കേരളോല്പത്തി/പെരുമാക്കന്മാരുടെ കാലം/കുലശേഖരനോളം വാണ പെരുമാക്കന്മാർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേരളോല്പത്തി
കുലശേഖരനോളം വാണ പെരുമാക്കന്മാർ
കേരളോല്പത്തി

[ 31 ]

൩. കുലശേഖരനോളം വാണ പെരുമാക്കന്മാർ.


ബ്രാഹ്മണർ പരദേശത്തു ചെന്നു ഉത്തരഭൂമിയിങ്കൽനിന്നു തുളഭൻ പെരുമാളെ കൂട്ടിക്കൊണ്ടു പോന്നു, ആ പെരുമാൾ ഗോകർണ്ണത്തിൽനിന്നു തുടങ്ങി പെരുമ്പുഴയോളമുള്ള നാടു കണ്ടപ്പോൾ, ഈ രാജ്യം തന്നെ നല്ലു എന്നു വിചാരിച്ചു, കൊടീശ്വരം എന്ന പ്രദേശത്തു എഴുന്നെള്ളി, ആ ഗ്രാമത്തിലുള്ള ബ്രാഹ്മണരോടിരിക്കയും ചെയ്തു. അവിടെ വാഴുക കൊണ്ടു [ 32 ] തുളുനാടു എന്നു പറവാൻ കാരണം, ൬ സംവത്സരം പരിപാലിച്ചതിന്റെ ശേഷം, ആ പെരുമാളുടെ സ്വർഗ്ഗാരോഹണം. പിന്നെ ഇന്ദ്രപെരുമാളെ കൂട്ടിക്കൊണ്ടു പോന്നു വാഴ്ച കഴിച്ചു, അല്ലൂർ പെരിങ്കോവിലകം എന്നു കല്പിച്ചു, അവിടെ സമീപത്തു ൪ കഴകത്തിന്നും നാലു തളിയും തീർത്തു, ആ പരപ്പുമുമ്പെ ൧ എഴുതിയതു: തളിയാതിരിമാർ പെരുമാളുമായി കൂടി പല തളിയിലും അടിയന്തരമായിരുന്നു, പന്തീരാണ്ടു നാടു പരിപാലിച്ചതിന്റെ ശേഷം ഇന്ദ്രൻ ആസ്ഥാനത്തു മറ്റൊരുത്തരെ വാഴിപ്പാൻ കൽപ്പിച്ചു, പരദേശത്ത് എഴുന്നെള്ളുകയും ചെയ്തു. പിന്നെ ആർയ്യപുരത്തിങ്കൽ നിന്നു ആർയ്യപ്പെരുമാളെ കൂട്ടിക്കൊണ്ടു വന്നു വാഴ്ച കഴിച്ചു, ആർയ്യപ്പെരുമാൾ കേരളരാജ്യം ൧൬0 കാതം നാടു നടന്നു നോക്കി കണ്ടെടുത്തു, ഗോകർണ്ണം തുടങ്ങി തുളുനാട്ടിൽ പെരുമ്പുഴയോളം തുളുരാജ്യം എന്നു കല്പിച്ചു. പുതുപട്ടണം തുടങ്ങി കന്നെറ്റിയോളം മൂഷികരാജ്യം എന്നു കല്പിച്ചു. കന്നെറ്റി തുടങ്ങി കന്യാകുമാരിയോളം കൂവളരാജ്യം എന്നു കല്പിച്ചു, ഇങ്ങനെ ആ നാടു കൊണ്ടു ൪ ഖണ്ഡം ആക്കി, അതു കൊണ്ടു ൧൭ നാടാക്കി, ൧൭ നാടുകൊണ്ടു ൧൮ കണ്ടം ആക്കി, ഓരൊരോ ദേശത്തിന്ന് ഒരോ പേരുമിട്ട്, ഓരോരൊ ദേശത്ത് ദാനവും ധർമ്മവും കല്പിച്ചു. ബ്രാഹ്മണരെ ആനന്ദിപ്പിച്ചു, നാലു കഴകത്തു ൪ തളി തീർത്തു. ൪ തളിയാതിരിമാരുമായി അടിയന്തരം ഇരുന്നു; നാടു പരിപാലിച്ചശേഷം, ൫ ആണ്ടു ചെല്ലുമ്പോൾ, സ്വർഗ്ഗത്തിങ്കൽ നിന്നു ദേവകൾ [ 33 ] വിമാനം താഴ്ത്തി, പെരുമാൾ സ്വർഗ്ഗത്തിങ്കൽ എഴുന്നെള്ളുകയും ചെയ്തു. ബ്രാഹ്മണർക്കു മനഃപീഡ വളരെ ഉണ്ടായതിന്റെ ശേഷം, ബ്രാഹ്മണർ പരദേശത്തു ചെന്നു കുന്ദൻ പെരുമാളെ കൂട്ടി കൊണ്ടുപോന്നു വാഴ്ചകഴിച്ചു. അപ്പെരുമാൾ കന്നെറ്റി സമീപത്തിങ്കൽ വന്ദിവാകക്കൊവിലകം തീർത്തു. ൪ ആണ്ടു വാണ ശേഷം പരദേശത്തു തന്നെ എഴുന്നെള്ളുകയും ചെയ്തു. പിന്നെ കൊട്ടി പെരുമാളെ കൂട്ടി കൊണ്ടു പോന്നു വാഴ്ച കഴിച്ചു, ആ പ്രദേശം കൊട്ടിക്കൊല്ലം എന്ന പേരുണ്ടായി, ഒരു സംവത്സരം നാടു പരിപാലിച്ചു സ്വർഗ്ഗാരോഹണമായതിന്റെ ശേഷം.

