താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇതിനും മുൻസിപ്പ് പണ്ടത്തേപ്പോലെ ചിരിച്ച് "ഉടനേ പോകാം" എന്നു മാത്രം മറുപടി പറഞ്ഞു. എങ്കിലും അവിടെത്തന്നെ കുറേ നേരംകൂടി ഇരിക്കയാണു ചെയ്തത്.

ചുരുക്കിപ്പറയാം. സാധു പേഷ്കാർ അവിടെത്തന്നെ ഒരു നാഴികകൂടി ഇരിക്കുന്നതിനു സംഗതിയായി എന്നല്ലേ പറയേണ്ടു. പ്രസ്താവന കഴിഞ്ഞു സാക്ഷാൽ നാടകം ആരംഭിച്ച് അര നാഴികയ്ക്കകത്തു പല വൃത്തങ്ങളിലുമായി പന്തൽ ശ്ലോകം അഞ്ചുപത്ത് നാട്ടിക്കഴിഞ്ഞു. പേഷ്കാർക്കു സഹിച്ചുകൂട. ഒരു മിനിട്ടുകൂടി ഇരിക്കാൻ പാടില്ല. അപ്പഴേക്കും അരങ്ങത്ത് ദേവയാനിയുടെ വേഷമാണെന്നും പറഞ്ഞ് ഒരു അസത്തു ചാടിവന്ന് കാളയുടെ മുക്കറശബ്ദത്തിൽ ഒരു ശ്ലോകം ചൊല്ലി.

പേഷ്കാർ ഉണ്ടതു മുഴുവനും പുറത്ത്. അപ്പഴാണു മുൻസിപ്പിന്നു കഥ മനസ്സിലായത്. ഉടനേ നാടകം നിർത്തി. ഉദ്യോഗസ്ഥന്മാരും ശിപായികളും ബദ്ധപ്പെട്ടു പേഷ്കാരുടെ ചുറ്റും വന്നു നിന്നു. ഉടനേ അപ്പോത്തിക്കരിയെ വരുത്തി. എങ്കിലും പേഷ്കാർ "എനിക്കൊരു മരുന്നും വേണ്ട. ദഹനക്കേടല്ല. കാരണം വേറെയാണ്" എന്നു പറഞ്ഞു. അല്പം കഴിഞ്ഞപ്പോൾ കുറേ വെള്ളം കുടിച്ചു. വിശറി കൊണ്ടൂവന്നു വീശുവാൻ പറഞ്ഞു. ഇങ്ങനെ ഹാളിൽ ഒരനക്കവും കൂടാതെ പേഷ്കാർ എന്താണു ചെയ്യാൻ പോകുന്നതെന്നു നോക്കിക്കൊണ്ടു കാഴ്ചക്കാർ ബദ്ധകൗതുകത്തോടെ ഇരിക്കയിൽ അദ്ദേഹം എഴുന്നേറ്റു താഴെ കാണും‌പ്രകാരം സാവധാനത്തിൽ ഒരു പ്രസംഗം ചെയ്തു.

ഹേ! സഭാവാസികളേ!

മിസ്റ്റർ ഗോവിന്ദപ്പണിക്കർ ഉണ്ടാക്കിയ നാടകം അഭിനയിക്കുന്നതു കാണാനായി ഞാനും നിങ്ങളെല്ലാവരും ഇവിടെ വന്നിരിക്കുന്നു. എങ്കിലും അഭിനയം ഇതുവരെ ആയപ്പോഴേക്കും ഇനി ഒരു ക്ഷണമെങ്കിലും ഈ നാടകം കാണുന്നതിന് എനിക്കു പാടില്ലാതായിരിക്കുന്നു എന്നു ഞാൻ വ്യസനത്തോടെ പറഞ്ഞുകൊള്ളുന്നു. നാടകങ്ങൾ ഇയ്യിടെ മലയാളത്തിൽ അനേകം ഉണ്ടാക്കപ്പെടുന്നുണ്ടെന്ന് കേട്ടു ഞാൻ സന്തോഷിച്ചു. എന്നാൽ അതുകളിൽ ദുർല്ലഭം ചില നാടകങ്ങളൊഴികെ മിക്കതും പ്രസിദ്ധീകരണത്തിനുപോലും യോഗ്യതയില്ലാത്തവയാണെന്ന് എന്റെ സ്നേഹിതന്മാർ പലപ്പോഴും എന്നോടു പറഞ്ഞിട്ടുണ്ട്. ഈ കേൾവിയെ ഞാൻ വിശ്വസിക്കയോ വിശ്വസിക്കാതിരിക്കയോ ചെയ്തില്ല. മലയാളനാടകങ്ങൾ എത്രതന്നെ വൈശിഷ്ട്യത്തെ പ്രാപിച്ചാലും ഇംഗ്ലീഷ് നാടകങ്ങളോട് ഒക്കയില്ലെന്നും ഞാൻ ഇംഗ്ലണ്ടിൽ പല തവണയും കണ്ടിട്ടുള്ള ഇംഗ്ലീഷ് നാടകാഭിനയങ്ങളുടെ ഒരു ശതാംശമെങ്കിലും യോഗ്യതയോ ഭംഗിയോ ഇവിടുത്തെ അഭിനയങ്ങൾക്കുണ്ടാകുവാൻ പാടില്ലെന്നും ഉള്ള വിശ്വാസത്താൽ ആണു ഭാഷാനാടകങ്ങളിലോ അവയുടെ അഭിനയങ്ങളിലോ എനിക്കു താൽപ്പര്യമില്ലാതിരുന്നത്.

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/32&oldid=203277" എന്ന താളിൽനിന്ന് ശേഖരിച്ചത്