അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/ശൂർപ്പണഖാഗമനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആരണ്യകാണ്ഡം


ഇത്തരം സൗമിത്രിയോടരുളിച്ചെയ്‌തു പുന-
രിത്തിരിനേരമിരുന്നീടിനോരനന്തരം
ഗൗതമീതീരേ മഹാകാനനേ പഞ്ചവടീ-
ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു
യാമിനീചരി ജനസ്ഥാനവാസിനിയായ
കാമരൂപിണി കണ്ടാൾ കാമിനി വിമോഹിനി,
പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ്‌
ഭംഗിതേടീടും പദപാതങ്ങളതുനേരം.
പാദസൗന്ദര്യം കണ്ടു മോഹിതയാകയാലെ
കൗതുകമുൾക്കൊണ്ടു രാമാശ്രമമകംപുക്കാൾ. 740
ഭാനുമണ്ഡലസഹസ്രോജ്ജ്വലം രാമനാഥം
ഭാനുഗോത്രജം ഭവഭയനാശനം പരം
മാനവവീരം മനോമോഹനം മായാമയം
മാനസഭവസമം മാധവം മധുഹരം
ജാനകിയോടുംകൂടെ വാണീടുന്നതു കണ്ടു
മീനകേതനബാണപീഡിതയായാളേറ്റം.
സുന്ദരവേഷത്തോടും മന്ദഹാസവുംപൊഴി-
ഞ്ഞിന്ദിരാവരനോടു മന്ദമായുരചെയ്‌താൾഃ
"ആരെടോ ഭവാൻ? ചൊല്ലീടാരുടെ പുത്രനെന്നും
നേരൊടെന്തിവിടേക്കു വരുവാൻ മൂലമെന്നും, 750
എന്തൊരു സാദ്ധ്യം ജടാവല്‌ക്കലാദികളെല്ലാ-
മെന്തിനു ധരിച്ചിതു താപസവേഷമെന്നും.
എന്നുടെ പരമാർത്ഥം മുന്നേ ഞാൻ പറഞ്ഞീടാം
നിന്നോടു നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ.
രാക്ഷസേശ്വരനായ രാവണഭഗിനി ഞാ-
നാഖ്യയാ ശൂർപ്പണഖ കാമരൂപിണിയല്ലോ
ഖരദൂഷണത്രിശിരാക്കളാം ഭ്രാതാക്കന്മാ-
ർക്കരികേ ജനസ്ഥാനേ ഞാനിരിപ്പതു സദാ.
നിന്നെ ഞാനാരെന്നതുമറിഞ്ഞീലതും പുന-
രെന്നോടു പരമാർത്ഥം ചൊല്ലണം ദയാനിധേ!" 760
"സുന്ദരി! കേട്ടുകൊൾക ഞാനയോദ്ധ്യാധിപതി-
നന്ദനൻ ദാശരഥി രാമനെന്നല്ലോ നാമം.
എന്നുടെ ഭാര്യയിവൾ ജനകാത്മജാ സീത
ധന്യേ! മൽഭ്രാതാവായ ലക്ഷ്‌മണനിവനെടോ.
എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ!
നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ."
എന്നതു കേട്ടനേരം ചൊല്ലിനാൾ നിശാചരി ഃ
"എന്നോടുകൂടെപ്പോന്നു രമിച്ചുകൊളേളണം നീ.
നിന്നെയും പിരിഞ്ഞുപോവാൻ മമ ശക്തി പോരാ
എന്നെ നീ പരിഗ്രഹിച്ചീടേണം മടിയാതെ." 770
ജാനകിതന്നെക്കടാക്ഷിച്ചു പുഞ്ചിരിപൂണ്ടു
മാനവവീരനവളോടരുൾചെയ്‌തീടിനാൻഃ
"ഞാനിഹ തപോധനവേഷവുംധരിച്ചോരോ
കാനനംതോറും നടന്നീടുന്നു സദാകാലം.
ജാനകിയാകുമിവളെന്നുടെ പത്നിയല്ലോ
മാനസേ പാർത്താൽ വെടിഞ്ഞീടരുതൊന്നുകൊണ്ടും.
