താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇനി അലങ്കാരങ്ങളെക്കുറിച്ചാണ് പറയേണ്ടത്. മലയാളത്തിലെ അലങ്കാരങ്ങളേക്കുറിച്ച് സവിസ്തരം ഉദാഹരണങ്ങളോടുകൂടി പറഞ്ഞാൽ എനിക്കു ഛർദി വരുമെന്നുള്ള ശങ്കയാൽ അധികം വിസ്തരിക്കാൻ പോകുന്നില്ല. അലങ്കാരങ്ങളെ യാതൊന്നും പ്രയോഗിക്കാതെ പുസ്തകങ്ങളെഴുതുന്നവർക്കു വല്ല സമ്മാനങ്ങളും കൊടുപ്പാൻ ഒരു സഭയോ മറ്റേർപ്പാടോ ഉണ്ടായിരുന്നാൽ അത്യന്തം ഉപകാരമുണ്ട്. മലയാളത്തിൽ അലങ്കാരമെന്നു പറഞ്ഞാൽ ചന്ദ്രൻ, താമര, മുല്ല, ആമ്പൽപ്പൂവ്, കരിംകൂവളം, കദളി, അരയന്നം, മൽസ്യം, തൊണ്ടിപ്പഴം ഇത്യാദി മരുന്നുകൾ കൂടിയ ഒരു കൂട്ടുകഷായമാണ്. ഈ കഷായത്തിന്റെ പാനത്തിൽ നമ്മുടെ കേരളീയ വിദ്വാന്മാരുടെ കുടലുകളൊക്കെ അശുദ്ധമായിരിക്കുന്നു. ആയതുകൊണ്ട് ഈ കൂട്ടുകഷായത്തിന്റെ പരിവർജനത്താൽ ക്രമേണ അവരുടെ ആന്ത്രങ്ങൾ ശുചീകരിക്കപ്പെട്ട് ഉച്ഛ്വാസം ഏതുകാലത്തു നിർമലമാകുന്നുവോ അതുവരെ നമ്മുടെ ഭാഷാകവികളുടെ കവിതയും അലങ്കാരങ്ങളും അശുദ്ധമായിരിക്കുമെന്നു പറയുന്നതിൽ ഞാൻ ഒട്ടും സംശയിക്കുന്നില്ല.

ഇതു കൂടാതെ നമ്മുടെ നാടകകർത്താക്കന്മാരും നാടകസഭക്കാരും നല്ലവണ്ണം അറിഞ്ഞിരിക്കേണ്ടുന്ന വേറേ ഒരു സംഗതിയുണ്ട്. അതെന്തെന്നാൽ നാടകങ്ങളുടെ ഗുണം അന്തർഗതം അല്ലെങ്കിൽ സഹജമായിരിക്കണം. അഭിനയത്തിൽ സംഗീതം, ദീപാവലി, രമണീയങ്ങളായ വസ്ത്രാഭരണങ്ങൾ, പരിമളങ്ങൾ മുതലായവയെക്കൊണ്ട് ഏതു നാടകത്തിനും ഒരു പ്രതാപം ഉണ്ടാക്കുവാൻ കഴിയും. ഒരു കാശിനു കൊള്ളരുതാത്ത നാടകമായാലും ഇങ്ങനെയുള്ള പകിട്ടുകൾകൊണ്ട് കാണികളെ കുറേ വിസ്മയിപ്പിക്കാം. എന്നാൽ, ഇതൊക്കെ തീരെ കൃത്രിമവും ബാഹ്യവും ആയ മഹിമയാണ്. എന്നുതന്നെയല്ല സാരജ്ഞന്മാരായ കാഴ്ചക്കാർക്ക് ഈ വിധം തക്കിടികൾകൊണ്ടു ഒരു കൂസലും ഉണ്ടാകുന്നതല്ല. പ്രസിദ്ധനും മഹാകവിയും ആണെങ്കിലും നാടകരചനാ സാമർത്ഥ്യം പ്രാപിച്ചിട്ടില്ലാത്ത ലോർഡ് ടെനിസൻ അവർകളുടെ Harold മുതലായ ചില നാടകങ്ങളെപ്പോലെ അത്ര കേമമായി വേറെ ഏതു നാടകമെങ്കിലും ലോകത്തിൽ അഭിനയിച്ചിട്ടുണ്ടോ എന്നു സംശയമാണ്. എങ്കിലും അരങ്ങത്തുനിന്നും പുറത്തു കടന്ന് ആ നാടകങ്ങളെ കയ്യിൽ എടുത്ത് വായിക്കാൻ തുടങ്ങുമ്പോൾ അരങ്ങത്തുവെച്ചു തോന്നിയ നിതാന്തകമനീയമായ പ്രതാപത്തിന്റെ പകുതിയിലധികം ബാഷ്പീഭവിച്ചുപോകുന്നു.

സാക്ഷാൽ നാടകം സ്വതന്ത്രമായിരിക്കണം എന്നുവെച്ചാൽ അതിന്റെ ആസ്വാദനം അഭിനയത്തെ ആശ്രയിക്കാതിരിക്കണം എന്നാണ് എന്റെ അഭിപ്രായം.

ഞാൻ കുറേ നേരമായി ഭാഷാനാടകങ്ങളുടെ ഇപ്പഴത്തേ അവസ്ഥയെ കുറിച്ചു നടത്തുന്ന പ്രസംഗം കലാശിപ്പിക്കുന്നു. ഭാഷാനാടകങ്ങളുടെ ഇപ്പഴത്തേ അവസ്ഥയെക്കുറിച്ച് ഇനിയും എനിക്കു വളരെ പറയാനുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/39&oldid=203391" എന്ന താളിൽനിന്ന് ശേഖരിച്ചത്