ശിപായി: "ഞാൻ റിപ്പട്ട് ചെയ്യും."
കാണി: നല്ല പട്ടാണെങ്കിൽ ഞാനും കുറേ വാങ്ങാം.
രണ്ടും മൂന്നും ക്ലാസുകളിലേ വർത്തമാനത്തിൽ ഇങ്ങനെയുള്ള പീറത്തർക്കങ്ങൾ ഇല്ല. അവിടെ ഇരിക്കുന്നത് അല്പം യോഗ്യരാണ്. ഒന്നാം ക്ലാസിലേ അവസ്ഥ പറയേണ്ടല്ലോ. അവിടെ ഒക്കെ മഹായോഗ്യരും പരമരസികന്മാരുമാണ്.
അങ്ങനെയിരിക്കെ ഒരു തിരക്കു കേൾക്കയും എല്ലാവരും പുറത്തേക്കു നോക്കുകയും ചെയ്യുന്നു. ഇത് അച്യുതമേനോൻ പേഷ്കാരും സ്ഥലത്തേ മുൻസിപ്പും ഓരൊ വണ്ടിയേൽ വന്ന തിരക്കാണ്. ജഡ്ജിക്ക് എന്തോ കാരണത്താൽ വരാൻ പാടില്ലാത്തതിനാൽ വ്യസനിക്കുന്നു എന്ന് എഴുത്തയച്ചിട്ടുണ്ട്, ഉടനേ ഒരു ഭാഗവതർ ഒരു പാട്ട് ആരംഭിച്ചു. തംബുരു മുതലായ ഉപകരണങ്ങളും ഉണ്ട്. ഹാളിൽ ശബ്ദം ഈ സംഗീതത്തിന്റെയല്ലാതെ യാതൊന്നുമില്ല. ഹാളിലെ അലങ്കാരമൊന്നും പറയണമെന്നില്ല. വെളിച്ചം പകൽകൂടി ഇത്ര അധികമുണ്ടോ എന്നു സംശയം. അല്പം കഴിഞ്ഞപ്പോൾ സംഗീതം നിന്നു. അപ്പോൾ സഭാകാര്യസ്ഥൻ പേഷ്കാരുടെ അടുക്കൽ വന്ന് എന്തോ മന്ത്രിക്കുന്നപോലെ തോന്നി. പേഷ്കാർ അപ്പോൾ "ഇനി അഭിനയം തുടങ്ങാം." എന്നു മറുപടി പറഞ്ഞു.
ഉടനേ നാന്ദിശ്ലോകം കേൾക്കാറായി. ഇതിന്റെ വിശേഷങ്ങൾ പറയാതെ വിടുന്നത് അനീതിയായിരിക്കും. പ്രാസം നാലു പാദങ്ങൾക്കും ഉണ്ട്. അതിൽ മൂന്നു പ്രാസം തീരെ അസംബന്ധമാണ്. ചൊല്ലേറും, ഉല്ലാസം, കല്ല്യാണം ഇങ്ങനെ മൂന്ന് "ല്ല" കടിച്ചുവലിച്ച് ഒപ്പിച്ചിട്ടുണ്ട്. നിരർത്ഥപദങ്ങൾ അഥവാ കൂടിയേ കഴിയൂ എന്നില്ലാത്ത പദങ്ങൾ പാദമൊന്നിനു രണ്ടിൽ കുറയുകയില്ല. ശ്ലോകത്തിന്റെ കലാശം "പാതു വഃ" എന്നാണ്.
ഈ ശ്ലോകം കേട്ടപ്പോൾതന്നെ അച്യുതമേനോൻ അവർകൾക്ക് അല്പം സുഖക്കേടു തോന്നി.
അനന്തരം സൂത്രധാരൻ പ്രവേശിക്കുന്നു. ഈ വിദ്വാൻ ചാടിവന്ന വശം ഒരു ശ്ലോകം നീട്ടി അടിച്ചുകൊടുത്തു. അതിലേ പാദങ്ങൾ ചട്ടറ്റ, പുഷ്ടാമോദം, പിട്ടെന്ന്യേ, പെട്ടെന്ന് എന്നിങ്ങനെ നാലു പ്രാസങ്ങളോടു കൂടിയതായിരുന്നു. ഉടനേ തൊഴുതുപിടിച്ചുംകൊണ്ടു മേൽപറഞ്ഞവയ്ക്ക് അനുരൂപമായ പ്രാസങ്ങളോടു കൂടിയ നാലു കാലുകളിന്മേൽ വേറെ ഒരു ശ്ലോകപ്പന്തൽ നാട്ടി. അപ്പോൾ "ഭേഷ് ഭേഷ്" എന്ന് ഹാൾ മുഴുവനിലും ഒരു മുഴക്കം ഉണ്ടായി. ഇതുകേട്ട് ആനന്ദപാരവശ്യത്തോടുകൂടെ സൂത്രധാരൻ ഉപേന്ദ്രവജ്രയായി ഒരു ചെറിയ പന്തൽകൂടി നാട്ടി. ഈ പന്തൽ നാട്ടിയതു കണ്ട് അച്യുതമേനോൻ തന്റെ പാർശ്വഭാഗത്തിങ്കൽ ഇരിക്കുന്ന മുൻസിപ്പിനോട് "എനിക്ക് ഇതു മഹാ അവലക്ഷണമായി തോന്നുന്നു" എന്നു പറഞ്ഞു.