നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം/അദ്ധ്യായം മൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം
രചന:സി. അന്തപ്പായി
അദ്ധ്യായം മൂന്ന്
[ 20 ]
മൂന്നാം അദ്ധ്യായം


ശേഷയ്യൻ ചന്ദ്രശേഖരയ്യന്റെ മഠത്തിലേക്കു പോകുന്നു എന്നു പറഞ്ഞതു ശുദ്ധകളവായിരുന്നു. അദ്ദേഹം പോയതു പുത്തൻവീട്ടിൽ ശങ്കരമേനോന്റെ അടുക്കലേക്കാണ്. ഈ ശങ്കരമേനോൻ അച്യുതമേനോൻ പേഷ്കാരുടെ അനുജനും ശേഷയ്യന്റെ സഹപാഠിയും പ്രാണസ്നേഹിതനുമാണ്. ഏതു കാര്യത്തേക്കുറിച്ചായാലും കൊള്ളാം, ശേഷയ്യൻ പറഞ്ഞാൽ പിന്നെ ശങ്കരമേനോനു മറിച്ചില്ല. ശേഷയ്യനുമായിട്ടുള്ള ശങ്കരമേനോന്റെ സംബന്ധം ഇപ്രകാരമായിരുന്നു. എങ്കിലും ശങ്കരമേനോനും തന്റെ ജ്യേഷ്ഠൻ അച്യുതമേനോൻ പേഷ്കാരവർകളും തമ്മിലുള്ള സഹോദരസ്നേഹത്തിന്റെ ആഴത്തേ അളന്നവർ ഇന്നു മലയാളത്തിൽ ആരുമില്ല. ദേഹം രണ്ട് മനസ്സൊന്ന് എന്നു പറഞ്ഞാൽ ഏകദേശം സത്യത്തോട് അടുത്തിരിക്കും. നഖത്തോടു മാംസം കണക്കനേ എന്നുള്ള ഉപമ ഒക്കുമോ? ഇല്ല, എനിക്കു വളരെ സംശയമാണ്. അച്യുതശങ്കരന്മാർ തമ്മിലേ സ്നേഹം അച്യുതശങ്കരന്മാർ തമ്മിലേ സ്നേഹത്തേപ്പോലെ എന്നേ പറഞ്ഞുകൂടൂ.

ശേഷയ്യൻ വരുന്നതു കണ്ടപ്പോൾ ശങ്കരമേനോൻ തന്റെ കയ്യിലിരുന്ന ഒരു ഇംഗ്ലീഷ് പുസ്തകം മേശമേൽ വെച്ചിട്ട് എഴുന്നേറ്റു ചെന്നു കൈകൊടുത്തു പറയുന്നു.

"എന്താ? ഇങ്ങട്ടൊന്നും വരാറില്ലാതെയായി. ഒരുമിച്ചിരിക്കുന്ന നാളിലൊക്കെ സ്നേഹം. പിരിഞ്ഞപ്പോൾ പൂർവ്വവൃത്താന്തങ്ങളൊക്കെ മറന്നു, അല്ലെ? അത്രയ്ക്കേള്ളു."

ശേഷയ്യൻ: "മദിരാശിയിൽ നിന്നും ശങ്കരമേനോൻ വന്ന വിവരം മിനിഞ്ഞാന്നേ അറിഞ്ഞുള്ളു. ഇന്നലെ ഒരു ശ്രാദ്ധമായിരുന്നു. വരാൻ തരായില്ല. ഇന്ന് ഇതാ ഇപ്പോൾ ഇങ്ങട്ടെറങ്ങി." [ 21 ] ശങ്കരമേനോൻ: അതേ, അതുതന്നെയാണ് ഞാനും പറഞ്ഞത്. കാരണം വല്ലതും ഇല്ലാതിരിക്കുമോ?

