

മാധവമേനോൻ കരുണാകരമേനോനെ കണ്ട ഉടനെ "അല്ലാ, ഇന്നു കച്ചേരിക്കുതന്നെ പോയില്ല, അല്ലേ? കൊള്ളാം. വലിയ പണിക്കാർക്കു നേരം എത്ര വൈകിയാലും അഥവാ പോയില്ലെങ്കിലും ആരും ചോദിപ്പാനില്ലല്ലോ."

എന്നു പറഞ്ഞു കുറേ ചിരിച്ചു. വീണ്ടും "ആട്ടെ. നാം ഇന്നലെ പറഞ്ഞ കാര്യം എത്രത്തോളമായി?" എന്നു ചോദിച്ചു.

കരുണാകരമേനോൻ: ഇന്ന് അവധിയെടുത്തുകളയാമെന്നു വിചാരിക്കയാണ്. ഇനിക്കൊരു ചീത്ത ശീലമുണ്ട്. ഒരു കാര്യത്തിൽ മനസ്സിരുത്തിയാൽ പിന്നെ അതു കലാശിക്കുന്നതുവരെ വേറെ ചിന്തയില്ല. ഊണുമില്ല. ഉറക്കവുമില്ല. നാം പറഞ്ഞ കാര്യം മാധവൻ ഇന്നലെ ഇവിടെ നിന്നു പോയതു മുതൽക്കു തുടങ്ങി.

മാധവമേനോൻ കുറേ ചെറുപ്പക്കാരനാകയാൽ കരുണാകരമേനോൻ അദ്ദേഹത്തെ മാധവൻ എന്നേ വിളിക്കാറുള്ളു. ചിലപ്പോൾ കുട്ടൻ എന്നും വിളിക്കും. കരുണാകരമേനോൻ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ മാധവമേനോൻ സന്തോഷം കൊണ്ട് ഒന്നു ചാടി, എലത്താളം കൊട്ടുന്നപോലെ കൈകാട്ടി പറയുന്നു.

"ഇവിടുത്തേ ഉൽസാഹശീലം വിസ്മനീയം തന്നെ. നാടകം പെട്ടെന്നു പുറത്തു വരണം. അതുവരെ ഒരീച്ചപോലും അറിയരുത്. പണിക്കാരുടെ ഞെളിച്ചിൽ ഒന്നു നിറുത്തണം. അച്ചടിപ്പിക്കുന്ന വേല ഞാൻ ഏറ്റു. ക്ഷണത്തിൽ തീർക്കണം. നാന്ദി ശ്ലോകം തീർന്നില്ലേ?"

കരുണാകരമേനോൻ: കഴിയാറായി. നാലഞ്ചക്ഷരം കൂടി കിട്ടണം. ഈ വേല നാം വിചാരിച്ചതുപോലെ അത്ര എളുപ്പമല്ല. എങ്കിലും അതുകൊണ്ട് ഇനിക്കൊരു കൂസലും ഇല്ല. ഇതിനു മുമ്പിൽ ശ്ലോകങ്ങൾ ഉണ്ടാക്കീട്ടില്ലാത്തതുകൊണ്ട് ആദ്യം അല്പം ബുദ്ധിമുട്ടുണ്ടാകുമായിരിക്കും. അതു സാരമില്ല.

മാധവമേനോൻ: "ഹൂ അതുകൊണ്ടെന്താ? കാളിദാസനായിട്ട് നാടകം ഉണ്ടാക്കാൻ കഴിയുമോ? നല്ല കഥയായി. ആശങ്കയൊന്നും വേണ്ട. ശ്ലോകം തീർന്നെടത്തോളം കേൾക്കട്ടെ." [ 4 ]

കരുണാകരമേനോൻ: അത്ര നന്നായിട്ടുണ്ടോ എന്നു സംശയമാണ്. എങ്കിലും ചൊല്ലാം.

