മതു രാജസ്ത്രീ തമ്പുരാന്റെ നേരെ വന്നു, ആസ്ഥാന മണ്ഡപത്തിൽ കരേറി, വഴി പോലെ വന്ദിച്ചിരിക്കുകയും ചെയ്തു. അതു കണ്ടു പെരുമാൾ പൊന്തളികയിൽ അരിവാരി മൂന്നു വട്ടം തൃക്കൈ കൊണ്ടു ചാർത്തി ഇവളിലുണ്ടാകുന്ന സന്തതി ഏഴിഭൂപൻ എന്നരുളിച്ചെയ്തു, അവർക്കീ രാജ്യത്തിനവകാശം എന്നും കല്പിച്ചു, തമ്പുരാട്ടിക്ക് എഴുന്നെള്ളി ഇരിപ്പാൻ ഏഴിമലയുടെ താഴെ എഴോത്ത കോയിലകവും പണി തീർത്തു. നേരിട്ടു വന്നതു നെർപ്പട്ടസ്സ്വരൂപം ചുഴന്നതു ചുഴലിസ്സ്വരൂപം പിന്നെ മലയാളത്തിൽ ൧൮ അഴിമുഖത്തുനിന്നും കച്ചോടം ചെയ്യെണം എന്നു കല്പിച്ചു, പല വർത്തകന്മാരേയും ചോനകരേയും വരുത്തി ഇരുത്തി. പെരുമാൾ ജനിച്ചുണ്ടായ ഭൂമി ആർയ്യപുരത്ത വേളാപുരം എന്ന നഗരത്തിങ്കന്നു ഒരു ചോനകനെയും ചോനകസ്ത്രീയേയും വരുത്തി, ആർയ്യപ്പടിക്കൽ ഇരുത്തി, ഇവരെ ഇരുത്തേണ്ടും നല്ല പ്രദേശം നാട്ടിന്നു ഒരു കണ്ണാക കൊണ്ടു കണ്ണന്നൂർ എന്നും വേളാപുരം എന്നും പേരുമിട്ടു. ചോനകനെ അഴിരാജാവെന്നും സ്ത്രീയെ ഉമ്മ എന്നും കല്പിച്ചു. അരിയും ഇട്ടിരുത്തുകയും ചെയ്തു. ശേഷം പെരുമാളുടെ ഗുണാധിക്യം ഏറ കാൺക കൊണ്ടു ബ്രാഹ്മണർക്ക് ചേരമാൻ പെരുമാളെ പിരിഞ്ഞു കൂടാ എന്നു കല്പിച്ചു.
അങ്ങിനെ ചേരമാൻ എന്ന രാജാവു ൩൬ കാലം വാണതിന്റെ ശേഷം ബ്രാഹ്മണർ പരദേശത്തു ചെന്നതുമില്ല. ചേരമാൻ പെരുമാളെ കണ്ടതുമില്ല എന്നു കല്പിച്ചു, കൃഷ്ണരായർ മലയാളം അടക്കുവാൻ തക്കവണ്ണം പട കൂട്ടുകെയല്ലൊ ചെയ്തതു.