കേരളോല്പത്തി/പെരുമാക്കന്മാരുടെ കാലം/കൃഷ്ണരായരുടെയും ചേരമാൻ പെരുമാളുടെയും കഥ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേരളോല്പത്തി
കൃഷ്ണരായരുടെയും ചേരമാൻ പെരുമാളുടെയും കഥ
കേരളോല്പത്തി

[ 47 ]

൫. കൃഷ്ണരായരുടെയും ചേരമാൻ പെരുമാളുടെയും കഥ


ഇങ്ങനെ ൬൪ ഗ്രാമത്തിൽ ബ്രാഹ്മണരും പെരുമാക്കളും കൂടി സ്വല്പകാലം രക്ഷിച്ചു വന്നതിന്റെ ശേഷം ൬൪ ഗ്രാമവും കൂടി യോഗം തികഞ്ഞു, തൃക്കാരിയൂർ ക്ഷേത്രത്തിൽ തിരുനാവായി മണപ്പുറത്ത കൂടി തല തികഞ്ഞു അടിയന്തരസഭയിങ്കന്നു നിരൂപിച്ചു "ഈവണ്ണം കല്പിച്ചാൽ മതി അല്ല; നാട്ടിൽ ശിക്ഷാരക്ഷ ഇല്ലാതെ പോം. ബ്രാഹ്മണർ നാടു പുറപ്പെട്ടു പോകേണ്ടിവരും; ഒരു രാജാവു വേണം" എന്നു കല്പിച്ചു ഐകമത്യപ്പെട്ടു പരദേശത്തു ചെന്നു (ആനകുണ്ടി കൃഷ്ണരായരുമായി കണ്ടു, പന്തീരാണ്ടു ൧൨ ആണ്ടു കേരളം പരിപാലിപ്പാൻ ഒരുത്തരെ അയക്കണം എന്ന അവധി പറഞ്ഞു, പല സമയവും സത്യവും ചെയ്തു) ഒരു പന്തീരാണ്ടു വാഴുവാൻ ആദി രാജാ പെരുമാളെയും; പിന്നെ പാണ്ടിപ്പെരുമാളെയും കല്പിച്ച അയക്കയും ചെയ്തു. അവരുടെ വാഴ്ച കഴിഞ്ഞ ശേഷം ക്ഷത്രിയനായ ചേരമാൻ പെരുമാളെ കല്പിച്ചു നിശ്ചയിച്ചു. അങ്ങനെ ചേരമാൻ പെരുമാളെ കൂട്ടി കൊണ്ടുപോരുമ്പോൾ, വാസുദേവമഹാഭട്ടത്തിരിയെ ശകുനം കണ്ടു, നടകൂടി കൊണ്ടു പോന്നു തൃക്കാരിയൂർ പൊന്മാടത്തിങ്കീഴ് അടിയന്തരം ഇരുന്നു. ൬൪ ഗ്രാമത്തിൽ ബ്രാഹ്മണർ കേരളരാജ്യം ൧൬0 കാതം അടക്കി, വാഴുവാന്തക്കവണ്ണം ആനായതീട്ടു കൊടുത്തു, ഏകഛത്രാധിപതിയായി അവരോധിച്ചു കൊൾവാന്തക്കവണ്ണം പൂവും നീരും കൊടുത്തു, ചേരമാൻ പെരുമാൾ കേരളരാജ്യം, ൧൬0 കാതം നീർ വാങ്ങുകയും ചെയ്തു. [ 48 ] അന്നു കലി, സ്വർഗ്ഗസന്ദേഹപ്രാപ്യം ക്രിസ്താബ്ദം ൪൨൮.