അഞ്ചാതമ്പോടു പാരിൽ മലയൊടു സമയാം
   പൂതനാ താമരാക്ഷി

വഞ്ചിപ്പാൻ കൊഞ്ചിവന്നിട്ടുടനിഹ കുചകും--
   ഭം കൊടുത്തോരു നേരം

ചെഞ്ചെമ്മേ ചഞ്ചലാക്ഷീം യമപുരമഥ പൂ--
   കിച്ച ഗോപാലകൃഷ്ണൻ

ഇനിയത്തെ പാദം മുഴുവനായിട്ടില്ല. തുടക്കത്തിൽ കുറേ അക്ഷരം കിട്ടണം. പ്രാസവും വേണം.


   ......പ്രസാദം കനിവതിനു കൃപാം
   തെണ്ടിനേൻ ഇണ്ടലെന്യേ

മാധവമേനോൻ: ഇതാണോ ചീത്തയെന്നു ശങ്കിച്ചത്? ആ പണിക്കക്കൊട്ടിയുടെ നാടകം മുഴുവനിലും ഇത്ര നല്ല ഒരു ശ്ലോകം നോക്കിയാൽ കാണുമോ? അനുപ്രാസം വെക്കുന്നതിൽ ഇവിടുത്തേ സാമർത്ഥ്യം ഞാൻ ഒട്ടും കരുതാത്തതാണ്. എങ്കിലും ഒരു സംശയമുണ്ടെനിക്ക്.

കരുണാകരമേനോൻ (ബദ്ധപ്പെട്ട്): എന്താത്?

മാധവമേനോൻ: "ഗോപാലകൃഷ്ണൻ എന്ന പദം അത്ര ചേർച്ചയുണ്ടോ എനു മാത്രം ഒരു സംശയം. മറ്റൊന്നുമല്ല. പൂതനയ്ക്കു മോക്ഷം കൊടുത്ത കാലത്തു ശ്രീകൃഷ്ണൻ കുട്ടിയല്ലേ ആയിരുന്നത്? ഗോപാലവൃത്തിക്കു കാലമായിട്ടില്ലല്ലോ."

കരുണാകരമേനോൻ: അതത്ര സാരമുള്ള കാര്യമാണെന്നു തോന്നുന്നില്ല. കാലഗണനയിൽ ദോഷം കാവ്യങ്ങളിൽ പലെടത്തും വരാറുണ്ടെന്നു ഗുരുമുഖത്തിൽനിന്നും കേട്ടിട്ടുണ്ട്. പദങ്ങളുടെ അർത്ഥം അത്ര ശരാശരിയായി നോക്കുവാൻ പോയാൽ ഈ ദോഷം കൂടെക്കൂടെ കാണ്മാൻ സംഗതിയുണ്ട്. ശങ്കരശാസ്ത്രികളുമായി ഞാൻ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം കാലഗണനാഭാവത്തിന് ഉദാഹരണമായി ഇന്നലെ ഒരു ശ്ലോകം ചൊല്ലി. ഞാൻ അതുടനേ കാണാപ്പാഠമാക്കി.

മാധവമേനോൻ: "എന്താത്? അതിനിക്കു പഠിക്കണം.

കരുണാകരമേനോൻ:
  വിശ്വാവസുപ്രഗ്രസരപ്രവീണൈ
  സ്സംഗീയമാനസ്ത്രീപുരാപദാനൈഃ
  അധ്വാനമധ്വാന്തവികാരപഡ്യ
  സുതാര താരാധിപഖണ്ഡധാരീ.

ഇതിൽ ത്രിപുരാപദാനൈഃ എന്ന പദത്തിൽ ഈ ദോഷമുണ്ടത്രെ. ആട്ടെ. ആ കഥ പോകട്ടെ. ഗോപാലകൃഷ്ണൻ എന്നതിൽ വല്ല ദോഷവുമുണ്ടെങ്കിൽ നമുക്ക് ആ പദംതന്നെ മാറ്റിക്കളയാം. മാധവൻ ആൾ രസികനാണ്. ഇത്രയ്ക്കുണ്ടെന്നു ഞാൻ നിരൂപിച്ചില്ല. നമുക്കെന്താ അതിനു വിദ്യ? [ 5 ] മാധവമേനോൻ: "കുട്ടി എന്നോ കുട്ടൻ എന്നോ വേണം. എന്നാലേ ശിശുത്വവും ഓമനത്വവും വരൂ."

