താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളാണു സഹിച്ചുകൂടാത്തത്. നാടകങ്ങളുടെ ഗുണദോഷവിവേചനം ചെയ്യുന്നവർ ഇക്കാലത്തു ചുരുക്കമാണ്. നാടകമെന്നു പേരായി വല്ലതും ഉണ്ടാക്കിയാൽ മതി. ആളുകൾക്കൊക്കെ സമമാണ്."

ശേഷയ്യൻ: "അപ്പഴും പണിക്കരുടെ നാടകം മുമ്പു നിൽക്കുമെന്നാണു വിശ്വാസം, അല്ലെ? (മന്ദഹാസത്തോടുകൂടി) ആട്ടെ, അതിനൊരു കൗശലമുണ്ട്. കരുണാകരമേനോന്റെ നാടകപ്പണിയെ നമുക്ക് സസ്പെണ്ട് ചെയ്തുകളയാം."

ഗോവിന്ദപ്പണിക്കർ: "സ്വാമികൾ പറയുന്നത് ഇനിക്കു മനസ്സിലായില്ല."

എളയത്: "ഇനിക്കും മനസ്സിലായില്ല."

ശേഷയ്യൻ:"കരുണാകരമേനോൻ ഇപ്പോൾ നാടകം ഉണ്ടാക്കുന്നില്ലേ?"

എളയത്: "ഉവ്വ്"

ശേഷയ്യൻ:"അതു മുഴുവനായിട്ടില്ലല്ലോ. തുടങ്ങിട്ടല്ലേ ഉള്ളൂ."

എളയത്: "മുഴുവനായിട്ടില്ല. അഞ്ചാറു ദിവസം മുമ്പിൽ ആരംഭിച്ചു എന്നാണു ശങ്കരൻ പറഞ്ഞത്."

ശേഷയ്യൻ: "തീർന്നെടത്തോളം തീർന്നു. ഇനി അത് ഒരക്ഷരം പോലും തുടർച്ചയായി എഴുതിയുണ്ടാക്കാതിരിപ്പാൻ വിദ്യയുണ്ടെന്നാണു ഞാൻ പറഞ്ഞത്."

ഗോവിന്ദപ്പണിക്കർ: "എന്താണത്? ഹൈ അതറിയണ്ടേ? സ്വാമികൾ കുറേ കുസൃതിക്കാരനാണെന്ന് ഇനിക്കു പണ്ടേ നിശ്ചയമുണ്ടല്ലോ. കേൾക്കട്ടെ. എന്താ വിദ്യ?"

ശേഷയ്യൻ: ""നമ്മുടെ കുസൃതിയെക്കുറിച്ചൊന്നും പറയണ്ട. വെറുതെ നമ്മെ പരിഹസിക്കണ്ട."

ഗോവിന്ദപ്പണിക്കർ: "ആട്ടെ പറയൂ."

ശേഷയ്യൻ: "പറയാം. ഗോവിന്ദപ്പണിക്കരുടെ ദേവയാനീകചം അച്ചടിപ്പിച്ചിട്ടല്ലേ ഉള്ളൂ. അഭിനയിച്ചിട്ടില്ലല്ലോ.

ഗോവിന്ദപ്പണിക്കർ: "ഇല്ല. അഭിനയിക്കാനായി ഇവിടത്തേ "സമസ്തസഹൃദയഹൃദയോല്ലാസിനീ" സഭക്കാർ തയാറാക്കുന്നുണ്ട്. വരുന്നാഴ്ചയിൽ അഭിനയിക്കാൻ ഭാവമുണ്ട്."

ശേഷയ്യൻ: "സറി. ഉടുപ്പുകൾ ഒക്കെ തയാറായിട്ടില്ലേ?"

ഗോവിന്ദപ്പണിക്കർ: ആ കഥ പറയണ്ട. ഇവിടെ നാടകമൽസരം പോയി കളവുമൽസരമായിരിക്കുന്നു. "സമസ്തസഹൃദയഹൃദയോല്ലാസിനീ" സഭക്കാരുടെ എത്രയും വിലപിടിച്ച ഉടുപ്പുകൾ ഒക്കെ ഈയിടെ "രസികമംഗലചന്ദ്രികാസഭക്കാർ" കട്ടുകൊണ്ടുപോയി എന്നും മറ്റും കേട്ടില്ലേ?"

ശേഷയ്യൻ: "അയ്യോ, എന്തൊരു പേരുകളാണിത്? മലമ്പാമ്പുപോലെ നീണ്ടുവളഞ്ഞു കിടക്കുന്നു. ഒരിക്കൽക്കൂടി പറയൂ."

ഗോവിന്ദപ്പണിക്കർ: "നേരംപോക്കു കളയൂ. എന്താണു വിദ്യയുണ്ടെന്നു പറഞ്ഞത്? കേൾക്കട്ടെ."

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/16&oldid=203452" എന്ന താളിൽനിന്ന് ശേഖരിച്ചത്