താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആണ്. എളയതിനും പണിക്കരെ എത്രയും ബഹുമാനമുണ്ട്. ഇവർ രണ്ടു പേരും വന്ന ഉടനേ പണിക്കർ എഴുന്നേറ്റു കസേര വലിച്ചിട്ടുകൊടുത്തു. ഇരിക്കാൻ പറഞ്ഞു. അതിന്റെ ശേഷം അവിടെ നടന്ന സംഭാഷണം താഴെ ചേർക്കുന്നു.

ഗോവിന്ദപ്പണിക്കർ: കേട്ടില്ലേ എളയത്? ആ മാധവമേനോൻ ഇപ്പോൾ നമ്മോടായി മൽസരം. കരുണാകരമേന്നെ ദിവസവും ചെന്ന് അസഹ്യപ്പെടുത്തുകയാണത്രെ.

എളയത്: ഞാനും കേട്ടു അല്പം. ആ വിവരം പറയാനായിട്ടാണ് ഇങ്ങട്ടു പുറപ്പെട്ടത്. വഴിക്കു ശേഷയ്യരെ കണ്ടു.

ശേഷയ്യർ: ഇനിക്കിതൊന്നും ലവലേശം മനസ്സിലാകുന്നില്ല. നിങ്ങൾ എന്തോ പറയുന്നു. എന്തു മത്സരമാണ്. പക്ഷേ, സ്വകാര്യമായിരിക്കുമോ എന്നാൽ ഞാൻ പൊയ്ക്കളയാം--എന്നും പറഞ്ഞ് എഴുന്നേൽക്കാൻ തുടങ്ങുന്നു.

ഗോവിന്ദപ്പണിക്കർ: ഛേ. ഇരിക്കു ശേഷയ്യരേ. പറയാം. ശേഷയ്യരുള്ളപ്പോൾ എന്തു സ്വകാര്യമാണിനിക്ക്. ഒക്കെ മനസ്സിലാക്കിത്തരാം. നല്ല രസമുണ്ട്.

എളയത്: മാധവമേന്റെ വർത്തമാനം ഇവിടെ ആരാണ് പറഞ്ഞത്?

ഗോവിന്ദപ്പണിക്കർ: ആ ചെക്കൻ ചങ്കരൻ ഇന്നലെ ഇവിടെ വന്നിട്ടുണ്ടായിരുന്നു. അവൻ വലിയ സ്വകാര്യമായി വെച്ചിരിക്കയാണത്രെ. ഇവിടെ അടിച്ചുതളി നാരായണിയോടാണ് പറഞ്ഞത്, കരുണാകരമേനോൻ നാടകം ഉണ്ടാക്കുന്നുണ്ടെന്ന്.

എളയത്: അവൻതന്നെയാണ് മഠത്തിലേ ശിഷ്യൻ ഗോപാലനോടും പറഞ്ഞത്.

ഗോവിന്ദപ്പണിക്കർ: ആ കഴുവേറിക്ക് ഇതുതന്നെയാണു വേല. കരുണാകരമേന്റെ അവസ്ഥകളും മറ്റും എല്ലായിടത്തും ഘോഷിച്ചുകൊണ്ട് നടക്കായാണു പണി. അദ്ദേഹം ഈ വർത്തമാനം കേട്ടാൽ കഴുവേറിയെക്കൊല്ലും. നാടകം അത്ര ഗോപ്യമായിട്ടാണത്രെ ഉണ്ടാക്കുന്നത്.

ശേഷയ്യർ: ഓ ഹോ. നാടകമാണല്ലേ? ഇപ്പോൾ മനസ്സിലായി. നായന്മാർക്കിപ്പോൾ ഇതല്ലേ സമാചാറമുള്ളൂ.

എളയത്: നാടകത്തിന്റെ പേര് എന്താണെന്നറിഞ്ഞുവോ?

ഗോവിന്ദപ്പണിക്കർ: ഇല്ല. അതില്ല.

എളയത്: മാധവമേനോൻ പറഞ്ഞിട്ടാണോ നാടകം ഉണ്ടാക്കാൻ തുടങ്ങിയിരിക്കുന്നത്?

ഗോവിന്ദപ്പണിക്കർ: ആ വിദ്വാന്ന് ഇപ്പോൾ കിഴക്കേസ്രാമ്പിയിൽ നിന്നൊഴിഞ്ഞിട്ടുള്ള നേരമുണ്ടോ? നാണമില്ലാത്തവൻ. അവനെന്തു മേനോൻ?

ഇതു കേട്ടപ്പോൾ ശേഷയ്യനു കുറെ രസം പിടിച്ചു. പണിക്കർക്കും മാധവമേനോനും തമ്മിൽ എന്തോ ശണ്ഠയുണ്ടെന്നും കഴിയുമെങ്കിൽ അതു മുറുക്കി രണ്ടുപേരെയും ചെണ്ടകൊട്ടിക്കണമെന്നും നിശ്ചയിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/10&oldid=203434" എന്ന താളിൽനിന്ന് ശേഖരിച്ചത്