കരുണാകരമേനോൻ: ആ പദം കൊള്ളാം. എങ്കിലും അതുകൊണ്ടും അക്ഷരം പോരാതെ വരുമല്ലോ. 'യമപുരമഥ പൂകിച്ച--കുട്ടൻ' മൂന്നക്ഷരംകൂടി വേണം.

ഇതിന്നു മാധവമേനോൻ ഒന്നും മറുപടി പറയാതെ എന്തോ ആലോചിച്ചിരിക്കുന്നതുപോലെ അല്പനേരം ഇരുന്നു. കരുണാകരമേനോനും ആലോചിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോഴേക്കു മാധവമേനോൻ അത്യന്തം മുഖപ്രസാദത്തോടുകൂടെ പെട്ടെന്നു "കിട്ടി" എന്നു പറഞ്ഞു. "കേൾക്കട്ടെ" എന്നു കരുണാകരമേനോൻ ചോദിച്ചു. ഉടനേ മാധവമേനോൻ കരുണാകരമേനോന്റെ കയ്യിൽനിന്നും ശ്ലോകം എഴുതിയ കടലാസു വാങ്ങിച്ച് 'ഗോപാലകൃഷ്ണൻ' എന്നതിന്റെ പാഠാന്തരമായി താൻ കണ്ടുപിടിച്ച വാക്കുകൾ വെച്ചു വായിക്കുന്നു.

ചെഞ്ചെമ്മേ ചഞ്ചലാക്ഷീം യമപുരമഥ പൂ--
കിച്ച ചട്ടറ്റ കുട്ടൻ

കരുണാകരമേനോൻ: "എന്നെ വെറുതെ പരിഹസിക്കാനായിട്ടാണ് മാധവൻ എന്നോടു നാടകം ഉണ്ടാക്കാൻ പറഞ്ഞത്. കുട്ടൻ എന്നെക്കാൾ യോഗ്യനായ ഒരു കവിയാണ്, സംശയമില്ല. ഇപ്പോൾ വസ്തുത പറയാമല്ലൊ. 'തെണ്ടിനേൻ ഇണ്ടലെന്യേ' എന്ന അനുപ്രാസം കിട്ടുവാൻ ഇനിക്കു നാലഞ്ചു നാഴിക വേണ്ടി വന്നു."

മാധവമേനോൻ (സന്തോഷത്തോടും ഗൂഢമായ ഗർവത്തോടുംകൂടെ): അല്പനായ എന്നെ പരിഹാസമായി ഇങ്ങനെ ശ്ലാഘിച്ചിട്ട് ഇവിടേക്കെന്താ കിട്ടുന്നത്? രണ്ടക്ഷരം ഒരു പാഠാന്തരമായി ഇനിക്കു ഗുരുത്വം കൊണ്ടു തോന്നിയതിനാൽ ഞാൻ വലിയ കവിയായിപ്പോയോ?

കരുണാകരമേനോൻ: "അതങ്ങനെയല്ലേ പറയാൻ പാടുള്ളൂ. 'മനഃകവിയശഃപ്രാർത്ഥി" എന്നല്ലേ സക്ഷാൽ കാളിദാസൻ തന്നത്താൻ പറയുന്നത്? ആട്ടെ, ആ കാര്യം പോകട്ടെ, നാടകം ഏതായാലും തുടങ്ങിയ അവസ്ഥയ്ക്ക് അത് അവസാനിപ്പിക്കാഞ്ഞാൽ നമുക്കു പോരായ്കയുണ്ട്. കുട്ടന്റെയും സഹായം പ്രത്യേകം. വേണം."

മാധവമേനോൻ: നല്ല കഥയായി. എനിക്കെന്തറിയാം? എനിക്കെന്തു വിൽപ്പത്തിയാണുള്ളത്?

കരുണാകരമേനോൻ: "എനിക്കെന്തു വിൽപ്പത്തിയാണ്?"

