അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/അഗസ്ത്യസ്തുതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആരണ്യകാണ്ഡം


"നീ വരുന്നതും പാർത്തു ഞാനിരുന്നിതു മുന്നം
ദേവകളോടും കമലാസനനോടും ഭവാൻ
ക്ഷീരവാരിധിതീരത്തിങ്കൽനിന്നരുൾചെയ്‌തു
'ഘോരരാവണൻതന്നെക്കൊന്നു ഞാൻ ഭൂമണ്ഡല- 480
ഭാരാപഹരണം ചെയ്‌തീടുവനെ'ന്നുതന്നെ.
സാരസാനന! സകലേശ്വര! ദയാനിധേ!
ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ-
നാനന്ദസ്വരൂപനാം നിന്നുടൽ കണ്ടുകൊൾവാൻ.
താപസജനത്തോടും ശിഷ്യസംഘാതത്തോടും
ശ്രീപാദാംബുജം നിത്യം ധ്യാനിച്ചു വസിച്ചു ഞാൻ.
ലോകസൃഷ്‌ടിക്കു മുന്നമേകനായാനന്ദനായ്‌
ലോകകാരണൻ വികൽപോപാധിവിരഹിതൻ
തന്നുടെ മായ തനിക്കാശ്രയഭൂതയായി
തന്നുടെ ശക്തിയെന്നും പ്രകൃതി മഹാമായ 440
നിർഗ്ഗുണനായ നിന്നെയാവരണംചെയ്‌തിട്ടു
തൽഗുണങ്ങളെയനുസരിപ്പിച്ചീടുന്നതും
നിർവ്യാജം വേദാന്തികൾ ചൊല്ലുന്നു നിന്നെ മുന്നം
ദിവ്യമാമവ്യാകൃതമെന്നുപനിഷദ്വശാൽ.
മായാദേവിയെ മൂലപ്രകൃതിയെന്നും ചൊല്ലും
മായാതീതന്മാരെല്ലാം സംസൃതിയെന്നും ചൊല്ലും.
വിദ്വാന്മാരവിദ്യയെന്നും പറയുന്നുവല്ലോ
ശക്തിയെപ്പലനാമം ചൊല്ലുന്നു പലതരം.
നിന്നാൽ സംക്ഷോഭ്യമാണയാകിയ മായതന്നിൽ-
നിന്നുണ്ടായ്‌വന്നു മഹത്തത്ത്വമെന്നല്ലോ ചൊൽവൂ. 450
നിന്നുടെ നിയോഗത്താൽ മഹത്തത്ത്വത്തിങ്കലേ-
നിന്നുണ്ടായ്‌വന്നു പുനരഹങ്കാരവും പുരാ.
മഹത്തത്ത്വവുമഹങ്കാരവും സംസാരവും
മഹദ്വേദികളേവം മൂന്നായിച്ചൊല്ലീടുന്നു.
സാത്വികം രാജസവും താമസമെന്നീവണ്ണം
വേദ്യമായ്‌ ചമഞ്ഞിതു മൂന്നുമെന്നറിഞ്ഞാലും.
താമസത്തിങ്കൽനിന്നു സൂക്ഷ്‌മതന്മാത്രകളും
ഭൂമിപൂർവകസ്ഥൂലപഞ്ചഭൂതവും പിന്നെ
രാജസത്തിങ്കൽനിന്നുണ്ടായിതിന്ദ്രിയങ്ങളും
തേജോരൂപങ്ങളായ ദൈവതങ്ങളും, പിന്നെ 460
സാത്വികത്തിങ്കൽനിന്നു മനസ്സുമുണ്ടായ്‌വന്നു;
സൂത്രരൂപകം ലിംഗമിവറ്റിൽനിന്നുണ്ടായി.
സർവത്ര വ്യാപ്തസ്ഥൂലസഞ്ചയത്തിങ്കൽനിന്നു
ദിവ്യനാം വിരാൾപുമാനുണ്ടായിതെന്നു കേൾപ്പൂ.
അങ്ങനെയുളള വിരാൾപുരുഷൻതന്നെയല്ലോ
തിങ്ങീടും ചരാചരലോകങ്ങളാകുന്നതും.
ദേവമാനുഷതിര്യഗ്യോനിജാതികൾ ബഹു-
സ്ഥാവരജംഗമൗഘപൂർണ്ണമായുണ്ടായ്‌വന്നു.