അതിന്റെ ശേഷം ചേരമാൻ പെരുമാൾ ആകട്ടെ ൧൬0 കാതം നാടു നടന്നു നോക്കി കണ്ടെടുത്തു തൃക്കാരിയൂരും തിരുനാവായി മണപ്പുറവും വളർഭട്ടത്തുകോട്ടയും ഈ മൂന്നു ദേശവും സത്യഭൂമി എന്നു കല്പിച്ചു, വളർഭട്ടത്തു കോട്ടയുടെ വലത്തു ഭാഗത്തു ചേരമാൻ കോട്ടയും തീർത്തു, പിന്നെ ൧൮ അഴിമുഖവും നോക്കി കണ്ടെടുത്ത് തിരുവഞ്ചാഴി മുഖം പ്രധാനം എന്നു കണ്ടു, തിരുവഞ്ചക്കുളം എന്ന ക്ഷേത്രവും തീർത്തു, പല പെരുമാക്കന്മാരും അടിയന്തരമായിരുന്ന മഹാ ക്ഷേത്രങ്ങളിൽ ചേരമാൻ പെരുമാളും ബ്രാഹ്മണരുമായി അടിയന്തരം ഇരുന്നു. ഇങ്ങിനെ ൧൨ ആണ്ടു വഴിപോലെ പരിപാലിച്ച ശേഷം പെരുമാളുടെ ഗുണാധിക്യം വളരെ കാൺക കൊണ്ടു, ൧൨ ആണ്ടു വാഴുവാന്തക്കവണ്ണം അവധി പറഞ്ഞിട്ടല്ലൊ കൃഷ്ണരായർ ചേരമാൻ പെരുമാളെ കല്പിച്ചതു പ്രമാണം അല്ല" എന്നു ബ്രാഹ്മണർ കല്പിച്ചു, പിന്നെയും ൧൨ ആണ്ടു നാടു പരിപാലിപ്പാൻ ചേരമാൻ കോട്ടയിൽ രാജലക്ഷ്മിയും വീർയ്യലക്ഷ്മിയും ഏറ പ്രകാശിക്കുന്നു എന്നു കണ്ടു, അവിടെ തന്നെ എഴുന്നെള്ളി, ഒരു കട്ടിലയും നാട്ടി, ചേരമാൻ കട്ടിലെക്കകത്തു പല അടുക്കും ആചാരവും കല്പിച്ചു, പരദേശത്തുനിന്നു കൊണ്ടുപോന്ന രാജസ്ത്രീയെ ബ്രാഹ്മണനെകൊണ്ടു വിവാഹം കഴിപ്പിച്ചു, അതിലുണ്ടാകുന്ന സന്തതി ക്ഷത്രിയൻ എന്നും കല്പിച്ചു. ൟ കേരളത്തിൽ നല്ല സൂർയ്യക്ഷത്രിയരെ [ 49 ] വേണം എന്നു ബ്രാഹ്മണരും വെച്ചു, വസ്തു തിരിച്ചു കൊടുക്കയും ചെയ്തു. അങ്ങിനെ ആ ക്ഷത്രിയസ്ത്രീയെ മൂഷികരാജ്യത്തിങ്കൽ കുലശേഖരപ്പെരുമാൾ വാണ ചിത്രകൂടത്തിന്റെ സമീപത്ത് ഒരു കോയിലകം തീർത്തു, അവിടെ തന്നെ ഇരുത്തി, അതിൽ ൨ പുരുഷന്മാരുണ്ടായി, ജേഷ്ഠനെ ചിത്രകൂടത്തിങ്കലും അനുജനെ തുളുനാട്ടിലും കല്പിക്കയും ചെയ്തു. ചേരമാൻപെരുമാൾ ചേരമാൻ കോട്ടയിൽ വാഴുന്ന കാലത്തു ഉത്തര ഭൂമിയിങ്കൽ മാലിനി എന്ന ഒരു നദീതീരത്തിൽ ഇരുവർ വെള്ളാളസ്ത്രീകളും ഒരു രാജസ്ത്രീയും കൂടി നീരാട്ടത്തിന്നു വന്നതിന്റെ ശേഷം, പുഷ്പത്തിൻ സുഗന്ധം കേട്ടു, പുഷ്പം പറിപ്പാൻ മൂവരും തോണിയിൽ കയറീട്ടു, തോണിയുടെ തല തെറ്റി, സമുദ്രത്തിങ്കലകപ്പെട്ട്, ഏഴിമലയുടെ താഴ വന്നടുക്കയും ചെയ്തു. അവർ മൂവരും തോണിയിൽ നിന്നിറങ്ങി, മലയുടെ മുകളിൽ കരയേറിനില്ക്കയും ചെയ്തു. ആ വർത്തമാനം ചേരമാൻ പെരുമാൾ അറിഞ്ഞപ്പോൾ, അവരെ കൂട്ടിക്കൊണ്ടുവരുവാൻ അരുളിച്ചെയ്തു, പരവതാനിക്കൊട്ടിൽ ഒരു വിളക്കും പലകയും വച്ചു, പൊന്നിന്തളികയിൽ അരിയുമിട്ടു നില്ക്കുംപോൾ, മൂവരും ചേരമാൻ കോട്ടയുടെ അകത്തുകടന്നു, അതിൽ ഒരു സ്ത്രീ ആസ്ഥാനമണ്ഡപത്തിന്നു നേരിട്ടു ചെന്നു, ഒരു കാൽ എടുത്തു വെപ്പാൻ ഭാവിച്ചു, പരവതാനിക്കൊട്ടിൽ കരേറാതെ, തമ്പുരാൻ എഴുന്നെള്ളിയതിന്റെ വലത്തു ഭാഗത്ത് നിൽക്കയും ചെയ്തു. മറ്റെ സ്ത്രീ തമ്പുരാൻ എഴുന്നെള്ളിനിന്നതിന്നു നേർ പെടാതെ ചുഴന്നു തമ്പുരാന്റെടത്തു ഭാഗത്തു ചെന്നു നിന്നു. മൂന്നാ [ 50 ] മതു രാജസ്ത്രീ തമ്പുരാന്റെ നേരെ വന്നു, ആസ്ഥാന മണ്ഡപത്തിൽ കരേറി, വഴി പോലെ വന്ദിച്ചിരിക്കുകയും ചെയ്തു. അതു കണ്ടു പെരുമാൾ പൊന്തളികയിൽ അരിവാരി മൂന്നു വട്ടം തൃക്കൈ കൊണ്ടു ചാർത്തി ഇവളിലുണ്ടാകുന്ന സന്തതി ഏഴിഭൂപൻ എന്നരുളിച്ചെയ്തു, അവർക്കീ രാജ്യത്തിനവകാശം എന്നും കല്പിച്ചു, തമ്പുരാട്ടിക്ക് എഴുന്നെള്ളി ഇരിപ്പാൻ ഏഴിമലയുടെ താഴെ എഴോത്ത കോയിലകവും പണി തീർത്തു. നേരിട്ടു വന്നതു നെർപ്പട്ടസ്സ്വരൂപം ചുഴന്നതു ചുഴലിസ്സ്വരൂപം പിന്നെ മലയാളത്തിൽ ൧൮ അഴിമുഖത്തുനിന്നും കച്ചോടം ചെയ്യെണം എന്നു കല്പിച്ചു, പല വർത്തകന്മാരേയും ചോനകരേയും വരുത്തി ഇരുത്തി. പെരുമാൾ ജനിച്ചുണ്ടായ ഭൂമി ആർയ്യപുരത്ത വേളാപുരം എന്ന നഗരത്തിങ്കന്നു ഒരു ചോനകനെയും ചോനകസ്ത്രീയേയും വരുത്തി, ആർയ്യപ്പടിക്കൽ ഇരുത്തി, ഇവരെ ഇരുത്തേണ്ടും നല്ല പ്രദേശം നാട്ടിന്നു ഒരു കണ്ണാക കൊണ്ടു കണ്ണന്നൂർ എന്നും വേളാപുരം എന്നും പേരുമിട്ടു. ചോനകനെ അഴിരാജാവെന്നും സ്ത്രീയെ ഉമ്മ എന്നും കല്പിച്ചു. അരിയും ഇട്ടിരുത്തുകയും ചെയ്തു. ശേഷം പെരുമാളുടെ ഗുണാധിക്യം ഏറ കാൺക കൊണ്ടു ബ്രാഹ്മണർക്ക് ചേരമാൻ പെരുമാളെ പിരിഞ്ഞു കൂടാ എന്നു കല്പിച്ചു.

