താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്ചിട്ടില്ലാത്തതിനാൽ കുളിയും കഴിച്ചിട്ടില്ല എന്നും അതുകൊണ്ടാണ് ഇഞ്ച ചോദിച്ചതെന്നും ഈ വിഡ്ഢ്യാൻ അന്ധാളിച്ചുപോയതാണ്.

അങ്ങനെ ഇവൻ ഇഞ്ചമടക്ക് കൊണ്ടുവന്ന് മുമ്പിൽ വെച്ചതു കണ്ടപ്പോൾ കരുണാകരമേനോൻ "എന്തെടാ ഇത്?" എന്നു ചോദിച്ചു. "ഇഞ്ച ഉണ്ടാക്കിക്കൊണ്ടുവരാനായിട്ട് കല്പിച്ചപോലെ കൊണ്ടുവന്നതാണ്" എന്നു മറുപടി പറഞ്ഞു. മാധവമേനോൻ ഇതു കേട്ടപ്പോൾ പൊട്ടിച്ചിരിച്ചു. ചിരി നിറുത്തീട്ടും നിൽക്കുന്നില്ല. അതു കണ്ടിട്ട് ശങ്കരനും അല്പം ചിരി വന്നു. കരുണാകരമേനോന്റെ മുഖം ഒന്ന് കറുത്തു. മാളികമുറിയിൽ വെച്ചുണ്ടായ വർത്തമാനം മുഴുവനും ശങ്കരൻ പതുങ്ങിനിന്നു കേട്ടു എന്നും ശ്ലോകമുണ്ടാക്കിയതിൽ മാധവമേനോൻ സഹായിച്ച വിവരം ശങ്കരൻ അറിഞ്ഞു എന്നും ഉള്ള വിചാരമാണു കരുണാകരമേന്ന് സഹിച്ചു കൂടാത്തത്. എന്നുതന്നെയല്ല ശങ്കരൻ തന്നെ പരിഹസിക്കയല്ലേ എന്നു കൂടി ഒരു ശങ്ക തുടങ്ങി. കോപം ജ്വലിച്ചു. "ഈ കഴുവേറിയെ കൊന്നാലെന്താണ്?" എന്നും പറഞ്ഞ് ശങ്കരന്റെ നേരേ ഓടിയടുത്ത് തലയ്ക്ക് നോക്കി ഒരു ഊക്കൻ ഇടി കൊടുത്തു. ശങ്കരൻ ഈ ഇടിയിൽനിന്നും നീങ്ങി ഒഴിഞ്ഞതിനാൽ കരുണാകരമേനോന്റെ ലാക്കു തെറ്റി. ആ ആച്ചലോടുകൂടെ അദ്ദേഹം വീഴാൻപോയി. എന്നുതന്നെയല്ല പകുതി വീണു. അപ്പോൾ മാധവമേനോന്റെ ചിരി അടക്കികൂടാതായി. ശങ്കരൻ എലി പോലെ നിന്നു വിറയ്ക്കുന്നു എങ്കിലും മാധവമേനോന്റെ മുഖത്ത് ഒന്നു നോക്കിയ ക്ഷണത്തിൽ ശങ്കരനും പൊട്ടിച്ചിരിച്ചുപോയി. ശങ്കരൻ തന്നെ പരിഹസിക്കയാണെന്ന് ഇപ്പോൾ തീർച്ചയായി. ഓടിച്ചെന്ന് ശങ്കരനെപ്പിടിച്ച് ഒരു തള്ള്. പാവം ശങ്കരൻ ചക്ക വീഴുന്ന മാതിരി പിതോം എന്നങ്ങട്ട് മലർന്നുവീണു. കരുണാകരമേനോൻ തുടങ്ങി ഇടി. ഇടിതന്നെ. എന്തൊരിടി. "കഴുവേറി, ചാവ്. നിയ് എന്നെ പരിഹസിക്കാറായോ? ഇഞ്ച ചോദിച്ചു ഞാൻ നിന്നൊട്, അല്ലേ? ചാവ്, ചാവ്" എന്നും പറഞ്ഞ് അടി, ഇടി, ചവിട്ട് മുതലായത് തിരുതകൃതി. ശങ്കരൻ "അയ്യ്യോ ഞാൻ ചത്തോ. എന്നെക്കൊന്നോ എന്നെക്കൊന്നോ" എന്ന് ഉറക്കെ നിലവിളിക്കുന്നു. മാധവമേനോൻ ഇതിനിടയിൽ തിടുക്കത്തിൽ കോണിയിറങ്ങി കല്യാണിയമ്മയുടെ അടുക്കൽ ചെന്ന് "ശങ്കരനെ ഇപ്പോൾ പാകമാക്കും" എന്നും പറഞ്ഞ് ഇറങ്ങിപ്പോയി.

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/8&oldid=203432" എന്ന താളിൽനിന്ന് ശേഖരിച്ചത്