താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശേഷയ്യൻ: "ഉണ്ടായിരിക്കാം. എങ്കിലും അതു സാരമില്ല. ഉടപ്പിറന്നവൾ കല്യാണിയില്ലേ മാധവന്? അതുകൊണ്ട് ഒന്നും സാരമില്ലാതെ കലാശിക്കും. പിണക്കമുണ്ടെങ്കിൽ ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രമേ നിലനിക്കയുള്ളൂ.

ഗോവിന്ദപ്പണിക്കർ-- "അതെങ്ങനെയെങ്കിലും ആകട്ടെ. എന്റെ നാടകം അഭിനയിച്ചാൽ പിന്നെ കരുണാകരമേനോൻ അദ്ദേഹത്തിന്റെ നാടകം നിറുത്തിക്കളയുമെന്നു ശേഷയ്യർക്കു നല്ല നിശ്ചയമുണ്ടോ?"

ശേഷയ്യൻ: "ഉണ്ട്. നല്ല നിശ്ചയമുണ്ട്. അല്ലെങ്കിൽ കണ്ടോളു."

ഗോവിന്ദപ്പണിക്കർ: എന്നാൽ, അങ്ങനെതന്നെ. ഉടുപ്പുകൾ ഇന്നുതന്നെ തയ്യാറാക്കുന്നതിന്നു ഞാൻ "സഹൃദയഹൃദയോല്ലാസിനീ" സഭയുടെ കാര്യസ്ഥന് എഴുതിക്കളയാം. എന്തു ചെലവായാലും വേണ്ടില്ല. എന്നാൽ ഇനി പിരികയല്ലേ? സ്വാമികൾക്കും പോകാൻ വൈകിയിരിക്കും."

ശേഷയ്യൻ: "ഞാൻ ചന്ദ്രശേഖരയ്യന്റെ മഠത്തിലേക്കു പോകുന്ന വഴിക്കാണ് എളയതിനെ കണ്ടത്. അപ്പോൾ പണിക്കറെ ഒന്നു കാണാമല്ലോ എന്നുവെച്ചു കയറിയതാണ്. ചന്ദ്രശേഖരയ്യൻ എന്നെ കാത്തിരിക്കും. മണി എട്ടായില്ലേ?"

ഗോവിന്ദപ്പണിക്കർ: "ഏഴേമുക്കാലായി."

ശേഷയ്യൻ: "എന്നാൽ അങ്ങനെയാണ്. പറഞ്ഞ കാര്യമൊന്നും അമാന്തിക്കരുത്. പേഷ്കാരെ ക്ഷണിക്കുവാൻ ഒട്ടും അമാന്തിക്കരുത്--എന്നും പറഞ്ഞ് പോയി.

എളയത്: --പേഷ്ക്കാരെ ഇത്ര മുറുക്കമായി പിടിച്ചിരിക്കുന്നതെന്താണാവോ. ശേഷയ്യൻ കള്ളനാണ്. ഇദ്ദേഹം പറയുന്നതൊക്കെ ഇനിക്ക് അത്രയ്ക്കേ സമ്മതമാകുന്നുള്ളു."

ഗോവിന്ദപ്പണിക്കർ:"രണ്ടായാലും നാടകം അഭിനയിക്കുന്നതിന്ന് വിരോധമില്ല. എപ്പഴായാലും അഭിനയിക്കണമല്ലൊ. ഇനി അത് കഴിയുന്നതും കേമമാക്കാനാണ് നോക്കേണ്ടത്."

എളയത്: "അതിന് ഉൽസാഹിക്കേണ്ടതാണ്. ഞാൻ വൈകുന്നേരം വരാം. കുളിക്കാൻ നേരമായി."

ഇങ്ങനെ പറഞ്ഞ് എളയതും പിരിഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/19&oldid=203455" എന്ന താളിൽനിന്ന് ശേഖരിച്ചത്