സാപത്ന്യോത്ഭവദുഃഖമെത്രയും കഷ്‌ടം!കഷ്‌ടം!
താപത്തെസ്സഹിപ്പതിന്നാളല്ല നീയുമെടോ.
ലക്ഷ്‌മണൻ മമ ഭ്രാതാ സുന്ദരൻ മനോഹരൻ
ലക്ഷ്‌മീദേവിക്കുതന്നെയൊക്കും നീയെല്ലാംകൊണ്ടും. 780
നിങ്ങളിൽ ചേരുമേറെ നിർണ്ണയം മനോഹരേ!
സംഗവും നിന്നിലേറ്റം വർദ്ധിക്കുമവനെടോ.
മംഗലശീലനനുരൂപനെത്രയും നിന-
ക്കങ്ങു നീ ചെന്നു പറഞ്ഞീടുക വൈകീടാതെ."
എന്നതു കേട്ടനേരം സൗമിത്രിസമീപേ പോയ്‌-
ചെന്നവളപേക്ഷിച്ചാൾ, ഭർത്താവാകെന്നുതന്നെ
ചൊന്നവളോടു ചിരിച്ചവനുമുരചെയ്‌താ-
"നെന്നുടെ പരമാർത്ഥം നിന്നോടു പറഞ്ഞീടാം.
മന്നവനായ രാമൻതന്നുടെ ദാസൻ ഞാനോ
ധന്യേ! നീ ദാസിയാവാൻതക്കവളല്ലയല്ലോ. 790
ചെന്നു നീ ചൊല്ലീടഖിലേശ്വരനായ രാമൻ-
തന്നോടു തവ കുലശീലാചാരങ്ങളെല്ലാം.
എന്നാലന്നേരംതന്നെ കൈക്കൊളളുമല്ലോ രാമൻ
നിന്നെ"യെന്നതു കേട്ടു രാവണസഹോദരി
പിന്നെയും രഘുകുലനായകനോടു ചൊന്നാ-
"ളെന്നെ നീ പരിഗ്രഹിച്ചീടുക നല്ലൂ നിന-
ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ്‌വരാ.
മന്നവാ! ഗിരിവനഗ്രാമദേശങ്ങൾ തോറും
എന്നോടുകൂടെ നടന്നോരോരോ ഭോഗമെല്ലാ-
മന്യോന്യം ചേർന്നു ഭുജിക്കായ്‌വരുമനാരതം." 800
ഇത്തരമവളുരചെയ്‌തതു കേട്ടനേര-
മുത്തരമരുൾചെയ്‌തു രാഘവൻതിരുവടി ഃ
"ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ-
നൊരുത്തി വേണമതിനിവളുണ്ടെനിക്കിപ്പോൾ.
ഒരുത്തി വേണമവനതിനാരെന്നു തിര-
ഞ്ഞിരിക്കുംനേരമിപ്പോൾ നിന്നെയും കണ്ടുകിട്ടി.
വരുത്തും ദൈവമൊന്നു കൊതിച്ചാലിനി നിന്നെ
വരിച്ചുകൊളളുമവനില്ല സംശയമേതും.ണ
തെരിക്കെന്നിനിക്കാലം കളഞ്ഞീടാതെ ചെൽക
കരത്തെ ഗ്രഹിച്ചീടും കടുക്കെന്നവനെടോ!" 810
രാഘവവാക്യം കേട്ടു രാവണസഹോദരി
വ്യാകുലചേതസ്സൊടും ലക്ഷ്മണാന്തികേ വേഗാൽ
ചെന്നുനിന്നപേക്ഷിച്ചനേരത്തു കുമാരനു-
"മെന്നോടിത്തരം പറഞ്ഞീടൊല്ലാ വെറുതേ നീ.
നിന്നിലില്ലേതുമൊരു കാംക്ഷയെന്നറിക നീ
മന്നവനായ രാമൻതന്നോടു പറഞ്ഞാലും."
പിന്നെയുമതു കേട്ടു രാഘവസമീപേ പോയ്‌-
ചെന്നുനിന്നപേക്ഷിച്ചാളാശയാ പലതരം.
