Jump to content

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/ശൂർപ്പണഖാവിലാപം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആരണ്യകാണ്ഡം


രാവണഭഗിനിയും രോദനംചെയ്തു പിന്നെ
രാവണനോടു പറഞ്ഞീടുവാൻ നടകൊണ്ടാൾ.
സാക്ഷാലഞ്ജനശൈലംപോലെ ശൂർപ്പണഖയും
രാക്ഷസരാജൻമുമ്പിൽ വീണുടൻമുറയിട്ടാൾ.
മുലയും മൂക്കും കാതും കൂടാതെ ചോരയുമാ-
യലറും ഭഗിനിയോടവനുമുരചെയ്‌താൻഃ
"എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാർത്ഥം
ബന്ധമുണ്ടായതെന്തു വൈരൂപ്യം വന്നീടുവാൻ?
ശക്രനോ കൃതാന്തനോ പാശിയോ കുബേരനോ
ദുഷ്‌കൃതംചെയ്തതവൻതന്നെ ഞാനൊടുക്കുവൻ. 1070
സത്യംചൊ"ല്ലെന്നനേരമവളുമുരചെയ്താ-
"ളെത്രയും മൂഢൻ ഭവാൻ പ്രമത്തൻ പാനസക്തൻ
സ്ത്രീജിതനതിശഠനെന്തറിഞ്ഞിരിക്കുന്നു?
രാജാവെന്നെന്തുകൊണ്ടു ചൊല്ലുന്നു നിന്നെ വൃഥാ?
ചാരചക്ഷുസ്സും വിചാരവുമില്ലേതും നിത്യം
നാരീസേവയുംചെയ്‌തു കിടന്നീടെല്ലായ്‌പോഴും.
കേട്ടതില്ലയോ ഖരദൂഷണത്രിശിരാക്കൾ
കൂട്ടമേ പതിന്നാലായിരവും മുടിഞ്ഞതും?
പ്രഹരാർദ്ധേന രാമൻ വേഗേന ബാണഗണം
പ്രഹരിച്ചൊടുക്കിനാനെന്തൊരു കഷ്‌ടമോർത്താൽ." 1080
എന്നതു കേട്ടു ചോദിച്ചീടിനാൻ ദശാനന-
നെന്നോടു ചൊല്ലീ'ടേവൻ രാമനാകുന്നതെന്നും
എന്തൊരുമൂലമവൻ കൊല്ലുവാനെന്നുമെന്നാ-
ലന്തകൻതനിക്കു നല്‌കീടുവനവനെ ഞാൻ.'
സോദരി ചൊന്നാളതുകേട്ടു രാവണനോടു
"യാതുധാനാധിപതേ! കേട്ടാലും പരമാർത്ഥം.
ഞാനൊരുദിനം ജനസ്ഥാനദേശത്തിങ്കൽ നി-
ന്നാനന്ദംപൂണ്ടു താനേ സഞ്ചരിച്ചീടുംകാലം
കാനനത്തൂടെ ചെന്നു ഗൗതമീതടം പുക്കേൻ;
സാനന്ദം പഞ്ചവടി കണ്ടു ഞാൻ നില്‌ക്കുന്നേരം. 1090
ആശ്രമത്തിങ്കൽ തത്ര രാമനെക്കണ്ടേൻ ജഗ-
ദാശ്രയഭൂതൻ ജടാവല്‌ക്കലങ്ങളും പൂണ്ടു
ചാപബാണങ്ങളോടുമെത്രയും തേജസ്സോടും
താപസവേഷത്തോടും ധർമ്മദാരങ്ങളോടും
സോദരനായീടുന്ന ലക്ഷ്മണനോടുംകൂടി
സ്സാദരമിരിക്കുമ്പോളടുത്തുചെന്നു ഞാനും.
ശ്രീരാമോത്സംഗേ വാഴും ഭാമിനിതന്നെക്കണ്ടാൽ
നാരികളവ്വണ്ണം മറ്റില്ലല്ലോ ലോകത്തിങ്കൽ.
ദേവഗന്ധർവ്വനാഗമാനുഷനാരിമാരി-
ലേവം കാണ്മാനുമില്ല കേൾപ്പാനുമില്ല നൂനം. 1100
ഇന്ദിരാദേവിതാനും ഗൗരിയും വാണിമാതു-
മിന്ദ്രാണിതാനും മറ്റുളളപ്സരസ്ത്രീവർഗ്ഗവും
നാണംപൂണ്ടൊളിച്ചീടുമവളെ വഴിപോലെ
കാണുമ്പോളനംഗനും ദേവതയവളല്ലോ.
തൽപതിയാകും പുരുഷൻ ജഗൽപതിയെന്നു
കൽപിക്കാം വികൽപമില്ലൽപവുമിതിനിപ്പോൾ.
ത്വൽപത്നിയാക്കീടുവാൻ തക്കവളവളെന്നു
കൽപിച്ചുകൊണ്ടിങ്ങു പോന്നീടുവാനൊരുമ്പെട്ടേൻ.
