താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇവിടെ വന്നു പറയും. ഒരു ദിവസം ഞാൻ കച്ചേരിയിൽനിന്നും വന്നു ചായ കഴിച്ച് നടക്കാനായി പോകുമ്പോൾ കിളിവേലിപ്പറമ്പിന്റെ അരികേയുള്ള ആ ഇടവഴിയിൽകൂടി വെച്ചു. അപ്പോൾ ലക്ഷ്മി ആ പറമ്പിൽ കുറേ ചെമ്പകപ്പൂവ് കയ്യിൽ പിടിച്ച് നിന്നിരുന്നു. എന്നെ കണ്ടപ്പോൾ "എങ്ങട്ടാ, ഇത്ര വയ്യിട്ട്? ഇഷ്ടമുണ്ടെങ്കിൽ കയറി മുറുക്കിപ്പോകാം" എന്നു പറഞ്ഞ് വല്ലാതെ ഒന്നു മന്ദഹാസംചെയ്തു. എന്റെ ദേഹം ആസകലം വിറച്ചു. എന്താണ് മറുപടി പറയെണ്ടതെന്നുണ്ടാകാതെ ഞാൻ അവിടെത്തന്നെ മരംപോലെ അല്പനേരം നിന്നു. അപ്പോൾ ലക്ഷ്മി വീണ്ടും "പടി കടന്നു വരാൻ വഴി ഇത്തിരി വളയണം. ഇതാ ആ ചെമ്പകം നിൽക്കുന്നതിന്റെ അടുക്കെ ഒരു കഴയുണ്ട്. അതിലേകൂടി കടക്കാം. ഇവിടെ വിശേഷിച്ചാരുമില്ല" എന്നു പറഞ്ഞു. എന്റെ ശേഷയ്യരെ, ഇനിക്കിതു കേട്ടപ്പോൾ ഏതെല്ലാം വികാരങ്ങളാണ് ഉണ്ടായതെന്ന് ഓർമയില്ല. നിന്നെടത്തുനിന്നും ഇളകാൻ നോക്കീട്ട് നീങ്ങുന്നില്ല. ഇടിവെട്ടു കൊണ്ടാൽ ഇതിലും ഭേദം. കിളിവേലിയിൽ ഞാൻ ചിലപ്പോൾ പോകാറുണ്ടെന്നല്ലാതെ ഈ ലക്ഷ്മിയായിട്ടു യാതൊരു പരിചയവും ഇല്ലാത്ത അവസ്ഥയ്ക്ക് ഇത്ര ലൗകികമായി സംസാരിച്ചതോർത്തു ഞാൻ വിസ്മയിച്ച് അവിടെത്തന്നെ നിന്നു "മാധവമേനോൻ ഇപ്പഴൊന്നും വരാറില്ലേ?" എന്നു ചോദിച്ചു.

അപ്പോൾ ലക്ഷ്മി "ഇല്ല. മാധവമേനോന്റെ വരവ് എന്നെങ്ങാനും ഒഴിഞ്ഞു. അയാളിവിടെ നാലോ അഞ്ചോ തവണ വരികയുണ്ടായി" എന്നു പറഞ്ഞു. ഉടനേ ഞാൻ "എന്തിനു വന്നു?" എന്നു ചോദിച്ചു.

അപ്പോൾ ലക്ഷ്മി അതിനൊന്നും മറുപടി പറയാതെ മുഖംതാഴ്ത്തി നിന്നു. അപ്പോൾ ഞാൻ "ആട്ടെ, ഒഴിയാൻ എന്താ സംഗതി" എന്നു ചോദിച്ചു.

"എന്താ സംഗതി, വിശേഷിച്ചൊന്നുമില്ല."

അപ്പോൾ ഞാൻ "എങ്കിലും കേൾക്കട്ടെ" എന്നു പറഞ്ഞു.

ലക്ഷ്മി ഇത് കേട്ട് അല്പനേരം ഒന്നും മിണ്ടിയില്ല. ഒടുക്കം ഇങ്ങനെ പറഞ്ഞു. "എന്റെ കാര്യം ഞാൻ പറയാലൊ. ഇനിക്കിവിടെ കരുണാകരമേനോന്റെയല്ല. ഏതു ദേവേന്ദ്രന്റെ ശിപാർശി കൊണ്ടുവന്നാലും ഇനിക്കിഷ്ടമുള്ളവരല്ലാതെ.....?

ഇതുവരെയായപ്പോഴേക്കും ലജ്ജാപരവശയായി സംസാരം നിറുത്തി. എങ്കിലും ഞാൻ സമ്മതിച്ചില്ല. "ഇഷ്ടമുള്ളവരല്ലാതെ... എന്താണ്?" എന്നു ചോദിച്ചു.

ലക്ഷ്മി മിണ്ടീയില്ല. അധോമുഖിയായി കാൽവിരൽ കൊണ്ട് നിലത്ത് വരച്ചുംകൊണ്ടു നിന്നു.

അപ്പോൾ ഞാൻ "ഇതു വിഷമംതന്നെ. ഒന്നു പറഞ്ഞാൽ പിന്നെ അത് മുഴുവനാക്കാഞ്ഞാൽ വിഷമംതന്നെ" എന്നു പറഞ്ഞു.

അപ്പോൾ ലക്ഷ്മി (സഗദ്ഗദം) "ദയയുണ്ടെങ്കിൽ (പിന്നെ മിണ്ടുവാൻ പാടില്ല) ഒരു വിഷമവും ഇല്ല."

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/12&oldid=203448" എന്ന താളിൽനിന്ന് ശേഖരിച്ചത്