അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആരണ്യകാണ്ഡം


ബാലികേ! ശുകകുലമൌലിമാലികേ! ഗുണ-
ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ
നീലനീരദനിഭൻ നിർമ്മലൻ നിരഞ്ജനൻ
നീലനീരജദലലോചനൻ നാരായണൻ
നീലലോഹിതസേവ്യൻ നിഷ്‌കളൻ നിത്യൻ പരൻ
കാലദേശാനുരൂപൻ കാരുണ്യനിലയനൻ
പാലനപരായണൻ പരമാത്മാവുതന്റെ
ലീലകൾ കേട്ടാൽ മതിയാകയില്ലൊരിക്കലും.
ശ്രീരാമചരിതങ്ങളതിലും വിശേഷിച്ചു
സാരമായൊരു മുക്തിസാധനം രസായനം. 10
ഭാരതീഗുണം തവ പരമാമൃതമല്ലോ
പാരാതെ പറകെന്നു കേട്ടു പൈങ്കിളി ചൊന്നാൾ.
ഫാലലോചനൻ പരമേശ്വരൻ പശുപതി
ബാലശീതാംശുമൌലി ഭഗവാൻ പരാപരൻ
പ്രാലേയാചലമകളോടരുൾചെയ്തീടിനാൻ.
ബാലികേ കേട്ടുകൊൾക പാർവ്വതി ഭക്തപ്രിയേ!
രാമനാം പരമാത്മാവാനന്ദരൂപനാത്മാ-
രാമനദ്വയനേകനവ്യയനഭിരാമൻ
അത്രിതാപസപ്രവരാശ്രമേ മുനിയുമാ-
യെത്രയും സുഖിച്ചു വാണീടിനാനൊരു ദിനം. 20
  1. മഹാരണ്യപ്രവേശം
  2. വിരാധവധം
  3. ശരഭംഗമന്ദിരപ്രവേശം
  4. മുനിമണ്ഡലസമാഗമം
  5. സുതീഷ്ണാശ്രമപ്രവേശം
  6. അഗസ്ത്യസന്ദർശനം
  7. അഗസ്ത്യസ്തുതി
  8. ജടായുസംഗമം
  9. ലക്ഷ്മണോപദേശം
  10. ശൂർപ്പണഖാഗമനം
  11. ഖരവധം
  12. ശൂർപ്പണഖാവിലാപം
  13. രാവണമാരീചസംഭാഷണം
  14. മാരീചനിഗ്രഹം
  15. സീതാപഹരണം
  16. സീതാന്വേഷണം
  17. ജടായുഗതി
  18. ജടായുസ്തുതി
  19. കബന്ധഗതി
  20. കബന്ധസ്തുതി
  21. ശബര്യാശ്രമപ്രവേശം