അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/സീതാന്വേഷണം
ദൃശ്യരൂപം
- രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു
- കാമരൂപിണം മാരീചാസുരമെയ്‌തു കൊന്നു
- വേഗേന നടകൊണ്ടാനാശ്രമം നോക്കിപ്പുന-
- രാഗമക്കാതലായ രാഘവൻതിരുവടി.
- നാലഞ്ചു ശരപ്പാടു നടന്നോരനന്തരം
- ബാലകൻവരവീഷദ്ദൂരവേ കാണായ്‌വന്നു. 1500
- ലക്ഷ്‌മണൻ വരുന്നതു കണ്ടു രാഘവൻതാനു-
- മുൾക്കാമ്പിൽ നിരൂപിച്ചു കൽപിച്ചു കരണീയം.
- "ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാർത്ഥ-
- മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ.
- രക്ഷോനായകൻ കൊണ്ടുപോയതു മായാസീതാ
- ലക്ഷ്‌മീദേവിയെയുണ്ടോ മറ്റാർക്കും ലഭിക്കുന്നു?
- അഗ്നിമണ്ഡലത്തിങ്കൽ വാഴുന്ന സീതതന്നെ
- ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ.
- ദുഃഖിച്ചുകൊളളൂ ഞാനും പ്രാകൃതനെന്നപോലെ
- മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ് ചെല്ലാമല്ലോ 1510
- രക്ഷോനായകനുടെ രാജ്യത്തി,ലെന്നാൽ പിന്നെ-
- ത്തൽക്കുലത്തോടുംകൂടെ രാവണൻതന്നെക്കൊന്നാൽ
- അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാൽ
- കൈക്കൊണ്ടുപോകാമയോദ്ധ്യയ്‌ക്കു വൈകാതെ, പിന്നെ
- അക്ഷയധർമ്മമോടു രാജ്യത്തെ വഴിപോലെ
- രക്ഷിച്ചു കിഞ്ചിൽ കാലം ഭൂമിയിൽ വസിച്ചീടാം.
- പുഷ്‌കരോൽഭവനിത്ഥം പ്രാർത്ഥിക്കനിമിത്തമാ-
- യർക്കവംശത്തിങ്കൽ ഞാൻ മർത്ത്യനായ്പിറന്നതും.
- മായാമാനുഷനാകുമെന്നുടെ ചരിതവും
- മായാവൈഭവങ്ങളും കേൾക്കയും ചൊല്ലുകയും 1520
- ഭക്തിമാർഗ്ഗേണ ചെയ്യും മർത്ത്യനപ്രയാസേന
- മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും.
- ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാൻ
- പ്രാകൃതപുരുഷനെപ്പോലെ"യെന്നകതാരിൽ
- നിർണ്ണയിച്ചവരജനോടരുൾചെയ്തീടിനാൻഃ
- "പർണ്ണശാലയിൽ സീതയ്‌ക്കാരൊരു തുണയുളളൂ?
- എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ-
- ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും
- കൊണ്ടുപോകയോ കൊന്നു ഭക്ഷിച്ചുകളകയോ
- കണ്ടകജാതികൾക്കെന്തോന്നരുതാത്തതോർത്താൽ?" 1530
- അഗ്രജവാക്യമേവം കേട്ടു ലക്ഷ്‌മണൻതാനു-
- മഗ്രേ നിന്നുടനുടൻ തൊഴുതു വിവശനായ്
- ഗദ്‌ഗദാക്ഷരമുരചെയ്‌തിതു ദേവിയുടെ
- ദുർഗ്രഹവചനങ്ങൾ ബാഷ്പവും തൂകിത്തൂകി.
- "ഹാ! ഹാ! ലക്ഷ്‌മണ! പരിത്രാഹി! സൗമിത്രേ! ശീഘ്രം
- ഹാ! ഹാ! രാക്ഷസനെന്നെ നിഗ്രഹിച്ചീടുമിപ്പോൾ
- ഇത്തരം നക്തഞ്ചരൻതൻ വിലാപങ്ങൾ കേട്ടു
- മുദ്ധഗാത്രിയും തവ നാദമെന്നുറയ്‌ക്കയാൽ
- അത്യർത്ഥം പരിതാപം കൈക്കൊണ്ടു വിലാപിച്ചു
- സത്വരം ചെന്നു രക്ഷിക്കെന്നെന്നോടരുൾചെയ്‌തു. 1540
- 'ഇത്തരം നാദം മമ ഭ്രാതാവിനുണ്ടായ്‌വരാ
- ചിത്തമോഹവും വേണ്ട സത്യമെന്നറിഞ്ഞാലും.