ശേഷയ്യൻ: "എന്തു ചെയ്യാം. മട്ടിക്കുലേഷൻ വരെക്കല്ലേ ഇനിക്കു വിധിയുള്ളു. അതുവരെ നാം എങ്ങനെ കഴിഞ്ഞിട്ടുള്ളവരാണ്. ആ ഭാഗമൊന്നും പറഞ്ഞിട്ടു കാര്യമില്ല. ഈ വരുന്ന ജാന്യുവെരിയിൽ തന്നെ ബീയെക്ക് അപ്പിയർ ചെയ്യ്യുന്നില്ലേ?"

ശങ്കരമേനോൻ: "ഉവ്വ്. ഓപ്ഷ്യനലിന് ഇനിയത്തേ ആണ്ടു പോയാൽ മതിയെന്നാണ് ജ്യേഷ്ഠൻ പറയുന്നത്. ആട്ടെ. നാട്ടുവർത്തമാനങ്ങൾ എന്തെല്ലാമാണ്?"

ശേഷയ്യൻ: "നാട്ടുവർത്തമാനങ്ങൾ പറഞ്ഞാൽ ഒടുക്കമുണ്ടാകയില്ല. എവിടെ നോക്കിയാലും നാടകം, നാടകം എന്നേ കേൾക്കാനുള്ളു. എന്നു തന്നെയല്ല, നാടകം ഇപ്പോൾ കോടതി കയറിയിരിക്കുന്നു."

ശങ്കരമേനോൻ: "ജ്യേഷ്ഠൻ ഈ വർത്തമാനം അല്പം ഇന്നലെ പറയുന്നതു കേട്ടു. എനിക്ക് ഈ നാടകങ്ങളെക്കുറിച്ച് ഒരു ബഹുമാനവും ഇല്ല. ജ്യേഷ്ഠനു നാടകമെന്നു കേട്ടാൽ തലവേദന വരും. അത്ര വെറുപ്പാണ്."

ശേഷയ്യൻ: "പേഷ്ക്കാർക്ക് നാടകത്തിൽ ലവലേശം അഭിരുചിയില്ലെന്നു ഞാനും കേട്ടിട്ടുണ്ട്. ഇനിക്ക് ഈ അസത്തുകളെ കണ്ണിനു മുമ്പിൽ കണ്ടുകൂട. കാണുന്ന പിള്ളരുടെ വായിൽ ഒക്കെ ശ്ലോകം."

ശങ്കരമേനോൻ: "ശേഷയ്യൻ ഈ നാടകങ്ങൾ ഏതെങ്കിലും അഭിനയിച്ചു കണ്ടിട്ടുണ്ടോ?"

ശേഷ: അയ്യോ, സൂളിയാമ്മക്കൾ നമ്മുടെ അര ഉറുപ്പിക പിടുങ്ങി. നോട്ടീസിൽ വളരെ ഢീക്കുകളൊക്കെ ചേർത്തുകണ്ടു. ഞാൻ അതൊക്കെ നേരായിരിക്കുമെന്നു വിചാരിച്ചു. ചെന്നു കണ്ടപ്പഴല്ലേ മനസ്സിലായത്. വഷള്. ഒരു കാശിനു കൊള്ളുകയില്ല. അര ഉറുപ്പിക പോയി എന്നല്ലേ പറയേണ്ടു.

ശങ്കരമേനോൻ: "ചിലതു നല്ലതുണ്ട്. എന്നാൽ അവയെ തിരിച്ചറിയുന്നതിനു ശേഷമുള്ളവയെ തള്ളിക്കളയുന്നതിനും പഠിപ്പുള്ള ആളൂകൾ കുറയും."

ശേഷയ്യൻ: "ഞാൻ അതൊരിക്കലും സമ്മതിക്കയില്ല. ഒരെണ്ണമില്ല നല്ലത്. ഒക്കെ ഈ നായന്മാർ ഉണ്ടാക്കിത്തീർക്കുന്നതാണ്. അവരെ ഉൽസാഹിപ്പിക്കാനായി ഏതോ ഒരു സഭയും ഉണ്ടായിട്ടുണ്ടത്രെ. ഭാഷാഭൂഷണി എന്നാണത്രെ പേര്."

