നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം/അദ്ധ്യായം നാല്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം
രചന:സി. അന്തപ്പായി
അദ്ധ്യായം നാല്
[ 26 ]
നാലാം അദ്ധ്യായം


കുംഭം പതിനഞ്ചാം തീയതി തിങ്കളാഴ്ച തന്നെ ദേവയാനീകചം അഭിനയിക്കണം എന്നു ഗോവിന്ദപ്പണിക്കർക്കു സിദ്ധാന്തം. അന്നേ അച്യുതമേനോൻ പേഷ്കാർക്കു വരാൻ തരമുള്ളു. ഒന്നോ രണ്ടോ ഉടുപ്പുകൾക്കു വേണ്ടുന്ന വില്ലൂസ് മദിരാശിയിൽ നിന്നും വരുന്നതുവരെ താമസിക്കുവാൻ ക്ഷമയില്ല. ആയതുകൊണ്ടു സമസ്തസഹൃദയഹൃദയോല്ലാസിനീസഭക്കാർ എത്ര പറഞ്ഞിട്ടും ഗോവിന്ദപ്പണിക്കർ കൂട്ടാക്കുന്നില്ല. ഒന്നു രണ്ട് ഉടുപ്പകളല്ലേ കുറവുള്ളു. അതിനു പകരം സഭക്കാരുടെ വക പലതരം ഉടുപ്പുകൾ ഉള്ളതിൽനിന്നും ചേർച്ചയുള്ളതായി രണ്ടുകൂട്ടം എടുത്താൽ മതിയെന്നാണ് പണിക്കർ പറയുന്നത്. കലാശം സഭക്കാർ സമ്മതിച്ചു. തിങ്കളാഴ്ചതന്നെ അഭിനയം തീർച്ചയാക്കി. തീർച്ചപ്പെടുത്തിയ നേരം മുതൽക്കു നാഴികകളും ദിവസങ്ങളും ക്ഷണത്തിൽ കഴിയുന്നവയായി പണിക്കർക്കു തോന്നി. സന്തോഷം അത്രയധികം. തിങ്കളാഴ്ച വരുന്നില്ലല്ലോ എന്നു കൂടെക്കൂടെ പറഞ്ഞു. അങ്ങനെ 12-ാം തീയതി കഴിഞ്ഞു. 13-ാം തീയതി കഴിഞ്ഞു. 14-ാം തീയതി, 15-ാം തീയതി തിങ്കളാഴ്ച നേരം പുലർന്നു. സമയം അടുക്കുംതോറും പണിക്കർക്ക് ആഹ്ലാദം കൊണ്ട് ഹൃദയം തുടിച്ചുതുടങ്ങി.

തിങ്കളാഴ്ച വൈകുന്നേരം നടക്കാവിലെ വിശേഷങ്ങളല്ലേ കേൾക്കണ്ടത്.

ഒരു ഷാപ്പ് കീപ്പർ: "എന്തെടോ ഇത്ര തിടുക്കം? തന്റെ ഒരാളുടെ കാര്യം മാത്രം നോക്കിയാൽ മതിയോ? തന്നെക്കാൾ നേരത്തേ വന്നവരല്ലേ ഈ നിൽക്കുന്നത്. കണ്ടുകൂടേ." [ 27 ]

ശിവായി അയ്യപ്പൻ നായര്: "തന്റെ കളിയൊക്കെ കളയൂ. അടിയന്തിരമാണ്. മുപ്പത്താറു വാൾലാമ്പുകൾ വേണം. പന്ത്രണ്ടു ഡജൻ മെഴുകുതിരിയും വേണം. എടുക്കു ക്ഷണം?"

ഷാപ്പ് കീപ്പർ: "മുപ്പത്താറു വാൾലാമ്പുകളോ? എന്തിനാ അയ്യപ്പൻനായരെ ഇത്രയധികം?"

അയ്യപ്പൻ: "അല്ല, താൻ ഇതൊന്നും അറിഞ്ഞില്ലേ? ഈ തിരക്കൊക്കെയുണ്ടായിട്ടും താൻ ഇതൊന്നും അറിഞ്ഞില്ല, അല്ലേ? പിന്നെ താൻ എന്തു ഷാപ്പ് കീപ്പറാണ്?"

ഷാപ്പ് കീപ്പർ: "എന്താ? എന്താ? പറയൂ."

അയ്യപ്പൻ: "എടോ ഹജൂർ രയിസ്ത്രാളെയമാനന്റെ ദേവയാനീകചം നാടകം ഇന്നു രാത്രി അഭിനയിക്കുന്നുണ്ട്. ഇത്ര ഭേഷായിട്ട് ഇതുവരെ ഒരു നാടകവും ഉണ്ടായിട്ടില്ല. കാണെണ്ടുന്ന കാഴ്ചയല്ലേ? ജൂവിലിഹാളിലാണ്. വേണമെങ്കിൽ വരു. ടിക്കറ്റിനു രണ്ടണയേയുള്ളു."

സാമാനം വാങ്ങാൻ വന്ന ഒരാൾ: "നാടകത്തിന്റെ പേരെന്താ പറഞ്ഞത്, ദേവയാനീകുചമോ?"

അയ്യപ്പൻ: "അതേ, രസികൻ നാടകം. വടക്കേ കോവിലകത്തു മാർത്താണ്ഡവർമ്മ തമ്പുരാൻ തിരുമനസ്സുകൊണ്ട് ചട്ടിപ്പിക്കെട്ടു[1] കൊടുത്തിട്ടുണ്ട്. (ഷാപ്പ് കീപ്പറോട്) ആട്ടെ, എടുക്കു, വേഗം വേണം."

അപ്പഴക്കും വേറേ ഒരു ഷാപ്പിൽ ശിവായി രാമനായിഡു-- "സെന്റുണ്ടോ പനിനീരുണ്ടോ?"--എന്നു വിളിച്ചു ചോദിക്കുന്നു. ഇതു കേട്ടിട്ട് ആദ്യത്തേ ഷാപ്പ് കീപ്പർ ഉടനേ ചാടി വെട്ടുവഴിയിൽ ഇറങ്ങി.

ഇവിടെയുണ്ട്, ഒന്നാന്തരം പനിനീർ. കാഷ്മിയർ പനിനീർ. സഹായവില. വളരെ സഹായം ഇങ്ങട്ടു വരു.

മറ്റേ ഷാപ്പ് കീപ്പർ: "നമ്മുടെ രാമനായിഡുവല്ലേ അത്? ഇങ്ങട്ടുവരു. അവിടെ ചോദിക്കുന്നതിലും കാൽ അണ കുറച്ചു തന്നാൽ മതി. അവിടത്തേ പനിനീരല്ല, പനനീരാണ്."

പനനീരാണെന്നു കേട്ടപ്പോൾ മറ്റവൻ കയർത്തു. രണ്ടു ഷാപ്പ് കീപ്പർമാരും തെറി തിരുതകൃതി. അതിനിടയ്ക്കു ശിവായികൾക്കു പോകാൻ വയ്യിട്ടുള്ള അവരുടെ തിരക്കങ്ങനെ.

വേറൊരടത്ത് ഒരു നായരും ഒരു ചുമട്ടുകാരനുകൂടി വന്നിട്ട്: "ഗ്ലോപ്പ് കൂലിക്കു കൊടുക്കാനുണ്ടോ? നല്ല ഉറപ്പു വേണമെങ്കിൽ തരാം."

അപ്പോഴേക്കും അയാളെ ഷാപ്പുകാർ വന്നു കൈപിടിച്ച് അങ്ങട്ടും ഇങ്ങട്ടും വലിക്കുന്നു.

മറ്റൊരു ദിക്കിൽ ഒരു വില്ലക്കാരൻ: "രസക്കുടുക്കയുണ്ടോ? രസക്കുടുക്ക. നാലു ഡസൻ വേണം. കൂലിക്കു മതി. പല നിറം വേണം." [ 28 ]

ഒരു വഴിപോക്കൻ: "എന്താ അവിടെ ഇത്ര ആൾ കൂടിയിരിക്കുന്നത്? എന്താ ചെണ്ടയടിക്കുന്നത്?"

വഴിപോക്കർ പട്ടർ: "എന്നമോ? തെരിയാത്. ഊട്ടുപുരയെങ്കേ?"

ഒന്നാം വഴിപോക്കൻ ഇതുകേട്ട് ഒന്നും മിണ്ടാതെ ആൾക്കൂട്ടത്തിനരികേ ചെന്നപ്പോൾ അവിടെ നാടകത്തിന്റെ നോട്ടീസ് വായിച്ച് പകിതിയിലധികമായിരിക്കുന്നു.

"ശരിയായി എട്ടരമണിക്ക് അഭിനയം തുടങ്ങും. ടിക്കറ്റുകൾ ആറുമണി മുതൽക്കു കൊടുക്കപ്പെടും. ഒന്നാം ക്ലാസ് ഒരു രൂപ. രണ്ടാംക്ലാസ് എട്ടണ. മൂന്നാം ക്ലാസ് നാലണ. കുട്ടികൾക്കു രണ്ടണ. സ്ത്രീകൾക്കു കൂലി കൂടാതെ വേറെ സ്ഥലം. ശേഷം കൂലി കൂടാതെ എല്ലാ കാഴ്ചക്കാർക്കും നിലത്തു പനമ്പിൽ ഇരിക്കാം. ബീഡി ചുരുട്ടു മുതലായവ വലിക്കുവാൻ പാടില്ല. വിളക്കുവെപ്പു, സംഗീതം മുതലായവ ഇതിനു മുമ്പിൽ ഒരു ദിക്കിലും ഉണ്ടാകാത്തവിധം മഹാകേമം. വരുവിൻ, വരുവിൻ."

