അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/മാരീചനിഗ്രഹം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആരണ്യകാണ്ഡം


മായാനിർമ്മിതമായ കനകമൃഗം കണ്ടു
മായാസീതയും രാമചന്ദ്രനോടുരചെയ്താൾഃ
"ഭർത്താവേ! കണ്ടീലയോ കനകമയമൃഗ-
മെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം. 1280
പേടിയില്ലിതിനേതുമെത്രയുമടുത്തു വ-
ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും.
കളിപ്പാനതിസുഖമുണ്ടിതു നമുക്കിന്നു
വിളിച്ചീടുക വരുമെന്നു തോന്നുന്നു നൂനം.
പിടിച്ചുകൊണ്ടിങ്ങുപോന്നീടുക വൈകീടാതെ
മടിച്ചീടരുതേതും ഭർത്താവേ! ജഗൽപതേ!"
മൈഥിലീവാക്യം കേട്ടു രാഘവനരുൾചെയ്‌തു
സോദരൻതന്നോടു "നീ കാത്തുകൊളളുകവേണം
സീതയെയവൾക്കൊരു ഭയവുമുണ്ടാകാതെ;
യാതുധാനന്മാരുണ്ടു കാനനംതന്നിലെങ്ങും." 1290
എന്നരുൾചെയ്‌തു ധനുർബാണങ്ങളെടുത്തുടൻ
ചെന്നിതു മൃഗത്തെക്കയ്‌ക്കൊളളുവാൻ ജഗന്നാഥൻ.
അടുത്തു ചെല്ലുന്നേരം വേഗത്തിലോടിക്കള-
ഞ്ഞടുത്തുകൂടായെന്നു തോന്നുമ്പോൾ മന്ദംമന്ദം
അടുത്തുവരു,മപ്പോൾ പിടിപ്പാൻ ഭാവിച്ചീടും,
പടുത്വമോടു ദൂരെക്കുതിച്ചു ചാടുമപ്പോൾ.
ഇങ്ങനെതന്നെയൊട്ടു ദൂരത്തായോരുനേര-
മെങ്ങനെ പിടിക്കുന്നു വേഗമുണ്ടതിനേറ്റം
എന്നുറച്ചാശവിട്ടു രാഘവനൊരുശരം
നന്നായിത്തൊടുത്തുടൻ വലിച്ചു വിട്ടീടിനാൻ. 1300
പൊന്മാനുമതു കൊണ്ടു ഭൂമിയിൽ വീണനേരം
വന്മലപോലെയൊരു രാക്ഷസവേഷംപൂണ്ടാൻ.
മാരീചൻതന്നെയിതു ലക്ഷ്‌മണൻ പറഞ്ഞതു
നേരത്രേയെന്നു രഘുനാഥനും നിരൂപിച്ചു.
ബാണമേറ്റവനിയിൽ വീണപ്പോൾ മാരീചനും
പ്രാണവേദനയോടു കരഞ്ഞാനയ്യോ പാപംഃ
"ഹാ! ഹാ! ലക്ഷ്മണ! മമ ഭ്രാതാവേ! സഹോദര!
ഹാ! ഹാ! മേ വിധിബലം പാഹി മാം ദയാനിധേ!"
ആതുരനാദം കേട്ടു ലക്ഷ്‌മണനോടു ചൊന്നാൾ
സീതയുംഃ "സൗമിത്രേ! നീ ചെല്ലുക വൈകിടാതേ. 1310
അഗ്രജനുടെ വിലാപങ്ങൾ കേട്ടീലേ ഭവാൻ?
ഉഗ്രന്മാരായ നിശാചരന്മാർ കൊല്ലുംമുമ്പെ
രക്ഷിച്ചുകൊൾക ചെന്നു ലക്ഷ്‌മണ! മടിയാതെ
രക്ഷോവീരന്മാരിപ്പോൾ കൊല്ലുമല്ലെങ്കിലയ്യോ!"
ലക്ഷ്‌മണനതു കേട്ടു ജാനകിയോടു ചൊന്നാൻഃ
"ദുഃഖിയായ്‌ കാര്യേ! ദേവി! കേൾക്കണം മമ വാക്യം.