ശങ്കരമേനോൻ: "ഭാഷാപോഷിണിയെന്നാണ് പേര്. ഈ സഭ ഈ വക നാടകക്കാരെ ഉൽസാഹിപ്പിക്കുന്നു എന്നു പറഞ്ഞുകൂട. ആ അഭിപ്രായക്കാരും ഉണ്ട്. ഇല്ലെന്നില്ല, എന്നാൽ എന്റെ അഭിപ്രായം അങ്ങനെയല്ല. സഭ മലയാളഭാഷയ്ക്കു ഗുണമല്ലാതെ ദോഷം ചെയ്യുന്നുണ്ടെന്നു തോന്നുന്നില്ല. ഭാഷയിൽ ഗ്രന്ഥങ്ങൾ ചുരുക്കമാണെന്നുള്ള ന്യൂനതയെ പരിഹരിപ്പാനായി പുസ്തകങ്ങളുടെ വർദ്ധനയേ സഭ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ചിലർ ചീത്തപ്പുസ്തകങ്ങൾ ഉണ്ടാക്കിയാൽ എന്തു ചെയ്യും? [ 22 ] ആവക പുസ്തകങ്ങളെയും സഭയെയും സംബന്ധിച്ചു പറയുന്നതു ശരിയല്ല. പിന്നെ ചീത്തപ്പുസ്തകങ്ങളെ തക്കതായി സഭ ആക്ഷേപിക്കുന്നില്ലെന്നും അതുകൊണ്ടാണ് ആവക ഗ്രന്ഥങ്ങൾ വർദ്ധിക്കുന്നതെന്നും ചിലർ പറയുന്നുണ്ട്. ഈ അഭിപ്രായം ഏതാനും സത്യമാണെന്ന് എനിക്കും തോന്നുന്നു."

ശേഷയ്യൻ:"ശങ്കരമേനോൻ എന്തോ പറയുന്നു. ഞാൻ നാടകങ്ങളെക്കുറിച്ചാണ് പറത്തത്. മറ്റു പുസ്തകങ്ങൾ എങ്ങനെയെങ്കിലും ആകട്ടെ. നാടകം ഇപ്പോൾ ആർക്കും ഉണ്ടാക്കാവുന്നതായിട്ടാണ് കണ്ടുവരുന്നത്. എന്തിനു പറയുന്നു? നമ്മുടെ സാധു കരുണാകരമേനോൻകൂടി ഇപ്പോൾ നാടകം ഉണ്ടാക്കുന്നുണ്ടത്രെ. ഗോവിന്ദപ്പണിക്കരുടെ നാടകം വരുന്നാഴ്ചയിൽ അഭിനയിക്കാൻ പോകുന്നുണ്ടത്രെ. ഏതോ ഒരു സഭക്കാർ, സഭയുടെ പേരു മുഴുവനും പറഞ്ഞാൽ നാവു കഴയ്ക്കും, അത്ര നീളമുണ്ട്."

ശങ്കരമേനോൻ: "ഏതു കരുണാകരമേനോൻ?"

ശേഷയ്യൻ: "കിഴക്കേസ്രാമ്പിയിൽ."

ശങ്കരമേനോൻ: "കിഴക്കേസ്രാമ്പിയിൽ കരുണാകരമേനോൻ നാടകം ഉണ്ടാക്കയോ? ആ മഹാസാധു. ഇതിൽപരം അത്ഭുതം എന്താണുള്ളത്? എന്നിട്ട് ആ നാടകം ആരാണു വായിക്കാൻ?"