അങ്ങിനെ ചേരമാൻ എന്ന രാജാവു ൩൬ കാലം വാണതിന്റെ ശേഷം ബ്രാഹ്മണർ പരദേശത്തു ചെന്നതുമില്ല. ചേരമാൻ പെരുമാളെ കണ്ടതുമില്ല എന്നു കല്പിച്ചു, കൃഷ്ണരായർ മലയാളം അടക്കുവാൻ തക്കവണ്ണം പട കൂട്ടുകെയല്ലൊ ചെയ്തതു. [ 51 ] ശേഷം ബ്രാഹ്മണർ ചോഴമണ്ഡലത്തിങ്കൽ ചെന്നു, ചേരമാൻ എന്ന രാജാവിനെ കൂട്ടിക്കൊണ്ടുവന്നു പട്ടാഭിഷേകം ചെയ്തു, ൧൨ ആണ്ടു നാടു രക്ഷിച്ച ശേഷം. കലിയുഗത്തിന്റെ ആരംഭം വർദ്ധിക്കകൊണ്ടു ബ്രാഹ്മണരും അവിടെ പെട്ട പ്രജകളും രണ്ടു പക്ഷമായി വിവാദിച്ചു, ചേരമാൻ പെരുമാളുടെ ഗുണങ്ങൾ കൊണ്ടു ശ്രീ പരശുരാമൻ അരുളി ചെയ്ത മര്യ്യാദയെ ഉപേക്ഷിച്ചു, പിന്നേയും ചേരമാൻ പെരുമാൾ തന്നെ കേരളം രക്ഷിപ്പാന്തക്കവണ്ണം അനുവദിക്കുകയും ചെയ്തു. പരശൂരാമമര്യ്യാദയെ ഉപേക്ഷിക്ക കൊണ്ട് ൬൪ ഗ്രാമവും ഒന്നിച്ചു കൂടാതെ പോകയും ചെയ്തു. അങ്ങിനെ ചേരമാൻ പെരുമാൾ രക്ഷിക്കും കാലം പാണ്ടിരാജാവായിരിക്കും രായർ ഒപ്പം രക്ഷിക്കേണ്ടുന്ന മലയാളം ചോഴമണ്ഡലരാജാവ് അടക്കുക എന്നും വെച്ചാൽ കേരളം പാതി ഇങ്ങടക്കേണം എന്നും കല്പിച്ചു. ആനമല കയറി കാനത്തിൽ കിഴിഞ്ഞു, കോട്ട ഇട്ടുറപ്പിക്കയും ചെയ്തു. അപ്രകാരം ചേരമാൻ പെരുമാൾ കേട്ടം ശേഷം കേരളത്തിലുള്ള തന്റെ ചേകവന്മാരെ എല്ലാവരെയും അതിൽ പ്രധാനപ്പെട്ട പടനായകന്മാരെയും തൃക്കടമതിലകത്ത് വരുത്തി യോഗം തികച്ചു തരവൂർ നാട്ടിൽ എഴുന്നെള്ളി, രായരുടെ കോട്ട കളയേണം എന്നു കല്പിച്ചു, പല പ്രകാരം പ്രയത്നം ചെയ്തിട്ടും രായരുടെ കോട്ട കളവാൻ സംഗതി വന്നതുമില്ല; ചേരമാൻ പെരുമാൾ ക്ലേശിപ്പൂതും ചെയ്തു.