മാരീചൻതന്നേ പൊന്മാനായ്‌വന്നതവൻ നല്ല
ചോരനെത്രയുമേവം കരഞ്ഞതവൻതന്നെ.
അന്ധനായ്‌ ഞാനുമിതു കേട്ടു പോയകലുമ്പോൾ
നിന്തിരുവടിയേയും കൊണ്ടുപോയീടാമല്ലൊ 1320
പങ്‌ക്തികന്ധരൻ തനിക്കതിനുളളുപായമി-
തെന്തറിയാതെയരുൾചെയ്യുന്നി,തത്രയല്ല
ലോകവാസികൾക്കാർക്കും ജയിച്ചുകൂടായല്ലൊ
രാഘവൻതിരുവടിതന്നെയെന്നറിയണം.
ആർത്തനാദവും മമ ജ്യേഷ്‌ഠനുണ്ടാകയില്ല
രാത്രിചാരികളുടെ മായയിതറിഞ്ഞാലും
വിശ്വനായകൻ കോപിച്ചീടുകിലരക്ഷണാൽ
വിശ്വസംഹാരംചെയ്‌വാൻപോരുമെന്നറിഞ്ഞാലും.
അങ്ങനെയുളള രാമൻതന്മുഖാംബുജത്തിൽനി-
ന്നെങ്ങനെ ദൈന്യനാദം ഭവിച്ചീടുന്നു നാഥേ!" 1330
ജാനകിയതു കേട്ടു കണ്ണുനീർ തൂകിത്തൂകി
മാനസേ വളർന്നൊരു ഖേദകോപങ്ങളോടും
ലക്ഷ്‌മണൻതന്നെ നോക്കിച്ചൊല്ലിനാളതുനേരംഃ
"രക്ഷോജാതിയിലത്രേ നീയുമുണ്ടായി നൂനം.
ഭ്രാതൃനാശത്തിനത്രേ കാംക്ഷയാകുന്നു തവ
ചേതസി ദുഷ്‌ടാത്മാവേ! ഞാനിതോർത്തീലയല്ലോ.
രാമനാശാകാംക്ഷിതനാകിയ ഭരതന്റെ
കാമസിദ്ധ്യർത്ഥമവൻതന്നുടെ നിയോഗത്താൽ
കൂടെപ്പോന്നിതു നീയും രാമനു നാശം വന്നാൽ
ഗൂഢമായെന്നെയും കൊണ്ടങ്ങുചെല്ലുവാൻ നൂനം. 1340
എന്നുമേ നിനക്കെന്നെക്കിട്ടുകയില്ലതാനു-
മിന്നു മൽപ്രാണത്യാഗംചെയ്‌വേൻ ഞാനറിഞ്ഞാലും.
ചേതസി ഭാര്യാഹരണോദ്യതനായ നിന്നെ-
സ്സോദരബുദ്ധ്യാ ധരിച്ചീല രാഘവനേതും.
രാമനെയൊഴിഞ്ഞു ഞാൻ മറ്റൊരു പുരുഷനെ
രാമപാദങ്ങളാണെ തീണ്ടുകയില്ലയല്ലൊ."
ഇത്തരം വാക്കു കേട്ടു സൗമിത്രി ചെവി രണ്ടും
സത്വരം പൊത്തിപ്പുനരവളോടുരചെയ്‌താൻഃ
"നിനക്കു നാശമടുത്തിരിക്കുന്നിതു പാര-
മെനിക്കു നിരൂപിച്ചാൽ തടുത്തുകൂടാതാനും. 1350
ഇത്തരം ചൊല്ലീടുവാൻ തോന്നിയതെന്തേ ചണ്ഡി!
ധിഗ്‌ധിഗത്യന്തം ക്രൂരചിത്തം നാരികൾക്കെല്ലാം.
വനദേവതമാരേ! പരിപാലിച്ചുകൊൾവിൻ
മനുവംശാധീശ്വരപത്നിയെ വഴിപോലെ."
ദേവിയെ ദേവകളെബ്‌ഭരമേൽപിച്ചു മന്ദം
പൂർവജൻതന്നെക്കാണ്മാൻ നടന്നു സൗമിത്രിയും.