- രാക്ഷസനുടെ മായാഭാഷിതമിതു നൂനം
- കാൽക്ഷണം പൊറുക്കെ'ന്നു ഞാൻ പലവുരു ചൊന്നേൻ.
- എന്നതു കേട്ടു ദേവി പിന്നെയുമുരചെയ്‌താ-
- ളെന്നോടു പലതരമിന്നവയെല്ലാമിപ്പോൾ
- നിന്തിരുമുമ്പിൽനിന്നു ചൊല്ലുവാൻ പണിയെന്നാൽ
- സന്താപത്തോടു ഞാനും കർണ്ണങ്ങൾ പൊത്തിക്കൊണ്ടു
- ചിന്തിച്ചു ദേവകളെ പ്രാർത്ഥിച്ചു രക്ഷാർത്ഥമായ്
- നിന്തിരുമലരടി വന്ദിപ്പാൻ വിടകൊണ്ടേൻ." 1550
- "എങ്കിലും പിഴച്ചിതു പോന്നതു സൗമിത്രേ! നീ
- ശങ്കയുണ്ടായീടാമോ ദുർവചനങ്ങൾ കേട്ടാൽ?
- യോഷമാരുടെ വാക്കു സത്യമെന്നോർക്കുന്നവൻ
- ഭോഷനെത്രയുമെന്നു നീയറിയുന്നതില്ലേ?
- രക്ഷസാം പരിഷകൾ കൊണ്ടുപൊയ്‌ക്കളകയോ
- ഭക്ഷിച്ചുകളകയോ ചെയ്തതെന്നറിഞ്ഞീല."
- ഇങ്ങനെ നിനച്ചുടജാന്തർഭാഗത്തിങ്കൽ ചെ-
- ന്നെങ്ങുമേ നോക്കിക്കാണാഞ്ഞാകുലപ്പെട്ടു രാമൻ
- ദുഃഖഭാവവും കൈക്കൊണ്ടെത്രയും വിലാപിച്ചാൻ
- നിഷ്‌കളനാത്മാരാമൻ നിർഗ്ഗുണനാത്മാനന്ദൻ. 1560
- "ഹാ! ഹാ! വല്ലഭേ! സീതേ! ഹാ! ഹാ! മൈഥിലീ! നാഥേ!
- ഹാ! ഹാ! ജാനകീ! ദേവി! ഹാ! ഹാ! മൽപ്രാണേശ്വരി!
- എന്നെ മോഹിപ്പിപ്പതിന്നായ്‌മറഞ്ഞിരിക്കയോ?
- ധന്യേ! നീ വെളിച്ചത്തു വന്നീടു മടിയാതെ."
- ഇത്തരം പറകയും കാനനംതോറും നട-
- ന്നത്തൽപൂണ്ടന്വേഷിച്ചും കാണാഞ്ഞു വിവശനായ്
- "വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടൂ
- വനജേക്ഷണയായ സീതയെ സത്യം ചൊൽവിൻ.
- മൃഗസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ
- മൃഗലോചനയായ ജനകപുത്രിതന്നേ? 1570
- പക്ഷിസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ
- പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിൻ പരമാർത്ഥം.
- വൃക്ഷവൃന്ദമേ! പറഞ്ഞീടുവിൻ പരമാർത്ഥം
- പുഷ്‌കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടൂ?"
- ഇത്ഥമോരോന്നേ പറഞ്ഞെത്രയും ദുഃഖം പൂണ്ടു
- സത്വരം നീളത്തിരഞ്ഞെങ്ങുമേ കണ്ടീലല്ലോ.
- സർവദൃക് സർവേശ്വരൻ സർവജ്ഞൻ സർവാത്മാവാം
- സർവകാരണനേകനചലൻ പരിപൂർണ്ണൻ
- നിർമ്മലൻ നിരാകാരൻ നിരഹംകാരൻ നിത്യൻ
- ചിന്മയനഖണ്ഡാനന്ദാത്മകൻ ജഗന്മയൻ. 1580
- മായയാ മനുഷ്യഭാവേന ദുഃഖിച്ചീടിനാൻ
- കാര്യമാനുഷൻ മൂഢാത്മാക്കളെയൊപ്പിപ്പാനായ്.
- തത്വജ്ഞന്മാർക്കു സുഖദുഃഖഭേദങ്ങളൊന്നും
- ചിത്തേ തോന്നുകയുമില്ല ജ്ഞാനമില്ലായ്‌കയാൽ.