താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നു പറഞ്ഞു മുഖം തുടച്ച് ഒരു ദീർഘനിശ്വാസം ചെയ്തു. ഇനിക്കിതു കണ്ടപ്പോൾ--ശേഷയ്യരോടിനിക്കു തുറന്നു പറയാമല്ലൊ--ലക്ഷ്മിയുടെ നേരെയുണ്ടായ അനുരാഗം--ഇത്രയാണുണ്ടായതെന്നു പറഞ്ഞൊപ്പിക്കുവാൻ പ്രയാസം. എങ്കിലും സ്ത്രീകളെ അത്ര എളുപ്പത്തിൽ വിശ്വസിച്ചുകൂടല്ലൊ എന്നു വിചാരിച്ച് എന്റെ പ്രണയം ലേശമെങ്കിലും പുറത്തുകാണിച്ചില്ല.

ശേഷയ്യൻ: പണിക്കർ ആൾ ബഹുസമർത്ഥൻ തന്നെ--എന്നും പറഞ്ഞു കുറേ ചിരിച്ചു. കേശവനെളയതും ചിരിച്ച് "കളയൂ വേഗം കലാശിപ്പിക്ക്" എന്നു പറഞ്ഞു.

ശേഷയ്യൻ: എളയതവിടെ മിണ്ടാതെയിരിക്കു (ബദ്ധകൗതുകത്തോടെ ഗോവിന്ദപ്പണിക്കരോട്) എന്നിട്ടോ?

ഗോവിന്ദപ്പണിക്കർ: ലക്ഷ്മിയെ ഒന്നുകൂടി പരീക്ഷിക്കണമെന്നു ഞാൻ നിശ്ചയിച്ചു. "പതിവ്രതാധർമ്മത്തിന്ന് ഈ വാക്കുകളൊന്നും അത്ര ചേരുന്നതല്ല. കിട്ടോ" എന്നു പറഞ്ഞു.

അപ്പോൾ ലക്ഷ്മി--: "എന്താ ചേരായ്ക? എന്റെ ഹിതത്തിനു വിരോധമായിട്ടു സംബന്ധം ഇനിക്കു വയ്യ. എന്നുതന്നെയല്ല ശീമയിൽ ഭാര്യകളെയും ഭർത്താക്കന്മാരെയും യഥേഷ്ടം മാറാമെന്ന് ഇന്നലെ കൂടി കൊച്ചുകുട്ടൻ കടലാസിൽ വായിച്ചുപറയുന്നതു കേട്ടു" എന്നു പറഞ്ഞു.

ഇതു കേട്ടപ്പോൾ ഇനിക്കു ഭയമായി. ഇങ്ങനത്തവളാണോ ഇവൾ? ഇതാണോ മനോഗതം? എന്നു ചിന്തിച്ച് ഇപ്രകാരം പറഞ്ഞു. "അയ്യോ. അങ്ങനെയാണ് കരുതിയിരിക്കുന്നത്? ഈ മ്ലേച്ഛന്മാരുടെ സമ്പ്രദായം നമ്മുടെ ഇടയിലും പരത്താനാണോ ലക്ഷ്മി കോപ്പിടുന്നത്? തരക്കേടില്ല. എന്നാൽ സംബന്ധക്കാർ വേണമെന്നില്ല."

ഞാൻ ഇങ്ങനെ പറഞ്ഞ് ഒന്നു രണ്ട് അടി വെച്ചു. അപ്പോൾ ലക്ഷ്മി എന്റെ മുഖത്തു സൂക്ഷിച്ചു നോക്കി വേഗം വേലിയുടെ അടുക്കലേക്കു വന്ന് മേൽപ്പറഞ്ഞ കഴ കടന്നു പതുക്കെ "പ്രാണവല്ലഭാ എന്നെ വ്യസനിപ്പിക്കരുതേ" എന്നു തൊണ്ടയിടറിപ്പറഞ്ഞതിന്റെ ശേഷം കണ്ണിൽ ബാഷ്പധാരയോടു കൂടെ കയ്യിൽ വെച്ചിരുന്ന ചെമ്പകപ്പൂമാല എന്റെ കുടുമയിൽവെച്ചു. ഒരു ക്ഷണനേരമെങ്കിലും പിന്നെ അവിടെ നിൽക്കാതെ കിളിവേലിയിലേക്കുതന്നെ ഓടിപ്പോയി. എങ്കിലും ശ്രോണീമണ്ഡലഭാരത്താൽ ഗമനം മന്ദമായിരുന്നു എന്ന് ഇനിക്ക് തോന്നി.

ശേഷയ്യൻ: "ഭേഷ്, ഭേഷ്. ഈ വർത്തമാനമാണോ എളയതു മുടക്കുവാൻ നോക്കിയത്?"

ഗോവിന്ദപ്പണിക്കർ: "ലക്ഷ്മി പോയതോടുകൂടി എന്റെ പ്രാണങ്ങളും വലിച്ചുകൊണ്ടു പോയോ എന്നു ശങ്കിച്ചു ഞാൻ അവിടെ കുറേ നേരം ചത്തപോലെ നിന്നു. അല്ല. ചത്തപോലെയല്ല. സാക്ഷാൽ ചത്തു എന്നു തന്നെ പറയണം. എന്റെ നേരെയുണ്ടായ അനുരാഗത്തിന് എന്തു കാരണമെന്നറിയാതെ ഞാൻ ഏറ്റവും പരിഭ്രമിച്ചു."

ശേഷയ്യൻ: "കാരണം ഇപ്പോൾ വിശേഷിച്ചു വല്ലതും വേണമെന്നുണ്ടോ? ഗോവിന്ദപ്പണിക്കരുടെ രസികത്വം കണ്ടിട്ടു തന്നെ."

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/13&oldid=203449" എന്ന താളിൽനിന്ന് ശേഖരിച്ചത്