താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പലരും ഈ ഭാഷാനാടകങ്ങളിൽ ഇത്ര ഭ്രമമുള്ളവരായി തീർന്നിരിക്കുന്നത് എന്നെ എത്രയും ആശ്ചര്യപ്പെടുത്തുന്നു. ഇംഗ്ലീഷ് നാടകങ്ങളുടെയും ഭാഷാനാടകങ്ങളുടെയും ഗുണദോഷങ്ങളെ ഇവർക്കു നല്ലപോലെ അറിയാമെങ്കിലും ഭാഷാനാടകങ്ങളെ പരിഷ്കരിക്കുകയോ അവയുടെ ദോഷങ്ങളെ വെളിപ്പെടുത്തുകയോ ചെയ്യാതെ ഇവർ മൗനം ദീക്ഷിച്ചിരിക്കുന്നത് Moral Courage അല്ലെങ്കിൽ ശീലദാർഢ്യം വേണ്ടപോലെ ഇല്ലാഞ്ഞിട്ടാണെന്നു തോന്നുന്നു. ആയതുകൊണ്ട് ഇംഗ്ലീഷ്നാടകങ്ങളുടെയും ഭാഷാനാടകങ്ങളുടെയും ഭേദങ്ങളെ ഈ അവസരത്തിൽ അല്പം ഉപന്യസിക്കുന്നതു വളരെ ഉപകാരവും ഉചിതവും ആയിരിക്കുമെന്നതിന്നു സംശയമില്ല.

ഇംഗ്ലീഷിൽ നോവലുകൾക്കെന്നപോലെ നാടകങ്ങൾക്കും ജീവനായുള്ള ലക്ഷണം പ്ലോട്ട് എന്നതാണ്. ഇതിനു മലയാളത്തിൽ കഥാബന്ധം അല്ലെങ്കിൽ കഥയുടെ കൂട്ടുകെട്ട് എന്നു പറയാം. എങ്കിലും അത്രമാത്രം പറഞ്ഞാൽ പ്ലോട്ട് എന്നതിന്റെ അർത്ഥം മുഴുവനും നിങ്ങൾക്കു മനസ്സിലാകുമെന്നു തോന്നുന്നില്ല. പ്ലോട്ട് ഉള്ള ഒരു കഥയായാൽ കവിക്ക് ഏതെങ്കിലും ഒരു കലാശം അല്ലെങ്കിൽ ഉദ്ദേശ്യം മനസ്സിൽ ഉണ്ടായിരിക്കും. കഥയിലെ നാനാഭാഗങ്ങളും ഉപകഥകളും ഈ കലാശത്തെ സാധിക്കുന്നതിൽ നേരിട്ടോ നേരിട്ടല്ലാതയോ സഹായകങ്ങളായിരിക്കും. ചിലപ്പോൾ ഈ ഭാഗങ്ങൾ തമ്മിൽ സംബന്ധമില്ലെന്നു തോന്നും. കയറ്റുവാണത്തിന്റെ കയറുകൾ പല സ്ഥലങ്ങളിലും കുറ്റി തറച്ച് കെട്ടിയിരിക്കുന്നു. എങ്കിലും, എല്ലാം ചെന്നു കലാശിക്കുന്നത് ഒരു സ്ഥലത്തായിരിക്കുന്നതുപോലെ കഥ മുതിരുന്തോറും ഓരോ ഭാഗം അല്ലെങ്കിൽ ഉപകഥ കവി ഊന്നിയിരിക്കുന്ന കലാശത്തിലേക്കു ചാഞ്ഞു ചാഞ്ഞു വരും. നാനാഭാഗങ്ങൾക്കും പരസ്പരം ഓരോ സംബന്ധം അപ്പോൾ തുടങ്ങുകയും ചെയ്യും. ഇങ്ങനെ ഒരു ഉപകഥ മറ്റൊന്നിനെയും മറ്റതു വേറെ ഒന്നിനെയും തമ്മിൽ സഹായിച്ചു സമ്മിശ്രമായി ഒരേ കലാശത്തെ സാധിക്കുന്ന കഥയ്ക്കാണ് പ്ലോട്ടുണ്ടെന്ന് പറയുന്നത്. ഈ കലാശത്തിൽ എത്തുന്നതിന്ന് ആകസ്മികങ്ങളായ പല ഹേതുക്കളും ചിലപ്പോൾ ഉണ്ടായിരിക്കും. ആദ്യം തന്നെ ഈ വക ഹേതുക്കളിൽ ഓരോന്നിന്റെ ആവശ്യകതയെ കാണാതെ വായനക്കാരൻ കൗതുഹലാക്രാന്തചിത്തനായി ബുദ്ധിമുട്ടുന്നു. എങ്കിലും കഥ വായിച്ചു വായിച്ച് ചെല്ലുന്തോറും ആ ഹേതുക്കളുടെ യോജ്യത ക്രമശഃ പ്രത്യക്ഷമായിത്തീരുകയും പരിണാമം അറിവാനുള്ള തിടുക്കവും അതോടുകൂടി സന്തോഷവും വർദ്ധിക്കുകയും ഒടുക്കം കഥയുടെ ഉദ്ദിഷ്ടമായ അവസാനത്തിൽ വരുമ്പോൾ വായനക്കാരന്റെ സന്തോഷം പരമകാഷ്ഠയെ പ്രാപിക്കയും ചെയ്യുന്നു.

ഇതാണ് പ്ലോട്ട്. ഇതിലും വ്യക്തമായി പ്ലോട്ട് എന്ന പദത്തിന്റെ അർത്ഥം പറയാൻ പ്രയാസമുണ്ട്. എങ്കിലും പറയാനേ പ്രയാസമുള്ളു. ഊഹിക്കുവാൻ എനിക്കു ധാരാളം കഴിയും. ഇത്രമാത്രം പറഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/34&oldid=203332" എന്ന താളിൽനിന്ന് ശേഖരിച്ചത്