താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നാൽ ഇപ്പോൾ ഈ നാടകാഭിനയം ഇതുവരെ കണ്ടതിൽ നിന്നും മലയാളനാടകങ്ങളുടെ സ്വഭാവം എനിക്ക് ഏകദേശം മനസ്സിലായിരിക്കുന്നു. പായസം, പ്രഥമൻ മുതലായവ വിശേഷ പദാർത്ഥങ്ങളെ അനുഭവിച്ചിട്ടുള്ളവർക്കു ചീഞ്ഞു നാറുന്ന മൽസ്യമാംസം തിന്മാൻ കൊടുത്താൽ എത്ര രസമുണ്ടാകും? ഇംഗ്ലീഷ് നാടകങ്ങളും മലയാളനാടകങ്ങളും തമ്മിൽ ഇതിലധികം അന്തരമുണ്ട്. മലയാളനാടകങ്ങളെന്നു ഞാൻ ഇവിടെ സാമാന്യമായിട്ടാണു പറയുന്നതെന്നും അതിനു വ്യത്യസ്തങ്ങൾ ഉണ്ടെന്നും നിങ്ങൾ മറന്നുകളയരുത്. ഇംഗ്ലീഷ് നാടകങ്ങളെ നല്ലവണ്ണം വായിച്ചറിഞ്ഞിട്ടുള്ളവർക്ക് ഇപ്പഴത്തേ ഈ ഭാഷാനാടകങ്ങളിൽ ലവലേശം രസമുണ്ടാകുവാൻ പാടില്ല. ഭാഷാനാടകങ്ങളിലേ അനേകന്യൂതനനകളെയും ദോഷങ്ങളെയും സൂക്ഷിച്ച് അതുകളെ പരിഹരിക്കാൻ മാത്രമായിക്കൊണ്ടുള്ള ഭാഷാനാടകതല്പരന്മാരായ ജനങ്ങളുടെ ശ്രമം അഭിനന്ദനീയമാണെന്നല്ലാതെ അതുകളുടെ അതുകളുടെ അഭിനയത്തേക്കണ്ടു രസിപ്പാനായി ഇംഗ്ലീഷ് നാടകരസാനുഭോക്താക്കളായ യോഗ്യന്മാർ വരുന്നത് എനിക്ക് ഒട്ടും മനസ്സിലാകാത്ത ഒരു കാര്യമാണ്. ഇംഗ്ലീഷ് നാടകങ്ങളുടെ പ്രചാരം നമ്മുടെ രജ്യത്തില്ലായിരുന്നു എങ്കിൽ ഈ ഭാഷാനാടകങ്ങളിലുള്ള ജനസാമാന്യത്തിന്റെ ഭ്രമത്തിന് ഒരു അർത്ഥമുണ്ടാകുമായിരുന്നു. ഉപമകൊണ്ടാണല്ലോ നാം എല്ലാക്കാര്യങ്ങളുടെയും ഗുണദോഷങ്ങളെ തിരിച്ചറിയുന്നത്. മൂന്നു പൈ കൊടുത്താൽ രണ്ടു തീപ്പെട്ടി കിട്ടുന്ന കാലത്ത് ആരെങ്കിലും പൂർവ്വസമ്പ്രദായപ്രകാരം രണ്ട് മരക്കഷ്‌ണങ്ങൾ തമ്മിൽ കൂട്ടിഅധികനേരം ഉരച്ച് തീയുണ്ടാക്കുവാൻ ശ്രമിക്കുന്നത് എത്ര വിഡ്ഢിത്ത്വമായിരിക്കും. അങ്ങനെ ശ്രമിക്കുന്നതിൽ തീപ്പെട്ടിയുടെ പരിജ്ഞാനം ധരാളമുള്ളവർകൂടി സഹായിച്ചാൽ അവർ എന്തുമാത്രം പരിഹാസത്തിനാണ് പാത്രങ്ങളാകേണ്ടത്? നല്ല മൽമൽ അലക്കുശീല സാരി മുതലായ വിശേഷവസ്ത്രങ്ങൾ ധാരാളമായി വരുന്ന കാലത്തു മരവിരി ധരിച്ചുകൊണ്ടു നടക്കുന്നവൻ വിടുവിഡ്ഢിയോ യോഗ്യനോ? സ്ഫടികപ്പാത്രങ്ങളുപയോഗിക്കുന്നവൻ മൺചട്ടി കൊതിക്കുമോ? തീപ്പെട്ടിയോ മേൽവിവരിച്ച തരം വസ്ത്രങ്ങളോ സ്ഫടികപ്പാത്രങ്ങളോ നടപ്പില്ലാത്ത ഒരു രാജ്യത്തു മരക്കഷ്‌ണങ്ങളുടെ സംഘർഷണവും മരവിരുധാരണവും മൺചട്ടിയും നിന്ദ്യമോ പരിഹാസവിഷയമോ ആയിരിക്കുവാൻ പാടില്ലല്ലോ. ഇതുപോലെ ഉപമകൾ അനവധി പറയാം.

എന്നാൽ, ഇംഗ്ലീഷ്നാടകങ്ങളുടെ സൽഗുണങ്ങളെ ജനസാമാന്യത്തെ മനസ്സിലാക്കുവാൻ ആരും അത്ര ഇത്സാഹിക്കുന്നില്ലല്ലോ എന്നും പിന്നെ ഇംഗ്ലീഷ് വശമില്ലാത്തവർ എന്തു ചെയ്യും എന്നും നിങ്ങൾ പക്ഷേ, ചോദിക്കുമായിരിക്കും. ഈ ചോദ്യം എത്രയും സ്വഭാവികവും യുക്തിയുക്തവുമാണെന്നു ഞാൻ സമ്മതിക്കുന്നു. ഷെയിക്സ്പിയർ മുതലായ ജഗൽപ്രസിദ്ധന്മാരായ കവികളുടെ നാടകങ്ങളെ വായിച്ചറികയും അവയുടെ അനന്യസാധാരണമായ രസങ്ങളെ അനുഭവിക്കയും ചെയ്തിട്ടുള്ള

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/33&oldid=203329" എന്ന താളിൽനിന്ന് ശേഖരിച്ചത്