ആവക പുസ്തകങ്ങളെയും സഭയെയും സംബന്ധിച്ചു പറയുന്നതു ശരിയല്ല. പിന്നെ ചീത്തപ്പുസ്തകങ്ങളെ തക്കതായി സഭ ആക്ഷേപിക്കുന്നില്ലെന്നും അതുകൊണ്ടാണ് ആവക ഗ്രന്ഥങ്ങൾ വർദ്ധിക്കുന്നതെന്നും ചിലർ പറയുന്നുണ്ട്. ഈ അഭിപ്രായം ഏതാനും സത്യമാണെന്ന് എനിക്കും തോന്നുന്നു."
ശേഷയ്യൻ:"ശങ്കരമേനോൻ എന്തോ പറയുന്നു. ഞാൻ നാടകങ്ങളെക്കുറിച്ചാണ് പറത്തത്. മറ്റു പുസ്തകങ്ങൾ എങ്ങനെയെങ്കിലും ആകട്ടെ. നാടകം ഇപ്പോൾ ആർക്കും ഉണ്ടാക്കാവുന്നതായിട്ടാണ് കണ്ടുവരുന്നത്. എന്തിനു പറയുന്നു? നമ്മുടെ സാധു കരുണാകരമേനോൻകൂടി ഇപ്പോൾ നാടകം ഉണ്ടാക്കുന്നുണ്ടത്രെ. ഗോവിന്ദപ്പണിക്കരുടെ നാടകം വരുന്നാഴ്ചയിൽ അഭിനയിക്കാൻ പോകുന്നുണ്ടത്രെ. ഏതോ ഒരു സഭക്കാർ, സഭയുടെ പേരു മുഴുവനും പറഞ്ഞാൽ നാവു കഴയ്ക്കും, അത്ര നീളമുണ്ട്."
ശങ്കരമേനോൻ: "ഏതു കരുണാകരമേനോൻ?"
ശേഷയ്യൻ: "കിഴക്കേസ്രാമ്പിയിൽ."
ശങ്കരമേനോൻ: "കിഴക്കേസ്രാമ്പിയിൽ കരുണാകരമേനോൻ നാടകം ഉണ്ടാക്കയോ? ആ മഹാസാധു. ഇതിൽപരം അത്ഭുതം എന്താണുള്ളത്? എന്നിട്ട് ആ നാടകം ആരാണു വായിക്കാൻ?"
ശേഷയ്യൻ: "ശങ്കരമേന്ന് ഇവിടത്തെ കഥയൊന്നും നിശ്ചയമില്ല. മദിരാശിയിലല്ലേ താമസം. ഇവിടെ ചിലർ നാടകം ഉണ്ടാക്കി പെണ്ണുങ്ങളെ കൈവശത്താക്കുന്നുണ്ട്. നാടകമുണ്ടാക്കുന്നവരെ പെണ്ണുങ്ങൾക്കു വളരെ ഭ്രമമായിരിക്കുന്നു. ഉണ്ടാക്കാത്തവരെ പെണ്ണുങ്ങൾ ഉപേക്ഷിക്കുന്നു. ശങ്കരമേനോൻ എന്തറിഞ്ഞു."
ശങ്കരമേനോൻ: "നേരംപോക്കു പറയുന്നതോ വസ്തുതയോ?"
ശേഷയ്യൻ: "നേരംപോക്കോ? ഇതു നേരംപോക്കായാൽ ഇപ്പോൾ രാത്രിയാണ്."
എന്നും പറഞ്ഞ് മാധവമേന്നേ കിളിവേലിയിൽ ലക്ഷ്മി ഉപേക്ഷിച്ചതും പണിക്കരെ സ്വീകരിച്ചതും മറ്റും സവിസ്തരം പറഞ്ഞുകേൾപ്പിച്ചു. അതിന്റെ കലാശത്തിൽ ഇങ്ങനെ പറഞ്ഞു. "അതുകൊണ്ട് ഇപ്പോൾ നാടകം ഉണ്ടാക്കാത്തവരൊക്കെ സൂക്ഷിച്ചുകൊൾകേ വേണ്ടു."
ഈ വർത്തമാനം കേട്ടു ശങ്കരമേനോൻ അല്പനേരം ഒന്നും മിണ്ടാതെ മൂക്കിന്മേൽ വലത്തേ കയ്യിന്റെ ചൂണ്ടാണീവിരൽ വെച്ച് അനങ്ങാതിരുന്നു. എന്നിട്ടു പറഞ്ഞു.
"ആട്ടെ. ശേഷയ്യരേ നമുക്ക് ഇതിനു വല്ല ഉപായവും നോക്കാഞ്ഞാൽ തരക്കേടുണ്ട്. ഇതു സമ്മതിച്ചുകൂടല്ലൊ. മൗനമായിരുന്നാൽ ഈ നാടകക്കാർ, വിടന്മാർ എവിടെക്കൊണ്ടാണു കലാശിപ്പിക്കുന്നത് എന്ന് അറിഞ്ഞുകൂട. അതുകൊണ്ടു ശേഷയ്യൻതന്നെ ഒരു വിദ്യ ആലോചിച്ചുണ്ടാക്കു. ഒന്നാംതരമായിരിക്കണം. കുറിക്കുകൊണ്ടിരിക്കണം. ഈ നാടകക്കാരെ കണ്ട പെണ്ണുങ്ങൾ ഇങ്ങനെ മയങ്ങുവാൻ തുടങ്ങിയാൽ തരക്കേടുണ്ട്."