മാധവമേനോൻ: നാരായണ! ഇവിടേക്കു വിൽപ്പത്തിയോ? നാവെടുത്താൽ രഘുവംശം ശ്ലോകമാണ്. അക്ഷരശ്ലോകം ചൊല്ലിയാൽ ഇവിടുന്ന് അച്ചു വെക്കാത്ത ആളുകളിവിടെ ഉണ്ടോ? ഇവിടുന്ന് അച്ചു കുടിച്ചതായി ഞാൻ ഇതുവരെ കേട്ടിട്ടില്ല. മിണ്ടുന്ന പദങ്ങൾക്കൊക്കെ അഭിധാനം നാവിന്റെ തുമ്പിലാണ്. 'ഏതു നേരം നോക്കിയാലും ശ്ലോകം ചൊല്ലലാണു വേല. കുളിയും മറ്റും നേരാംവണ്ണം ഇല്ലാതെയായി' എന്നു പറഞ്ഞ് കല്യാണി അൽപ്പം മുഷിഞ്ഞിരിക്കയാണ്. ശിവ ശിവ! ഈയു [ 6 ] ള്ളവന് ഇവിടുത്തേ വിൽപ്പത്തിയുടെ പത്തിലൊരംശം ഉണ്ടായിരുന്നുവെങ്കിൽ കാണായിരുന്നു ചെക്കൻ നാടകമെല്ലാം നാടകമാക്കുന്നത്. എന്തു ചെയ്യും? അതിനു നമുക്കു തലേലെഴുത്തില്ലല്ലോ. ഇവിടത്തേ അവസ്ഥയ്ക്ക് ഒരു നാടകമെങ്കിലും ഉണ്ടാക്കാഞ്ഞാൽ അവമാനമുണ്ട്.

കരുണാകരമേനോൻ: ആട്ടെ, അതെങ്ങനെയെങ്കിലും ആവാം. ഓരോന്നു പറഞ്ഞ് നാം നേരം വൃഥാ കളയരുത്. നമുക്കു കാര്യം നോക്കാൻ കിടക്കുന്നു. ശ്ലോകം മുഴുവനായിട്ടില്ല. നാലാം പാദത്തിൽ രണ്ടു നാലക്ഷരം കുറവുണ്ട്. പ്രാസവും ഒക്കണം. ആലോചിക്കൂ.

എന്നും പറഞ്ഞ് കരുണാകരമേനോൻ കസേരയിൽനിന്നും എഴുന്നേറ്റ് ഉലാത്തിത്തുടങ്ങി. കുറെ നേരം കഴിഞ്ഞിട്ടും ഒന്നും തോന്നുന്നില്ല. അപ്പോൾ മാധവമേനോനോടു പറയുന്നു "ഒരു 'ഇഞ്ച' ഉണ്ടാക്കിത്തരൂ. പിന്നെ ഞാൻ പറ്റിച്ചോളോം."

"ശ്ലോകത്തിന്റെ മൂന്നു പാദങ്ങളിലും വെച്ചിട്ടുള്ള 'ഞ്ച' എന്ന പ്രാസത്തിനൊപ്പിച്ചു നാലാം പാദത്തിനും 'ഞ്ച' എന്ന പ്രാസമുള്ള ഒരു പദം ആലോചിച്ചുണ്ടാക്കൂ" എന്നാണ് ഇപ്പറഞ്ഞതിന്റെ അർത്ഥമെന്ന് മാധവമേന്ന് ഉടനെ മനസ്സിലായി. അൽപ്പം ആലോചിച്ചിട്ട് പറയുന്നു. "നെഞ്ചിൽ എന്നായാലോ?"

കരുണാകരമേനോൻ: നെഞ്ചിൽ എന്നു പറയാറുണ്ടോ? നെഞ്ഞ് നെഞ്ഞ് എന്നല്ലേ രൂപം?

മാധവമേനോൻ: നെഞ്ച് എന്നും പറയാറില്ലേ? (സംയത്തോടു കൂടെ) ഉണ്ടെന്നു തോന്നുന്നു. അതോ നെഞ്ഞോ? നോക്കട്ടേ, നെഞ്ഞ്, നെഞ്ച്, നെഞ്ചിൽ, നെഞ്ഞിൽ.

