താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലാം അദ്ധ്യായം


കുംഭം പതിനഞ്ചാം തീയതി തിങ്കളാഴ്ച തന്നെ ദേവയാനീകചം അഭിനയിക്കണം എന്നു ഗോവിന്ദപ്പണിക്കർക്കു സിദ്ധാന്തം. അന്നേ അച്യുതമേനോൻ പേഷ്കാർക്കു വരാൻ തരമുള്ളു. ഒന്നോ രണ്ടോ ഉടുപ്പുകൾക്കു വേണ്ടുന്ന വില്ലൂസ് മദിരാശിയിൽ നിന്നും വരുന്നതുവരെ താമസിക്കുവാൻ ക്ഷമയില്ല. ആയതുകൊണ്ടു സമസ്തസഹൃദയഹൃദയോല്ലാസിനീസഭക്കാർ എത്ര പറഞ്ഞിട്ടും ഗോവിന്ദപ്പണിക്കർ കൂട്ടാക്കുന്നില്ല. ഒന്നു രണ്ട് ഉടുപ്പകളല്ലേ കുറവുള്ളു. അതിനു പകരം സഭക്കാരുടെ വക പലതരം ഉടുപ്പുകൾ ഉള്ളതിൽനിന്നും ചേർച്ചയുള്ളതായി രണ്ടുകൂട്ടം എടുത്താൽ മതിയെന്നാണ് പണിക്കർ പറയുന്നത്. കലാശം സഭക്കാർ സമ്മതിച്ചു. തിങ്കളാഴ്ചതന്നെ അഭിനയം തീർച്ചയാക്കി. തീർച്ചപ്പെടുത്തിയ നേരം മുതൽക്കു നാഴികകളും ദിവസങ്ങളും ക്ഷണത്തിൽ കഴിയുന്നവയായി പണിക്കർക്കു തോന്നി. സന്തോഷം അത്രയധികം. തിങ്കളാഴ്ച വരുന്നില്ലല്ലോ എന്നു കൂടെക്കൂടെ പറഞ്ഞു. അങ്ങനെ 12-ാം തീയതി കഴിഞ്ഞു. 13-ാം തീയതി കഴിഞ്ഞു. 14-ാം തീയതി, 15-ാം തീയതി തിങ്കളാഴ്ച നേരം പുലർന്നു. സമയം അടുക്കുംതോറും പണിക്കർക്ക് ആഹ്ലാദം കൊണ്ട് ഹൃദയം തുടിച്ചുതുടങ്ങി.

തിങ്കളാഴ്ച വൈകുന്നേരം നടക്കാവിലെ വിശേഷങ്ങളല്ലേ കേൾക്കണ്ടത്.

ഒരു ഷാപ്പ് കീപ്പർ: "എന്തെടോ ഇത്ര തിടുക്കം? തന്റെ ഒരാളുടെ കാര്യം മാത്രം നോക്കിയാൽ മതിയോ? തന്നെക്കാൾ നേരത്തേ വന്നവരല്ലേ ഈ നിൽക്കുന്നത്. കണ്ടുകൂടേ."

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/26&oldid=203491" എന്ന താളിൽനിന്ന് ശേഖരിച്ചത്