താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരു വഴിപോക്കൻ: "എന്താ അവിടെ ഇത്ര ആൾ കൂടിയിരിക്കുന്നത്? എന്താ ചെണ്ടയടിക്കുന്നത്?"

വഴിപോക്കർ പട്ടർ: "എന്നമോ? തെരിയാത്. ഊട്ടുപുരയെങ്കേ?"

ഒന്നാം വഴിപോക്കൻ ഇതുകേട്ട് ഒന്നും മിണ്ടാതെ ആൾക്കൂട്ടത്തിനരികേ ചെന്നപ്പോൾ അവിടെ നാടകത്തിന്റെ നോട്ടീസ് വായിച്ച് പകിതിയിലധികമായിരിക്കുന്നു.

"ശരിയായി എട്ടരമണിക്ക് അഭിനയം തുടങ്ങും. ടിക്കറ്റുകൾ ആറുമണി മുതൽക്കു കൊടുക്കപ്പെടും. ഒന്നാം ക്ലാസ് ഒരു രൂപ. രണ്ടാംക്ലാസ് എട്ടണ. മൂന്നാം ക്ലാസ് നാലണ. കുട്ടികൾക്കു രണ്ടണ. സ്ത്രീകൾക്കു കൂലി കൂടാതെ വേറെ സ്ഥലം. ശേഷം കൂലി കൂടാതെ എല്ലാ കാഴ്ചക്കാർക്കും നിലത്തു പനമ്പിൽ ഇരിക്കാം. ബീഡി ചുരുട്ടു മുതലായവ വലിക്കുവാൻ പാടില്ല. വിളക്കുവെപ്പു, സംഗീതം മുതലായവ ഇതിനു മുമ്പിൽ ഒരു ദിക്കിലും ഉണ്ടാകാത്തവിധം മഹാകേമം. വരുവിൻ, വരുവിൻ."

എന്നു മാത്രമേ കേൾപ്പാൻ കഴിഞ്ഞുള്ളു.

ഈ നോട്ടീസ് വായിച്ച് ആൾക്കൂട്ടം പിരിഞ്ഞ ഉടനേ അതിൽ ഒരാൾ: "വളരെ കേമമായിരിക്കും. സംശയമില്ല ഞാൻ കാണാൻ പോകും. നിശ്ചയം."

അപ്പോൾ മറ്റൊരുത്തൻ: "നമുക്കൊരുമിച്ചു പോകാം. ഇനിക്കു മൂന്നാം ക്ലാസു മതി."

ഒന്നാമൻ: "അയ്യോ കാശൊന്നും കൊടുക്കാൻ ഇവിടെ ശേഷിയില്ല. ഞാൻ പനമ്പിൽ ഇരുന്നോളാം."

വേറൊരുവൻ: "പനമ്പിലിരുന്നാൽ വളരെ അകലെയായിപ്പോകും. എട്ടണ പോകട്ടെ എന്നു ഞാൻ തീർച്ചയാക്കിക്കഴിഞ്ഞു. പേഷ്കാരെയമാന്റെ അടുക്കെ ഇരിക്കാലൊ?"

രണ്ടാമൻ: "അല്ല. പേഷ്കാരെയമാൻ വരുന്നുണ്ടോ?" നേരംപോക്കു പറയുന്നതോ. എജമാന്ന് ഈ നാടകങ്ങളിൽ അത്ര താല്പര്യമില്ലെന്നല്ലെ കേട്ടിരുന്നത്.

സാമാനം വാങ്ങിച്ചുംകൊണ്ടു പോകുന്ന ശിപായി: "അങ്ങനെയുള്ള നാടകമല്ലെടൊ ഇത്. ഇത് ആൾ വേറെയാണ്. രെയിസ്ത്രാൾ എയമാന്റെതാണ്. അതു കാണാൻ പേഷ്കാരല്ല ദിവാൻജിസ്വാമി കൂടി വരും. സ്വാമി ഇപ്പോൾ ഇവിടെയില്ല."

മൂന്നാമൻ: "എന്നാൽ ഞാനും രണ്ടാം ക്ലാസിൽത്തന്നെ. എട്ടണയാകും. പുല്ലൊന്നും പോയി ഇശ്ശ്നിനാൾ കൂടുമ്പോൾ ഇങ്ങനെ ഒരിക്കലല്ലേ വേണ്ടൂ."

ഒന്നാമൻ: "ഇനിക്കും അങ്ങനെയായാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. എന്തു ചെയ്യാം? ശേഷിയില്ലല്ലോ?"

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/28&oldid=203464" എന്ന താളിൽനിന്ന് ശേഖരിച്ചത്