താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ നാടകക്കാരെ ശേഷയ്യനു പണ്ടേതന്നെ പരിഹാസമാണെന്നു മുമ്പിൽ പറഞ്ഞിട്ടുണ്ടല്ലൊ.

ശേഷയ്യൻ: ഈ ഗോവിന്ദപ്പണിക്കർക്ക് ഒരു ദോഷമുണ്ട്. വളരെ ചീത്തയാണ്. യോഗ്യറും മാന്യറും ആയവരെയൊക്കെ ചീത്ത പറയും.

ഗോവിന്ദപ്പണിക്കർ: ഏതു യോഗ്യൻ? ആ എരപ്പാളി മാധവനോ? ആ അസൂയക്കുക്ഷിയോ? അവൻ യോഗ്യനാണത്രെ. വേണ്ട. സ്വാമി എന്നെക്കൊണ്ട് അധികം പറയിക്കണ്ട. എരപ്പാളി. നാണമില്ലാത്ത ചൂല്.

ശേഷയ്യൻ: ഇങ്ങനെ തുമ്പും വാലുമില്ലാതെ പറഞ്ഞതുകൊണ്ടായില്ല. നിങ്ങൾ തമ്മിൽ ഇത്ര വൈറം ഉണ്ടാവാൻ എന്താണ് സംഗതി? പരമാർത്ഥമായി പറയണം. ഞാൻ നിങ്ങളെ സമാധാനപ്പെടുത്താം.

ഗോവിന്ദപ്പണിക്കർ: സമാധാനപ്പെടുത്തുകയോ? ആരെ? ആ എരപ്പാളി മാധവനെയും എന്റെ പട്ടിയെയും സമാധാനപ്പെടുത്താൻ കൂടി ഇവിടെ സമ്മതമില്ല. അങ്ങ് ബ്രാഹ്മണനല്ലേ. ഇതിലും കടുപ്പമായി പറഞ്ഞുകൂടല്ലൊ.

ശേഷയ്യൻ (ചിരിച്ചുംകൊണ്ട്): ഈ പുത്തമ്പാറെ വീട്ടുകാറൊക്കെ ഇങ്ങനത്തവരാണ്. ബഹുദേഷ്യക്കാറാണ്. എന്താ മാധവമേന്നുമായുള്ള വഴക്ക്? പറയൂ.

എളയത്: ആ കാര്യം കളയൂ. അത് പറയുക എന്നുവെച്ചാൽ വളരെയുണ്ട്-- എന്ന് പറഞ്ഞ് കുറെ ചിരിച്ചു പണിക്കരുടെ മുഖത്തു നോക്കുന്നു.

ശേഷയ്യൻ: എന്താ? കേൾക്കട്ടെ. എന്തോ സ്വകാര്യമുണ്ട്. ഇനിക്കു കേൾക്കറുതോ?

ഗോവിന്ദപ്പണിക്കർ (എളയതിന്റെ മുഖത്തു നോക്കി മന്ദസ്മിതത്തോടു കൂടെ): എന്താ? പറഞ്ഞാലൊരു പുല്ലുമില്ല.

എളയത്: വേണോ? (ശങ്ക നടിക്കുന്നു)

ശേഷയ്യൻ: കണ്ടുവോ? ഈ എളയത് ദുർഘടമുണ്ടാക്കുന്നത്?

ഗോവിന്ദപ്പണിക്കർ: എന്താണ്? പറയാം. ഒരു ബ്രാഹ്മണനോടു പറഞ്ഞിട്ടു വരുന്ന ദോഷമൊക്കെ വരട്ടെ. ഈ മാധവമേന്നു കിളിവേലി വീട്ടിലായിരുന്നു സംബന്ധം.

ശേഷയ്യൻ: സറി. ഞാൻ ഓർക്കുന്നുണ്ട്. കിളിവേലി ലക്ഷ്മി, രസികത്തി. ഇന്നലെ തൊഴാൻ പോകുന്നതു കണ്ടു. കേമത്തിയല്ലേ പെണ്ണ്?

ഗോവിന്ദപ്പണിക്കർ: അതേ. പക്ഷേ, ലക്ഷ്മിക്ക് ആ വിഡ്ഢ്യാനെ അത്രയ്ക്കേ രസമുള്ളൂ. കരുണാകരമേന്റെ ശുപാർശയിന്മേൽ ഉണ്ടാക്കിയ സംബന്ധമാണത്രെ.

ശേഷയ്യൻ: പിന്നെയും പറയും വിഡ്ഢ്യാനാണെന്ന്. പണിക്കർ ബഹുദുർഘടക്കാറൻതന്നെ ആട്ടെ. എന്നിട്ടോ?

ഗോവിന്ദപ്പണിക്കർ: അങ്ങനെ കുറെ നാൾ കഴിഞ്ഞപ്പോൾ, എന്നു വെച്ചാൽ ഒന്നു രണ്ടു മാസമായപ്പോൾ ലക്ഷ്മി ഈ മാധവമേന്നെ സ്വീകരിക്കാതെയായിത്തുടങ്ങി. ഇവിടത്തേ അടിച്ചുതളി ഈ കഥയൊക്കെ

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/11&oldid=203435" എന്ന താളിൽനിന്ന് ശേഖരിച്ചത്