മൽകുചനാസാകർണ്ണച്ഛേദനം ചെയ്താനപ്പോൾ
ലക്ഷ്‌മണൻ കോപത്തോടെ രാഘവനിയോഗത്താൽ. 1110
വൃത്താന്തം ഖരനോടു ചെന്നു ഞാനറിയിച്ചേൻ
യുദ്ധാർത്ഥം നക്തഞ്ചരാനീകിനിയോടുമവൻ
രോഷവേഗേന ചെന്നു രാമനോടേറ്റനേരം
നാഴിക മൂന്നേമുക്കാൽകൊണ്ടവനൊടുക്കിനാൻ.
ഭസ്‌മമാക്കീടും പിണങ്ങീടുകിൽ വിശ്വം ക്ഷണാൽ
വിസ്‌മയം രാമനുടെ വിക്രമം വിചാരിച്ചാൽ!
കന്നൽനേർമിഴിയാളാം ജാനകിദേവിയിപ്പോൾ
നിന്നുടെ ഭാര്യയാകിൽ ജന്മസാഫല്യം വരും.
ത്വത്സകാശത്തിങ്കലാക്കീടുവാൻ തക്കവണ്ണ-
മുത്സാഹം ചെയ്തീടുകിലെത്രയും നന്നു ഭവാൻ. 1120
തത്സാമർത്ഥ്യങ്ങളെല്ലാം പത്മാക്ഷിയാകുമവ-
ളുത്സംഗേ വസിക്കകൊണ്ടാകുന്നു ദേവാരാതേ!
രാമനോടേറ്റാൽ നിൽപാൻ നിനക്കു ശക്തിപോരാ
കാമവൈരിക്കും നേരേ നില്‌ക്കരുതെതിർക്കുമ്പോൾ.
മോഹിപ്പിച്ചൊരുജാതി മായയാ ബാലന്മാരെ
മോഹനഗാത്രിതന്നെക്കൊണ്ടുപോരികേയുളളു."
സോദരീവചനങ്ങളിങ്ങനെ കേട്ടശേഷം
സാദരവാക്യങ്ങളാലാശ്വസിപ്പിച്ചു തൂർണ്ണം
തന്നുടെ മണിയറതന്നിലങ്ങകംപുക്കാൻ
വന്നതില്ലേതും നിദ്ര ചിന്തയുണ്ടാകമൂലം. 1130
'എത്രയും ചിത്രം ചിത്രമോർത്തോളമിദമൊരു
മർത്ത്യനാൽ മൂന്നേമുക്കാൽ നാഴികനേരംകൊണ്ടു
ശക്തനാം നക്തഞ്ചരപ്രവരൻ ഖരൻതാനും
യുദ്ധവൈദഗ്‌ദ്ധ്യമേറും സോദരരിരുവരും
പത്തികൾ പതിന്നാലായിരവും മുടിഞ്ഞുപോൽ!
വ്യക്തം മാനുഷനല്ല രാമനെന്നതു നൂനം.
ഭക്തവത്സലനായ ഭഗവാൻ പത്മേക്ഷണൻ
മുക്തിദാനൈകമൂർത്തി മുകുന്ദൻ മുക്തിപ്രിയൻ
ധാതാവു മുന്നം പ്രാർത്ഥിച്ചോരു കാരണമിന്നു
ഭൂതലേ രഘുകുലേ മർത്ത്യനായ്‌ പിറന്നിപ്പോൾ 1140
എന്നെക്കൊല്ലുവാനൊരുമ്പെട്ടു വന്നാനെങ്കിലോ
ചെന്നു വൈകുണ്‌ഠരാജ്യം പരിപാലിക്കാമല്ലോ.
അല്ലെങ്കിലെന്നും വാഴാം രാക്ഷസരാജ്യ,മെന്നാ-
ലല്ലലില്ലൊന്നുകൊണ്ടും മനസി നിരൂപിച്ചാൽ.
കല്യാണപ്രദനായ രാമനോടേല്‌ക്കുന്നതി-
നെല്ലാജാതിയും മടിക്കേണ്ട ഞാനൊന്നുകൊണ്ടും.
ഇത്ഥമാത്മനി ചിന്തിച്ചുറച്ചു രക്ഷോനാഥൻ
തത്വജ്ഞാനത്തോടുകൂടത്യാനന്ദവും പൂണ്ടാൻ.
സാക്ഷാൽ ശ്രീനാരായണൻ രാമനെന്നറിഞ്ഞഥ
രാക്ഷസപ്രവരനും പൂർവ്വവൃത്താന്തമോർത്താൻ. 1150
'വിദ്വേഷബുദ്ധ്യാ രാമൻതന്നെ പ്രാപിക്കേയുളളു
ഭക്തികൊണ്ടെന്നിൽ പ്രസാദിക്കയില്ലഖിലേശൻ.'