എന്നു മാത്രമേ കേൾപ്പാൻ കഴിഞ്ഞുള്ളു.

ഈ നോട്ടീസ് വായിച്ച് ആൾക്കൂട്ടം പിരിഞ്ഞ ഉടനേ അതിൽ ഒരാൾ: "വളരെ കേമമായിരിക്കും. സംശയമില്ല ഞാൻ കാണാൻ പോകും. നിശ്ചയം."

അപ്പോൾ മറ്റൊരുത്തൻ: "നമുക്കൊരുമിച്ചു പോകാം. ഇനിക്കു മൂന്നാം ക്ലാസു മതി."

ഒന്നാമൻ: "അയ്യോ കാശൊന്നും കൊടുക്കാൻ ഇവിടെ ശേഷിയില്ല. ഞാൻ പനമ്പിൽ ഇരുന്നോളാം."

വേറൊരുവൻ: "പനമ്പിലിരുന്നാൽ വളരെ അകലെയായിപ്പോകും. എട്ടണ പോകട്ടെ എന്നു ഞാൻ തീർച്ചയാക്കിക്കഴിഞ്ഞു. പേഷ്കാരെയമാന്റെ അടുക്കെ ഇരിക്കാലൊ?"

രണ്ടാമൻ: "അല്ല. പേഷ്കാരെയമാൻ വരുന്നുണ്ടോ?" നേരംപോക്കു പറയുന്നതോ. എജമാന്ന് ഈ നാടകങ്ങളിൽ അത്ര താല്പര്യമില്ലെന്നല്ലെ കേട്ടിരുന്നത്.

സാമാനം വാങ്ങിച്ചുംകൊണ്ടു പോകുന്ന ശിപായി: "അങ്ങനെയുള്ള നാടകമല്ലെടൊ ഇത്. ഇത് ആൾ വേറെയാണ്. രെയിസ്ത്രാൾ എയമാന്റെതാണ്. അതു കാണാൻ പേഷ്കാരല്ല ദിവാൻജിസ്വാമി കൂടി വരും. സ്വാമി ഇപ്പോൾ ഇവിടെയില്ല."

മൂന്നാമൻ: "എന്നാൽ ഞാനും രണ്ടാം ക്ലാസിൽത്തന്നെ. എട്ടണയാകും. പുല്ലൊന്നും പോയി ഇശ്ശ്നിനാൾ കൂടുമ്പോൾ ഇങ്ങനെ ഒരിക്കലല്ലേ വേണ്ടൂ."

ഒന്നാമൻ: "ഇനിക്കും അങ്ങനെയായാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. എന്തു ചെയ്യാം? ശേഷിയില്ലല്ലോ?" [ 29 ]

അതിനിടയിൽ വേറൊരു ശിപായി പോകുന്ന വഴി ഒരു ദൂരസ്ഥനോടു വിളിച്ചു പറയുന്നു:

പേഷ്കാരെയമാന്നും ജഡ്ജിസ്വാമിയും ഉണ്ട്. രണ്ടുപേരും ഉണ്ട്.

അപ്പഴക്കും ഏഴു മണി കഴിഞ്ഞു. നല്ല നിലാവുണ്ട്. കുതിരവണ്ടികളും കാളവണ്ടികളും തിക്കും തിരക്കുമായി ജൂബിലിഹാളിലേക്ക് പോകുന്നു. ആളുകളും അനേകം പോകുന്നു. പോകുന്ന വഴിക്കു വർത്തമാനമൊക്കെ ശേഷം നാടകങ്ങളുടെ ദോഷങ്ങളെയും റജിസ്ട്രാൾ ഗോവിന്ദപ്പണിക്കരുടെ യോഗ്യതാംശങ്ങളെയും കുറിച്ചായിരുന്നു.

അങ്ങനെ നേരം ഏഴരമണി കഴിഞ്ഞു. എട്ടായി. ജൂബിലി ഹാളിൽ ആളുകൾ വന്നു നിറഞ്ഞു. തിക്കു കൂടിത്തുടങ്ങി. വരാന്തയിലേക്കു കവിഞ്ഞു. അവിടെയും നിറഞ്ഞു മുറ്റത്തേക്കു തേട്ടി. കൂലി കൊടുത്തിട്ടുള്ളവരെ ഒക്കെ അകത്തിരുത്തി. ശേഷമുള്ളവർ വരാന്തയിലും മുറ്റത്തും അവരവരുടെ ബലാബലം പോലെയും സാമർത്ഥ്യം പോലെയും സ്ഥലം പിടിച്ചു. രണ്ടണ ടിക്കറ്റുകാരുടെ ഇടയിൽ തർക്കം കലശൽ.

"അല്പം അങ്ങൊട്ടു നീങ്ങിയിരിക്കെടോ."

"ഞാൻ നീങ്ങിയേ കഴിയൂ എന്നില്ല. അത്രയ്ക്കു താൻ ചുരുങ്ങിയാലും മതി."

"അധികപ്രസംഗം വേണ്ട. ഞാൻ കാശു കൊടുത്തിട്ടാണ് ഇരിക്കുന്നത്."

"ഞാൻ കൊടുത്തതു രൂപയായിട്ടാണ്."

ഇങ്ങനെ ഒരെടത്ത്, മറ്റേ മൂലയിൽ വേറെ വിഷയമാണ്.

"ചുരുട്ടിന്റെ പുകകൊണ്ട് ഇരുന്നുകൂടല്ലോ"

"ഇരുന്നുകൂടെങ്കിൽ എണീറ്റു നിന്നാലും വിരോധമില്ല."

"എണീറ്റു നിൽക്കാനാണു ഞാൻ രണ്ടണ കൊടുത്തത്?"

"ചുരുട്ടു കയ്യിൽ പൊതിഞ്ഞു പിടിക്കാനാണോ ഞാൻ ഒരു കാശു കൊടുത്തത്?"

"ഇപ്പോൾ കാണണോ തനിക്ക്?"

"കാണാൻ തന്നെയല്ലേ നാം ഇവിടെ കൂടിയിരിക്കുന്നത്? താൻ കാണിച്ചുതരണോ?"

"ഹേ. ശിപായി ഇവിടെ ഇരുന്നുകൂട. ഇതാ ഇയാൾ ചുരുട്ടു വലിക്കുന്നു."

ശിപയി: "എടോ? പുകല വലിക്കാൻ പാടില്ലെന്നാ കല്പന."

കാണി: "ആരുടെ കല്പന?"

ശിപായ: "എയമാന്റെ കല്പന."

കാണി: "ഏതെയമാന്റെ?"

ശിപായി: "രെയിസ്ത്രാളെയമാന്റെ"

കാണി: "എവിടത്തേ രെയിസ്ത്രാൾ?" [ 30 ]

ശിപായി: "ഞാൻ റിപ്പട്ട് ചെയ്യും."

കാണി: നല്ല പട്ടാണെങ്കിൽ ഞാനും കുറേ വാങ്ങാം.

രണ്ടും മൂന്നും ക്ലാസുകളിലേ വർത്തമാനത്തിൽ ഇങ്ങനെയുള്ള പീറത്തർക്കങ്ങൾ ഇല്ല. അവിടെ ഇരിക്കുന്നത് അല്പം യോഗ്യരാണ്. ഒന്നാം ക്ലാസിലേ അവസ്ഥ പറയേണ്ടല്ലോ. അവിടെ ഒക്കെ മഹായോഗ്യരും പരമരസികന്മാരുമാണ്.

അങ്ങനെയിരിക്കെ ഒരു തിരക്കു കേൾക്കയും എല്ലാവരും പുറത്തേക്കു നോക്കുകയും ചെയ്യുന്നു. ഇത് അച്യുതമേനോൻ പേഷ്കാരും സ്ഥലത്തേ മുൻസിപ്പും ഓരൊ വണ്ടിയേൽ വന്ന തിരക്കാണ്. ജഡ്ജിക്ക് എന്തോ കാരണത്താൽ വരാൻ പാടില്ലാത്തതിനാൽ വ്യസനിക്കുന്നു എന്ന് എഴുത്തയച്ചിട്ടുണ്ട്, ഉടനേ ഒരു ഭാഗവതർ ഒരു പാട്ട് ആരംഭിച്ചു. തംബുരു മുതലായ ഉപകരണങ്ങളും ഉണ്ട്. ഹാളിൽ ശബ്ദം ഈ സംഗീതത്തിന്റെയല്ലാതെ യാതൊന്നുമില്ല. ഹാളിലെ അലങ്കാരമൊന്നും പറയണമെന്നില്ല. വെളിച്ചം പകൽകൂടി ഇത്ര അധികമുണ്ടോ എന്നു സംശയം. അല്പം കഴിഞ്ഞപ്പോൾ സംഗീതം നിന്നു. അപ്പോൾ സഭാകാര്യസ്ഥൻ പേഷ്കാരുടെ അടുക്കൽ വന്ന് എന്തോ മന്ത്രിക്കുന്നപോലെ തോന്നി. പേഷ്കാർ അപ്പോൾ "ഇനി അഭിനയം തുടങ്ങാം." എന്നു മറുപടി പറഞ്ഞു.