ശേഷയ്യൻ: "ശങ്കരമേന്ന് ഇവിടത്തെ കഥയൊന്നും നിശ്ചയമില്ല. മദിരാശിയിലല്ലേ താമസം. ഇവിടെ ചിലർ നാടകം ഉണ്ടാക്കി പെണ്ണുങ്ങളെ കൈവശത്താക്കുന്നുണ്ട്. നാടകമുണ്ടാക്കുന്നവരെ പെണ്ണുങ്ങൾക്കു വളരെ ഭ്രമമായിരിക്കുന്നു. ഉണ്ടാക്കാത്തവരെ പെണ്ണുങ്ങൾ ഉപേക്ഷിക്കുന്നു. ശങ്കരമേനോൻ എന്തറിഞ്ഞു."

ശങ്കരമേനോൻ: "നേരംപോക്കു പറയുന്നതോ വസ്തുതയോ?"

ശേഷയ്യൻ: "നേരംപോക്കോ? ഇതു നേരംപോക്കായാൽ ഇപ്പോൾ രാത്രിയാണ്."

എന്നും പറഞ്ഞ് മാധവമേന്നേ കിളിവേലിയിൽ ലക്ഷ്മി ഉപേക്ഷിച്ചതും പണിക്കരെ സ്വീകരിച്ചതും മറ്റും സവിസ്തരം പറഞ്ഞുകേൾപ്പിച്ചു. അതിന്റെ കലാശത്തിൽ ഇങ്ങനെ പറഞ്ഞു. "അതുകൊണ്ട് ഇപ്പോൾ നാടകം ഉണ്ടാക്കാത്തവരൊക്കെ സൂക്ഷിച്ചുകൊൾകേ വേണ്ടു."

ഈ വർത്തമാനം കേട്ടു ശങ്കരമേനോൻ അല്പനേരം ഒന്നും മിണ്ടാതെ മൂക്കിന്മേൽ വലത്തേ കയ്യിന്റെ ചൂണ്ടാണീവിരൽ വെച്ച് അനങ്ങാതിരുന്നു. എന്നിട്ടു പറഞ്ഞു.

"ആട്ടെ. ശേഷയ്യരേ നമുക്ക് ഇതിനു വല്ല ഉപായവും നോക്കാഞ്ഞാൽ തരക്കേടുണ്ട്. ഇതു സമ്മതിച്ചുകൂടല്ലൊ. മൗനമായിരുന്നാൽ ഈ നാടകക്കാർ, വിടന്മാർ എവിടെക്കൊണ്ടാണു കലാശിപ്പിക്കുന്നത് എന്ന് അറിഞ്ഞുകൂട. അതുകൊണ്ടു ശേഷയ്യൻതന്നെ ഒരു വിദ്യ ആലോചിച്ചുണ്ടാക്കു. ഒന്നാംതരമായിരിക്കണം. കുറിക്കുകൊണ്ടിരിക്കണം. ഈ നാടകക്കാരെ കണ്ട പെണ്ണുങ്ങൾ ഇങ്ങനെ മയങ്ങുവാൻ തുടങ്ങിയാൽ തരക്കേടുണ്ട്." [ 23 ] ശേഷയ്യർ: "അതുകൊണ്ടായോ? നാടക്കാരുടെ സംഘത്തിൽ ചേർന്നവനെന്നു കേൾക്കുന്നതുതന്നെ ഒരു ബഹുമാനമാണെന്നു കരുതി നാടകത്തോടു യാതൊരു സംബന്ധവുമില്ലാത്ത ചില വിഡ്ഢികൾ വെറുതേ മുടി വളർത്തി മുഖം മിനുക്കി കണ്ണിൽ മഷിയെഴുതി ഞെളിഞ്ഞു നടക്കുന്നതു കണ്ടാൽ ശങ്കരമേനോൻ ചിരിച്ചുചാകും."

