താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശേഷയ്യൻ: "പറയാം. പണിക്കരുടെ നാടകം വരുന്ന ആഴ്ചയിൽത്തന്നെ അഭിനയിക്കാൻ ഏർപ്പാടുകൾ ചെയ്യണം. ഉടുപ്പുകൾ മോഷ്ടിക്കപ്പെട്ടു എങ്കിൽ ഉടനെ ഉണ്ടാക്കണം. അഭിനയം ഒന്നാന്തരമായിരിക്കണം."

ഗോവിന്ദപ്പണിക്കർ: "അങ്ങനെ ചെയ്യാം."

ശേഷയ്യൻ: "യോഗ്യരായുള്ളാളുകളെ ഒക്കെ ക്ഷണിക്കണം. ടിക്കറ്റുകൾ വേണ്ട. ടിക്കറ്റു വെച്ചാൽ ആളുകൾ കുറയും. പണിക്കരുടെ നാടകം ആദ്യമായി അഭിനയിക്കുകയല്ലേ. പ്രവേശനം സൗജന്യമായി എല്ലാവ‍ർക്കും അനുവദിക്കണം."

ഗോവിന്ദപ്പണിക്കർ: "അങ്ങനെ ആവാം. ആട്ടെ. വിദ്യ ഇതുവരെ പറഞ്ഞില്ലല്ലൊ."

ശേഷയ്യൻ: "പറയാം. ക്ഷമിക്കൂ. കാണികളുടെ കൂട്ടത്തിൽ നമ്മുടെ പുതിയ പേഷ്കാർ അച്യുതമേനോൻ അവർകളെയും ക്ഷണിക്കണം. അദ്ദേഹം എല്ലെൽബിയും മറ്റും പാസ്സായി ശീമയിൽനിന്നു വന്നിരിക്കയല്ലേ?

ഗോവിന്ദപ്പണിക്കർ: "അതിനെന്താ വിരോധം? പക്ഷേ, അദ്ദേഹം വരുമോ എന്നു സംശയമാണ്. അദ്ദേഹത്തിന് ഈ നാടകങ്ങളിലൊക്കെ അത്രയ്ക്കേ താല്പര്യമുള്ളു."

ശേഷയ്യൻ: "ഇങ്ങനെ ഒക്കെ വട്ടംകൂട്ടി ഭേഷായി. തിരുതകൃതിയായി പണിക്കരുടെ നാടകം ഒന്ന് അഭിനയിക്കട്ടെ. അതിനെക്കുറിച്ചു മംഗലശ്ലോകങ്ങൾ മഴപെയ്യുന്നതുപോലെ അവിടെ ചൊരിയുന്നതു കാണാം. ഞാൻ ഒക്കെ ശട്ടംകെട്ടാം."

ഗോവിന്ദപ്പണിക്കർ: (സന്തോഷത്തോടുകൂടെ) "സ്വാമികൾ വിചാരിച്ചാൽ അതല്ല അതിലധികം സാധിക്കുമെന്ന് ഇനിക്കറിഞ്ഞുകൂടെ?"

ശേഷയ്യൻ: "ഇങ്ങനെ ഒരഭിനയം കഴിഞ്ഞാൽപ്പിന്നെ കരുണാകരമേനോൻ നാടകം ഉണ്ടാക്കാനായി തൂവലെടുക്കയില്ല, നിശ്ചയം"

ഗോവിന്ദപ്പണിക്കർ: "അതെന്താണ്?"

ശേഷയ്യൻ: "കരുണാകരമേനോന്റെ സ്വഭാവം നിങ്ങൾക്കു നല്ല നിശ്ചയമില്ല. അദ്ദേഹം മഹാഭീരുവാണ്. പ്രതിയോഗിയുടെ ധാടികൾ കണ്ടാൽ ഇത്ര ഭയമുള്ള വേറെ ഒരാളെ ഞാൻ അറിയുന്നില്ല."

ഗോവിന്ദപ്പണിക്കർ: " എന്നാലും ആ മാധവമേനോൻ അയാളെ പറഞ്ഞ് വശീകരിച്ച് നാടകം കലാശിപ്പിക്കാതെയിരിക്കയില്ലെന്നാണു തോന്നുന്നത്."

എളയത്: "അതിനൊരു കാര്യമുണ്ട്. മാധവമേനോനും കരുണാകരമേനോനും തമ്മിൽ എന്തോ അല്പം ഒരു സൗന്ദര്യപ്പിണക്കത്തിന് കാരണമായത്രെ. അത് ശങ്കരൻ പറഞ്ഞില്ലേ? ഇന്നാൾ ശങ്കരനെ കിഴക്കേസ്രാമ്പിയിൽ വെച്ച് കരുണാകരമേനോൻ തല്ലാൻ പോയപ്പോൾ വീണു എന്നും അതുകണ്ടു മാധവമേനോൻ ചിരിച്ചു എന്നും അതു മൂപ്പർക്ക് അത്ര രസിച്ചില്ലെന്നും മറ്റും കേട്ടു."

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/18&oldid=203454" എന്ന താളിൽനിന്ന് ശേഖരിച്ചത്