താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രർത്ഥമുണ്ട്. ആ അർത്ഥത്തിലല്ല ഞാൻ ആ പദത്തെ ഇപ്പോൾ ഉപയോഗിക്കുന്നത് പൊയറ്റ്റി എന്ന അർത്ഥത്തിലാണ്. പൊയറ്റ്റി എന്നുവെച്ചാൽ എന്താണെന്നു തിരിച്ചു പറയാൻ അത്യന്തം പ്രയാസമാണ്. ഇതിന്റെ ലക്ഷണങ്ങളെ ഇതുവരെ ആരെങ്കിലും വ്യാഖ്യാനിച്ചിട്ടുണ്ടോ എന്നും സംശയമാണ്. എങ്കിലും നിങ്ങൾക്ക് ഏകദേശമായ ഒരു അറിവുണ്ടാകുവാനായി ഞാൻ തൽസംബന്ധം ഇവിടെ അല്പം പറയാം. ലോകത്തിൽ ഏതു വസ്തുവിനെക്കുറിച്ചായാലും ഏതു വിഷയത്തെക്കുറിച്ചായാലും എഴുതുകയോ പറയുകയോ ചെയ്താൽ അങ്ങനെ എഴുതുകയും പറയുകയും ചെയ്യുന്നതിൽ വായനക്കാർക്കോ കേൾവിക്കാർക്കോ അസാധാരണമായ ഒരു രസം ഏതിൽനിന്നു ജനിക്കുന്നുവോ എതിൽ കവിതയുണ്ടെന്നു പറയാം. പക്ഷേ, താദൃശമായ രസം ഉൽഭവിക്കുന്നത് കേൾവിക്കാരുടേയും വായനക്കാരുടേയും അവസ്ഥയെ അനുസരിച്ചിരിക്കുമെന്നും ഒരാൾക്കു സരസമായി തോന്നുന്നത് മറ്റൊരാൾക്ക് രസശൂന്യമായി തോന്നിയേക്കാമെന്നും ചിലർ തർക്കിക്കുമായിരിക്കാം. ഇത് കുറെ നേരാണെങ്കിലും, മനുഷ്യർക്കു ചില സന്ദർഭങ്ങളിൽ സർവസാധാരണമായ ഓരോ രസങ്ങൾ അല്ലെങ്കിൽ തോന്നലുകൾ ഉണ്ടാകുന്നത് നാം കണ്ടു വരുന്നുണ്ട്. ഈ വിഷയം തത്ത്വജ്ഞാനികൾ ഉപന്യസിക്കേണ്ടതും ഇങ്ങനെയുള്ള ഒരു സദസ്സിൽ വ്യവഹരിക്കപ്പെടുവാൻ ചേർച്ചയില്ലാത്തതുമാണെന്ന് എനിക്ക് അറിയാം. എങ്കിലും ഇതുവരെ ഒരു സംഗതിവശാൽ പറഞ്ഞിട്ട് പെട്ടെന്ന് അതിനെ നിർത്തരുതല്ലോ എന്നുള്ള യുക്തിയിന്മേൽ ഞാൻ തുടർച്ചയായി പ്രസംഗിക്കുന്നതാണ്. മേൽപ്പറഞ്ഞ വിധം സർവസാധാരണമായ രസത്തെ ഉൽഭവിപ്പിക്കത്തക്കവണ്ണം വാക്യങ്ങളെ രചിക്കുന്നതിനുള്ള സാമർത്ഥ്യത്തിനാണ് കവിത എന്നു പറയുന്നത്. ഉപ്പ് നാവിന്മേൽ വെച്ചാൽ ചിലർക്കു കൈപ്പുരസം ഉണ്ടാകുമെന്നും ചിലർക്കു മധുരമായി തോന്നുമെന്നും വരുന്നതല്ലല്ലൊ. പഞ്ചസാര ചിലർക്കു മധുരവും അന്യർക്കു കടുവും ആയിരിക്കുവാൻ പാടില്ല. അപ്രകാരംതന്നെ ചില വാക്യങ്ങളുടെ ശ്രവണത്തിൽ സർവസാധാരണമായ ഒരേ രസം ജനിക്കുന്നതാണ്. ഏതാദൃശമായ രസജനനം മനുഷ്യദുർഗ്രഹങ്ങളായ ഏതോ ചില നിയമങ്ങളേ ആശ്രയിച്ചിരിക്കുന്നുണ്ടായിരിക്കാം. എങ്കിലും നമ്മുടെ ഇപ്പഴത്തേ കാര്യവിചാരണയിൽ ആവക നിയമങ്ങളെ ആദ്യം തന്നെ വ്യാഖ്യാനിക്കാനോ നിർണയിക്കാനോ ഉള്ള ആവശ്യകതയില്ല.

ഭാഷാനാടകങ്ങളിൽ ഈ വിധമുള്ള കവിത അത്യന്തം ചുരുക്കമാണ്. കവിതയും പദ്യവും ഒരേ അർത്ഥമുള്ളതാണെന്നു ഗ്രഹിച്ചിരിക്കുന്ന അനേകജനങ്ങളുണ്ട്. കവിതയ്ക്കു പദ്യരൂപം അപരിത്യാജ്യമല്ല. ഗദ്യത്തിലും പദ്യത്തിലും കവിതയുണ്ടാകാം. എന്നാൽ പദ്യത്തിൽ കർണസുഖം വിശേഷാൽ ഉള്ളതിനാൽ കവിതയോടുകൂടിയ പദ്യം വിശിഷ്ടമായിരിക്കും. എങ്കിലും കവിതാശൂന്യമായ പദ്യത്തേക്കാൾ കവിതായുക്തമായ ഗദ്യം സുരസമാണല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/36&oldid=203365" എന്ന താളിൽനിന്ന് ശേഖരിച്ചത്