ശങ്കരമേനോൻ: "അല്ല. എങ്ങനെയും ഉണ്ടോ ഒരു കഥ? ഞാൻ ഇതൊന്നും അറിയാറില്ല. നാടകമെന്നും പറഞ്ഞ് അച്ചടിപ്പിക്കുന്ന ചില പുസ്തകങ്ങൾ മദിരാശിയിൽ എന്റെ ചില സ്നേഹിതന്മാരുടെ അടുക്കൽ കണ്ടിട്ടുണ്ട്. മദിരാശിയിൽ ഷെയിക്സ്പിയറിന്റെ ലോകവിശ്രുതങ്ങളായ നാടകങ്ങളുടെ രുചി അറിഞ്ഞിട്ടില്ലാത്ത ആളുകൾ ചുരുക്കമായിരിക്കുന്നതുപോലെതന്നെ ഇവിടെ സാക്ഷാൽ നാടകത്തിന്റെ സ്വഭാവം അറിവുള്ളവർ ദുർല്ലഭമായിരിക്കുന്നു. മദിരാശിയിലുള്ളവർക്ക് ഈ മലയാളനാടകങ്ങളെ ബഹുപരിഹാസമാണ്. എങ്കിലും മലയാളത്തിലെ പെണ്ണുങ്ങൾ ഉണ്ടാക്കുന്ന നാടകങ്ങളെ അഭിനയിച്ചു ഘോഷിപ്പാനായി മദിരാശിയിൽ ഉള്ള ചില പിള്ളർക്ക് അത്ര ശങ്കയില്ല. ഈ നാടകസംഘക്കാരെ പുറമെയുള്ളവർക്ക് പരിഹാസമായിരിക്കെ ഇവിടെ ബഹുമാനമാണല്ലൊ. കൊള്ളാം, ഇവിടത്തെക്കാര്യം പെപ്പപ്പേയ് ആയിരിക്കുന്നു ശേഷയ്യരെ, സംശയമില്ല."

ശേഷയ്യർ: "തത്ത്വം ജനങ്ങളെ മനസ്സിലാക്കുവാൻ ആരും ഇല്ലാഞ്ഞിട്ടാണ്."

ശങ്കരമേനോൻ : "ഹൈ അങ്ങനെയായിരിക്കില്ല. തത്ത്വം അറിയുന്ന യോഗ്യരായ എത്രയോ ആളുകൾ ഇവിടെയുണ്ട്. എത്രയോ ഗ്രാഡുവെയിറ്റ്സ് ഇവിടെ ഉണ്ട്."

ശേഷയ്യൻ: "തത്ത്വം അറിവുള്ളവർ ഇല്ലെന്നല്ല ഞാൻ പറയുന്നത്. അറിഞ്ഞാലും പുറത്തു പറവാൻ മനസ്സുള്ളവർ ഇല്ലെന്നാണ്. ഗ്രാഡുവെയിറ്റ്സുകൾ മിക്കപേരും ഈ സംഗതിയിൽ മൗനം ദീക്ഷിച്ച് വല്ലതും ആയിക്കൊള്ളട്ടെ. നമുക്ക് എന്തു കാര്യം--എന്നുള്ള നിലയിലാണു നിൽക്കുന്നത്."

ശങ്കരമേനോൻ: "ആ വിവരം ഞാനും കേട്ടു. എങ്കിലും ആ നില അവർക്കു യോഗ്യമല്ല. ബുദ്ധിയിൽ തോന്നിയത് അപ്പപ്പോൾ പ്രസിദ്ധീകരിച്ചു ജനസാമാന്യത്തെ ഉപദേശിക്കേണ്ടത് അവരുടെ ഒരു മുറയെന്നാണ് എന്റെ പക്ഷം. വല്ലതും ആകട്ടെ എന്നുള്ള നിലയിൽ നിന്നാൽ യഥാർത്ഥ നാടകങ്ങളെ ഈ നാടകക്കളകൾ വളർന്നു മൂടിക്കളയും."