ഉടനേ നാന്ദിശ്ലോകം കേൾക്കാറായി. ഇതിന്റെ വിശേഷങ്ങൾ പറയാതെ വിടുന്നത് അനീതിയായിരിക്കും. പ്രാസം നാലു പാദങ്ങൾക്കും ഉണ്ട്. അതിൽ മൂന്നു പ്രാസം തീരെ അസംബന്ധമാണ്. ചൊല്ലേറും, ഉല്ലാസം, കല്ല്യാണം ഇങ്ങനെ മൂന്ന് "ല്ല" കടിച്ചുവലിച്ച് ഒപ്പിച്ചിട്ടുണ്ട്. നിരർത്ഥപദങ്ങൾ അഥവാ കൂടിയേ കഴിയൂ എന്നില്ലാത്ത പദങ്ങൾ പാദമൊന്നിനു രണ്ടിൽ കുറയുകയില്ല. ശ്ലോകത്തിന്റെ കലാശം "പാതു വഃ" എന്നാണ്.

ഈ ശ്ലോകം കേട്ടപ്പോൾതന്നെ അച്യുതമേനോൻ അവർകൾക്ക് അല്പം സുഖക്കേടു തോന്നി.

അനന്തരം സൂത്രധാരൻ പ്രവേശിക്കുന്നു. ഈ വിദ്വാൻ ചാടിവന്ന വശം ഒരു ശ്ലോകം നീട്ടി അടിച്ചുകൊടുത്തു. അതിലേ പാദങ്ങൾ ചട്ടറ്റ, പുഷ്ടാമോദം, പിട്ടെന്ന്യേ, പെട്ടെന്ന് എന്നിങ്ങനെ നാലു പ്രാസങ്ങളോടു കൂടിയതായിരുന്നു. ഉടനേ തൊഴുതുപിടിച്ചുംകൊണ്ടു മേൽപറഞ്ഞവയ്ക്ക് അനുരൂപമായ പ്രാസങ്ങളോടു കൂടിയ നാലു കാലുകളിന്മേൽ വേറെ ഒരു ശ്ലോകപ്പന്തൽ നാട്ടി. അപ്പോൾ "ഭേഷ് ഭേഷ്" എന്ന് ഹാൾ മുഴുവനിലും ഒരു മുഴക്കം ഉണ്ടായി. ഇതുകേട്ട് ആനന്ദപാരവശ്യത്തോടുകൂടെ സൂത്രധാരൻ ഉപേന്ദ്രവജ്രയായി ഒരു ചെറിയ പന്തൽകൂടി നാട്ടി. ഈ പന്തൽ നാട്ടിയതു കണ്ട് അച്യുതമേനോൻ തന്റെ പാർശ്വഭാഗത്തിങ്കൽ ഇരിക്കുന്ന മുൻസിപ്പിനോട് "എനിക്ക് ഇതു മഹാ അവലക്ഷണമായി തോന്നുന്നു" എന്നു പറഞ്ഞു. [ 31 ]

അപ്പോൾ മുൻസിപ്പ്: "അയ്യോ, ഇത് എത്ര ഭേദം. ഇതിലും എത്രയോ അവലക്ഷണങ്ങളായ ശ്ലോകങ്ങളാണ് ഇനി ഇവർ ചൊല്ലുവാൻ പോകുന്നത്" എന്ന് ഉത്തരം പറഞ്ഞു.

പേഷ്ക്കാർ: "അയ്യോ, ഞാനിതറിഞ്ഞെങ്കിൽ ഇവിടേക്കു വരുമായിരുന്നില്ല."

അപ്പോൾ സൂത്രധാരൻ ചുറ്റിനടന്ന് അണിയറയിലേക്കു നോക്കീട്ട്: "ആര്യേ ഇങ്ങോട്ടു വരികതന്നെ."

പേഷ്ക്കാർ: "ആരെയാണ് ഈ വിളിക്കുന്നത്."

മുൻസിപ്പ്: "നടിയെ."

പേഷ്ക്കാർ: "ആരാണത്?"

മുൻസിപ്പ്: "ഇങ്ങനെ അസത്തുക്കളായ ചില വേഷങ്ങൾ ഉണ്ട്. ഇവറ്റയെ ആണ് അരങ്ങത്ത് ആദ്യം വലിച്ചുകൊണ്ടുവരിക പതിവ്."

ഇങ്ങനെ പറയുന്നതിനകത്ത് നടി എന്ന സ്വരൂപം ചാടിവന്ന് "ഭവാന്റെ ഏതു കല്പനയെയാണ് ഞാൻ അനുഷ്ഠിക്കേണ്ടത്" എന്നു പറഞ്ഞു.

പേഷ്ക്കാർ: "ഇതു കേട്ടിട്ട് എനിക്ക് അറയ്ക്കുന്നു."

സൂത്രധാരൻ ഒരു പന്തൽശ്ലോകംകൂടി നാട്ടി. വലിയ പന്തലാണ്. സ്രഗ്‌ദ്ധരയിലാണ്. ഈ പന്തലിന്റെ നാലു കാലുകൾ വമ്പേറും. അമ്പിൽ, കമ്പം, മുമ്പ് ഇങ്ങനെ നാലു പ്രാസക്കുഴികളിലാണ് ഇറക്കിയിരിക്കുന്നത്.

പേഷ്ക്കാർ: "വിഷമമായി. ഇവിടെ വന്നത് അബദ്ധം. എനിക്ക് ഒട്ടും സുഖമില്ല."

അപ്പോൾ നടി ഏതു നാടകമാണ് അവിടെ അഭിനയിക്കേണ്ടതെന്നു സൂത്രധാരനോടു ചോദിക്കയും ആ വിദ്വാൻ അപ്പോൾ പൂന്തോട്ടിൽ ഗോവിന്ദപ്പണിക്കർ ഉണ്ടാക്കിയ ദേവയാനീകചമാണ് ഉത്തമമെന്നും പറഞ്ഞ് ഗോവിന്ദപ്പണിക്കരെ അമിതമായി ശ്ലാഘിക്കുന്ന ശ്ലോകത്താൽ വർണിക്കയും ചെയ്തു.

പേഷ്ക്കാർ ഇതു കേട്ടപ്പോൾ: "എനിക്ക് ഓക്കാനം വരുന്നു. എന്തു വേണം?" എന്നു മുൻസിപ്പിനോടു പറഞ്ഞു. മുൻസിപ്പ് അതുനേരം പോക്കാണെന്നു വിചാരിച്ചു ചിരിച്ചു.

അനന്തരം നടി: "ശരിതന്നെ. അതുകൊള്ളാം" എന്നും മറ്റും പറഞ്ഞ് "ഏത് ഋതുവിനെ വർണ്ണിച്ചാണു പാടേണ്ടത്" എന്നു സൂത്രധാരനോടു ചോദിച്ചു.

അപ്പോൾ സൂത്രധാരൻ "ശരദൃതുയുവിനേത്തന്നെ വർണിക്കണമെന്നല്ലേ ഇവരുടെ നിയോഗം?" എന്നു പറഞ്ഞ് ഒരു ശ്ലോകം ചൊല്ലി. ഇതിൽ നിലാവും ഹംസവും കാറ്റും താമരയും മറ്റും തിരുതകൃതിയായിരുന്നു.

ഇതു പകുതി ചൊല്ലിയപ്പോൾ പേഷ്ക്കാർ മുൻസിപ്പിനോട്-- "എനിക്ക് ഓക്കാനം നല്ലവണ്ണം വരുന്നുണ്ട്. നേരംപോക്കല്ല"-- എന്നു പറഞ്ഞു [ 32 ]

ഇതിനും മുൻസിപ്പ് പണ്ടത്തേപ്പോലെ ചിരിച്ച് "ഉടനേ പോകാം" എന്നു മാത്രം മറുപടി പറഞ്ഞു. എങ്കിലും അവിടെത്തന്നെ കുറേ നേരംകൂടി ഇരിക്കയാണു ചെയ്തത്.

ചുരുക്കിപ്പറയാം. സാധു പേഷ്കാർ അവിടെത്തന്നെ ഒരു നാഴികകൂടി ഇരിക്കുന്നതിനു സംഗതിയായി എന്നല്ലേ പറയേണ്ടു. പ്രസ്താവന കഴിഞ്ഞു സാക്ഷാൽ നാടകം ആരംഭിച്ച് അര നാഴികയ്ക്കകത്തു പല വൃത്തങ്ങളിലുമായി പന്തൽ ശ്ലോകം അഞ്ചുപത്ത് നാട്ടിക്കഴിഞ്ഞു. പേഷ്കാർക്കു സഹിച്ചുകൂട. ഒരു മിനിട്ടുകൂടി ഇരിക്കാൻ പാടില്ല. അപ്പഴേക്കും അരങ്ങത്ത് ദേവയാനിയുടെ വേഷമാണെന്നും പറഞ്ഞ് ഒരു അസത്തു ചാടിവന്ന് കാളയുടെ മുക്കറശബ്ദത്തിൽ ഒരു ശ്ലോകം ചൊല്ലി.

