താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പോൾ മുൻസിപ്പ്: "അയ്യോ, ഇത് എത്ര ഭേദം. ഇതിലും എത്രയോ അവലക്ഷണങ്ങളായ ശ്ലോകങ്ങളാണ് ഇനി ഇവർ ചൊല്ലുവാൻ പോകുന്നത്" എന്ന് ഉത്തരം പറഞ്ഞു.

പേഷ്ക്കാർ: "അയ്യോ, ഞാനിതറിഞ്ഞെങ്കിൽ ഇവിടേക്കു വരുമായിരുന്നില്ല."

അപ്പോൾ സൂത്രധാരൻ ചുറ്റിനടന്ന് അണിയറയിലേക്കു നോക്കീട്ട്: "ആര്യേ ഇങ്ങോട്ടു വരികതന്നെ."

പേഷ്ക്കാർ: "ആരെയാണ് ഈ വിളിക്കുന്നത്."

മുൻസിപ്പ്: "നടിയെ."

പേഷ്ക്കാർ: "ആരാണത്?"

മുൻസിപ്പ്: "ഇങ്ങനെ അസത്തുക്കളായ ചില വേഷങ്ങൾ ഉണ്ട്. ഇവറ്റയെ ആണ് അരങ്ങത്ത് ആദ്യം വലിച്ചുകൊണ്ടുവരിക പതിവ്."

ഇങ്ങനെ പറയുന്നതിനകത്ത് നടി എന്ന സ്വരൂപം ചാടിവന്ന് "ഭവാന്റെ ഏതു കല്പനയെയാണ് ഞാൻ അനുഷ്ഠിക്കേണ്ടത്" എന്നു പറഞ്ഞു.

പേഷ്ക്കാർ: "ഇതു കേട്ടിട്ട് എനിക്ക് അറയ്ക്കുന്നു."

സൂത്രധാരൻ ഒരു പന്തൽശ്ലോകംകൂടി നാട്ടി. വലിയ പന്തലാണ്. സ്രഗ്‌ദ്ധരയിലാണ്. ഈ പന്തലിന്റെ നാലു കാലുകൾ വമ്പേറും. അമ്പിൽ, കമ്പം, മുമ്പ് ഇങ്ങനെ നാലു പ്രാസക്കുഴികളിലാണ് ഇറക്കിയിരിക്കുന്നത്.

പേഷ്ക്കാർ: "വിഷമമായി. ഇവിടെ വന്നത് അബദ്ധം. എനിക്ക് ഒട്ടും സുഖമില്ല."

അപ്പോൾ നടി ഏതു നാടകമാണ് അവിടെ അഭിനയിക്കേണ്ടതെന്നു സൂത്രധാരനോടു ചോദിക്കയും ആ വിദ്വാൻ അപ്പോൾ പൂന്തോട്ടിൽ ഗോവിന്ദപ്പണിക്കർ ഉണ്ടാക്കിയ ദേവയാനീകചമാണ് ഉത്തമമെന്നും പറഞ്ഞ് ഗോവിന്ദപ്പണിക്കരെ അമിതമായി ശ്ലാഘിക്കുന്ന ശ്ലോകത്താൽ വർണിക്കയും ചെയ്തു.

പേഷ്ക്കാർ ഇതു കേട്ടപ്പോൾ: "എനിക്ക് ഓക്കാനം വരുന്നു. എന്തു വേണം?" എന്നു മുൻസിപ്പിനോടു പറഞ്ഞു. മുൻസിപ്പ് അതുനേരം പോക്കാണെന്നു വിചാരിച്ചു ചിരിച്ചു.

അനന്തരം നടി: "ശരിതന്നെ. അതുകൊള്ളാം" എന്നും മറ്റും പറഞ്ഞ് "ഏത് ഋതുവിനെ വർണ്ണിച്ചാണു പാടേണ്ടത്" എന്നു സൂത്രധാരനോടു ചോദിച്ചു.

അപ്പോൾ സൂത്രധാരൻ "ശരദൃതുയുവിനേത്തന്നെ വർണിക്കണമെന്നല്ലേ ഇവരുടെ നിയോഗം?" എന്നു പറഞ്ഞ് ഒരു ശ്ലോകം ചൊല്ലി. ഇതിൽ നിലാവും ഹംസവും കാറ്റും താമരയും മറ്റും തിരുതകൃതിയായിരുന്നു.

ഇതു പകുതി ചൊല്ലിയപ്പോൾ പേഷ്ക്കാർ മുൻസിപ്പിനോട്-- "എനിക്ക് ഓക്കാനം നല്ലവണ്ണം വരുന്നുണ്ട്. നേരംപോക്കല്ല"-- എന്നു പറഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/31&oldid=203276" എന്ന താളിൽനിന്ന് ശേഖരിച്ചത്