Jump to content

കേരളോല്പത്തി/പെരുമാക്കന്മാരുടെ കാലം/ആദ്യ പെരുമാക്കന്മാർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കേരളോല്പത്തി
ആദ്യ പെരുമാക്കന്മാർ
കേരളോല്പത്തി

[ 17 ]
൨. പെരുമാക്കന്മാരുടെ കാലം


൧. ആദ്യ പെരുമാക്കന്മാർ

അനന്തരം രാജാവിനെ ഉണ്ടാക്കുവാൻ അവർ ഒക്കത്തക്ക പരദേശത്തു ചെന്നു, ഒരു ക്ഷത്രിയനേയും ക്ഷത്രിയ സ്ത്രീയെയും കൂട്ടിക്കൊണ്ടു പോന്നു. ക്ഷത്രിയസ്ത്രീയെ ബ്രാഹ്മണർ വിവാഹം ചെയ്തിരിപ്പു. അതിലുണ്ടാകുന്ന സന്തതി ക്ഷത്രിയരത്രെ ആകുന്നത എന്നൊരുമിച്ചു സമയം ചെയ്തു. ആ പരപ്പു കുറ [ 18 ] ഞ്ഞോന്നു പറവാനുണ്ടു: അതു വേണ്ടാ വിശേഷിച്ചു അന്നു കൊണ്ടുവന്ന ക്ഷത്രിയന്നു ചേരമാൻ-കേരളൻ പെരുമാൾ എന്ന പേരാകുന്നതു. ഇത് മലനാട്ടിലെ രാജാവ്. ചോഴമണ്ഡലത്തിലെ രാജാവു ചോഴപ്പെരുമാൾ, പാണ്ടിമണ്ഡലത്തിലെ രാജാവ് പാണ്ടിപ്പെരുമാൾ എന്നും കുലശേഖരപ്പെരുമാൾ എന്നും ചൊല്ലുന്നു ഇങ്ങിനെ പെരുമാക്കന്മാരാകുന്നതു മലനാടു കൊണ്ടു ൪ ഖണ്ഡം. ഗോകർണ്ണത്തിൽ നിന്നു തുളുനാട്ടിൽ പെരുമ്പുഴയൊളം തുളുരാജ്യം. പെരുമ്പുഴെക്കൽനിന്നു പുതുപട്ടണത്തോളം കൂവരാജ്യം. പുതുപട്ടണത്തിൽ[1] നിന്നു കന്നെറ്റിയൊളം കേരളരാജ്യം. കന്നെറ്റിയിൽ നിന്നു കന്യാകുമാരിയോളം മൂഷികരാജ്യം ഇങ്ങിനെ ൪ ഖണ്ഡത്തിന്റെയും പേർ. കേരളത്തിൽ ൧൧ അനാചാരം, പരദേശത്തു ൨൨ അനാചാരം.