പേഷ്കാർ ഉണ്ടതു മുഴുവനും പുറത്ത്. അപ്പഴാണു മുൻസിപ്പിന്നു കഥ മനസ്സിലായത്. ഉടനേ നാടകം നിർത്തി. ഉദ്യോഗസ്ഥന്മാരും ശിപായികളും ബദ്ധപ്പെട്ടു പേഷ്കാരുടെ ചുറ്റും വന്നു നിന്നു. ഉടനേ അപ്പോത്തിക്കരിയെ വരുത്തി. എങ്കിലും പേഷ്കാർ "എനിക്കൊരു മരുന്നും വേണ്ട. ദഹനക്കേടല്ല. കാരണം വേറെയാണ്" എന്നു പറഞ്ഞു. അല്പം കഴിഞ്ഞപ്പോൾ കുറേ വെള്ളം കുടിച്ചു. വിശറി കൊണ്ടൂവന്നു വീശുവാൻ പറഞ്ഞു. ഇങ്ങനെ ഹാളിൽ ഒരനക്കവും കൂടാതെ പേഷ്കാർ എന്താണു ചെയ്യാൻ പോകുന്നതെന്നു നോക്കിക്കൊണ്ടു കാഴ്ചക്കാർ ബദ്ധകൗതുകത്തോടെ ഇരിക്കയിൽ അദ്ദേഹം എഴുന്നേറ്റു താഴെ കാണും‌പ്രകാരം സാവധാനത്തിൽ ഒരു പ്രസംഗം ചെയ്തു.

ഹേ! സഭാവാസികളേ!

മിസ്റ്റർ ഗോവിന്ദപ്പണിക്കർ ഉണ്ടാക്കിയ നാടകം അഭിനയിക്കുന്നതു കാണാനായി ഞാനും നിങ്ങളെല്ലാവരും ഇവിടെ വന്നിരിക്കുന്നു. എങ്കിലും അഭിനയം ഇതുവരെ ആയപ്പോഴേക്കും ഇനി ഒരു ക്ഷണമെങ്കിലും ഈ നാടകം കാണുന്നതിന് എനിക്കു പാടില്ലാതായിരിക്കുന്നു എന്നു ഞാൻ വ്യസനത്തോടെ പറഞ്ഞുകൊള്ളുന്നു. നാടകങ്ങൾ ഇയ്യിടെ മലയാളത്തിൽ അനേകം ഉണ്ടാക്കപ്പെടുന്നുണ്ടെന്ന് കേട്ടു ഞാൻ സന്തോഷിച്ചു. എന്നാൽ അതുകളിൽ ദുർല്ലഭം ചില നാടകങ്ങളൊഴികെ മിക്കതും പ്രസിദ്ധീകരണത്തിനുപോലും യോഗ്യതയില്ലാത്തവയാണെന്ന് എന്റെ സ്നേഹിതന്മാർ പലപ്പോഴും എന്നോടു പറഞ്ഞിട്ടുണ്ട്. ഈ കേൾവിയെ ഞാൻ വിശ്വസിക്കയോ വിശ്വസിക്കാതിരിക്കയോ ചെയ്തില്ല. മലയാളനാടകങ്ങൾ എത്രതന്നെ വൈശിഷ്ട്യത്തെ പ്രാപിച്ചാലും ഇംഗ്ലീഷ് നാടകങ്ങളോട് ഒക്കയില്ലെന്നും ഞാൻ ഇംഗ്ലണ്ടിൽ പല തവണയും കണ്ടിട്ടുള്ള ഇംഗ്ലീഷ് നാടകാഭിനയങ്ങളുടെ ഒരു ശതാംശമെങ്കിലും യോഗ്യതയോ ഭംഗിയോ ഇവിടുത്തെ അഭിനയങ്ങൾക്കുണ്ടാകുവാൻ പാടില്ലെന്നും ഉള്ള വിശ്വാസത്താൽ ആണു ഭാഷാനാടകങ്ങളിലോ അവയുടെ അഭിനയങ്ങളിലോ എനിക്കു താൽപ്പര്യമില്ലാതിരുന്നത്. [ 33 ]

എന്നാൽ ഇപ്പോൾ ഈ നാടകാഭിനയം ഇതുവരെ കണ്ടതിൽ നിന്നും മലയാളനാടകങ്ങളുടെ സ്വഭാവം എനിക്ക് ഏകദേശം മനസ്സിലായിരിക്കുന്നു. പായസം, പ്രഥമൻ മുതലായവ വിശേഷ പദാർത്ഥങ്ങളെ അനുഭവിച്ചിട്ടുള്ളവർക്കു ചീഞ്ഞു നാറുന്ന മൽസ്യമാംസം തിന്മാൻ കൊടുത്താൽ എത്ര രസമുണ്ടാകും? ഇംഗ്ലീഷ് നാടകങ്ങളും മലയാളനാടകങ്ങളും തമ്മിൽ ഇതിലധികം അന്തരമുണ്ട്. മലയാളനാടകങ്ങളെന്നു ഞാൻ ഇവിടെ സാമാന്യമായിട്ടാണു പറയുന്നതെന്നും അതിനു വ്യത്യസ്തങ്ങൾ ഉണ്ടെന്നും നിങ്ങൾ മറന്നുകളയരുത്. ഇംഗ്ലീഷ് നാടകങ്ങളെ നല്ലവണ്ണം വായിച്ചറിഞ്ഞിട്ടുള്ളവർക്ക് ഇപ്പഴത്തേ ഈ ഭാഷാനാടകങ്ങളിൽ ലവലേശം രസമുണ്ടാകുവാൻ പാടില്ല. ഭാഷാനാടകങ്ങളിലേ അനേകന്യൂതനനകളെയും ദോഷങ്ങളെയും സൂക്ഷിച്ച് അതുകളെ പരിഹരിക്കാൻ മാത്രമായിക്കൊണ്ടുള്ള ഭാഷാനാടകതല്പരന്മാരായ ജനങ്ങളുടെ ശ്രമം അഭിനന്ദനീയമാണെന്നല്ലാതെ അതുകളുടെ അതുകളുടെ അഭിനയത്തേക്കണ്ടു രസിപ്പാനായി ഇംഗ്ലീഷ് നാടകരസാനുഭോക്താക്കളായ യോഗ്യന്മാർ വരുന്നത് എനിക്ക് ഒട്ടും മനസ്സിലാകാത്ത ഒരു കാര്യമാണ്. ഇംഗ്ലീഷ് നാടകങ്ങളുടെ പ്രചാരം നമ്മുടെ രജ്യത്തില്ലായിരുന്നു എങ്കിൽ ഈ ഭാഷാനാടകങ്ങളിലുള്ള ജനസാമാന്യത്തിന്റെ ഭ്രമത്തിന് ഒരു അർത്ഥമുണ്ടാകുമായിരുന്നു. ഉപമകൊണ്ടാണല്ലോ നാം എല്ലാക്കാര്യങ്ങളുടെയും ഗുണദോഷങ്ങളെ തിരിച്ചറിയുന്നത്. മൂന്നു പൈ കൊടുത്താൽ രണ്ടു തീപ്പെട്ടി കിട്ടുന്ന കാലത്ത് ആരെങ്കിലും പൂർവ്വസമ്പ്രദായപ്രകാരം രണ്ട് മരക്കഷ്‌ണങ്ങൾ തമ്മിൽ കൂട്ടിഅധികനേരം ഉരച്ച് തീയുണ്ടാക്കുവാൻ ശ്രമിക്കുന്നത് എത്ര വിഡ്ഢിത്ത്വമായിരിക്കും. അങ്ങനെ ശ്രമിക്കുന്നതിൽ തീപ്പെട്ടിയുടെ പരിജ്ഞാനം ധരാളമുള്ളവർകൂടി സഹായിച്ചാൽ അവർ എന്തുമാത്രം പരിഹാസത്തിനാണ് പാത്രങ്ങളാകേണ്ടത്? നല്ല മൽമൽ അലക്കുശീല സാരി മുതലായ വിശേഷവസ്ത്രങ്ങൾ ധാരാളമായി വരുന്ന കാലത്തു മരവിരി ധരിച്ചുകൊണ്ടു നടക്കുന്നവൻ വിടുവിഡ്ഢിയോ യോഗ്യനോ? സ്ഫടികപ്പാത്രങ്ങളുപയോഗിക്കുന്നവൻ മൺചട്ടി കൊതിക്കുമോ? തീപ്പെട്ടിയോ മേൽവിവരിച്ച തരം വസ്ത്രങ്ങളോ സ്ഫടികപ്പാത്രങ്ങളോ നടപ്പില്ലാത്ത ഒരു രാജ്യത്തു മരക്കഷ്‌ണങ്ങളുടെ സംഘർഷണവും മരവിരുധാരണവും മൺചട്ടിയും നിന്ദ്യമോ പരിഹാസവിഷയമോ ആയിരിക്കുവാൻ പാടില്ലല്ലോ. ഇതുപോലെ ഉപമകൾ അനവധി പറയാം.