മാട പെരുമാളെ കൂട്ടി കൊണ്ടു പോന്നതിന്റെ ശേഷം൧൧ സംവത്സരം വാഴുമ്പോൾ, അവിടെ ഒരു കോട്ടപ്പടി തീർക്കേണം എന്നു കല്പിച്ചു, തന്റെ അനുജൻ എഴിപ്പെരുമാളെ വരുത്തി പരദേശത്ത് എഴുന്നെള്ളിയ ശേഷം, എഴിപ്പെരുമാൾ അവിടെ ഒരു കോട്ടപ്പടി തീർത്തു മാടയെഴികോട്ട എന്നും പേരിട്ടു. ൧൨ ആണ്ടു വാണ ശേഷം ആ പെരുമാളുടെ സ്വർഗ്ഗാരോഹണം പരദേശത്തു തന്നെ എഴുന്നെള്ളുകയും ചെയ്തു.

കൊമ്പൻ പെരുമാളെ കൂട്ടി കൊണ്ടു പോന്നു വാഴ്ച കഴിച്ചു, ആ പെരുമാൾ നെയൂര എന്ന പുഴയുടെ കരക്കൽ ൩ സംവത്സരവും ൬ മാസവും കൂടാരം കെട്ടി വാണു പിന്നെ വിജയൻ പെരുമാൾ വിജയൻ കൊല്ലത്തു കോട്ടയെ തീർത്തു, പാണ്ഡവന്മാരിൽ അർജ്ജുനൻ വളരെ കാലം ആ പ്രദേശത്തു ഇരുന്നിരിക്ക കൊണ്ടു അതു സത്യഭൂമി എന്നു കല്പിച്ചു. ൧൨ സംവത്സരം വാണ ശേഷം മറ്റൊരുത്തരെ [ 34 ] വാഴിപ്പാൻ കല്പിച്ചു, വിജയൻ പരദേശത്തെഴുന്നെള്ളുകയും ചെയ്തു.

ബ്രാഹ്മണർ പരദേശത്ത് ചെന്നു വളഭൻ പെരുമാളെ കേരളാധിപതിയാക്കി വാഴ്ച കഴിച്ചു. ആ പെരുമാൾ നെയൂര എന്ന പുഴയുടെ കരമേൽ ശിവശൃംഗൻ എന്ന പേരുടയ മഹർഷി പ്രതിഷ്ഠിച്ച ശിവപ്രതിഷ്ഠയും കണ്ടു, മറ്റും പല ൟശ്വരത്വവും കണ്ടു, ക്ഷേത്രവും പണി തീർത്തു, മറ്റും ചില പരദേവതമാരെയും സങ്കല്പിച്ചു, അവിടെ ഒരു കോട്ടപ്പടിയും തീർത്തു സിംഹമുഖം എന്ന പേരുമിട്ട്, ക്ഷേത്രത്തിന്നു ശിവേശ്വരം എന്ന പേരുമിട്ട്. വളഭൻ പെരുമാൾ കല്പിച്ചു തീർത്ത കോട്ട വളഭട്ടത്തുകോട്ട എന്ന പേരുണ്ടായി. ഇനിമേൽ കേരളത്തിങ്കൽ വാഴുന്നവർക്ക് കുലരാജധാനി ഇതെന്നു കല്പിച്ചു. അവിടെ പല അടുക്കും ആചാരവും കല്പിക്കേണം എന്ന് നിശ്ചയിച്ചു. ൧൧ സംവത്സരം വാണ ശേഷം ആ പെരുമാളുടെ സ്വർഗ്ഗാരോഹണം.