ശേഷയ്യൻ: "ഞാൻ ഒരു ഉപായം കണ്ടിട്ടുണ്ട്. അതുകൊണ്ട് ഈ നാടകച്ചവറുകളെ തീരെ അടിച്ചുകളയാമെന്നു ഞാൻ പറയുന്നില്ല. എങ്കിലും കുറേ ഒതുക്കമുണ്ടാകുമെന്നു തോന്നുന്നു."

ശങ്കരമേനോൻ: "എന്താണത്? വേഗം പറയൂ."

ശേഷയ്യൻ: "ഗോവിന്ദപ്പണിക്കരുടെ എന്തോ ഒരു നാടകം ഈ വരുന്ന ആഴ്ചയിൽ അഭിനയിക്കാൻ ഭാവമുണ്ട്. വളരെ കേമമാകുവാൻ ശ്രമി [ 24 ] ക്കുന്നുണ്ട്. ഈ പട്ടണത്തിലുള്ള എല്ലാവരെയും ക്ഷണിച്ചാൽ കൊള്ളാമെന്നു പണിക്കർ പറഞ്ഞതായി കേട്ടു. പേഷ്ക്കാരെ പ്രത്യേകിച്ചു ക്ഷണിക്കുവാൻ കരുതീട്ടുണ്ടത്രെ."

ശങ്കരമേനോൻ: "അയ്യോ, ജ്യേഷ്ഠൻ ഒരിക്കലും പോകുന്നതല്ല. ജ്യേഷ്ഠൻ ഇവരുടെ നാടകം കാണ്മാൻ പോകുകയോ? നന്നായി. അത് ഒരുനാളും സംഭവിക്കാത്ത കാര്യമാണ്."

ശേഷയ്യൻ: "അങ്ങനെയാണു വേണ്ടത്. എന്നാൽ, നാം പറഞ്ഞ കാര്യം സാധിക്കണമെങ്കിൽ പേഷ്ക്കാർ പോകണം. പേഷ്ക്കാർ ഈ നാടകക്കാരെ കണ്ടാൽ തല്ലിയോടിക്കും. അത്ര വിരോധമാണ്. ഇനിക്കറിവുണ്ട്. അദ്ദേഹം അതു പുറത്തു കാണിക്കുന്നില്ലെന്നേയുള്ളൂ."

ശങ്കരമേനോൻ: "ജ്യേഷ്ഠൻ പോകുന്നതുകൊണ്ട് എന്താഗുണം?"

ശേഷയ്യൻ: "അതു പറയാം. വെറുതേ പോയാൽ പോര. ഈ വക നാടകങ്ങളുടെ ഗുണദോഷത്തെക്കുറിച്ച് അല്പം അവിടെ പ്രസ്താവിക്കണം."

ശങ്കരമേനോൻ: "അവിടെ ചെന്ന ഉടൻതന്നെയോ?"

ശേഷയ്യൻ: "അതു വേണ്ട. കുറേ കണ്ടതിന്റെ ശേഷമോ അല്ലെങ്കിൽ അഭിനയം തീർന്നതിന്റെ ശേഷമോ മതി."

ശങ്കരമേനോൻ:"കാണാൻ പോകുന്നതുതന്നെ അസംഭവ്യമായിരിക്കെ അഭിനയം തീരുന്നതുവരെ ജ്യേഷ്ഠൻ അവിടെ ഇരിക്കുന്ന കാര്യത്തെക്കുറിച്ചു പറയുന്നത് അനാവശ്യമാണ്."

ശേഷയ്യൻ: "അങ്ങനെ പറഞ്ഞാൽ പോര. ശങ്കരമേനോൻ വിചാരിച്ചാൽ ഒക്കെ നിവൃത്തിയുണ്ട്. അമാന്തിച്ചാൽ തരക്കേടുണ്ട്. കോളജ് തുറക്കുന്നതിനത്തുതന്നെ നമുക്കു വല്ലതും ചെയ്യണം. ശങ്കരമേനോൻ പോയാൽ പിന്നെ ഈ കാര്യത്തിൽ ഉത്സാഹിക്കാൻ ആരും ഉണ്ടാകയില്ല."