മുമ്പിനാൽ രാജാവിനെ കൊണ്ടുവന്നു വെക്കുമ്പോൾ, ബ്രാഹ്മണർ കൈ പിടിച്ചു സമയം ചെയ്തു ഇപ്രകാരം "ഞങ്ങളാൽ സാദ്ധ്യമല്ലാത്തതിനെ സാധിപ്പിച്ചു രക്ഷിച്ചു വെപ്പൂ. ഞങ്ങൾ അന്യായപ്പെട്ടാലൊ ആപത്തുകൾ ഉണ്ടായാലൊ അന്നു ഞങ്ങൾ രാജ്യകാർയ്യങ്ങൾ തന്നെ വ്യാപരിക്കും പൊൾ, അത് എന്ത് നിങ്ങൾ എന്നെ കല്പിച്ചതിന്റെ ശേഷം നിങ്ങൾ തന്നെ വ്യാപരിക്കുന്നു എന്നു രാജാ പറക മാത്രം ഉണ്ടു. ബ്രാഹ്മണരോട് ചോദ്യം വേണ്ട" എന്നിട്ട് ഇന്നും ഓരൊ അപരാധങ്ങൾ ഉണ്ടായാൽ "നിങ്ങൾ തന്നെ വ്യവഹരിക്കുന്നു എന്തു നിങ്ങൾ [ 19 ] നമ്മോട് അന്യായപ്പെടാഞ്ഞു" എന്നു പറക മാത്രം ഉണ്ടു. അതു നടയത്തെ സമയകാരണം മറ്റുള്ള രാജ്യത്തിങ്കൽ രാജാവെ അന്വേഷിച്ചു പോകേണ്ടു; കേരളത്തിൽ ഇതൊക്കയും ഉദ്ധരിച്ചിട്ട് എല്ലാവരും രാജാവിന്നു അനുഭവിപ്പാൻ വസ്തു കൊടുക്ക ചെയ്തതു. അഹിഛത്രത്തിലിരുന്നു ൧൪ ഗോത്രത്തിങ്കലെ ബ്രാഹ്മണർ കൂടി നെൽവീഴ്ത്തി (നീർ വീഴ്ത്തി നല്ല വൃത്തികൊടുത്തു; അത് ഇന്നും വിരുത്തിവൃത്തിഎന്നു ചൊല്ലുന്നു. രാജഭോഗം ചില ദിക്കിൽ കൊടുത്തതു ചില ദിക്കിൽ ബ്രാഹ്മണർ തങ്ങൾക്കു തന്നെ എന്നു കല്പിച്ചു, ചില ദിക്കിൽ ക്ഷേത്രം പ്രധാനമായി രാജാവിന്നു അനുഭവം. രാജാവിന്നു അരയിരിക്ക സ്ഥാനവും കൊടുത്തു; അല്ലൂർ കൊടുങ്ങല്ലൂർ പെരുങ്കോവിലകം എന്നു കല്പിച്ചു.

കേയപേരുമാളും ബ്രാഹ്മണരുമായി അന്യോന്യം കൈ പിടിച്ചു പല സമയവും സത്യവും ചെയ്തിട്ടത്രെ മലനാടു വാഴുവാൻ കല്പിച്ചതു. പിന്നെ മലനാട്ടിൽ അപ്പെരുമാൾക്ക് രാജഭോഗം വിരുത്തിയും കല്പിച്ചു കൊടുത്തു. പെരുമാൾക്ക് എഴുന്നെള്ളി ഇരിപ്പാൻ തളിപ്പറമ്പിന്നു വടക്ക് തലയൂർ എന്ന പ്രദേശത്ത് ഒരു കോവിലകം തീർത്തു, പരശുരാമൻ ഭൂമി കേരളം വഴിപോലെ പരിപാലിക്കേണം എന്നു കല്പിച്ചു, പന്തീരാണ്ടു വാഴുവാൻ കേയപ്പെരുമാളെ കൈപിടിച്ചിരുത്തി, ഭൂമൌ ഭൂപോയം പ്രാപ്യ എന്ന കലി. [2]൪൯൪൧ കലി, ൨൧൬ ക്രിസ്താബ്ദം. ആ പെരുമാൾ ൮ സംവത്സരം ൪ മാസവും നാടു പരിപാലിച്ചശേഷം ആ പെരുമാളുടെ സ്വർഗ്ഗാരോഹണം പന്തീരാണ്ടു [ 20 ] കഴിഞ്ഞശേഷം അപ്പെരുമാളും ബ്രാഹ്മണരുമായി അടിയന്തരം കല്പിച്ചു. ഇങ്ങിനെ കേയപ്പെരുമാളുടെ വാഴ്ച കഴിഞ്ഞു, സ്വർഗ്ഗത്തിന്നു എഴുന്നെള്ളിയ ശേഷം ചൊഴമണ്ഡലത്തിങ്കൽ നിന്നു ചൊഴപ്പെരുമാളെ കൂട്ടിക്കൊണ്ടു പോന്നു, കേരളത്തിങ്കൽ ൧൨ ആണ്ടു വാണു പരിപാലിപ്പാൻ കല്പിച്ചു വാഴ്ച കഴിച്ചു, പെരുമാൾ എഴുന്നെള്ളി ഇരിപ്പാൻ ചൊഴക്കര എന്നൊരു കോവിലകവും തീർത്തു) ൧0 സംവത്സരവും ൨ മാസവും വാണതിന്റെ ശേഷം ചോഴമണ്ഡലത്തിങ്കലെക്ക് എഴുന്നെള്ളുകയും ചെയ്തു. അതിന്റെ ശേഷം പാണ്ടിപ്പെരുമാളെ കൂട്ടി കൊണ്ടു പോന്നു പാണ്ടിവമ്പന എന്ന പ്രദേശത്ത് കൈ പിടിച്ചിരുത്തി വാഴ്ച കഴിച്ചു. ആ പെരുമാൾ ആകട്ടെ അവിടെ ഒരു കോട്ടപ്പടിയും തീർത്തു. ൯ സംവത്സരം നാടു വാണശേഷം, പാണ്ടിമണ്ഡലം രക്ഷിപ്പാനാളില്ല" എന്നു കല്പിച്ചു പാണ്ഡി മണ്ഡലത്തിൽ നിന്നു ആൾ പോന്നു വന്നതിന്റെ ശേഷം ആ പെരുമാൾ പാണ്ടിമണ്ഡലത്തിന്ന് എഴുന്നെള്ളുകയും ചെയ്തു.

