താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മൂന്നാം അദ്ധ്യായം


ശേഷയ്യൻ ചന്ദ്രശേഖരയ്യന്റെ മഠത്തിലേക്കു പോകുന്നു എന്നു പറഞ്ഞതു ശുദ്ധകളവായിരുന്നു. അദ്ദേഹം പോയതു പുത്തൻവീട്ടിൽ ശങ്കരമേനോന്റെ അടുക്കലേക്കാണ്. ഈ ശങ്കരമേനോൻ അച്യുതമേനോൻ പേഷ്കാരുടെ അനുജനും ശേഷയ്യന്റെ സഹപാഠിയും പ്രാണസ്നേഹിതനുമാണ്. ഏതു കാര്യത്തേക്കുറിച്ചായാലും കൊള്ളാം, ശേഷയ്യൻ പറഞ്ഞാൽ പിന്നെ ശങ്കരമേനോനു മറിച്ചില്ല. ശേഷയ്യനുമായിട്ടുള്ള ശങ്കരമേനോന്റെ സംബന്ധം ഇപ്രകാരമായിരുന്നു. എങ്കിലും ശങ്കരമേനോനും തന്റെ ജ്യേഷ്ഠൻ അച്യുതമേനോൻ പേഷ്കാരവർകളും തമ്മിലുള്ള സഹോദരസ്നേഹത്തിന്റെ ആഴത്തേ അളന്നവർ ഇന്നു മലയാളത്തിൽ ആരുമില്ല. ദേഹം രണ്ട് മനസ്സൊന്ന് എന്നു പറഞ്ഞാൽ ഏകദേശം സത്യത്തോട് അടുത്തിരിക്കും. നഖത്തോടു മാംസം കണക്കനേ എന്നുള്ള ഉപമ ഒക്കുമോ? ഇല്ല, എനിക്കു വളരെ സംശയമാണ്. അച്യുതശങ്കരന്മാർ തമ്മിലേ സ്നേഹം അച്യുതശങ്കരന്മാർ തമ്മിലേ സ്നേഹത്തേപ്പോലെ എന്നേ പറഞ്ഞുകൂടൂ.

ശേഷയ്യൻ വരുന്നതു കണ്ടപ്പോൾ ശങ്കരമേനോൻ തന്റെ കയ്യിലിരുന്ന ഒരു ഇംഗ്ലീഷ് പുസ്തകം മേശമേൽ വെച്ചിട്ട് എഴുന്നേറ്റു ചെന്നു കൈകൊടുത്തു പറയുന്നു.

"എന്താ? ഇങ്ങട്ടൊന്നും വരാറില്ലാതെയായി. ഒരുമിച്ചിരിക്കുന്ന നാളിലൊക്കെ സ്നേഹം. പിരിഞ്ഞപ്പോൾ പൂർവ്വവൃത്താന്തങ്ങളൊക്കെ മറന്നു, അല്ലെ? അത്രയ്ക്കേള്ളു."

ശേഷയ്യൻ: "മദിരാശിയിൽ നിന്നും ശങ്കരമേനോൻ വന്ന വിവരം മിനിഞ്ഞാന്നേ അറിഞ്ഞുള്ളു. ഇന്നലെ ഒരു ശ്രാദ്ധമായിരുന്നു. വരാൻ തരായില്ല. ഇന്ന് ഇതാ ഇപ്പോൾ ഇങ്ങട്ടെറങ്ങി."

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/20&oldid=203490" എന്ന താളിൽനിന്ന് ശേഖരിച്ചത്