അനന്തരം ബ്രാഹ്മണരും പെരുമാളും തൃക്കാരിയൂർ പൊന്മാടത്തിങ്കീഴിൽ ശ്രീ നാവാക്ഷേത്രത്തിൽ [ 52 ] അടിയന്തരസഭയിന്ന് നിരൂപിച്ച് ൧൭ നാട്ടിലുള്ള പുരുഷാരത്തെ എത്തിച്ചു, പടയിൽ ജയിപ്പാന്തക്കവണ്ണമുള്ള ൟശ്വരസേവകളും ചെയ്യിപ്പിച്ചു കൊണ്ടു ദിഗ്വിജയം ഉണ്ടായിട്ടാരുള്ളു എന്നു അന്വേഷിച്ച ശേഷം, ക്ഷത്രിയസ്ത്രീയുടെ മകനായ കരിപ്പത്തു കോവിലകത്ത് ഉദയവർമ്മൻ എന്ന തമ്പുരാന്നു ദിഗ്ജയം ഉണ്ടെന്നു കണ്ടു പൂനൂറയിൽ മാനിച്ചൻ എന്നും [1]വിക്കിരൻ എന്നും [2]ഇരിവർ എറാടിമാർ അവരെ കൂട്ടി കൊണ്ടു പോന്നാൽ പട ജയിക്കും എന്നു കണ്ടു, കൂട്ടി കൊണ്ടു പോരുവാൻ ആര്യ ബ്രാഹ്മണരുടെ കൈയിൽ അടയാളം എഴുതി അയക്കയും ചെയ്തു. അവർ പൂനൂറയിൽ ചെന്നു അന്വേഷിച്ചാറെ, എഴുത്തു പള്ളിയിൽ എന്നു കേട്ടു. അവിടെ ചെന്നു കണ്ടു, ഇരിവർ എറാടിമാരേയും എഴുതിക്കും എഴുത്തച്ഛൻ തൊടുവക്കളത്ത ഉണ്ണിക്കുമാരനമ്പിയാരെയും കണ്ടു എഴുതി വിട്ട അടയാളവും കൊടുത്തു അവസ്ഥയും പറഞ്ഞു. അത് എല്ലാവരും കൂടി പോരുമ്പോൾ വെഞ്ചാലപ്പറമ്പത്ത് പെരാലനടക്കാവിൽ കാഞ്ഞിരത്തിൻ ചുവട്ടിൽ കുടയും മലർത്തി വെച്ചു, കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന ആഴുവാഞ്ചേരി തമ്പ്രാക്കളും അവിടത്തെ ദിഗ്വാര നമ്പൂതിരിയും കണ്ടു നമസ്കരിച്ചാറെ, അവരോട് ചോതിച്ചു, തമ്പ്രാക്കൾ “നിങ്ങൾ എവിടെ പോകുന്നു“ എന്നു കേട്ടവാറെ, എഴുത്തച്ഛൻ “അടിയങ്ങൾ തൃക്കാരിയൂർ അടിയന്തരസഭയിന്നു അയച്ച ആര്യബ്രാഹ്മണരോടു കൂടി അവിടെക്ക് വിട കൊ [ 53 ] ള്ളുന്നു" എന്നതു കേട്ടു തമ്പ്രാക്കളും "ഞങ്ങളും അവിടെക്ക് തന്നെ പുറപ്പെട്ടു" എന്നു പറഞ്ഞു ദണ്ഡനമസ്കാരം ചെയ്തപ്പോൾ പ്രസാദിച്ചു "നിങ്ങൾക്ക് മേലാൽ നന്മ വരുവൂതാക! നിങ്ങൾ ലോകുന്ന കാർയ്യം സാധിപ്പിച്ചു തരുന്നുണ്ടു എന്നു സമയം ചെയ്തു. അവിടെനിന്നു പുറപ്പെട്ടു പോകുന്ന വഴിക്ക് ൭ പശുക്കൾ ചത്തു കിടക്കുന്നു. അതിൽ ഒരു പശുവിന്റെ അണയത്തു ൧൪ കഴുക്കൾ ഇരുന്നിരുന്നു. മറ്റൊന്നിനെയും തൊട്ടതില്ല. തമ്പ്രാക്കൾ ആയതു കണ്ടാറെ "ഹെ കഴുകളെ! ൭ പശു