മുമ്പിൽ ഭൂതരായ പാണ്ഡ്യപ്പെരുമാൾ എന്ന ഒരാൾ കേരളം വാണിരുന്നു, അയ്യാളുടെ ശരീരരക്ഷയ്ക്കും ഭൃത്യപ്രവൃത്തിക്കും രണ്ടു ഭൂതങ്ങൾ ഉണ്ടായിരുന്നു; ഈ പെരുമാൾ രാജ്യഭാരം ചെയ്തു പോരുന്ന കാലത്ത് ബ്രാഹ്മണർക്ക് ഇദ്ദേഹത്തോടു വൈരം വർദ്ധിച്ചു വശമായി, ഇദ്ദേഹത്തെ ഏതുപ്രകാരം എങ്കിലും കുല ചെയ്യേണം എന്നു വിചാരിച്ചു, അവർ ആഭിചാരം ചെയ്തു നോക്കിയതിൽ, ഈ ഭൂതങ്ങളുടെ സഹായം [ 21 ] ഉണ്ടായിരിക്കുമ്പോൾ ആ പെരുമാളെ കൊന്നുകൊൾവാൻ പ്രയാസം തന്നെ എന്നു കണ്ടു, ആ ഭൂതങ്ങളെ അകറ്റേണ്ടതിനു ഒരു ചതി പ്രയോഗം ചെയ്യേണം എന്നു നിശ്ചയിച്ചു. ഒരു ഭട്ടത്തിരി ഞാൻ ചെന്നു ഭൂതങ്ങളെ അകറ്റി കൊന്നേച്ചു വരാം എന്നു ശപഥം ചെയ്തു പുറപ്പെട്ടു, പെരുമാളുടെ അടുക്കെ ചെന്നു, ചതുരംഗം വെച്ചു, പെരുമാളെ തോൽപ്പിച്ചു, ഓരൊരുവാതു വെച്ചു ജയിച്ചു തുടങ്ങി. അങ്ങിനെ ഒരു വരെക്ക് ഈ ഭൂതങ്ങൾ രണ്ടും ഇദ്ദേഹത്തിന്റെ ദാസ്യ പ്രവൃത്തി ചെയ്യത്തക്കവണ്ണം അടിമയായി എടുത്തു, ആ ഭൂതങ്ങളോട് "നിങ്ങൾ ചെന്നു സമുദ്രത്തിൽ എത്ര തിര വരുന്നുണ്ടു എന്നു നോക്കി കണക്കു കൊണ്ടു വരുവിൻ" എന്നു പറഞ്ഞയക്കയും ചെയ്തു. ഭൂതങ്ങൾ സമുദ്രകരയിൽ ചെന്നു തിര എണ്ണി ഒടുക്കം കാണാതെ അവിടെ തന്നെ നിന്നുപോയി, പിന്നോക്കി വന്നതുമില്ല. അന്നു വൈകുന്നേരം പെരുമാളെ കുല ചെയ്യേണം എന്നു ശേഷം ബ്രാഹ്മണരെ അറിയിച്ചാറെ, ബ്രാഹ്മണർ ൧0 ഗ്രാമക്കാരും തികഞ്ഞ ആയുധപാണികളായി കോവിലകത്തു ചെന്നതിന്റെ ശേഷം ഈ ഭട്ടത്തിരി വധിക്കയും ചെയ്തു. പിന്നെ "ഹിംസചെയ്ത ദോഷം ഉണ്ടല്ലോ" എന്നു വിചാരിച്ചു നാം പടിമേലിരുന്നു കൊള്ളാം എന്നു പറഞ്ഞു വേറെ ഒരു പടിമേൽ കുത്തിയിരുന്നു; അന്നു തുടങ്ങി നമ്പിടി എന്ന പേരാകയും ചെയ്തു. ആയതത്രെ കക്കാട്ടുകാരണപ്പാടു എന്ന നമ്പിടി ആകുന്നത്).