കരുണാകരമേനോൻ: നല്ലവണ്ണം ആലോചിച്ചിട്ടു മതി. വല്ലതും കൊണ്ടുചേർത്തിട്ട് അബദ്ധമായാൽ ആളുകൾ പരിഹസിക്കും. പരിഹാസക്കാർ ഇപ്പോൾ കുറെ അധികമുള്ള കാലമാണ്. പറങ്ങോടീപരിണയവും മറ്റും പുറപ്പെട്ടതു കണ്ടില്ലേ? അതുകൊണ്ടായില്ല. ഇനി നാടകങ്ങളെ പരിഹസിപ്പാനായി കോതാവിവാഹം എന്നോ മറ്റോ വല്ല ഗോഷ്ടിപ്പേരും കൊടുത്ത് വല്ല നാടകവും പുറപ്പെടാതിരിക്കയില്ലെന്നാണു തോന്നുന്നത്. രാമക്കുറുപ്പവർകൾ ചക്കീചങ്കരം എന്നൊരു പരിഹാസവാളെടുത്ത് നാടകക്കാരെ വെട്ടുവാനായി വളരെ നാളായി ഓങ്ങിക്കഴിക്കുന്നു. വാളിന്റെ പണി എന്നാണാവോ തീരുന്നത്? അതുകൊണ്ടു കുട്ടൻ നല്ലവണ്ണം ആലോചിച്ചിട്ടേ പറയേണ്ടൂ. പണിക്കർ ശത്രുവാണ്. അയാൾക്കു വല്ലതും കിട്ടിയാൽ പിന്നെ കിടന്നുപൊറുക്കാൻ നോക്കണ്ട.

മാധവമേനോൻ: പോകാൻ പറയൂ ആ പെറക്കിയോട്. അവനെന്തറിയാം? തേങ്ങയോ? ഇനിക്കവന്റെ പേരേ കേൾക്കണ്ട. എരപ്പാളി. തെമ്മാടിക്കഴുവേറി. കാണിച്ചുകൊടുക്കാം.

കരുണാകരമേനോൻ: ആ കാര്യം കളയൂ.

മാധവമേനോൻ (പതുക്കെ): നെഞ്ച്. നെഞ്ഞകം, നെഞ്ചകം (ഉറക്കെ) ശരിയാണ് ഞാൻ പറഞ്ഞ വാക്ക്. നെഞ്ച് എന്നു പറയാം. [ 7 ]

 "പഞ്ചതാരപ്പൊടി ഏറ്റം ചിലത്തിയാൽ

 നെ......"

കരുണാകരമേനോൻ: ഇനി ചൊല്ലണ്ട. ശരിതന്നെ. തോന്നി. എങ്കിലും ഇനിയും വേണമല്ലൊ രണ്ടക്ഷരം കൂടി.

മാധവമേനോൻ: അതും പറഞ്ഞുകളയാം. അതും തോന്നി. കിഞ്ചിൽ എന്നായാൽ ദോഷമുണ്ടോ? വെച്ചുചൊല്ലി നോക്കൂ.

കരുണാകരമേനോൻ:

 അഞ്ചാതമ്പോടു പാരിൽ മലയൊടു സമയാം
   പൂതനാ താമരാക്ഷി

 വഞ്ചിപ്പാൻ കൊഞ്ചിവന്നിട്ടുടനിഹ കുചകം--
   ഭം കൊടുത്തോരു നേരം

 ചെഞ്ചെമ്മേ ചഞ്ചലാക്ഷീം യമപുരമഥ പൂ--
   കിച്ച ചട്ടറ്റ കുട്ടൻ

 നെഞ്ചിൽ കിഞ്ചിൽ പ്രസാദം കനിവതിനു കൃപാം
   തെണ്ടിനേനിണ്ടലെന്യേ

മാധവമേനോൻ: അയ്യ്യാ! രസികൻ ശ്ലോകമായില്ലെ? ഇത്ര നല്ല ശ്ലോകം ഞാൻ ഇപ്പോഴൊന്നും കേൾക്കാറില്ല. ഭേഷ് ഭേഷ്. ഒരിക്കൽക്കൂടി കേൾക്കണമിനിക്ക്.