എന്നാൽ, ഇംഗ്ലീഷ്നാടകങ്ങളുടെ സൽഗുണങ്ങളെ ജനസാമാന്യത്തെ മനസ്സിലാക്കുവാൻ ആരും അത്ര ഇത്സാഹിക്കുന്നില്ലല്ലോ എന്നും പിന്നെ ഇംഗ്ലീഷ് വശമില്ലാത്തവർ എന്തു ചെയ്യും എന്നും നിങ്ങൾ പക്ഷേ, ചോദിക്കുമായിരിക്കും. ഈ ചോദ്യം എത്രയും സ്വഭാവികവും യുക്തിയുക്തവുമാണെന്നു ഞാൻ സമ്മതിക്കുന്നു. ഷെയിക്സ്പിയർ മുതലായ ജഗൽപ്രസിദ്ധന്മാരായ കവികളുടെ നാടകങ്ങളെ വായിച്ചറികയും അവയുടെ അനന്യസാധാരണമായ രസങ്ങളെ അനുഭവിക്കയും ചെയ്തിട്ടുള്ള [ 34 ] പലരും ഈ ഭാഷാനാടകങ്ങളിൽ ഇത്ര ഭ്രമമുള്ളവരായി തീർന്നിരിക്കുന്നത് എന്നെ എത്രയും ആശ്ചര്യപ്പെടുത്തുന്നു. ഇംഗ്ലീഷ് നാടകങ്ങളുടെയും ഭാഷാനാടകങ്ങളുടെയും ഗുണദോഷങ്ങളെ ഇവർക്കു നല്ലപോലെ അറിയാമെങ്കിലും ഭാഷാനാടകങ്ങളെ പരിഷ്കരിക്കുകയോ അവയുടെ ദോഷങ്ങളെ വെളിപ്പെടുത്തുകയോ ചെയ്യാതെ ഇവർ മൗനം ദീക്ഷിച്ചിരിക്കുന്നത് Moral Courage അല്ലെങ്കിൽ ശീലദാർഢ്യം വേണ്ടപോലെ ഇല്ലാഞ്ഞിട്ടാണെന്നു തോന്നുന്നു. ആയതുകൊണ്ട് ഇംഗ്ലീഷ്നാടകങ്ങളുടെയും ഭാഷാനാടകങ്ങളുടെയും ഭേദങ്ങളെ ഈ അവസരത്തിൽ അല്പം ഉപന്യസിക്കുന്നതു വളരെ ഉപകാരവും ഉചിതവും ആയിരിക്കുമെന്നതിന്നു സംശയമില്ല.

ഇംഗ്ലീഷിൽ നോവലുകൾക്കെന്നപോലെ നാടകങ്ങൾക്കും ജീവനായുള്ള ലക്ഷണം പ്ലോട്ട് എന്നതാണ്. ഇതിനു മലയാളത്തിൽ കഥാബന്ധം അല്ലെങ്കിൽ കഥയുടെ കൂട്ടുകെട്ട് എന്നു പറയാം. എങ്കിലും അത്രമാത്രം പറഞ്ഞാൽ പ്ലോട്ട് എന്നതിന്റെ അർത്ഥം മുഴുവനും നിങ്ങൾക്കു മനസ്സിലാകുമെന്നു തോന്നുന്നില്ല. പ്ലോട്ട് ഉള്ള ഒരു കഥയായാൽ കവിക്ക് ഏതെങ്കിലും ഒരു കലാശം അല്ലെങ്കിൽ ഉദ്ദേശ്യം മനസ്സിൽ ഉണ്ടായിരിക്കും. കഥയിലെ നാനാഭാഗങ്ങളും ഉപകഥകളും ഈ കലാശത്തെ സാധിക്കുന്നതിൽ നേരിട്ടോ നേരിട്ടല്ലാതയോ സഹായകങ്ങളായിരിക്കും. ചിലപ്പോൾ ഈ ഭാഗങ്ങൾ തമ്മിൽ സംബന്ധമില്ലെന്നു തോന്നും. കയറ്റുവാണത്തിന്റെ കയറുകൾ പല സ്ഥലങ്ങളിലും കുറ്റി തറച്ച് കെട്ടിയിരിക്കുന്നു. എങ്കിലും, എല്ലാം ചെന്നു കലാശിക്കുന്നത് ഒരു സ്ഥലത്തായിരിക്കുന്നതുപോലെ കഥ മുതിരുന്തോറും ഓരോ ഭാഗം അല്ലെങ്കിൽ ഉപകഥ കവി ഊന്നിയിരിക്കുന്ന കലാശത്തിലേക്കു ചാഞ്ഞു ചാഞ്ഞു വരും. നാനാഭാഗങ്ങൾക്കും പരസ്പരം ഓരോ സംബന്ധം അപ്പോൾ തുടങ്ങുകയും ചെയ്യും. ഇങ്ങനെ ഒരു ഉപകഥ മറ്റൊന്നിനെയും മറ്റതു വേറെ ഒന്നിനെയും തമ്മിൽ സഹായിച്ചു സമ്മിശ്രമായി ഒരേ കലാശത്തെ സാധിക്കുന്ന കഥയ്ക്കാണ് പ്ലോട്ടുണ്ടെന്ന് പറയുന്നത്. ഈ കലാശത്തിൽ എത്തുന്നതിന്ന് ആകസ്മികങ്ങളായ പല ഹേതുക്കളും ചിലപ്പോൾ ഉണ്ടായിരിക്കും. ആദ്യം തന്നെ ഈ വക ഹേതുക്കളിൽ ഓരോന്നിന്റെ ആവശ്യകതയെ കാണാതെ വായനക്കാരൻ കൗതുഹലാക്രാന്തചിത്തനായി ബുദ്ധിമുട്ടുന്നു. എങ്കിലും കഥ വായിച്ചു വായിച്ച് ചെല്ലുന്തോറും ആ ഹേതുക്കളുടെ യോജ്യത ക്രമശഃ പ്രത്യക്ഷമായിത്തീരുകയും പരിണാമം അറിവാനുള്ള തിടുക്കവും അതോടുകൂടി സന്തോഷവും വർദ്ധിക്കുകയും ഒടുക്കം കഥയുടെ ഉദ്ദിഷ്ടമായ അവസാനത്തിൽ വരുമ്പോൾ വായനക്കാരന്റെ സന്തോഷം പരമകാഷ്ഠയെ പ്രാപിക്കയും ചെയ്യുന്നു.

ഇതാണ് പ്ലോട്ട്. ഇതിലും വ്യക്തമായി പ്ലോട്ട് എന്ന പദത്തിന്റെ അർത്ഥം പറയാൻ പ്രയാസമുണ്ട്. എങ്കിലും പറയാനേ പ്രയാസമുള്ളു. ഊഹിക്കുവാൻ എനിക്കു ധാരാളം കഴിയും. ഇത്രമാത്രം [ 35 ] പറഞ്ഞതിൽനിന്ന് പ്ലോട്ടിനേക്കുറിച്ച് സാമാന്യമായ ഒരു പരിജ്ഞാനം നിങ്ങൾക്കുണ്ടായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.

എന്നാൽ ഈ പ്ലോട്ട് അല്ലെങ്കിൽ ഐക്യം ഇല്ലാഞ്ഞാൽ കവി എത്ര തന്നെ യോഗ്യനായിരുന്നാലും ആ നാടകം കുൽസാവഹമായിരിക്കും. ലോകത്തിലെ നാടകകർത്താക്കന്മാരിൽ അദ്വിതീയനെന്നു മാത്രമല്ല പക്ഷികളിൽ ഗരുഡനെന്ന പോലെ ശേഷം നാടകകർത്താക്കന്മാരിൽനിന്നും എത്രയോ ഉന്നതിയിൽ നിൽക്കുന്ന ഷെയിക്സ്പിയറിന്റെ 'ഹെന്നരി--' എന്ന നാടകത്തിൽ നാടകീയമായ മേല്പറഞ്ഞ ഐക്യം ഇല്ലാത്തതിനാൽ അതിനെ ലോകർ നിന്ദിക്കുന്നു എന്നുതന്നെയല്ല അതു ഷെയിക്സ്പിയറിന്റേതല്ലെന്നുകൂടി സ്ഥാപിക്കുവാൻ ശ്രമിക്കുന്നുണ്ടെന്നുള്ള യാഥാർത്ഥ്യം ഈ പ്ലോട്ട് എന്ന ലക്ഷണത്തിന്റെ പ്രാധാന്യത്തെ സമ്യക്കായി വിശദീകരിക്കുന്നു.

ഇംഗ്ലീഷിൽ പ്ലോട്ടില്ലാത്ത നാടകങ്ങൾ എത്ര ചുരുക്കമോ അതിലും തുലോം ചുരുക്കമാണു മലയാളത്തിൽ പ്ലോട്ടുള്ള നാടകങ്ങൾ. രാമായണം, ഭാരതം മുതലായ പുസ്തകങ്ങളിൽനിന്നും ഏതെങ്കിലും ഒരു കഥയെടുത്തു നാടകമാക്കിയാൽ അതിലെങ്ങനെയാണു പ്ലോട്ടുണ്ടാകുന്നത്? ഒരു ചരിത്രം ഗദ്യപദ്യങ്ങളായി പറഞ്ഞു എന്നല്ലാതെ ഞാൻ യാതൊരു വിശേഷവും കാണുന്നില്ല. വെറും ചരിത്രത്തിൽ പ്ലോട്ടുള്ള[2] കഥകൾ കണ്ടെത്തുവാൻ പ്രയാസമുണ്ട്. പ്ലോട്ട് കവിയുടെ കല്പനാസാമർത്ഥ്യത്താൽ ഉണ്ടാക്കേണ്ടതാണ്. കടം വാങ്ങിക്കുന്ന ഒരു കഥയിൽ പ്ലോട്ട് താനെ ഉണ്ടായിരിക്കുന്നത് എത്രയും അസാധാരണമാണ്. ഒരാൾ ചക്ക വാങ്ങാൻ ചന്തയിൽ പോയി അതുവാങ്ങി വീട്ടിലേക്കു പോന്നു എന്നുള്ളത് ഒരു നാടകമാക്കാൻ തുടങ്ങിയാൽ ആ വക നാടകങ്ങളെ വായിക്കാനും ബഹുമാനിക്കാനും ഭോഷന്മാരല്ലാതെ ആർ ഉണ്ടാകും?