ചത്തുകിടക്കുന്നതിൽ ആറിനെയും നിങ്ങൾ തൊടാതെ ഇരിപ്പാൻ എന്തൊരു സംഗതി ആകുന്നു" എന്നു ചോദിച്ചാറെ, ഒരു മുടകാലൻ പൂവൻ കഴുവ് ചിറകു തട്ടിക്കുടഞ്ഞ് ഒരു തൂവൽ കൊത്തി എടുത്തു കൊടുത്തു, അതു കൈയിൽ എടുത്തു ൟ പശുക്കളെ നോക്കിയാറെ, അവറ്റിൽ ഒന്നിനെ മാത്രമെ പശുജന്മം പിറന്നിട്ടുള്ളൂ; മറ്റെല്ലാം ഓരൊ മൃഗങ്ങളെ ജന്മമായി കണ്ടു, ഇരിവർ ഏറാടിമാരെയും നമ്പിയാരെയും മനുഷ്യജന്മമായ്ക്കണ്ടു. ആ തൂവൽ തമ്പ്രാക്കൾ നമ്പ്യാരുടെ കയ്യിൽ കൊടുത്തു. ഏറാടിമാരും നമ്പിയാരും തമ്പ്രാക്കളുടെ കാക്കൽ നമസ്കരിച്ചു. അനുഗ്രഹവും വാങ്ങി. അതു ഹേതുവായിട്ട് ഇന്നും ആഴുവാഞ്ചെരി തമ്പ്രാക്കളെ കണ്ടാൽ കുന്നലകോനാതിരി രാജാവു തൃക്കൈ കൂപ്പെണം. അവിടനിന്നു പുറപ്പെട്ടു, തൃക്കാരിയൂർ അടിയന്തരസഭയിൽ ചെന്നു വന്ദിച്ചു. "ഞങ്ങളെ ചൊല്ലിവിട്ട കാര്യ്യം എന്ത് എന്നു ബ്രാഹ്മണരോടും ചേരമാൻ പെരുമാളൊടും ചോദിച്ചാറെ" [ 54 ] ആനകുണ്ടി കൃഷ്ണരായർ മലയാളം അടക്കുവാൻ സന്നാഹത്തോടും കൂടി പടെക്ക് വന്നിരിക്കുന്നു. അതിന്നു ൧൭ നാട്ടിലുള്ള പുരുഷാരത്തേയും എത്തിച്ചു പാർപ്പിച്ചിരിക്കുന്നു; അവരുമായി ഒക്കത്തക്ക ചെന്നു പട ജയിച്ചു പോരേണം എന്നരുളിച്ചെയ്തപ്പോൾ, അങ്ങിനെ തന്നെ എന്നു സമ്മതിച്ചു സഭയും വന്ദിച്ചു പോന്നു. ചേരമാൻ പെരുമാൾ ഭഗവാനെ സേവിച്ചിരിക്കും കാലം അർക്കവംശത്തിങ്കൽ ജനിച്ച സാമന്തരിൽ പൂന്തുറ എന്നഭിമാനവീരന്മാരായ സാമന്തർ ഇരിവരും കൂടി രാമേശ്വരത്ത് ചെന്നു സേതു സ്നാനവും ചെയ്തു, കാശിക്കു പോകുന്ന വഴിയിൽ ശ്രീ നാവാക്ഷേത്രത്തിങ്കൽ ചെന്നു. അവിടെ ഇരിക്കുമ്പോൾ തോലൻ എന്ന് പ്രസിദ്ധനായി പെരുമാളുടെ ഇഷ്ടമന്ത്രിയായിരിക്കുന്ന ബ്രാഹ്മണർ വഴിപോക്കരായി വന്ന സാമന്തരോടു ഓരൊ വിശേഷങ്ങൾ പറഞ്ഞിരിക്കുൻറെ ഇടയിൽ, രായർ മലയാളം അടക്കുവാൻ കോട്ടയിട്ട പ്രകാരവും ചേരമാൻ പെരുമാൾ യുദ്ധത്തിൽ മടങ്ങിയ പ്രകാരവും പറഞ്ഞപ്പോൾ, മാനവിക്രമന്റെ സത്യംകൊണ്ടും ശീലത്വം കൊണ്ടും വളരെ പ്രസാദിച്ചു. പിന്നെ ബ്രാഹ്മണരും പെരുമാളും വെള്ളത്തിൽ ഏറിയതിന്റെ ശേഷം രായരോട് ജയിപ്പാൻ പോകുന്ന പ്രകാരം കല്പിക്കകൊണ്ട് അവരോടു പറഞ്ഞാറെ, സാമന്തർ ഇരിവരും കൂടി നിരൂപിച്ചു ഞങ്ങളെ കൂടെ അയച്ചാൽ യുദ്ധം ചെയ്തു രായരുടെ കോട്ട ഇളക്കാം എന്ന് ബ്രാഹ്മണരോട് പറകയും ചെയ്തു. അപ്രകാരം പെരുമാളെയും ഉണർത്തിച്ചതിന്റെ ശേഷം ഇരിവരെയും കൂട്ടിക്കൊണ്ടു [ 55 ] വന്നു ബഹുമാനിച്ചിരുത്തി, പല ദിവസവും അന്യോന്യ വിശ്വാസത്തിന്നായ്ക്കൊണ്ടും പരീക്ഷിച്ചെടത്ത്. സാമന്തർ യുദ്ധകൗശലത്തിങ്കൽ ശക്തന്മാർ എന്നറിഞ്ഞിട്ടു കാലതാമസം കൂടാതെ പുരുഷാരത്തെ വരുത്തി യോഗം തികച്ചു കൂട്ടി, പെരുമാളും തന്ന‍റെ പടനായകന്മാർ ൧൨൨ പേരും അവരോട് കൂടി ഒമ്പതു നൂറായിരം ചേകവരും കാരായ്മയായിരിക്കുന്ന ഈ ശരീരം അനിത്യം എന്നുറച്ചു, സാമന്തരോടും കൂടി കണക്ക് എഴുതുവാൻ തക്കവണ്ണം കീഴൂർ ഉണ്ണിക്കുമാരമേനോനെയും പരക്കൽ ഉറവിങ്കൽ പാറചങ്കരനമ്പിയെയും കല്പിച്ചയക്കയും ചെയ്തു. പടെക്ക് പോകുന്ന വഴിക്കൽ രാത്രിയിൽ പടയാളികൾ ഉറങ്ങുന്നിടത്തു സാമന്തർ ചെന്നു, പുരുഷാരം ൩ പ്രദക്ഷിണം വെച്ചു, കഴുവിന്റെ തൂവൽ കെയിൽ വെച്ചു മനുഷ്യജന്മം പിറന്നിട്ടുള്ളവർക്കും വെള്ളികൊണ്ടു ഓരോ അടയാളമിട്ടെ നോക്കിയാറെ, ൧0000 നായർ മനുഷ്യജന്മം പിറന്നവരുണ്ടായിരുന്നു. ൩0000 ദേവജന്മം പിറന്നിട്ടും ശേഷമുള്ള പുരുഷാരം അസുരജന്മമായ്ക്കണ്ടു. ൧0000 നായർക്ക് മോതിരം ഇടുവിച്ചു പോരികയും ചെയ്തു. ഉറക്കത്ത് ശൂരന്മാരായിരിക്കുന്നവരെ ലക്ഷണങ്ങൾ കൊണ്ടറിഞ്ഞ് അവരുടെ ആയുധങ്ങളിൽ ഗോപികൊണ്ടും ചന്ദനം കൊണ്ടും അടയാളം ഇട്ടു, ആരും ഗ്രഹിയാതെ കണ്ടു യഥാസ്ഥാനമായിരിപ്പതും ചെയ്തു. ഈ ൧0000 നായരും നമ്പിയാരും കൂടെ വലത്തെ കോണിൽ പട ഏറ്റു, പെരുമാളുടെ കാര്യ്യക്കാരിൽ പടമലനായർ ഒഴികെ ഉള്ള കാര്യ്യക്കാരന്മാർ ൧൧ പേരും കൂടി ഇടത്ത് കോണിൽ പട [ 56 ] ഏറ്റു, എടത്ത കോൺ പട ഒഴിച്ചു പോന്നു വല്തെ കോണിന്നു പട നടന്നു മലയാളം വിട്ടു. പരദേശത്തു ചെന്നു പോർക്കളം ഉറപ്പിച്ചു. മാറ്റാനെ മടക്കി പൊരുതു ജയിച്ചു പോന്നിരിക്കുന്നു. സാമന്തർ വില്ലും ശരങ്ങളും കൈക്കൊണ്ടിരിക്കുന്ന ൩0000 നായരെ മുമ്പിൽ നടത്തി, അവരുടെ പിന്നിൽ ൧൮ ആയുധങ്ങളിലും അഭ്യസിച്ച മേൽ കിരിയത്തിൽ ഒരുമയും ശൂരതയും നായ്മസ്ഥാനവും ഏറി ഇരിക്കുന്ന ൧0000 നായരെയും നടത്തിച്ചു, ൩൨ പടനായകന്മാരോടും കൂട ചെന്നു രായരുടെ കോട്ടക്ക് പുറത്ത് ചെന്നു വെച്ചിരിക്കുന്ന പാളയത്തിൽ കടന്നു, അന്നു പകൽ മുഴുവൻ യുദ്ധം ചെയ്തു. വളരെ ആനകൾക്കും കുതിരകൾക്കും കാലാൾക്കും തട്ടുകേടും വരുത്തി, പാളയം ഒഴിപ്പിച്ചു കോട്ടയുടെ ഉള്ളിൽ ആക്കുകയും ചെയ്തു. രാത്രിയിൽ മാനച്ചനും വിക്രമനും കൂടി വിചാരിച്ചു, കോട്ടയുടെ വടക്കെ വാതിൽക്കൽ ൧0000 നായരെ പാതിയാക്കി നിർത്തി, ശേഷമുള്ളവരെ ൪ ഭാഗത്തും നിർത്തി ഉറപ്പിച്ചു, ൩ ദിവസം രാപ്പകൽ യുദ്ധം ചെയ്തു രായരെ ഒഴിപ്പിച്ചു, കോട്ട പിടിക്കയും ചെയ്തു. അന്നു പെരുമാൾ എല്ലാവർക്കും വേണ്ടുന്ന സമ്മാനങ്ങളെ കൊടുത്തു, പുരുഷാരത്തെയും പിരിച്ചു. സാമന്തരിൽ ജ്യേഷ്ഠനെ തിരുമടിയിൽ ഇരുത്തി, വീരശൃംഖല വലത്തെ കൈക്കും വലത്തെ കാല്ക്കും ഇടീപ്പുതും ചെയ്തു. ൧0000 നായർക്ക് കേരളത്തിൽ അത്യന്തം തെളിഞ്ഞ നാട്ടിൽ ഇരിപ്പാന്തക്കവണ്ണം കല്പിച്ചു. പൊലനട്ടിൽ ഇരിക്കേണമെന്ന് മന്ത്രികൾ പറഞ്ഞിട്ട് അവിടെ ഉള്ള പ്രജകളെ അവിടുന്നു വാങ്ങിച്ചു നാട്ടിലുള്ള നഗരങ്ങളെ ഒഴി [ 57 ] പ്പിച്ചു. അവർ കെട്ടുന്നതും മാറ്റി ഒരു കൂട്ടത്തെ എടക്കഴി നാട്ടുതറയിൽ ഇരുത്തി, അട്ടത്തിൽ ഉള്ള നായരെ ഇരിങ്ങാടിക്കോട്ടും തെരിഞ്ഞ നായരിൽ പ്രധാനന്മാരെ കൊഴിക്കോട്ടു ദേശത്തും ആക്കി ഇരുത്തിയ പ്രകാരവും മന്ത്രികൾ പെരുമാളെ ഉണർത്തിക്കയും ചെയ്തു. മാനവിക്രമന്മാരെ തിരുമുമ്പിൽ വരുത്തി, നിങ്ങൾ ഇരിവരെയും അനന്തരവരാക്കി വാഴ്ച ഇവിടെ തന്നെ ഇരുത്തേണം എന്നു കല്പിച്ചിരിക്കുന്നു എന്നരുളിച്ചെയ്താറെ ഞങ്ങൾ കാശിക്ക് പോയി ഗംഗാസ്നാനവും ചെയ്തു കാവടിയും കൊണ്ടു രാമേശ്വരത്തു ചെന്നു ഇരിവരും ഇങ്ങു വന്നാൽ ചെയ്യും വണ്ണം ചെയ്തു കൊള്ളൂന്നതുമുണ്ടു. ഇതുവണ്ണം ഉണർത്തിച്ചു കാശിക്ക് പോവൂതും ചെയ്തു.


കുറിപ്പുകൾ[തിരുത്തുക]

  1. വിക്രമൻ
  2. രണ്ടു ഏറാടി കിടാങ്ങൾ