അതിന്റെ ശേഷം കൊണ്ടു വന്ന ഹരിശ്ചന്ദ്രൻ പെരുമാൾ പുരളിമലയുടെ മുകളിൽ ഹരിശ്ചന്ദ്ര കോട്ടയെ തീർത്തപ്പോൾ വനദേവതമാരുടെ സഞ്ചാരം ആ കോട്ടയ്കകത്തു വളര കാൺകകൊണ്ടു ശേഷം മനുഷ്യർക്ക് ആ കോട്ടയിൽ ചെന്നു പെരുമാളെ കണ്ടു ഗുണദോഷം വിചാരിച്ചു പോരുവാനും വശമല്ലാതെ, ആയതിന്റെ ശേഷം ഇതിൽ മനുഷ്യ സഞ്ചാരമില്ല എന്നു കണ്ടു, ഒക്കയും ഈശ്വരമയം എന്നു തിരുമനസ്സിൽ നിശ്ചയിച്ചു കുറയ കാലം വാണതിന്റെ ശേഷം പെരുമാളെ ആരും കണ്ടതുമില്ല. [ 35 ] കാണാഞ്ഞതിന്റെ ശേഷം ബ്രാഹ്മണർ മല്ലൻ പെരുമാളെ കൂട്ടികൊണ്ടു പോന്നപ്പോൾ, ആ പെരുമാൾ മൂഷികരാജ്യത്തിങ്കൽ മല്ലൂരുമല്ലൻ കോട്ട എന്ന കോട്ടപ്പടി തീർത്തു, ൧൨ ആണ്ടു വാണു പരദേശത്തെഴുന്നെള്ളുകയും ചെയ്തു.

