താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാം അദ്ധ്യായം


"എടാ നിന്ദക്കഴുവേറീ. ഇവൻ നിമിത്തം ഒരു കാര്യത്തിൽ മനസ്സിരുത്തുവാൻ പാടില്ലെന്നായല്ലൊ. കച്ചേരിക്കു പോകുന്ന കാര്യം അന്വേഷിക്കേണ്ടവൻ നീയോ ഞാനോ? എന്തെടാ? കഴുവേറീ, പറ. ഇനിക്കറിഞ്ഞുകൂടെ അതിനുള്ള നേരം? നിന്നെ ഇങ്ങനെ കൂടെക്കൂടെ ഇതിന്റെ മുകളിലേക്കു വലിച്ചുകൊണ്ടു വരണോ?"

"നേരം ഇശ്യായീന്നു പറഞ്ഞു അമ്മ. മണി പതിനൊന്നടിച്ചുവെന്നു പറയാൻ പറഞ്ഞിട്ടാണ്. ഊണു കാലായിട്ടു നേരം...."

"ഹടി. വായാട്ടക്കാരൻ കഴുവേറീ, നിന്നോടല്ലേ പോകാൻ പറഞ്ഞത്?"

കിഴക്കേസ്രാമ്പിയിൽ കരുണാകരമേനോൻ ഭൃത്യന്റെ നേരെ ഇങ്ങനെ തട്ടിക്കയറി. അടിക്കാനായി വരുന്നതു കണ്ടപ്പോൾ അവൻ ഭയപ്പെട്ട് ഓടി കോണിപ്പടി ഇറങ്ങുകയാൽ കാൽ തെന്നി തികതത്താ എന്നുമറിഞ്ഞു നിലത്തേക്ക് ഉരുണ്ടു വീണു. കരുണാകരമേനോൻ ഈ ഒച്ച കേട്ട് കോണിവാതുക്കൽ വന്ന് താഴത്തേക്കു നോക്കിയപ്പോൾ ഭൃത്യൻ വീണെടത്തു നിന്നും തട്ടിപ്പിടഞ്ഞ് എഴുന്നേൽക്കുന്നതു കണ്ടിട്ട് പറയുന്നു.

"അങ്ങനെ വേണം നിനക്ക്. കുർ---രുത്തംകെട്ട കഴുവേറീ. നിനക്കതു പറ്റണം. എത്ര തവണ നീ എന്നെ വന്ന് അസഹ്യപ്പെടുത്തി?"

അപ്പഴേക്കും കരുണാകരമേനോൻ്റെ ഭാര്യ അവിടെ എത്തി. ഇതെല്ലാം കണ്ടപ്പോൾ വളരെ വ്യസനിച്ചു. ഭർത്താവിനെ കോപത്തോടുകൂടെ ഒന്നുനോക്കി. "ശങ്കരാ ഇങ്ങട്ടു പോരു. ഇക്കാലത്തു ഗുണം ചെയ്‌വാൻ പോയാൽ ദോഷമാണ് ഫലം. ഉണ്ണാൻ വിളിച്ചാൽ തള്ളിയിടുക എന്നുള്ള കാലമാണ്. കലിവൈഭവം. കലിവൈഭവം" എന്നു പറഞ്ഞ് അകത്തേക്കുപോയി.

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/1&oldid=203488" എന്ന താളിൽനിന്ന് ശേഖരിച്ചത്