ശങ്കരമേനോൻ:"ശേഷയ്യൻ പറയുന്നതു ശരിയാണ്. എങ്കിലും ജ്യേഷ്ഠനോടു ഞാൻ എന്താണ് ചെന്നു പറയേണ്ടതെന്നോർത്തിട്ടുണ്ടാകുന്നില്ല. നാടകത്തിലുള്ള നീരസം അദ്ദേഹത്തിനെന്തുമാത്രമുണ്ടെന്ന് എനിക്കറിയാം."

ശേഷയ്യൻ: "കളവായി യാതൊന്നും പറയണമെന്നില്ല. വസ്തുത പറഞ്ഞാൽ മതി. നാടകഭ്രാന്തന്മാരായ ഈ ഭോഷന്മാരുടെ വർദ്ധനയാൽ വരുന്ന ദോഷങ്ങളെയും അവരുടെ നാടകങ്ങളുടെ അവസ്ഥയെയും കുറിച്ചു ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുവാൻ ശ്രമിക്കേണ്ടത് യോഗ്യരായ ആളുകളുടെ മുറയാണെന്നും മറ്റും പറഞ്ഞാൽ മതി. ശങ്കരമേനോന്റെ വാക്കു പേഷ്ക്കാർ തട്ടുമെന്നു തോന്നുന്നില്ല."

ശങ്കരമേനോൻ: "എനിക്കു തീർച്ചയായി പറയാൻ പാടില്ല. ഈ വിവരം ഞാൻ ജ്യേഷ്ഠനോടു പറഞ്ഞു നോക്കാം. സമ്മതിച്ചെങ്കിൽ ഭാഗ്യമായി. എങ്കിലും ഒരു കാര്യത്തിൽ എനിക്കു കുറേ സംശയമുണ്ട്."

ശേഷയ്യൻ: "അതെന്താ?" [ 25 ]

ശങ്കരമേനോൻ: "ജ്യേഷ്ഠന് ഒരു സ്വഭാവമുണ്ട്. അശ്രീകരങ്ങളായ കാഴ്ചകൾ കാണുകയോ, വർത്തമാനം കേൾക്കുകയോ ചെയ്താൽ അത്യന്തം സുഖക്കേടുണ്ടാകും."

അപ്പഴേക്കും ഒരു ശിപായി വന്ന്-- "എയമാൻ വിളിക്കുന്നു"--എന്നു പറഞ്ഞു.

ശേഷയ്യൻ: "സുഖക്കേടുണ്ടെന്നു പറഞ്ഞത് സാരമില്ല. ഒരു കാര്യസാദ്ധ്യത്തിനായിരുന്നാൽ അങ്ങനെ സുഖക്കേടു തോന്നുകയില്ല."

ശങ്കരമേനോൻ: "ആട്ടെ. ഞാൻ കഴിയുന്നെടത്തോളം ശ്രമിക്കാം. എന്നാൽ, പിന്നെ കാണാം. ജ്യേഷ്ഠൻ വിളിക്കുന്നു."

ഇങ്ങനെ പറഞ്ഞ് ഇരുവരും പിരിഞ്ഞു. ശങ്കരമേനോൻ ഒന്നു പറഞ്ഞാൽ പേഷ്ക്കാർ ഉപേഷിക്കയില്ലെന്നും ആയതുകൊണ്ടു കാര്യം സാധിക്കാതിരിക്കയില്ലെന്നും ഉള്ള നിശ്ചയത്തോടും സന്തോഷത്തോടും കൂടി ശേഷയ്യൻ മഠത്തിലേക്കു പോയി.