താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബുദ്ധിയും ലോകപരിചയവും വേണം. ഈ തത്ത്വം സംസ്കൃതനാടകകർത്താക്കന്മാർ നല്ലവണ്ണം അറിഞ്ഞിട്ടുണ്ട്. നാടകാന്തം കവിത്വം എന്നുള്ള പ്രസിദ്ധവാക്യം ഈ തത്ത്വത്തെ സൂചിപ്പിക്കുന്നു. എന്നാൽ, ഇക്കാലത്തെ ഭാഷാനാടകകർത്താക്കന്മാർ ഏതാദൃശന്മാരല്ല. അവർ ഗ്രന്ഥനിർമ്മാണത്തിൽ ആദ്യം കൈകൊണ്ടു വെക്കുന്നതു നാടകത്തിന്മേലാണ്. മഹാവിദ്വാന്മാരും സാക്ഷാൽ കവികളും ആയവർ കലാശകാര്യമായി വിചാരിക്കുന്നതു നമ്മുടെ ഇപ്പൊഴത്തെ ഭാഷാകവികൾക്ക് ആദ്യ കാര്യമായിരിക്കുന്നു. ഇത് എത്ര കഷ്ടം. ഒന്നാമതുതന്നെ ഈ ഭാഷാകവികളെന്നു പറയുന്നവരിൽ ദുർല്ലഭം ചിലരൊഴികെ ആരും കവി എന്ന പേരിൽ യോഗ്യരല്ല. അങ്ങനെ ഇരിക്കെ അവർ കവിതയുടെ കലാശാവസ്ഥയിൽ നിർമിക്കേണ്ടുന്ന നാടകത്തെ ചെന്ന് ആദ്യം പിടിക്കുന്നതിൽ കാണിക്കുന്ന പ്രാഗത്ഭ്യത്തെ ആലോചിച്ചു നോക്കുവിൻ. കവിതയുണ്ടാക്കുക എന്നത് എല്ലാവരാലും കഴിയുന്നതല്ലല്ലൊ. നാടകം ഉണ്ടാക്കുക അത്യന്തം ദുഷ്കരവുമാണ്. ഇതൊന്നും ആലോചിക്കാതെ അവൻ നാടകം ഉണ്ടാക്കിയതുകൊണ്ട് ഞാനും ഒരു നാടകം ഉണ്ടാക്കണമെന്നാണ് ഇപ്പോൾ നാട്ടുകാരിൽ പലരും ധരിച്ചുവച്ചിരിക്കുന്നതെന്നു തോന്നുന്നു. നാലുപേരിലൊരുത്തൻ ആകണമെങ്കിൽ ഒരു നാടകം ഉണ്ടാക്കാതെ പാടില്ലെന്നുവന്നിരിക്കുന്നത് ആശ്ചര്യംതന്നെ.

(ഗോവിന്ദപ്പണിക്കർ മോഹിച്ചു വീഴുന്നു)


നാടകം ആർക്കും ഉണ്ടാക്കാവുന്ന ഒരു കാര്യമാണെന്ന് ഇവർ വിചാരിക്കുന്നപോലെ തോന്നുന്നുണ്ട്. ഭാഷാനാടകങ്ങളെ വാർക്കുന്നതിനായി സംസ്കൃത നാടകകർത്താക്കൾ ഒരു അച്ച് ഉണ്ടാക്കി കൊടുത്തിട്ടുമുണ്ട്. ആദ്യം നാന്ദി കഴിഞ്ഞു സൂത്രധാരൻ പ്രവേശിക്കുന്നു. പിന്നെ ചുറ്റിനടന്ന് അണിയറയിലേക്കു നോക്കീട്ട് ആര്യയെ വിളിക്കുന്നു. ഈ ആര്യ വന്ന് ഏതാണ്ടൊക്കെ പറയും. അതിനകത്തു നാടകകർത്താവിന്റെ പേരും യോഗ്യതയും ഒക്കെ പുറത്തു പറയും. പരിഷ്കാരമുള്ള ഈ കാലത്തെ അവസ്ഥയ്ക്ക് ഇതൊക്കെ അനാവശ്യമാണെന്നും നാടകത്തിന്റെ ആരംഭത്തിൽ അതിലെ പാത്രങ്ങളെത്തന്നെ പ്രവേശിപ്പിക്കുന്നതാണു ചേർച്ചയെന്നും ഇപ്പഴത്തെ നമ്മുടെ നാടകകർത്താക്കന്മാർ ഗ്രഹിക്കാത്തതു ശോചനീയമായ ഒരു സംഗതിതന്നെ.

മുമ്പിൽ ഗമിച്ചീടിന ഗോവുതന്റെ
പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം

എന്നപോലെ ആരോ ഒരാൾ പണ്ടു സൂത്രധാരനേയും നടിയെയും മറ്റും പ്രവേശിപ്പിച്ചു. ആ സമ്പ്രദായത്തിന്റെ ഗുണദോഷങ്ങളെയോ ആവശ്യകതയേയോ ആലോചിക്കാതെ അതിനെ ജീവൻപോയാലും വിടാതെ നമ്മുടെ ഭാഷാവിദ്വാന്മാർ മുറുക്കിപ്പിടിച്ചിട്ടുണ്ട്. ഐകരൂപ്യം കാണികളേ മുഷിപ്പിക്കത്തക്കതും പുതുമയും വിവിധത്വവും സന്തോഷിപ്പിക്കത്തക്കതുമാണെന്ന് ഇവർക്കു മനസ്സിലായിട്ടില്ലെന്നു തോന്നുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/38&oldid=203390" എന്ന താളിൽനിന്ന് ശേഖരിച്ചത്