കാമവുമാശാഭംഗംകൊണ്ടു കോപവുമതി-
പ്രേമവുമാലസ്യവുംപൂണ്ടു രാക്ഷസിയപ്പോൾ 820
മായാരൂപവും വേർപെട്ടഞ്ജനശൈലംപോലെ
കായാകാരവും ഘോരദംഷ്‌ട്രയും കൈക്കൊണ്ടേറ്റം
കമ്പമുൾക്കൊണ്ടു സീതാദേവിയോടടുത്തപ്പോൾ
സംഭ്രമത്തോടു രാമൻ തടുത്തുനിർത്തുംനേരം
ബാലകൻ കണ്ടു ശീഘ്രം കുതിച്ചു ചാടിവന്നു
വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം
ഛേദിച്ചനേരമവളലറി മുറയിട്ട-
നാദത്തെക്കൊണ്ടു ലോകമൊക്കെ മറ്റൊലിക്കൊണ്ടു.
നീലപർവതത്തിന്റെ മുകളിൽനിന്നു ചാടി
നാലഞ്ചുവഴി വരുമരുവിയാറുപോലെ 830
ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ
ഘോരയാം നിശാചാരി വേഗത്തിൽ നടകൊണ്ടാൾ.
രാവണൻതന്റെ വരവുണ്ടിനിയിപ്പോളെന്നു
ദേവദേവനുമരുൾചെയ്തിരുന്നരുളിനാൻ.
രാക്ഷസപ്രവരനായീടിന ഖരൻമുമ്പിൽ
പക്ഷമറ്റവനിയിൽ പർവതം വീണപോലെ
രോദനംചെയ്‌തു മുമ്പിൽ പതനംചെയ്‌തു നിജ
സോദരിതന്നെനോക്കിച്ചൊല്ലിനാനാശു ഖരൻഃ
"മൃത്യുതൻ വക്ത്രത്തിങ്കൽ സത്വരം പ്രവേശിപ്പി-
ച്ചത്ര ചൊല്ലാരെന്നെന്നോടെത്രയും വിരയെ നീ." 840
വീർത്തുവീർത്തേറ്റം വിറച്ചലറിസ്സഗദ്‌ഗദ-
മാർത്തിപൂണ്ടോർത്തു ഭീത്യാ ചൊല്ലിനാളവളപ്പോൾഃ
"മർത്ത്യന്മാർ ദശരഥപുത്രന്മാരിരുവരു-
ണ്ടുത്തമഗുണവാന്മാരെത്രയും പ്രസിദ്ധന്മാർ.
രാമലക്ഷ്‌മണന്മാരെന്നവർക്കു നാമമൊരു
കാമിനിയുണ്ടു കൂടെ സീതയെന്നവൾക്കു പേർ.
അഗ്രജൻനിയോഗത്താലുഗ്രനാമവരജൻ
ഖഡ്‌ഗേന ഛേദിച്ചതു മൽകുചാദികളെല്ലാം.
ശൂരനായീടും നീയിന്നവരെക്കൊലചെയ്‌തു
ചോര നല്‌കുക ദാഹം തീരുമാറെനിക്കിപ്പോൾ. 850
പച്ചമാംസവും തിന്നു രക്തവും പാനംചെയ്‌കി-
ലിച്ഛവന്നീടും മമ നിശ്ചയമറിഞ്ഞാലും."
എന്നിവ കേട്ടു ഖരൻ കോപത്തോടുരചെയ്താൻഃ
"ദുർന്നയമേറെയുളള മാനുഷാധമന്മാരെ
കൊന്നു മൽഭഗിനിക്കു ഭക്ഷിപ്പാൻ കൊടുക്കണ-
മെന്നതിനാശു പതിന്നാലുപേർ പോക നിങ്ങൾ.
നീ കൂടെച്ചെന്നു കാട്ടുക്കൊടുത്തീടെന്നാലിവ-
രാകൂതം വരുത്തീടും നിനക്കു മടിയാതെ."