ഇങ്ങനെയാണു തത്ത്വം. ഈ തത്ത്വം അറിയുന്ന വളരെപ്പേരെ ഇക്കാലത്തു കാണുന്നില്ല. അറിഞ്ഞാൽ പറയാൻ ധൈര്യമുള്ളവർ അതിലും ദുർല്ലഭം. അഥവാ വല്ലവരും വെളിയിൽ പറയാൻ തുനിഞ്ഞാൽ അവനെ എല്ലാവരുംകൂടി വിഡ്ഢിയാക്കുകയും ആക്ഷേപിക്കപ്പെട്ട നാടകം കരിമ്പാണെന്നും ആക്ഷേപിച്ചവനു പല്ലില്ലെന്നും അതുകൊണ്ടാണ് അതിന്റെ രസത്തെ അറിവാൻ പാടില്ലാത്തതെന്നും മറ്റും ഉത്തരങ്ങൾ പറയുകയും ചെയ്യുന്നു. നാടകങ്ങളെ ഇങ്ങനെ ശർക്കരയോടും കരിമ്പിനോടും പഞ്ചസാരയോടും തേനിനോടും മറ്റും ഉപമിക്കുന്നതു കാണുമ്പോൾ എനിക്ക് ഓക്കാനം വരുന്നു.

ഇംഗ്ലീഷ് നടകങ്ങളും ഭാഷാനാടകങ്ങളും തമ്മിൽ ഭേദപ്പെടുന്ന മറ്റൊരു സംഗതിയെ ഇനി പറയാം. ഇംഗ്ലീഷ് നാടകങ്ങളിൽ സാക്ഷാൽ കവിത വളരെ പ്രധാനമായ ഒരു ലക്ഷണമാണ്. കവിക്ക് വിദ്വാൻ [ 36 ] എന്നൊരർത്ഥമുണ്ട്. ആ അർത്ഥത്തിലല്ല ഞാൻ ആ പദത്തെ ഇപ്പോൾ ഉപയോഗിക്കുന്നത് പൊയറ്റ്റി എന്ന അർത്ഥത്തിലാണ്. പൊയറ്റ്റി എന്നുവെച്ചാൽ എന്താണെന്നു തിരിച്ചു പറയാൻ അത്യന്തം പ്രയാസമാണ്. ഇതിന്റെ ലക്ഷണങ്ങളെ ഇതുവരെ ആരെങ്കിലും വ്യാഖ്യാനിച്ചിട്ടുണ്ടോ എന്നും സംശയമാണ്. എങ്കിലും നിങ്ങൾക്ക് ഏകദേശമായ ഒരു അറിവുണ്ടാകുവാനായി ഞാൻ തൽസംബന്ധം ഇവിടെ അല്പം പറയാം. ലോകത്തിൽ ഏതു വസ്തുവിനെക്കുറിച്ചായാലും ഏതു വിഷയത്തെക്കുറിച്ചായാലും എഴുതുകയോ പറയുകയോ ചെയ്താൽ അങ്ങനെ എഴുതുകയും പറയുകയും ചെയ്യുന്നതിൽ വായനക്കാർക്കോ കേൾവിക്കാർക്കോ അസാധാരണമായ ഒരു രസം ഏതിൽനിന്നു ജനിക്കുന്നുവോ എതിൽ കവിതയുണ്ടെന്നു പറയാം. പക്ഷേ, താദൃശമായ രസം ഉൽഭവിക്കുന്നത് കേൾവിക്കാരുടേയും വായനക്കാരുടേയും അവസ്ഥയെ അനുസരിച്ചിരിക്കുമെന്നും ഒരാൾക്കു സരസമായി തോന്നുന്നത് മറ്റൊരാൾക്ക് രസശൂന്യമായി തോന്നിയേക്കാമെന്നും ചിലർ തർക്കിക്കുമായിരിക്കാം. ഇത് കുറെ നേരാണെങ്കിലും, മനുഷ്യർക്കു ചില സന്ദർഭങ്ങളിൽ സർവസാധാരണമായ ഓരോ രസങ്ങൾ അല്ലെങ്കിൽ തോന്നലുകൾ ഉണ്ടാകുന്നത് നാം കണ്ടു വരുന്നുണ്ട്. ഈ വിഷയം തത്ത്വജ്ഞാനികൾ ഉപന്യസിക്കേണ്ടതും ഇങ്ങനെയുള്ള ഒരു സദസ്സിൽ വ്യവഹരിക്കപ്പെടുവാൻ ചേർച്ചയില്ലാത്തതുമാണെന്ന് എനിക്ക് അറിയാം. എങ്കിലും ഇതുവരെ ഒരു സംഗതിവശാൽ പറഞ്ഞിട്ട് പെട്ടെന്ന് അതിനെ നിർത്തരുതല്ലോ എന്നുള്ള യുക്തിയിന്മേൽ ഞാൻ തുടർച്ചയായി പ്രസംഗിക്കുന്നതാണ്. മേൽപ്പറഞ്ഞ വിധം സർവസാധാരണമായ രസത്തെ ഉൽഭവിപ്പിക്കത്തക്കവണ്ണം വാക്യങ്ങളെ രചിക്കുന്നതിനുള്ള സാമർത്ഥ്യത്തിനാണ് കവിത എന്നു പറയുന്നത്. ഉപ്പ് നാവിന്മേൽ വെച്ചാൽ ചിലർക്കു കൈപ്പുരസം ഉണ്ടാകുമെന്നും ചിലർക്കു മധുരമായി തോന്നുമെന്നും വരുന്നതല്ലല്ലൊ. പഞ്ചസാര ചിലർക്കു മധുരവും അന്യർക്കു കടുവും ആയിരിക്കുവാൻ പാടില്ല. അപ്രകാരംതന്നെ ചില വാക്യങ്ങളുടെ ശ്രവണത്തിൽ സർവസാധാരണമായ ഒരേ രസം ജനിക്കുന്നതാണ്. ഏതാദൃശമായ രസജനനം മനുഷ്യദുർഗ്രഹങ്ങളായ ഏതോ ചില നിയമങ്ങളേ ആശ്രയിച്ചിരിക്കുന്നുണ്ടായിരിക്കാം. എങ്കിലും നമ്മുടെ ഇപ്പഴത്തേ കാര്യവിചാരണയിൽ ആവക നിയമങ്ങളെ ആദ്യം തന്നെ വ്യാഖ്യാനിക്കാനോ നിർണയിക്കാനോ ഉള്ള ആവശ്യകതയില്ല.

ഭാഷാനാടകങ്ങളിൽ ഈ വിധമുള്ള കവിത അത്യന്തം ചുരുക്കമാണ്. കവിതയും പദ്യവും ഒരേ അർത്ഥമുള്ളതാണെന്നു ഗ്രഹിച്ചിരിക്കുന്ന അനേകജനങ്ങളുണ്ട്. കവിതയ്ക്കു പദ്യരൂപം അപരിത്യാജ്യമല്ല. ഗദ്യത്തിലും പദ്യത്തിലും കവിതയുണ്ടാകാം. എന്നാൽ പദ്യത്തിൽ കർണസുഖം വിശേഷാൽ ഉള്ളതിനാൽ കവിതയോടുകൂടിയ പദ്യം വിശിഷ്ടമായിരിക്കും. എങ്കിലും കവിതാശൂന്യമായ പദ്യത്തേക്കാൾ കവിതായുക്തമായ ഗദ്യം സുരസമാണല്ലോ. [ 37 ]

എന്നാൽ ഭാഷാനാടകങ്ങളിൽ സാക്ഷാൽ കവിതയില്ലെന്നു തന്നെയല്ല തന്നിമിത്തം കർണസുഖംകൂടി ഉണ്ടാകുന്നില്ലെന്നു ചിലർ എന്നോടു പറഞ്ഞിട്ടുള്ളത് മിഥ്യയെന്നു വിചാരിപ്പാൻ ഇപ്പോൾ പാടില്ലാതെ വന്നിരിക്കുന്നു. അങ്ങനെയുള്ള നാടകം എഴുതിയുണ്ടാക്കുന്നതിലും നല്ലത് ഉപയുക്തതരങ്ങളായ മറ്റു വല്ല വേലകളും നോക്കുന്നതാണ്.