കരുണാകരമേനോൻ: ഞാൻ ഇത് ഇത്ര നന്നാകുമെന്ന് സ്വപ്നേപി കരുതീട്ടുണ്ടായിരുന്നില്ല. ഇതാ ചൊല്ലിക്കൊള്ളൂ--- എന്നും പറഞ്ഞ് തന്റെ കയ്യിൽ ഇരിക്കുന്ന കടലാസുതുണ്ട് മാധവമേനോന്റെ പക്കൽ കൊടുക്കുന്നു.

അപ്പഴേക്കും ശങ്കരൻ ചടപടാ എന്നു കോണിപ്പടി കയറി ബദ്ധപ്പെട്ടു വന്ന് രണ്ടു മടക്ക് ഒന്നാന്തരം ഇഞ്ച കൊണ്ടുവന്ന് "ഇതാ ഇഞ്ച" എന്നും പറഞ്ഞ് കരുണാകരമേനോന്റെ അടുക്കൽ വെച്ചു.

കരുണാകരമേനോൻ വെളുപ്പാൻ കാലത്തുതന്നെ കുളിച്ചിരിക്കുന്നു. പക്ഷേ, ഈ വിഡ്ഢി ശങ്കരൻ ആ കഥ മറന്നു. സ്വാമിഭക്തിയും മറ്റും കലശലാണെങ്കിലും ശങ്കരൻ കുറേ വിഡ്ഢിയാണ്. തന്റെ എയമാൻ നാടകം ഉണ്ടാക്കയാണെന്നു കേട്ടതുമുതൽ ഇവനു കരുണാകരമേനോന്റെ നേരേ ബഹുമാനവും ഭക്തിയും എരട്ടിച്ചിരിക്കുന്നു. മാധവമേനോൻ മാളികമുറിയിലേക്ക് കയറിപ്പോയിട്ട് അല്പനേരം കഴിഞ്ഞപ്പോൾ ഈ ശങ്കരൻ പതുക്കെ ചെന്ന് കോണിവാതിക്കൽ അവരെന്താണ് പറയുന്നതെന്ന് കേൾപ്പാനായി അനങ്ങാതെ നിൽക്കുന്നുണ്ടായിരുന്നു. കരുണാകരമേനോൻ വേണ്ടുംവണ്ണം തേച്ചുകുളിയും മറ്റും കഴിക്കുന്നില്ലെന്നും അതുകൊണ്ട് കല്യാണിയമ്മ അല്പം മുഷിഞ്ഞിരിക്കുന്നു എന്നും മാധവമേനോൻ പറഞ്ഞ ഉടനേതന്നെ കരുണാകരമേനോൻ "ഞ്ച" ഉണ്ടാക്കിത്തരു എന്നു പറഞ്ഞത് തന്നോടാണെന്നും തന്നെ കരുണാകരമേനോൻ കാണുക കഴിഞ്ഞു എന്നും ശങ്കരൻ കണക്കാക്കി ഇഞ്ച ക്ഷണത്തിൽ തയ്യാറാക്കിക്കൊണ്ടു വന്നിരിക്കയാണ്. കരുണാകരമേനോൻ ഊണു കഴി [ 8 ] ച്ചിട്ടില്ലാത്തതിനാൽ കുളിയും കഴിച്ചിട്ടില്ല എന്നും അതുകൊണ്ടാണ് ഇഞ്ച ചോദിച്ചതെന്നും ഈ വിഡ്ഢ്യാൻ അന്ധാളിച്ചുപോയതാണ്.