എന്നവളോടു പറഞ്ഞയച്ചാൻ ഖരനേറ്റ-
മുന്നതന്മാരാം പതിന്നാലു രാക്ഷസരെയും. 860
ശൂലമുൽഗരമുസലാസിചാപേഷുഭിണ്ഡി-
പാലാദി പലവിധമായുധങ്ങളുമായി
ക്രൂദ്ധന്മാരാർത്തുവിളിച്ചുദ്ധതന്മാരായ്‌ ചെന്നു
യുദ്ധസന്നദ്ധന്മാരായടുത്താരതുനേരം.
ബദ്ധവൈരേണ പതിന്നാൽവരുമൊരുമിച്ചു
ശസ്ത്രൗഘം പ്രയോഗിച്ചാർ ചുറ്റുംനിന്നൊരിക്കലെ.
മിത്രഗോത്രാൽഭൂതനാമുത്തമോത്തമൻ രാമൻ
ശത്രുക്കളയച്ചോരു ശസ്ത്രൗഘം വരുന്നേരം
പ്രത്യേകമോരോശരംകൊണ്ടവ ഖണ്ഡിച്ചുടൻ
പ്രത്യർത്ഥിജനത്തെയും വധിച്ചാനോരോന്നിനാൽ. 870
ശൂർപ്പണഖയുമതു കണ്ടു പേടിച്ചു മണ്ടി-
ബ്ബാഷ്പവും തൂകി ഖരൻമുമ്പിൽവീണലറിനാൾ.
"എങ്ങുപൊയ്‌ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ-
ഞ്ഞിങ്ങുനിന്നയച്ചവർ പതിന്നാൽവരും ചൊൽ, നീ."
"അങ്ങുചെന്നേറ്റനേരം രാമസായകങ്ങൾകൊ-
ണ്ടിങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ."
എന്നു ശൂർപ്പണഖയും ചൊല്ലിനാ,ളതുകേട്ടു
വന്ന കോപത്താൽ ഖരൻ ചൊല്ലിനാനതുനേരംഃ
"പോരിക നിശാചരർ പതിന്നാലായിരവും
പോരിനു ദൂഷണനുമനുജൻ ത്രിശിരാവും. 880
ഘോരനാം ഖരനേവം ചൊന്നതു കേട്ടനേരം
ശൂരനാം ത്രിശിരാവും പടയും പുറപ്പെട്ടു.
വീരനാം ദൂഷണനും ഖരനും നടകൊണ്ടു
ധീരതയോടു യുദ്ധം ചെയ്‌വതിന്നുഴറ്റോടെ.
രാക്ഷസപ്പടയുടെ രൂക്ഷമാം കോലാഹലം
കേൾക്കായനേരം രാമൻ ലക്ഷ്‌മണനോടു ചൊന്നാൻഃ
"ബ്രഹ്‌മാണ്ഡം നടുങ്ങുമാറെന്തൊരു ഘോഷമിതു?
നമ്മോടു യുദ്ധത്തിനു വരുന്നു രക്ഷോബലം.
ഘോരമായിരിപ്പോരു യുദ്ധവുമുണ്ടാമിപ്പോൾ
ധീരതയോടുമത്ര നീയൊരു കാര്യംവേണം. 890
മൈഥിലിതന്നെയൊരു ഗുഹയിലാക്കിക്കൊണ്ടു
ഭീതികൂടാതെ പരിപാലിക്കവേണം ഭവാൻ.
ഞാനൊരുത്തനേ പോരുമിവരെയൊക്കെക്കൊൽവാൻ
മാനസേ നിനക്കു സന്ദേഹമുണ്ടായീടൊലാ.
മറ്റൊന്നും ചൊല്ലുന്നില്ലെന്നെന്നെയാണയുമിട്ടു
കറ്റവാർകുഴലിയെ രക്ഷിച്ചുകൊളേളണം നീ."
ലക്ഷ്‌മീദേവിയേയുംകൊണ്ടങ്ങനെതന്നെയെന്നു
ലക്ഷ്‌മണൻ തൊഴുതു പോയ്‌ ഗഹ്വരമകംപുക്കാൻ.