താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നാൽ ഭാഷാനാടകങ്ങളിൽ സാക്ഷാൽ കവിതയില്ലെന്നു തന്നെയല്ല തന്നിമിത്തം കർണസുഖംകൂടി ഉണ്ടാകുന്നില്ലെന്നു ചിലർ എന്നോടു പറഞ്ഞിട്ടുള്ളത് മിഥ്യയെന്നു വിചാരിപ്പാൻ ഇപ്പോൾ പാടില്ലാതെ വന്നിരിക്കുന്നു. അങ്ങനെയുള്ള നാടകം എഴുതിയുണ്ടാക്കുന്നതിലും നല്ലത് ഉപയുക്തതരങ്ങളായ മറ്റു വല്ല വേലകളും നോക്കുന്നതാണ്.

സാക്ഷാൽ കവിത കിടക്കുന്നത് അർത്ഥത്തിലാണ്. ശബ്ദത്തിലല്ല. അർത്ഥഭംഗിക്കാണ് ശബ്ദഭംഗിയെക്കാൾ പ്രാധാന്യം കൊടുക്കേണ്ടത്. ആയതുകൊണ്ട് ഒരു ശ്ലോകം സാക്ഷാൽ കവിതയുള്ളതോ അല്ലയോ എന്നറിയണമെങ്കിൽ അതു ഭാഷാന്തരപ്പെടുത്തി നോക്കിയാൽ മതി. ഭാഷാന്തരത്തിൽ രസക്ഷയം സംഭവിക്കാഞ്ഞാൽ ആ ശ്ലോകം ശബ്ദഗുണത്തെ ആശ്രയിക്കുന്നില്ലെന്നും അതിന്റെ രസം അതിൽ ഉപയോഗിച്ചിട്ടുള്ള പദങ്ങളുടെ അർത്ഥത്താൽ സിദ്ധിക്കുന്നതാണെന്നും തെളിയും. ഭാഷാശ്ലോകങ്ങളിൽ പലതും എടുത്ത് ഞാൻ ഈ പരീക്ഷ കഴിച്ചിട്ടുണ്ട്. കേട്ടാൽ വളരെ ഹൃദ്യമായ ശ്ലോകങ്ങൾ തർജമ ചെയ്ത് വായിച്ചാൽ പച്ചവെള്ളം തിളപ്പിച്ച് വറ്റിച്ചാൽ അടിയിൽ യാതൊന്നു ശേഷിക്കാത്തതുപോലെ ആദ്യംഭംഗിയുള്ളതായി തോന്നിയ ഭാഗം അശേഷം ബാഷ്പീഭവിച്ചുപോകുന്നു.

ഇങ്ങനെയുള്ള ശ്ലോകങ്ങളെ ഓരോ വേഷക്കാർ അരങ്ങത്തു നിന്നും കൊണ്ടു നല്ല രാഗത്തിൽ നീട്ടി ചൊല്ലുമ്പോൾ അല്പജ്ഞന്മാരായ കാഴ്ചക്കാർ ഭേഷ് ഭേഷ് എന്ന് ഒച്ച കാട്ടി സ്തുതിക്കും. പാദപൂരണത്തിന്നും പ്രാസത്തിന്നും അനുപ്രാസത്തിന്നും ആയി അനേകം അനാവശ്യപദങ്ങളെ കൂട്ടിച്ചേർത്ത് ഒരു ശ്ലോകം ഉണ്ടാക്കി സംഗീതവാസനയുള്ള ഒരാൾ മേല്പറഞ്ഞ പ്രകാരം നീട്ടിയടിച്ചാൽ ഒന്നാന്തരം ശ്ലോകമാണെന്നു തോന്നും. വിഡ്ഢികൾ ഭേഷ് ഭേഷ് എന്നു നിലവിളിക്കയും ചെയ്യും. ഇങ്ങനെ ശ്ലോകമുണ്ടാക്കുവാൻ എന്തു പ്രയാസമാണ്? ആർക്കാണു പാടില്ലാത്തത്?

ഇതു മാത്രമല്ല. നാടകം എന്നു പറയണമെങ്കിൽ അതിനാൽ എന്തെങ്കിലും ഒരു സാരം ജനങ്ങൾക്കു ഗ്രഹിക്കത്തക്കതായിരിക്കണം. ഇതു മലയാളനാടകങ്ങളിൽ പ്രത്യക്ഷീഭവിക്കുന്ന ഒരു ലക്ഷണമാണോ എന്നു ഞാൻ സംശയിക്കുന്നു.

ഇതു കൂടാതെ നാടകങ്ങളിൽ പാത്രങ്ങളുടെ സംഭാഷണത്തിൽ നിന്നും അവരവരുടെ സ്വഭാവം പ്രത്യക്ഷമാകണം. ലോകത്തിൽ അസംഖ്യവിധം സ്വഭാവങ്ങളുള്ള മനുഷ്യരുണ്ട്. ഈ സ്വഭാവവിശേഷങ്ങളെ കവി തന്റെ ബുദ്ധിയിൽ കണ്ട പാത്രങ്ങൾ വഴിയായിട്ടു ലോകർക്ക് അനുഭവസിദ്ധമാക്കണം. ഇങ്ങനെ ചെയ്യുന്നതിന്ന് എത്രയോ പ്രയാസമുണ്ട്. എന്നു തന്നെയല്ല, എല്ലാവരാലും ശക്യവുമല്ല. ലോകത്തിലുള്ള നാനാവിധക്കാരായ മനുഷ്യരുടെ സ്വഭാവങ്ങളെ ഒരാൾ അറിഞ്ഞിരിക്കയും അറിഞ്ഞാൽ പിന്നെ നാടകരൂപേണ ഉദാഹരിക്കയും ചെയ്‌വാൻ അസാധാരണ

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/37&oldid=203373" എന്ന താളിൽനിന്ന് ശേഖരിച്ചത്