ത്വന്മായാഗുണങ്ങളെ മൂന്നുമാശ്രയിച്ചല്ലോ
ബ്രഹ്‌മാവും വിഷ്‌ണുതാനും രുദ്രനുമുണ്ടായ്‌വന്നു. 470
ലോകസൃഷ്‌ടിക്കു രജോഗുണമാശ്രയിച്ചല്ലോ
ലോകേശനായ ധാതാ നാഭിയിൽനിന്നുണ്ടായി,
സത്ത്വമാം ഗുണത്തിങ്കൽനിന്നു രക്ഷിപ്പാൻ വിഷ്‌ണു,
രുദ്രനും തമോഗുണംകൊണ്ടു സംഹരിപ്പാനും.
ബുദ്ധിജാദികളായ വൃത്തികൾ ഗുണത്രയം
നിത്യമംശിച്ചു ജാഗ്രൽസ്വപ്‌നവും സുഷുപ്‌തിയും.
ഇവറ്റിന്നെല്ലാം സാക്ഷിയായ ചിന്മയൻ ഭവാൻ
നിവൃത്തൻ നിത്യനേകനവ്യയനല്ലോ നാഥ!
യാതൊരു കാലം സൃഷ്‌ടിചെയ്‌വാനിച്ഛിച്ചു ഭവാൻ
മോദമോടപ്പോളംഗീകരിച്ചു മായതന്നെ. 480
തന്മൂലം ഗുണവാനെപ്പോലെയായിതു ഭവാൻ
ത്വന്മഹാമായ രണ്ടുവിധമായ്‌വന്നാളല്ലോ,
വിദ്യയുമവിദ്യയുമെന്നുളള ഭേദാഖ്യയാ.
വിദ്യയെന്നല്ലോ ചൊൽവൂ നിവൃത്തിനിരതന്മാർ
അവിദ്യാവശന്മാരായ്‌ വർത്തിച്ചീടിന ജനം
പ്രവൃത്തിനിരതന്മാരെന്നത്രേ ഭേദമുളളു.
വേദാന്തവാക്യാർത്ഥവേദികളായ്‌ സമന്മാരായ്‌
പാദഭക്തന്മാരായുളളവർ വിദ്യാത്മകന്മാർ.
അവിദ്യാവശഗന്മാർ നിത്യസംസാരികളെ-
ന്നവശ്യം തത്ത്വജ്ഞന്മാർ ചൊല്ലുന്നു നിരന്തരം. 490
വിദ്യാഭ്യാസൈകരതന്മാരായ ജനങ്ങളെ
നിത്യമുക്തന്മാരെന്നു ചൊല്ലുന്നു തത്ത്വജ്ഞന്മാർ.
ത്വന്മന്ത്രോപാസകന്മാരായുളള ഭക്തന്മാർക്കു
നിർമ്മലയായ വിദ്യ താനേ സംഭവിച്ചീടും.
മറ്റുളള മൂഢന്മാർക്കു വിദ്യയുണ്ടാകെന്നതും
ചെറ്റില്ല നൂറായിരം ജന്മങ്ങൾ കഴിഞ്ഞാലും.
ആകയാൽ ത്വത്ഭക്തിസമ്പന്നന്മാരായുളളവ-
രേകാന്തമുക്തന്മാരില്ലേതും സംശയമോർത്താൽ.
ത്വഭക്തിസുധാഹീനന്മാരായുളളവർക്കെല്ലാം
സ്വപ്‌നത്തിൽപ്പോലും മോക്ഷം സംഭവിക്കയുമില്ല. 500
ശ്രീരാമ! രഘുപതേ! കേവലജ്ഞാനമൂർത്തേ!
ശ്രീരമണാത്മാരാമ! കാരുണ്യാമൃതസിന്ധോ!
എന്തിനു വളരെ ഞാനിങ്ങനെ പറയുന്നു
ചിന്തിക്കിൽ സാരം കിഞ്ചിൽ ചൊല്ലുവൻ ധരാപതേ!
സാധുസംഗതിതന്നെ മോക്ഷകാരണമെന്നു
വേദാന്തജ്ഞന്മാരായ വിദ്വാന്മാർ ചൊല്ലീടുന്നു.
