Jump to content

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/അഗസ്ത്യസന്ദർശനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആരണ്യകാണ്ഡം


ഭാനുമാനുദിച്ചപ്പോളർഘ്യവും നല്‌കി മഹാ-
കാനനമാർഗ്ഗേ നടകൊണ്ടിതു മന്ദം മന്ദം. 360
സർവർത്തുഫലകുസുമാഢ്യപാദപലതാ-
സംവൃതം നാനാമൃഗസഞ്ചയനിഷേവിതം
നാനാപക്ഷികൾ നാദംകൊണ്ടതിമനോഹരം
കാനനം ജാതിവൈരരഹിതജന്തുപൂർണ്ണം
നന്ദനസമാനമാനന്ദദാനാഢ്യം മുനി-
നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം
ബ്രഹ്‌മർഷിപ്രവരന്മാരമരമുനികളും
സമ്മോദംപൂണ്ടു വാഴും മന്ദിരനികരങ്ങൾ
സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല
സംഖ്യാവത്തുക്കളുമുണ്ടറ്റമില്ലാതവണ്ണം. 370
ബ്രഹ്‌മലോകവുമിതിനോടു നേരല്ലെന്നത്രേ
ബ്രഹ്‌മജ്ഞന്മാരായുളേളാർ ചൊല്ലുന്നു കാണുംതോറും.
ആശ്ചര്യമോരോന്നിവ കണ്ടുകണ്ടവരും ചെ-
ന്നാശ്രമത്തിനു പുറത്തടുത്തു ശുഭദേശേ
വിശ്രമിച്ചനന്തരമരുളിച്ചെയ്തു രാമൻ
വിശ്രുതനായ സുതീക്ഷ്‌ണൻതന്നോ'ടിനിയിപ്പോൾ
വേഗേന ചെന്നു ഭവാനഗസ്ത്യ‍മുനീന്ദ്രനോ-
ടാഗതനായോരെന്നെയങ്ങുണർത്തിച്ചീടേണം.
ജാനകിയോടും ഭ്രാതാവായ ലക്ഷ്‌മണനോടും
കാനനദ്വാരേ വസിച്ചീടുന്നിതുപാശ്രമം.' 380
ശ്രുത്വാ രാമോക്തം സുതീക്ഷ്‌ണന്മഹാപ്രസാദമി-
ത്യുക്താ സത്വരം ഗത്വാചാര്യമന്ദിരം മുദാ
നത്വാ തം ഗുരുവരമഗസ്ത്യ‍ം മുനികുല-
സത്തമം രഘൂത്തമഭക്തസഞ്ചയവൃതം
രാമമന്ത്രാർത്ഥവ്യാഖ്യാതൽപരം ശിഷ്യന്മാർക്കാ-
യ്‌ക്കാമദമഗസ്ത്യ‍മാത്മാരാമം മുനീശ്വരം
ആരൂഢവിനയംകൊണ്ടാനതവക്ത്രത്തോടു-
മാരാൽ വീണുടൻ ദണ്ഡനമസ്‌കാരവും ചെയ്താൻ.
"രാമനാം ദാശരഥി സോദരനോടും നിജ-
ഭാമിനിയോടുമുണ്ടിങ്ങാഗതനായിട്ടിപ്പോൾ. 390
നില്‌ക്കുന്നു പുറത്തുഭാഗത്തു കാരുണ്യാബ്ധേ! നിൻ
തൃക്കഴലിണ കണ്ടു വന്ദിപ്പാൻ ഭക്തിയോടെ."
മുമ്പേതന്നകകാമ്പിൽ കണ്ടറിഞ്ഞിരിക്കുന്നു
കുംഭസംഭവൻ പുനരെങ്കിലുമരുൾചെയ്താൻഃ
"ഭദ്രം തേ, രഘുനാഥമാനയ ക്ഷിപ്രം രാമ-
ഭദ്രം മേ ഹൃദിസ്ഥിതം ഭക്തവത്സലം ദേവം.
പാർത്തിരുന്നീടുന്നു ഞാനെത്രനാളുണ്ടു കാണ്മാൻ.
പ്രാർത്ഥിച്ചു സദാകാലം ധ്യാനിച്ചു രാമരൂപം
രാമ രാമേതി രാമമന്ത്രവും ജപിച്ചതി-
കോമളം കാളമേഘശ്യാമളം നളിനാക്ഷം." 400
ഇത്യുക്ത്വാ സരഭസമുത്ഥായ മുനിപ്രവ-
രോത്തമൻ മദ്ധ്യേ ചിത്തമത്യന്തഭക്ത്യാ മുനി-
സത്തമരോടും നിജശിഷ്യസഞ്ചയത്തോടും
ഗത്വാ ശ്രീരാമചന്ദ്രവക്ത്രം പാർത്തരുൾചെയ്താൻഃ
"ഭദ്രം തേ നിരന്തരമസ്തു സന്തതം രാമ-
ഭദ്ര! മേ ദിഷ്‌ട്യാ ചിരമദ്യൈവ സമാഗമം.
യോഗ്യനായിരിപ്പോരിഷ്‌ടാതിഥി ബലാൽ മമ
ഭാഗ്യപൂർണ്ണത്വേന സംപ്രാപ്തനായിതു ഭവാൻ.
അദ്യവാസരം മമ സഫല,മത്രയല്ല
മത്തപസ്സാഫല്യവും വന്നിതു ജഗൽപതേ!" 410
കുംഭസംഭവൻതന്നെക്കണ്ടു രാഘവൻതാനും
തമ്പിയും വൈദേഹിയും സംഭ്രമസമന്വിതം
കുമ്പിട്ടു ഭക്ത്യാ ദണ്ഡനമസ്‌കാരം ചെയ്തപ്പോൾ
കുംഭജന്മാവുമെടുത്തെഴുനേൽപിച്ചു ശീഘ്രം
ഗാഢാശ്ലേഷവുംചെയ്തു പരമാനന്ദത്തോടും
ഗൂഢപാദീശാംശജനായ ലക്ഷ്‌മണനെയും
ഗാത്രസ്പർശനപരമാഹ്ലാദജാതസ്രവ-
ന്നേത്രകീലാലാകുലനായ താപസവരൻ
ഏകേന കരേണ സംഗൃഹ്യ രോമാഞ്ചാന്വിതം
രാഘവനുടെ കരപങ്കജമതിദ്രുതം 420
സ്വാശ്രമം ജഗാമ ഹൃഷ്ടാത്മനാ മുനിശ്രേഷ്‌ഠ-
നാശ്രിതജനപ്രിയനായ വിശ്വേശം രാമം
പാദ്യാർഗ്‌ഘ്യാസന മധുപർക്കമുഖ്യങ്ങളുമാ-
പാദ്യ സമ്പൂജ്യ സുഖമായുപവിഷ്‌ടം നാഥം
വന്യഭോജ്യങ്ങൾകൊണ്ടു സാദരം ഭുജിപ്പിച്ചു
ധന്യനാം തപോധനനേകാന്തേ ചൊല്ലീടിനാൻഃ