സാക്ഷാൽ കവിത കിടക്കുന്നത് അർത്ഥത്തിലാണ്. ശബ്ദത്തിലല്ല. അർത്ഥഭംഗിക്കാണ് ശബ്ദഭംഗിയെക്കാൾ പ്രാധാന്യം കൊടുക്കേണ്ടത്. ആയതുകൊണ്ട് ഒരു ശ്ലോകം സാക്ഷാൽ കവിതയുള്ളതോ അല്ലയോ എന്നറിയണമെങ്കിൽ അതു ഭാഷാന്തരപ്പെടുത്തി നോക്കിയാൽ മതി. ഭാഷാന്തരത്തിൽ രസക്ഷയം സംഭവിക്കാഞ്ഞാൽ ആ ശ്ലോകം ശബ്ദഗുണത്തെ ആശ്രയിക്കുന്നില്ലെന്നും അതിന്റെ രസം അതിൽ ഉപയോഗിച്ചിട്ടുള്ള പദങ്ങളുടെ അർത്ഥത്താൽ സിദ്ധിക്കുന്നതാണെന്നും തെളിയും. ഭാഷാശ്ലോകങ്ങളിൽ പലതും എടുത്ത് ഞാൻ ഈ പരീക്ഷ കഴിച്ചിട്ടുണ്ട്. കേട്ടാൽ വളരെ ഹൃദ്യമായ ശ്ലോകങ്ങൾ തർജമ ചെയ്ത് വായിച്ചാൽ പച്ചവെള്ളം തിളപ്പിച്ച് വറ്റിച്ചാൽ അടിയിൽ യാതൊന്നു ശേഷിക്കാത്തതുപോലെ ആദ്യംഭംഗിയുള്ളതായി തോന്നിയ ഭാഗം അശേഷം ബാഷ്പീഭവിച്ചുപോകുന്നു.

ഇങ്ങനെയുള്ള ശ്ലോകങ്ങളെ ഓരോ വേഷക്കാർ അരങ്ങത്തു നിന്നും കൊണ്ടു നല്ല രാഗത്തിൽ നീട്ടി ചൊല്ലുമ്പോൾ അല്പജ്ഞന്മാരായ കാഴ്ചക്കാർ ഭേഷ് ഭേഷ് എന്ന് ഒച്ച കാട്ടി സ്തുതിക്കും. പാദപൂരണത്തിന്നും പ്രാസത്തിന്നും അനുപ്രാസത്തിന്നും ആയി അനേകം അനാവശ്യപദങ്ങളെ കൂട്ടിച്ചേർത്ത് ഒരു ശ്ലോകം ഉണ്ടാക്കി സംഗീതവാസനയുള്ള ഒരാൾ മേല്പറഞ്ഞ പ്രകാരം നീട്ടിയടിച്ചാൽ ഒന്നാന്തരം ശ്ലോകമാണെന്നു തോന്നും. വിഡ്ഢികൾ ഭേഷ് ഭേഷ് എന്നു നിലവിളിക്കയും ചെയ്യും. ഇങ്ങനെ ശ്ലോകമുണ്ടാക്കുവാൻ എന്തു പ്രയാസമാണ്? ആർക്കാണു പാടില്ലാത്തത്?

ഇതു മാത്രമല്ല. നാടകം എന്നു പറയണമെങ്കിൽ അതിനാൽ എന്തെങ്കിലും ഒരു സാരം ജനങ്ങൾക്കു ഗ്രഹിക്കത്തക്കതായിരിക്കണം. ഇതു മലയാളനാടകങ്ങളിൽ പ്രത്യക്ഷീഭവിക്കുന്ന ഒരു ലക്ഷണമാണോ എന്നു ഞാൻ സംശയിക്കുന്നു.

ഇതു കൂടാതെ നാടകങ്ങളിൽ പാത്രങ്ങളുടെ സംഭാഷണത്തിൽ നിന്നും അവരവരുടെ സ്വഭാവം പ്രത്യക്ഷമാകണം. ലോകത്തിൽ അസംഖ്യവിധം സ്വഭാവങ്ങളുള്ള മനുഷ്യരുണ്ട്. ഈ സ്വഭാവവിശേഷങ്ങളെ കവി തന്റെ ബുദ്ധിയിൽ കണ്ട പാത്രങ്ങൾ വഴിയായിട്ടു ലോകർക്ക് അനുഭവസിദ്ധമാക്കണം. ഇങ്ങനെ ചെയ്യുന്നതിന്ന് എത്രയോ പ്രയാസമുണ്ട്. എന്നു തന്നെയല്ല, എല്ലാവരാലും ശക്യവുമല്ല. ലോകത്തിലുള്ള നാനാവിധക്കാരായ മനുഷ്യരുടെ സ്വഭാവങ്ങളെ ഒരാൾ അറിഞ്ഞിരിക്കയും അറിഞ്ഞാൽ പിന്നെ നാടകരൂപേണ ഉദാഹരിക്കയും ചെയ്‌വാൻ അസാധാരണ [ 38 ] ബുദ്ധിയും ലോകപരിചയവും വേണം. ഈ തത്ത്വം സംസ്കൃതനാടകകർത്താക്കന്മാർ നല്ലവണ്ണം അറിഞ്ഞിട്ടുണ്ട്. നാടകാന്തം കവിത്വം എന്നുള്ള പ്രസിദ്ധവാക്യം ഈ തത്ത്വത്തെ സൂചിപ്പിക്കുന്നു. എന്നാൽ, ഇക്കാലത്തെ ഭാഷാനാടകകർത്താക്കന്മാർ ഏതാദൃശന്മാരല്ല. അവർ ഗ്രന്ഥനിർമ്മാണത്തിൽ ആദ്യം കൈകൊണ്ടു വെക്കുന്നതു നാടകത്തിന്മേലാണ്. മഹാവിദ്വാന്മാരും സാക്ഷാൽ കവികളും ആയവർ കലാശകാര്യമായി വിചാരിക്കുന്നതു നമ്മുടെ ഇപ്പൊഴത്തെ ഭാഷാകവികൾക്ക് ആദ്യ കാര്യമായിരിക്കുന്നു. ഇത് എത്ര കഷ്ടം. ഒന്നാമതുതന്നെ ഈ ഭാഷാകവികളെന്നു പറയുന്നവരിൽ ദുർല്ലഭം ചിലരൊഴികെ ആരും കവി എന്ന പേരിൽ യോഗ്യരല്ല. അങ്ങനെ ഇരിക്കെ അവർ കവിതയുടെ കലാശാവസ്ഥയിൽ നിർമിക്കേണ്ടുന്ന നാടകത്തെ ചെന്ന് ആദ്യം പിടിക്കുന്നതിൽ കാണിക്കുന്ന പ്രാഗത്ഭ്യത്തെ ആലോചിച്ചു നോക്കുവിൻ. കവിതയുണ്ടാക്കുക എന്നത് എല്ലാവരാലും കഴിയുന്നതല്ലല്ലൊ. നാടകം ഉണ്ടാക്കുക അത്യന്തം ദുഷ്കരവുമാണ്. ഇതൊന്നും ആലോചിക്കാതെ അവൻ നാടകം ഉണ്ടാക്കിയതുകൊണ്ട് ഞാനും ഒരു നാടകം ഉണ്ടാക്കണമെന്നാണ് ഇപ്പോൾ നാട്ടുകാരിൽ പലരും ധരിച്ചുവച്ചിരിക്കുന്നതെന്നു തോന്നുന്നു. നാലുപേരിലൊരുത്തൻ ആകണമെങ്കിൽ ഒരു നാടകം ഉണ്ടാക്കാതെ പാടില്ലെന്നുവന്നിരിക്കുന്നത് ആശ്ചര്യംതന്നെ.

(ഗോവിന്ദപ്പണിക്കർ മോഹിച്ചു വീഴുന്നു)


നാടകം ആർക്കും ഉണ്ടാക്കാവുന്ന ഒരു കാര്യമാണെന്ന് ഇവർ വിചാരിക്കുന്നപോലെ തോന്നുന്നുണ്ട്. ഭാഷാനാടകങ്ങളെ വാർക്കുന്നതിനായി സംസ്കൃത നാടകകർത്താക്കൾ ഒരു അച്ച് ഉണ്ടാക്കി കൊടുത്തിട്ടുമുണ്ട്. ആദ്യം നാന്ദി കഴിഞ്ഞു സൂത്രധാരൻ പ്രവേശിക്കുന്നു. പിന്നെ ചുറ്റിനടന്ന് അണിയറയിലേക്കു നോക്കീട്ട് ആര്യയെ വിളിക്കുന്നു. ഈ ആര്യ വന്ന് ഏതാണ്ടൊക്കെ പറയും. അതിനകത്തു നാടകകർത്താവിന്റെ പേരും യോഗ്യതയും ഒക്കെ പുറത്തു പറയും. പരിഷ്കാരമുള്ള ഈ കാലത്തെ അവസ്ഥയ്ക്ക് ഇതൊക്കെ അനാവശ്യമാണെന്നും നാടകത്തിന്റെ ആരംഭത്തിൽ അതിലെ പാത്രങ്ങളെത്തന്നെ പ്രവേശിപ്പിക്കുന്നതാണു ചേർച്ചയെന്നും ഇപ്പഴത്തെ നമ്മുടെ നാടകകർത്താക്കന്മാർ ഗ്രഹിക്കാത്തതു ശോചനീയമായ ഒരു സംഗതിതന്നെ.