ഭൂതരായർ എന്ന പേർ വരുവാൻ സംഗതി കേരളമാഹാത്മ്യം അദ്ധ്യ.൯0 പറഞ്ഞിരിക്കുന്നു. പാണ്ഡ്യ. [ 22 ] ഭൂപസ്സമാഗത്യസെനാഭിർഭൂതസങ്കുലെ ഇത്യാദി. ആ പാണ്ഡ്യൻ മലയാളത്തെ ഭൂതസൈന്യങ്ങളോട് വന്നാക്രമിച്ച് ഭൂതനാഥൻ എന്ന അമ്പലത്തേയും അങ്ങാടിയേയും നിർമ്മിച്ചുണ്ടാക്കുമ്പോൾ, പരശുരാമൻ അവനോടു, യുഷ്മാകഞ്ചതുമൽഭൂമാവേവം ആഗമനം വൃഥാ എന്നും ആദിത്യായ മയാ ദത്താ. ഞാൻ ആദിത്യവർമ്മൻ എന്ന തെക്കെ രാജാവിന്നു കൊടുത്തിരിക്കുന്നു എന്നും കോപിച്ചു പറഞ്ഞശേഷം യുദ്ധം ഉണ്ടായിട്ടു ഭൂതങ്ങൾ തോറ്റു ഭൂതപാണ്ടി എന്ന സ്ഥലം നാടതിരായ്യമാകയും ചെയ്തു.

കലിയുഗത്തിന്റെ ആരംഭം തുടങ്ങി ദുഷ്ടന്മാർ വന്നതിക്രമിക്കയാൽ, ൬൪ ഗ്രാമത്തിലുള്ളവർ ഓരൊരൊ രാജാവിനെ കല്പിക്കേണം എന്നു ശ്രീ പരശുരാമനോട് ഉണർത്തിച്ചാറെ, ശ്രീ നാവാക്ഷേത്രത്തിങ്കൽ തിരുനാവായി ഭഗവാന്റെ ഉത്സവത്തിന്നായ്ക്കൊണ്ടു ഗംഗാദേവി എഴുന്നെള്ളും ദിവസം സ്നാനം ചെയ്തു, ഭൂമിക്കു ഷൾഭാഗവും കൂടാതെ നിങ്ങൾക്ക് തെളിഞ്ഞ ആളെ രാജാവാ‍ക്കി, പെരാറ്റിലെ വെള്ളം കൊണ്ടഭിഷേകവും ചെയ്തുകൊള്ളുക എന്നരുളിച്ചെയ്തു. ശേഷം ശത്രുസംഹാരത്തിനും ക്ഷേത്രരക്ഷയ്ക്കും പരശുരാമൻ ഭദ്രകാളിയുടെ വാൾ വാങ്ങി, ബ്രാഹ്മണരുടെ പക്കൽ കൊടുപ്പൂതും ചെയ്തു. അവർ എല്ലാവരും കൂടി ചോഴ മണ്ഡലമാകുന്ന രാജ്യത്തിങ്കൽ ചെന്നു കേരളൻ എന്ന പേരായിരിക്കുന്ന തുളുനാട്ടിൽ പറയുന്ന വൃത്താന്തം ഭൂതാളപാണ്ടി എന്നൊരു ധനവാൻ ഭൂതസഹായം കൊണ്ടു തുളുനാട്ടിൽ കപ്പൽ വഴിയായി പോയി വന്നു, പെറക്കൂരിൽ രാജാവായ ശേഷം. ജൈനരിൽ [ 23 ] ൧൨ കന്യകമാരെ പരിഗ്രഹിച്ചു. അവരുടെ മക്കൾക്ക് തുളുരാജ്യം വിഭാഗിച്ചുകൊടുത്തു; മരുമക്കത്തായം എന്ന അനാചാരത്തെ കല്പിക്കയും ചെയ്തു.

രാജാവിനെ കൂട്ടിക്കൊണ്ടു വന്നു കർക്കടകവ്യാഴം മാഘമാകുന്ന കുംഭമാസത്തിൽ പൂയത്തുനാൾ പേരാറ്റിൽ സ്നാനം ചെയ്തു. അഗസ്ത്യമഹർഷിയുടെ ഹോമ കുണ്ഡത്തിൽനിന്നു തീർത്ഥം ഒഴുകി, സമുദ്രത്തിൽ കൂടിയിരുപ്പൊരു പുണ്യ നദിയാകുന്ന പേരാറ്റിങ്കര നാവാക്ഷേത്രത്തിൽ ഇരുന്നു. പാകയൂർ ആസ്ഥാന മണ്ഡപത്തിന്മേൽ ഇരുത്തി, ശ്രീ പരശുരാമൻ ദാനം ചെയ്ത ഭൂമിക്ക് രാജാവാക്കി അഭിഷേകവും ചെയ്തു. അങ്കവും, ചുങ്കവും, വഴിപിഴയും, അമ്പവാരിയും, ഐമ്മുലമുമ്മുല, ചെങ്കൊമ്പുകടകൻ, പുള്ളിനരിവാൽ, കിണറ്റിൽപന്നി, ആറ്റുതിരുത്തുക, കടൽവാങ്ങിയ നിലം, തലപ്പുംകടൽ ചുങ്കവും ഇക്കേരളത്തിൽ ഉണ്ടാകുന്നതിൽ ശിലവും മുളവും ഈ വകകൾ എപ്പേർപ്പെട്ടതും പരശുരാമൻ ക്ഷേത്രത്തിങ്കൽ സാക്ഷിപ്പെട്ടരുളിയ ഭദ്രകാളി തങ്ങളുടെ പക്കൽ തന്ന വാളും കൊടുത്തു. തങ്ങളുടെ ദാസന്മാരെ കൊണ്ടു ചെകവും ചെകിപ്പിച്ചു. തൃക്കടമതിലകത്ത രാജധാനി ഉണ്ടാക്കി. അവിടെ ഇരുന്നു കേരളവും വഴിപോലെ ൧൨ ആണ്ടു രക്ഷിച്ചു, തന്റെ രാജ്യത്തിലേക്കു പോകയും ചെയ്തു. ആ രാജാവിന്റെ ഗുണാധിക്യം കൊണ്ടു കേരളം എന്നു പേരുണ്ടായി. പിന്നെ ബ്രാഹ്മണർ പാണ്ടിരാജ്യത്തിങ്കൽ ചെന്നു പാണ്ടിയൻ എന്ന ചെങ്ങർ ആകുന്ന രാജാവിനെ കൂട്ടികൊണ്ടുവന്നു, മുമ്പിലത്തെ പോലെ അഭിഷേകവും ചെയ്തു. ആ രാജാവ് ൧൨ [ 24 ] ആണ്ടു രക്ഷിച്ചു കഴിഞ്ഞതിന്റെ ശേഷം, കണക്കു പറയിച്ചു വാളും വെപ്പിച്ചു, രാജാവിനെ പാണ്ടിരാജ്യത്തിങ്കൽ കൊണ്ടാക്കി. ചോഴമണ്ഡലത്തിൽ ചെന്നു ചൊഴിയൻ എന്ന പേരാകും രാജാവിനെ കൂട്ടിക്കൊണ്ടു വന്നു, ആ രാജാവ് ൧൨ ആണ്ടു കാലം കേരളം രക്ഷിച്ചു. പിന്നെ പാണ്ഡ്യരാജ്യത്തിങ്കൽ കുലശേഖരനെന്നു പേരുണ്ടായ പെരുമാൾ.

