താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കുന്നുണ്ട്. ഈ പട്ടണത്തിലുള്ള എല്ലാവരെയും ക്ഷണിച്ചാൽ കൊള്ളാമെന്നു പണിക്കർ പറഞ്ഞതായി കേട്ടു. പേഷ്ക്കാരെ പ്രത്യേകിച്ചു ക്ഷണിക്കുവാൻ കരുതീട്ടുണ്ടത്രെ."

ശങ്കരമേനോൻ: "അയ്യോ, ജ്യേഷ്ഠൻ ഒരിക്കലും പോകുന്നതല്ല. ജ്യേഷ്ഠൻ ഇവരുടെ നാടകം കാണ്മാൻ പോകുകയോ? നന്നായി. അത് ഒരുനാളും സംഭവിക്കാത്ത കാര്യമാണ്."

ശേഷയ്യൻ: "അങ്ങനെയാണു വേണ്ടത്. എന്നാൽ, നാം പറഞ്ഞ കാര്യം സാധിക്കണമെങ്കിൽ പേഷ്ക്കാർ പോകണം. പേഷ്ക്കാർ ഈ നാടകക്കാരെ കണ്ടാൽ തല്ലിയോടിക്കും. അത്ര വിരോധമാണ്. ഇനിക്കറിവുണ്ട്. അദ്ദേഹം അതു പുറത്തു കാണിക്കുന്നില്ലെന്നേയുള്ളൂ."

ശങ്കരമേനോൻ: "ജ്യേഷ്ഠൻ പോകുന്നതുകൊണ്ട് എന്താഗുണം?"

ശേഷയ്യൻ: "അതു പറയാം. വെറുതേ പോയാൽ പോര. ഈ വക നാടകങ്ങളുടെ ഗുണദോഷത്തെക്കുറിച്ച് അല്പം അവിടെ പ്രസ്താവിക്കണം."

ശങ്കരമേനോൻ: "അവിടെ ചെന്ന ഉടൻതന്നെയോ?"

ശേഷയ്യൻ: "അതു വേണ്ട. കുറേ കണ്ടതിന്റെ ശേഷമോ അല്ലെങ്കിൽ അഭിനയം തീർന്നതിന്റെ ശേഷമോ മതി."

ശങ്കരമേനോൻ:"കാണാൻ പോകുന്നതുതന്നെ അസംഭവ്യമായിരിക്കെ അഭിനയം തീരുന്നതുവരെ ജ്യേഷ്ഠൻ അവിടെ ഇരിക്കുന്ന കാര്യത്തെക്കുറിച്ചു പറയുന്നത് അനാവശ്യമാണ്."

ശേഷയ്യൻ: "അങ്ങനെ പറഞ്ഞാൽ പോര. ശങ്കരമേനോൻ വിചാരിച്ചാൽ ഒക്കെ നിവൃത്തിയുണ്ട്. അമാന്തിച്ചാൽ തരക്കേടുണ്ട്. കോളജ് തുറക്കുന്നതിനത്തുതന്നെ നമുക്കു വല്ലതും ചെയ്യണം. ശങ്കരമേനോൻ പോയാൽ പിന്നെ ഈ കാര്യത്തിൽ ഉത്സാഹിക്കാൻ ആരും ഉണ്ടാകയില്ല."

ശങ്കരമേനോൻ:"ശേഷയ്യൻ പറയുന്നതു ശരിയാണ്. എങ്കിലും ജ്യേഷ്ഠനോടു ഞാൻ എന്താണ് ചെന്നു പറയേണ്ടതെന്നോർത്തിട്ടുണ്ടാകുന്നില്ല. നാടകത്തിലുള്ള നീരസം അദ്ദേഹത്തിനെന്തുമാത്രമുണ്ടെന്ന് എനിക്കറിയാം."

ശേഷയ്യൻ: "കളവായി യാതൊന്നും പറയണമെന്നില്ല. വസ്തുത പറഞ്ഞാൽ മതി. നാടകഭ്രാന്തന്മാരായ ഈ ഭോഷന്മാരുടെ വർദ്ധനയാൽ വരുന്ന ദോഷങ്ങളെയും അവരുടെ നാടകങ്ങളുടെ അവസ്ഥയെയും കുറിച്ചു ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുവാൻ ശ്രമിക്കേണ്ടത് യോഗ്യരായ ആളുകളുടെ മുറയാണെന്നും മറ്റും പറഞ്ഞാൽ മതി. ശങ്കരമേനോന്റെ വാക്കു പേഷ്ക്കാർ തട്ടുമെന്നു തോന്നുന്നില്ല."

ശങ്കരമേനോൻ: "എനിക്കു തീർച്ചയായി പറയാൻ പാടില്ല. ഈ വിവരം ഞാൻ ജ്യേഷ്ഠനോടു പറഞ്ഞു നോക്കാം. സമ്മതിച്ചെങ്കിൽ ഭാഗ്യമായി. എങ്കിലും ഒരു കാര്യത്തിൽ എനിക്കു കുറേ സംശയമുണ്ട്."

ശേഷയ്യൻ: "അതെന്താ?"

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/24&oldid=203460" എന്ന താളിൽനിന്ന് ശേഖരിച്ചത്