താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരുണാകരമേനോൻ: അത്ര നന്നായിട്ടുണ്ടോ എന്നു സംശയമാണ്. എങ്കിലും ചൊല്ലാം.

അഞ്ചാതമ്പോടു പാരിൽ മലയൊടു സമയാം
   പൂതനാ താമരാക്ഷി

വഞ്ചിപ്പാൻ കൊഞ്ചിവന്നിട്ടുടനിഹ കുചകും--
   ഭം കൊടുത്തോരു നേരം

ചെഞ്ചെമ്മേ ചഞ്ചലാക്ഷീം യമപുരമഥ പൂ--
   കിച്ച ഗോപാലകൃഷ്ണൻ

ഇനിയത്തെ പാദം മുഴുവനായിട്ടില്ല. തുടക്കത്തിൽ കുറേ അക്ഷരം കിട്ടണം. പ്രാസവും വേണം.


   ......പ്രസാദം കനിവതിനു കൃപാം
   തെണ്ടിനേൻ ഇണ്ടലെന്യേ

മാധവമേനോൻ: ഇതാണോ ചീത്തയെന്നു ശങ്കിച്ചത്? ആ പണിക്കക്കൊട്ടിയുടെ നാടകം മുഴുവനിലും ഇത്ര നല്ല ഒരു ശ്ലോകം നോക്കിയാൽ കാണുമോ? അനുപ്രാസം വെക്കുന്നതിൽ ഇവിടുത്തേ സാമർത്ഥ്യം ഞാൻ ഒട്ടും കരുതാത്തതാണ്. എങ്കിലും ഒരു സംശയമുണ്ടെനിക്ക്.

കരുണാകരമേനോൻ (ബദ്ധപ്പെട്ട്): എന്താത്?

മാധവമേനോൻ: "ഗോപാലകൃഷ്ണൻ എന്ന പദം അത്ര ചേർച്ചയുണ്ടോ എനു മാത്രം ഒരു സംശയം. മറ്റൊന്നുമല്ല. പൂതനയ്ക്കു മോക്ഷം കൊടുത്ത കാലത്തു ശ്രീകൃഷ്ണൻ കുട്ടിയല്ലേ ആയിരുന്നത്? ഗോപാലവൃത്തിക്കു കാലമായിട്ടില്ലല്ലോ."

കരുണാകരമേനോൻ: അതത്ര സാരമുള്ള കാര്യമാണെന്നു തോന്നുന്നില്ല. കാലഗണനയിൽ ദോഷം കാവ്യങ്ങളിൽ പലെടത്തും വരാറുണ്ടെന്നു ഗുരുമുഖത്തിൽനിന്നും കേട്ടിട്ടുണ്ട്. പദങ്ങളുടെ അർത്ഥം അത്ര ശരാശരിയായി നോക്കുവാൻ പോയാൽ ഈ ദോഷം കൂടെക്കൂടെ കാണ്മാൻ സംഗതിയുണ്ട്. ശങ്കരശാസ്ത്രികളുമായി ഞാൻ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം കാലഗണനാഭാവത്തിന് ഉദാഹരണമായി ഇന്നലെ ഒരു ശ്ലോകം ചൊല്ലി. ഞാൻ അതുടനേ കാണാപ്പാഠമാക്കി.

മാധവമേനോൻ: "എന്താത്? അതിനിക്കു പഠിക്കണം.

കരുണാകരമേനോൻ:
  വിശ്വാവസുപ്രഗ്രസരപ്രവീണൈ
  സ്സംഗീയമാനസ്ത്രീപുരാപദാനൈഃ
  അധ്വാനമധ്വാന്തവികാരപഡ്യ
  സുതാര താരാധിപഖണ്ഡധാരീ.

ഇതിൽ ത്രിപുരാപദാനൈഃ എന്ന പദത്തിൽ ഈ ദോഷമുണ്ടത്രെ. ആട്ടെ. ആ കഥ പോകട്ടെ. ഗോപാലകൃഷ്ണൻ എന്നതിൽ വല്ല ദോഷവുമുണ്ടെങ്കിൽ നമുക്ക് ആ പദംതന്നെ മാറ്റിക്കളയാം. മാധവൻ ആൾ രസികനാണ്. ഇത്രയ്ക്കുണ്ടെന്നു ഞാൻ നിരൂപിച്ചില്ല. നമുക്കെന്താ അതിനു വിദ്യ?

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/4&oldid=165954" എന്ന താളിൽനിന്ന് ശേഖരിച്ചത്