ഇങ്ങിനെ മലനാടു രക്ഷിപ്പാൻ കല്പിച്ച അനന്തരം രാജാവു സ്വല്പകാലം ചെല്ലുമ്പോൾ ആക്രമിച്ചു പോകും അതു വരാതെ ഇരിപ്പാൻ കേരളത്തിൽ ൧൬0 കാതം നോക്കി കണ്ടു. ൧൬0 കാതംകൊണ്ടു ൧൭ നാടാക്കി, അതുകൊണ്ടു രാജകാര്യങ്ങൾ കൂടി നിരൂപിച്ചെ ഉള്ളൂ. താൻ തന്നെ വ്യാപരിക്കരുത് എന്നു കൽപ്പിച്ചു. നിത്യ കാര്യങ്ങൾ രാജാവോട് കൂടി പ്രവൃത്തിച്ചു, കോവിലകത്തിൻ സമീപത്തു തന്നെ, ൪ കഴകത്തിന്നു കൽപ്പിച്ച പരിഷെക്കു ഇരിപ്പാൻ ൪ തളിയും തീർത്തു. മേത്തളി, കീഴ്ത്തളി, നെടിയത്തളി, ചിങ്ങപുരത്തളി ഇത്തളിയിൽ ഇരുന്നു രക്ഷിക്കുന്നത് തളിയാതിരിമാർ എന്നു പേരുള്ളവർ; കീഴ്ത്തളി, ഐരാണിക്കുടത്തിന്നു, ചിങ്ങപുരം, ഇടിങ്ങാടിക്കുടത്തിന്നു നെടിയത്തളി, പറവൂർ, മേൽത്തളി, മൂഷികക്കുളം ഇങ്ങിനെ ൪ തളി ആകുന്നു. പന്നിയൂർ, പെരിഞ്ചെല്ലൂർ, ചെങ്ങനിയൂർ, ഇവ ഒക്ക തങ്ങളിൽ അകലത്താകയാൽ, പറവൂരുടെ സമീപത്തുള്ള ഐരാണിക്കുടത്തും മൂഷികക്കുളത്തും ഇരിങ്ങാണിക്കുടത്തും പറവൂരൊട് കൂടി ൪ കഴകം എന്നു പേരുണ്ടായി. ഇത് നാലും പെരുമാക്കന്മാർ രക്ഷിക്കും കാലത്തു കല്പിച്ചതു മറ്റെ കഴകം പരശു [ 25 ] രാമന്റെ കാലത്തുണ്ടായ്തു. തളിയാതിരിമാർ കാലത്ത് തീട്ട് എഴുതേണ്ടുംപൊൾ തളിയാതിരിത്തീട്ട് എന്നു എപ്പോഴും എഴുതേണ്ടു. തളിയാതിരി അവരോധവും പുക്കു തോന്നിപ്പോയതു: കരിങ്ങമ്പുള്ളിസ്വരൂപവും കാർയ്യമുക്കിൽ സ്വരൂപവും കാരിമുക്ക ഇളമ്പര കോട്ടസ്വരൂപവും. ഇച്ചൊല്ലിയ സ്വരൂപങ്ങളിൽ ഇളമയായിരിക്കുന്നവർ തളിയാതിരിമാരായ കാരണം: രാജാവിന്നു മലനാട്ടിൽ ഷ‌ൾഭാഗം കൊടുത്തിട്ടില്ല, വൃത്തിയെ കൊടുത്തിട്ടുള്ളു: എല്ലാവരുടെ വസ്തുവിന്മേലും ഷ‌ൾഭാഗം രക്ഷാപുരുഷന്മാർ അനുഭവിച്ചു. രണ്ടാമത് തളിയാതിരിമാർ അനുഭവിച്ചു. പിന്നെ ചാത്തിരർക്കായി കല്പിച്ചു വെക്കയാൽ ഇന്നും ചാത്തിരർക്ക്[3] ആയതുണ്ടു.