അങ്ങനെ ഇവൻ ഇഞ്ചമടക്ക് കൊണ്ടുവന്ന് മുമ്പിൽ വെച്ചതു കണ്ടപ്പോൾ കരുണാകരമേനോൻ "എന്തെടാ ഇത്?" എന്നു ചോദിച്ചു. "ഇഞ്ച ഉണ്ടാക്കിക്കൊണ്ടുവരാനായിട്ട് കല്പിച്ചപോലെ കൊണ്ടുവന്നതാണ്" എന്നു മറുപടി പറഞ്ഞു. മാധവമേനോൻ ഇതു കേട്ടപ്പോൾ പൊട്ടിച്ചിരിച്ചു. ചിരി നിറുത്തീട്ടും നിൽക്കുന്നില്ല. അതു കണ്ടിട്ട് ശങ്കരനും അല്പം ചിരി വന്നു. കരുണാകരമേനോന്റെ മുഖം ഒന്ന് കറുത്തു. മാളികമുറിയിൽ വെച്ചുണ്ടായ വർത്തമാനം മുഴുവനും ശങ്കരൻ പതുങ്ങിനിന്നു കേട്ടു എന്നും ശ്ലോകമുണ്ടാക്കിയതിൽ മാധവമേനോൻ സഹായിച്ച വിവരം ശങ്കരൻ അറിഞ്ഞു എന്നും ഉള്ള വിചാരമാണു കരുണാകരമേന്ന് സഹിച്ചു കൂടാത്തത്. എന്നുതന്നെയല്ല ശങ്കരൻ തന്നെ പരിഹസിക്കയല്ലേ എന്നു കൂടി ഒരു ശങ്ക തുടങ്ങി. കോപം ജ്വലിച്ചു. "ഈ കഴുവേറിയെ കൊന്നാലെന്താണ്?" എന്നും പറഞ്ഞ് ശങ്കരന്റെ നേരേ ഓടിയടുത്ത് തലയ്ക്ക് നോക്കി ഒരു ഊക്കൻ ഇടി കൊടുത്തു. ശങ്കരൻ ഈ ഇടിയിൽനിന്നും നീങ്ങി ഒഴിഞ്ഞതിനാൽ കരുണാകരമേനോന്റെ ലാക്കു തെറ്റി. ആ ആച്ചലോടുകൂടെ അദ്ദേഹം വീഴാൻപോയി. എന്നുതന്നെയല്ല പകുതി വീണു. അപ്പോൾ മാധവമേനോന്റെ ചിരി അടക്കികൂടാതായി. ശങ്കരൻ എലി പോലെ നിന്നു വിറയ്ക്കുന്നു എങ്കിലും മാധവമേനോന്റെ മുഖത്ത് ഒന്നു നോക്കിയ ക്ഷണത്തിൽ ശങ്കരനും പൊട്ടിച്ചിരിച്ചുപോയി. ശങ്കരൻ തന്നെ പരിഹസിക്കയാണെന്ന് ഇപ്പോൾ തീർച്ചയായി. ഓടിച്ചെന്ന് ശങ്കരനെപ്പിടിച്ച് ഒരു തള്ള്. പാവം ശങ്കരൻ ചക്ക വീഴുന്ന മാതിരി പിതോം എന്നങ്ങട്ട് മലർന്നുവീണു. കരുണാകരമേനോൻ തുടങ്ങി ഇടി. ഇടിതന്നെ. എന്തൊരിടി. "കഴുവേറി, ചാവ്. നിയ് എന്നെ പരിഹസിക്കാറായോ? ഇഞ്ച ചോദിച്ചു ഞാൻ നിന്നൊട്, അല്ലേ? ചാവ്, ചാവ്" എന്നും പറഞ്ഞ് അടി, ഇടി, ചവിട്ട് മുതലായത് തിരുതകൃതി. ശങ്കരൻ "അയ്യ്യോ ഞാൻ ചത്തോ. എന്നെക്കൊന്നോ എന്നെക്കൊന്നോ" എന്ന് ഉറക്കെ നിലവിളിക്കുന്നു. മാധവമേനോൻ ഇതിനിടയിൽ തിടുക്കത്തിൽ കോണിയിറങ്ങി കല്യാണിയമ്മയുടെ അടുക്കൽ ചെന്ന് "ശങ്കരനെ ഇപ്പോൾ പാകമാക്കും" എന്നും പറഞ്ഞ് ഇറങ്ങിപ്പോയി.