താൾ:Nalu Periloruthan Athava Nadakadyam Kavithvam.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗോവിന്ദപ്പണിക്കർ: "അതുണ്ടോ ആവോ? ഇനിക്കറിഞ്ഞുകൂട. എങ്കിലും ഞാൻ പിന്നെ ഒരു വിധമൊക്കെ അറിഞ്ഞു. മഠത്തിൽ തിരിച്ചു വന്നതിന്റെ ശേഷം ഇനിക്കു വിചാരം ഒക്കെ ലക്ഷ്മിയെയും ആ മോഹനാംഗിയുടെ പ്രണയാതിരേകത്തെ സൂചിപ്പിച്ച വാക്കുകളെയും കുറിച്ചായിത്തുടങ്ങി. അശേഷം ഉറക്കം വരുന്നില്ല. അന്നു രാത്രി ഒരു വിധം കഴിച്ചുകൂട്ടി. പിറ്റേദിവസം രാവിലെ ഞാൻ വിഷണ്ണനായി അനങ്ങാതെ പൂമുഖത്തിരിക്കുമ്പോൾ അടിച്ചുതളി നാരായണി കടന്നുപോകുന്നതുകണ്ടു. ഉടനേ അവളെ വിളിച്ച് ഉണ്ടായ വിവരമൊക്കെ പറഞ്ഞു കേൾപ്പിച്ചു. എന്റെ വർത്തമാനം പകുതിയായപ്പോഴക്കും അവൾ കുറേശ്ശ പുഞ്ചിരി കൊള്ളുന്നതു കണ്ടു. അതിന്റെ കാരണം ചോദിച്ചപ്പോൾ ആണ് ഇനിക്കു കഥ മനസ്സിലായത്."

"ഇവിടുത്തേ കാര്യം ലക്ഷ്മിക്കുട്ടി (ലക്ഷ്മിക്കുട്ടിയെന്നാണ് കിളിവേലിവീട്ടിലുള്ളവരും വേലക്കാരും വിളിക്കാറ്) എന്നോടു കൂടക്കൂടെ പറയാറും ചോദിക്കാറും ഉണ്ട്. ഇനിക്കു ലക്ഷ്മിക്കുട്ടിയുടെ ആഗ്രഹം അപ്പോൾതന്നെ മനസ്സിലായിട്ടുണ്ടായിരുന്നു. പിന്നെ ഇവിടുന്ന് ഇന്നാൾ നാടകം ഉണ്ടാക്കിയെന്നു കേട്ടതു മുതൽ എന്നെ ദിവസവും വിളിച്ച് ഇവിടുത്തേ വർത്തമാനം അന്വേഷിക്കാറുണ്ട്. അതു മുതൽക്കാണ് മാധവമേന്നെ ഒഴിച്ചത്. പെണ്ണിന് ഇവിടത്തേ നേരെയുള്ള ഭ്രമം ഒന്നും പറയണ്ട. ഇന്നലെ രാത്രി ലക്ഷ്മിക്കുട്ടി ഇനിക്കാളയച്ചിട്ടുണ്ടായിരുന്നു. ഞാൻ കിളിവേലിൽ ചെല്ലുമ്പോൾ നാലഞ്ചുനാഴിക രാത്രിയായി. എന്നെ കണ്ട ഉടനേ കൈകൊണ്ടു മാടിവിളിച്ചു ലക്ഷ്മിക്കുട്ടിയുടെ മുറിയിലേക്കു കൊണ്ടുപോയി ഇന്നലെ ഉണ്ടായ വർത്തമാനമൊക്കെ എന്നോടു പറഞ്ഞു. ആ നേരത്തു തന്നെ ഇവിടെ വന്നു പറഞ്ഞ് അങ്ങോട്ടു കൊണ്ടുചെല്ലണം എന്ന് എന്നോട് ലക്ഷ്മിക്കുട്ടി ആവശ്യപ്പെട്ടു. ഇരുട്ടായതിനാലും ഇവിടത്തേ മനസ്സ് ഇനിക്കു നിശ്ചയമില്ലാത്തതിനാലും ഇനിക്കു കഴികയില്ലെന്നു ഞാൻ മറുപടി പറഞ്ഞു."

നാരായണിയുടെ ഈ വാക്കുകൾക്ക് എന്തുമാത്രം മാധുര്യമാണുണ്ടായിരുന്നതെന്നു ശേഷയ്യർക്ക് ഊഹിക്കാവുന്നതാണ്. ഓരോ വാക്കിനു നൂറുനൂറു രൂപ വിലപിടിക്കും. ആനന്ദസാഗരത്തിൽ നിമഗ്നനായി എന്നും മറ്റും പലെടത്തും പ്രയോഗിച്ചു കാണാം. ആ വക പ്രയോഗങ്ങൾ മുക്കാലിലധികം അതിശയോക്തിയും അനാവശ്യമാണ്. എന്നാൽ, എന്റെ ഈ സംഗതിയിൽ അത് യഥാർത്ഥമായിരുന്നു എന്നതിനു യാതൊരു സംശയവുമില്ല. "അസത്തേ, ആ വിവരം അപ്പോൾതന്നെ ഇവിടെ വന്നു പറയായിരുന്നില്ലേ? പറയുന്നതിൽ എന്താ ദോഷം?" എന്നു പറഞ്ഞ് ഞാൻ നാരായണിക്ക് ഒരു ഉറുപ്പിക എടുത്തു കൊടുത്തു. നാലുമണിക്ക് എന്റെ അടുക്കൽ വരണം എന്നും പറഞ്ഞ് അവളെ അയച്ചു. ലക്ഷ്മിക്ക് എന്റെ നാടകം ദേവായനീകചം ഒരു പ്രതി അപ്പോൾ തന്നെ കൊടുത്തയച്ചു.

എളയത്: "മതി. കലാശിപ്പിക്കൂ. ഇനിയെന്താ പറയാനുള്ളത്."

"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/14&oldid=203450" എന്ന താളിൽനിന്ന് ശേഖരിച്ചത്