ഇങ്ങിനെ രാജാവും തളിയാതിരിമാരുമായി രക്ഷിച്ചു സ്വല്പകാലം കഴിഞ്ഞ ശേഷം, പയസ്വനി പെരുമ്പുഴെക്ക് വടക്ക് ൩൨ ഗ്രാമവും, അതിന്റെ തെക്ക് ൩൨ ഗ്രാമവും തങ്ങളിൽ കൊള്ളക്കൊടുക്കയും മുറിച്ചു. തെക്ക് ൩൨ ആകുന്നത്: കരുമാൻ പുഴയ്ക്കു വടക്ക ഗ്രാമം ൧0. അതിന്നു വിവരം. ൧.പയ്യന്നൂർ, ൨.പെരിഞ്ചെല്ലൂർ, ൩.കരിക്കാട്ടു, ൪. ഈശാനിമംഗലം, ൫.ആലത്തൂർ, ൬.കരിന്തൊളം, ൭[4].തൃശ്ശിവപേരൂർ, തൃച്ചമ്പേരൂർ, ൮.പെരുമാനം, ൯.പന്നിയൂർ, ൧0.ചൊവ്വരം, കരുമാൻ പുഴക്ക് തെക്ക് പുണ്യാറ്റിന്നു വടക്ക് ഗ്രാമം ൧൨ അതാകുന്നത്: ൧.പറവൂർ, ൨.ഐരാണിക്കുളം, ൩.മൂഷികക്കുളം, ൪.ഇരിങ്ങാണിക്കുടം, ൫.അടവൂർ, ൬.ചെങ്ങനാടു, ൭.ഉളിയന്നൂർ, ൮.കഴുതനാടും, ൯. [ 26 ] കുഴയൂർ ൧0. ഇളിഭ്യം, ൧൧. ചാമുണ്ട, ൧൨. ആവട്ടിപ്പുത്തൂർ ഇങ്ങിനെ ഗ്രാമം ൧൨ പുണ്യാറ്റിന്നു തെക്ക് കന്യാകുമാരിക്ക് വടക്ക് ഗ്രാമം ൧0: ൧. കിടങ്ങൂർ, ൨. കാടുകറുക, ൩. കാരനെല്ലൂർ, ൪. കവിയൂർ, ൫. ഏറ്റുമാനൂർ, ൬. നിർമ്മണ്ണു, ൭. ആണ്മണി, ൮. ആണ്മലം, അമ്മളം, മംഗലം, ൯. ചെങ്ങനിയൂർ, ൧0. തിരുവില്വായി ഇങ്ങിനെ ഗ്രാമം ൧0. ആകെ ൩൨. ശേഷിച്ച ൩൨ ഗ്രാമം പഞ്ചദ്രാവിഡന്മാരിൽ പോയിക്കളഞ്ഞ് വന്ന പഴന്തുളുവർ എന്നും തുളു നമ്പികൾ എന്നും പേരുള്ളവർ അവരും അതിൽ കൂടി ചേർന്നവരും പണി ചെയ്തു "ഞാൻ ഞാൻ മുപ്പത്തു രണ്ടിൽ കൂടും" എന്നിട്ടു പരദേശത്താചാരങ്ങളെ നടത്തി, അവരുമായി കൊള്ളക്കൊടുക്കയും തുടങ്ങി, പരദേശത്തെ രാജാക്കന്മാരെ അടക്കി, അവരുടെ കോയ്മ നടന്നു പോയി, ഒരൊ ഗ്രാമമാക്കി കല്പിച്ചിട്ടുമുണ്ടു, പല പല ഗ്രാമങ്ങളിൽ വന്ന ഓരൊ പേരുമിട്ടു. ഇങ്ങിനെ ഗ്രാമം എന്നു വേണ്ട; ബഹു വിധമായുണ്ടു സത്യം ഇങ്ങിനെ ആകുന്നതു.


കുറിപ്പുകൾ

[തിരുത്തുക]
  1. മൂഷികരാജ്യം എന്നും ചൊല്ലുന്നു.
  2. ൧൧൧൧൪൫൪
  3. ചത്തിരർക്കു, ശസ്ത്രി, ശാസ്ത്രി
  4. കാരന്തല