സാധുക്കളാകുന്നതു സമചിത്തന്മാരല്ലോ
ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാർക്കായ്‌
നിസ്‌പൃഹന്മാരായ്‌ വിഗതൈഷണന്മാരായ്‌ സദാ
ത്വത്ഭക്തന്മാരായ്‌ നിവൃത്താഖിലകാമന്മാരായ്‌ 510
ഇഷ്‌ടാനിഷ്‌ടപ്രാപ്തികൾ രണ്ടിലും സമന്മാരായ്‌
നഷ്‌ടസംഗന്മാരുമായ്‌ സന്യസ്തകർമ്മാക്കളായ്‌
തുഷ്‌ടമാനസന്മാരായ്‌ ബ്രഹ്‌മതൽപ്പരന്മാരായ്‌
ശിഷ്‌ടാചാരൈകപരായണന്മാരായി നിത്യം
യോഗാർത്ഥം യമനിയമാദിസമ്പന്നന്മാരാ-
യേകാന്തേ ശമദമസാധനയുക്തന്മാരായ്‌
സാധുക്കളവരോടു സംഗതിയുണ്ടാകുമ്പോൾ
ചേതസി ഭവൽകഥാശ്രവണേ രതിയുണ്ടാം.
ത്വൽകഥാശ്രവണേന ഭക്തിയും വർദ്ധിച്ചീടും
ഭക്തി വർദ്ധിച്ചീടുമ്പോൾ വിജ്ഞാനമുണ്ടായ്‌വരും; 520
വിജ്ഞാനജ്ഞാനാദികൾകൊണ്ടു മോക്ഷവും വരും;
വിജ്ഞാതമെന്നാൽ ഗുരുമുഖത്തിൽനിന്നിതെല്ലാം.
ആകയാൽ ത്വൽഭക്തിയും നിങ്കലേപ്രേമവായ്‌പും
രാഘവ! സദാ ഭവിക്കേണമേ ദയാനിധേ!
ത്വൽപാദാബ്‌ജങ്ങളിലും ത്വത്ഭക്തന്മാരിലുമെ-
ന്നുൾപ്പൂവിൽ ഭക്തി പുനരെപ്പോഴുമുണ്ടാകേണം.
ഇന്നല്ലോ സഫലമായ്‌വന്നതു മമ ജന്മ-
മിന്നു മൽ ക്രതുക്കളും വന്നിതു സഫലമായ്‌.
ഇന്നല്ലോ തപസ്സിനും സാഫല്യമുണ്ടായ്‌വന്നു
ഇന്നല്ലോ സഫലമായ്‌വന്നതു മന്നേത്രവും. 530
സീതയാ സാർദ്ധം ഹൃദി വസിക്ക സദാ ഭവാൻ
സീതാവല്ലഭ! ജഗന്നായക! ദാശരഥേ!
നടക്കുമ്പോഴുമിരിക്കുമ്പോഴുമൊരേടത്തു
കിടക്കുമ്പോഴും ഭൂജിക്കുമ്പോഴുമെന്നുവേണ്ടാ
നാനാകർമ്മങ്ങളനുഷ്‌ഠിക്കുമ്പോൾ സദാകാലം
മാനസേ ഭവദ്രൂപം തോന്നേണം ദയാംബുധേ!"
കുംഭസംഭവനിതി സ്തുതിച്ചു ഭക്തിയോടെ
ജംഭാരി തന്നാൽ മുന്നം നിക്ഷിപ്‌തമായ ചാപം
ബാണതൂണീരത്തോടും കൊടുത്തു ഖഡ്‌ഗത്തോടും
ആനന്ദവിവശനായ്‌ പിന്നെയുമരുൾചെയ്‌താൻഃ 540
"ഭൂഭാരഭൂതമായ രാക്ഷസവംശം നിന്നാൽ
ഭൂപതേ! വിനഷ്‌ടമായീടേണം വൈകീടാതെ.
സാക്ഷാൽ ശ്രീനാരായണനായ നീ മായയോടും
രാക്ഷസവധത്തിനായ്‌മർത്ത്യനായ്‌ പിറന്നതും.
രണ്ടുയോജനവഴി ചെല്ലുമ്പോളിവിടെനി-
ന്നുണ്ടല്ലോ പുണ്യഭൂമിയാകിയ പഞ്ചവടി.
ഗൗതമീതീരെ നല്ലൊരാശ്രമം ചമച്ചതിൽ
സീതയാ വസിക്ക പോയ്‌ ശേഷമുളെളാരുകാലം
തത്രൈവ വസിച്ചു നീ ദേവകാര്യങ്ങളെല്ലാം
സത്വരം ചെയ്‌കെ"ന്നുടനനുജ്ഞ നല്‌കി മുനി. 550