അനന്തരം വാണ പെരുമാൾ പാണ്ഡ്യരാജ്യത്തിങ്കൽ കുലശേഖരപ്പെരുമാൾ. അവനെ കൂട്ടി കൊണ്ടു പോരുമ്പോൾ മഹാ ഭാരതഭട്ടത്തിരിയും വാസുദേവഭട്ടത്തിരിയും പെരുമാളെ കണ്ടു ബഹുമാനിച്ചു പെരുമാൾക്ക് അനുഗ്രഹവും കൊടുത്തു; ആ പെരുമാൾ മുഷികരാജ്യത്തിങ്കൽ ചിത്രകൂടം തീർത്തു, അവിടെ എഴുന്നെള്ളി ഇരിക്കയും ചെയ്തു. ആ പെരുമാൾ വ്യാപരിച്ച അവസ്ഥകൾ: നല്ല ക്ഷത്രിയർ വേണം എന്നു വെച്ചു, പല ദിക്കിൽനിന്നും ക്ഷത്രിയരെയും സാമന്തരെയും വരുത്തി, അവർക്ക് ഐങ്കാതം ഐങ്കാതം ഖണ്ഡം നാടു ഖണ്ഡിച്ചു കൊടുത്തു, അതിൽ ൫ വഴി ക്ഷത്രിയരും ൮ വഴി സാമന്തന്മാരും ആകുന്നതു അതിന്നു കാരണം: ഇനി ഒരിക്കൽ ബൌദ്ധന്മാരുടെ പരിഷ വന്നു രാജാവിനെ ഭ്രമിപ്പിച്ചു സമയം പുലമ്പിച്ചു എന്നു വരികിൽ ബ്രാഹ്മണർ പരദേശത്തു പൊകേണ്ടി വരും. അത് വരരുത് എന്നു കല്പിച്ചു എല്ലാവർക്കും ഐങ്കാതം വെച്ചു തിരിച്ചു കൊടുത്തു; ഒരുത്തന്നു നേരുകേടുണ്ടെങ്കിൽ അയൽവക്കത്ത് തന്നെ മറ്റൊരിടത്തു വാങ്ങി ഇരിക്കുമാറാക്കെണം. ഈ കർമ്മ ഭൂമി ക്ഷയിച്ചു പോകും പുറപ്പെട്ടു പോകാതിരിക്കേണം എന്നു കാരണം. ശേഷം കുലശേഖരപ്പെരുമാൾ വ്യാപരിച്ച അവസ്ഥ: വന്ന ശാസ്ത്രികളിൽ [ 36 ] ഭട്ടാചാർയ്യരെയും ഭട്ടബാണനെയും അഴിവിന്നുകൊടുത്തിരുത്തി, മലയാളത്തിലുള്ള ബ്രാഹ്മണർക്ക് ശാസ്ത്രം അഭ്യസിപ്പാൻ, മുമ്പിനാൽ ശാസ്ത്രാഭ്യാസമില്ലായ്കകൊണ്ടു, അന്നു പരദേശത്തുനിന്നു ഒരു ആചാർയ്യൻ ഭട്ടാചാർയ്യനോട് കൂട വന്നു വായിച്ചു. അതു പ്രഭാകരഗുരുക്കൾ, പ്രഭാകരശാസ്ത്രം ഉണ്ടാക്കിയതു. മറ്റുള്ള ആചാർയ്യന്മാർ പഠിച്ചു പോയ ശേഷം ഈ ശാസ്ത്രം അഭ്യസിക്കുന്ന പരിഷെക്ക് പ്രയോജനം വേണം എന്നിട്ടു കുലശേഖരപ്പെരുമാൾ ഒരു സ്ഥലം തീർത്തു, ഈ വന്ന ശാസ്ത്രികൾക്കു കൊടുത്തു. അവിടെ അവരെ നിറുത്തി, മലയാളത്തിലുള്ള ബ്രാഹ്മണരും ശാസ്ത്രം അഭ്യസിക്കയും ചെയ്തു. ശാസ്ത്രികളുടെ സ്ഥലമാകകൊണ്ടു ഭാട്ടം എന്നു ചൊല്ലുന്നു. ൬൪ ഗ്രാമത്തിലുള്ള ബ്രാഹ്മണരിൽ ശ്രേഷ്ഠന്നു ഈ സ്ഥലം എന്ന വ്യവസ്ഥയും ഉണ്ടു. ഭട്ടാചാർയ്യരുടെ ശിഷ്യനായ പ്രഭാകരഗുരുക്കളുടെ മെതിയടി അവിടെ ഉണ്ടെന്നു പ്രസിദ്ധമായി പറയുന്നു. കുലശേഖരപ്പെരുമാളോട് ൭000 കലം വസ്തുവും ഉദയതുംഗൻ എന്ന ചെട്ടിയോടു ൫000 കലം വസ്തുവും പൂവും നീരും വാങ്ങി ഇപ്പന്തീരായിരം വാങ്ങിയതു ഭട്ടാചാർയ്യരല്ല; പ്രഭാകരഗുരുക്കൾ അതിനെ വാങ്ങുക കൊണ്ടു ഭാട്ടപ്രഭാകരവ്യാകരണത്തിന്നു കിഴിഉള്ളു. ശാസ്ത്രികൾ ബ്രഹ്മസ്വം പകുക്കുമ്പോൾ വേദാന്തശാസ്ത്രത്തിന്നു പകുപ്പില്ല എന്നു കല്പിച്ചു) ൧൨000 കലത്തിന്നു ഓഹരി വേദാന്തികൾക്ക് ഇല്ല. പ്രഭാകരഗുരുക്കൾ വേദാന്തികൾക്ക് കൊടുത്തില്ലായ്ക കൊണ്ടു, തൃക്കണ്ണാപുരത്തു ഭാട്ടപ്രഭാകരവ്യാകരണത്തിന്നു കിഴിഉള്ളു. വേദാന്തികൾ വേദാന്തം [ 37 ] വായിച്ചാലും ഭാട്ടപ്രഭാകരവ്യാകരണം മൂന്നാലൊന്നിൽ വേണം. തൃക്കണ്ണാപുരത്ത് കിഴിയിടയിൽ രണ്ടാമത് പലരും ഉണ്ടാക്കീട്ടും ഉണ്ടു. ശാസ്ത്രത്തിന്നു, അതിൽ വേദാന്തിക്കു കൂട ഉണ്ടു താനും. പ്രഭാകരഗുരുക്കൾ വാങ്ങിയതു ബ്രഹ്മസ്വത്തിൽ ഇല്ല. കുലശേഖരപ്പെരുമാൾ ൧൮ സംവത്സരം വാണത്തിന്റെ ശേഷം ഉടലോടു സ്വർഗ്ഗം പുക്കു. അന്നേത്തെ കലിപുരുധിസമാശ്രയം എന്ന പേർ. തിരുവഞ്ചക്കുളം മുക്കാൽ വട്ടം ഉണ്ടായതും കലി മേലെഴുതിയതു തന്നെ ആകലി ൩൩൩ ക്രിസ്താബ്ദം.