മുമ്പിൽ ഗമിച്ചീടിന ഗോവുതന്റെ
പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം

എന്നപോലെ ആരോ ഒരാൾ പണ്ടു സൂത്രധാരനേയും നടിയെയും മറ്റും പ്രവേശിപ്പിച്ചു. ആ സമ്പ്രദായത്തിന്റെ ഗുണദോഷങ്ങളെയോ ആവശ്യകതയേയോ ആലോചിക്കാതെ അതിനെ ജീവൻപോയാലും വിടാതെ നമ്മുടെ ഭാഷാവിദ്വാന്മാർ മുറുക്കിപ്പിടിച്ചിട്ടുണ്ട്. ഐകരൂപ്യം കാണികളേ മുഷിപ്പിക്കത്തക്കതും പുതുമയും വിവിധത്വവും സന്തോഷിപ്പിക്കത്തക്കതുമാണെന്ന് ഇവർക്കു മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. [ 39 ] ഇനി അലങ്കാരങ്ങളെക്കുറിച്ചാണ് പറയേണ്ടത്. മലയാളത്തിലെ അലങ്കാരങ്ങളേക്കുറിച്ച് സവിസ്തരം ഉദാഹരണങ്ങളോടുകൂടി പറഞ്ഞാൽ എനിക്കു ഛർദി വരുമെന്നുള്ള ശങ്കയാൽ അധികം വിസ്തരിക്കാൻ പോകുന്നില്ല. അലങ്കാരങ്ങളെ യാതൊന്നും പ്രയോഗിക്കാതെ പുസ്തകങ്ങളെഴുതുന്നവർക്കു വല്ല സമ്മാനങ്ങളും കൊടുപ്പാൻ ഒരു സഭയോ മറ്റേർപ്പാടോ ഉണ്ടായിരുന്നാൽ അത്യന്തം ഉപകാരമുണ്ട്. മലയാളത്തിൽ അലങ്കാരമെന്നു പറഞ്ഞാൽ ചന്ദ്രൻ, താമര, മുല്ല, ആമ്പൽപ്പൂവ്, കരിംകൂവളം, കദളി, അരയന്നം, മൽസ്യം, തൊണ്ടിപ്പഴം ഇത്യാദി മരുന്നുകൾ കൂടിയ ഒരു കൂട്ടുകഷായമാണ്. ഈ കഷായത്തിന്റെ പാനത്തിൽ നമ്മുടെ കേരളീയ വിദ്വാന്മാരുടെ കുടലുകളൊക്കെ അശുദ്ധമായിരിക്കുന്നു. ആയതുകൊണ്ട് ഈ കൂട്ടുകഷായത്തിന്റെ പരിവർജനത്താൽ ക്രമേണ അവരുടെ ആന്ത്രങ്ങൾ ശുചീകരിക്കപ്പെട്ട് ഉച്ഛ്വാസം ഏതുകാലത്തു നിർമലമാകുന്നുവോ അതുവരെ നമ്മുടെ ഭാഷാകവികളുടെ കവിതയും അലങ്കാരങ്ങളും അശുദ്ധമായിരിക്കുമെന്നു പറയുന്നതിൽ ഞാൻ ഒട്ടും സംശയിക്കുന്നില്ല.

ഇതു കൂടാതെ നമ്മുടെ നാടകകർത്താക്കന്മാരും നാടകസഭക്കാരും നല്ലവണ്ണം അറിഞ്ഞിരിക്കേണ്ടുന്ന വേറേ ഒരു സംഗതിയുണ്ട്. അതെന്തെന്നാൽ നാടകങ്ങളുടെ ഗുണം അന്തർഗതം അല്ലെങ്കിൽ സഹജമായിരിക്കണം. അഭിനയത്തിൽ സംഗീതം, ദീപാവലി, രമണീയങ്ങളായ വസ്ത്രാഭരണങ്ങൾ, പരിമളങ്ങൾ മുതലായവയെക്കൊണ്ട് ഏതു നാടകത്തിനും ഒരു പ്രതാപം ഉണ്ടാക്കുവാൻ കഴിയും. ഒരു കാശിനു കൊള്ളരുതാത്ത നാടകമായാലും ഇങ്ങനെയുള്ള പകിട്ടുകൾകൊണ്ട് കാണികളെ കുറേ വിസ്മയിപ്പിക്കാം. എന്നാൽ, ഇതൊക്കെ തീരെ കൃത്രിമവും ബാഹ്യവും ആയ മഹിമയാണ്. എന്നുതന്നെയല്ല സാരജ്ഞന്മാരായ കാഴ്ചക്കാർക്ക് ഈ വിധം തക്കിടികൾകൊണ്ടു ഒരു കൂസലും ഉണ്ടാകുന്നതല്ല. പ്രസിദ്ധനും മഹാകവിയും ആണെങ്കിലും നാടകരചനാ സാമർത്ഥ്യം പ്രാപിച്ചിട്ടില്ലാത്ത ലോർഡ് ടെനിസൻ അവർകളുടെ Harold മുതലായ ചില നാടകങ്ങളെപ്പോലെ അത്ര കേമമായി വേറെ ഏതു നാടകമെങ്കിലും ലോകത്തിൽ അഭിനയിച്ചിട്ടുണ്ടോ എന്നു സംശയമാണ്. എങ്കിലും അരങ്ങത്തുനിന്നും പുറത്തു കടന്ന് ആ നാടകങ്ങളെ കയ്യിൽ എടുത്ത് വായിക്കാൻ തുടങ്ങുമ്പോൾ അരങ്ങത്തുവെച്ചു തോന്നിയ നിതാന്തകമനീയമായ പ്രതാപത്തിന്റെ പകുതിയിലധികം ബാഷ്പീഭവിച്ചുപോകുന്നു.

സാക്ഷാൽ നാടകം സ്വതന്ത്രമായിരിക്കണം എന്നുവെച്ചാൽ അതിന്റെ ആസ്വാദനം അഭിനയത്തെ ആശ്രയിക്കാതിരിക്കണം എന്നാണ് എന്റെ അഭിപ്രായം.

ഞാൻ കുറേ നേരമായി ഭാഷാനാടകങ്ങളുടെ ഇപ്പഴത്തേ അവസ്ഥയെ കുറിച്ചു നടത്തുന്ന പ്രസംഗം കലാശിപ്പിക്കുന്നു. ഭാഷാനാടകങ്ങളുടെ ഇപ്പഴത്തേ അവസ്ഥയെക്കുറിച്ച് ഇനിയും എനിക്കു വളരെ പറയാനുണ്ട്. [ 40 ] പക്ഷേ, നിങ്ങൾക്കു വൈരസ്യം ഉണ്ടാകാതിരിപ്പാൻ ഞാൻ തൽസംബന്ധം ഇനി ഒന്നും പറയുന്നില്ല. ഇതുവരെ പറഞ്ഞ സംഗതികളെക്കുറിച്ചു നിങ്ങൾ സാവധാനമായി ആലോചിച്ചു യുക്തിയുക്തമായി തോന്നുന്നവയെ സ്വീകരിച്ച് തദനുസരണം പ്രവർത്തിച്ചുകൊൾവിൻ.

പേഷ്കാരുടെ പ്രസംഗം കലാശിക്കാറായതോടുകൂടിത്തന്നെ കാഴ്ചക്കാരിൽ മുക്കാലിലധികം പേർ എഴുന്നേറ്റുപോകുവാൻ വട്ടംകൂട്ടിത്തുടങ്ങി. ഗോവിന്ദപ്പണിക്കർ മോഹിച്ചു വീണുപോയ വിവരം ഇതിനു മുമ്പിൽതന്നെ പറഞ്ഞുവല്ലൊ. അദ്ദേഹത്തെ ചിലർ കൂടി താങ്ങിപ്പിടിച്ചു സ്വഗൃഹത്തിലേക്കു കൊണ്ടുപോയി. കിഴക്കേസ്രാമ്പിയിൽ കരുണാകരമേനോൻ പേഷ്ക്കാരുടെ പ്രസംഗം പകുതിയായതോടുകൂടി വ്യസനവും ലജ്ജയും സഹിക്കുവാൻ പാടില്ലാതെ താൻ ആരംഭിച്ച നാടകം വീട്ടിൽ ചെന്നവശം തീയിട്ടുകളയാമെന്നു ശപഥംചെയ്തു ജൂബിലി ഹാളിൽ നിന്നും എഴുന്നേറ്റുപോയി. ശേഷയ്യനും ശങ്കരമേനോന്നും ഉണ്ടായ ചാരിതാർത്ഥ്യം ഇത്രയെന്നു പറയുവാൻ എന്നാൽ അസാദ്ധ്യം. പേഷ്കാരുടെ പ്രസംഗം തീർന്ന് അദ്ദേഹം ഹാളിൽനിന്നു പുറത്തു കടന്നപ്പോൾ കാഴ്ചക്കാർ എല്ലാവരും ആർപ്പു വിളിച്ച് പേഷ്കാർക്കു വന്ദനം പറയുകയും മേലിൽ അവിടെ കൂടിയവരിൽ ആരെങ്കിലും നാടകം കാണാനായി പോരുമ്പോൾ വളരെ സൂക്ഷിച്ചുകൊള്ളാമെന്ന് ഓരോരുത്തർ പ്രതിജ്ഞചെയ്യുകയും ചെയ്തു.

ശുഭമസ്തു.


  1. സർട്ടിഫിക്കറ്റ്.
  2. ഇതിവൃത്തം (Plot)