അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/കബന്ധസ്തുതി
ദൃശ്യരൂപം
(കബന്ധസ്തുതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- "നിന്തിരുവടിയുടെ തത്ത്വമിതൊരുവർക്കും
- ചിന്തിച്ചാലറിഞ്ഞുകൂടാവതല്ലെന്നാകിലും 1810
- നിന്തിരുവടിതന്നെ സ്തുതിപ്പാൻ തോന്നീടുന്നു
- സന്തതം മന്ദത്വംകൊണ്ടെന്തൊരു മഹാമോഹം.
- അന്തവുമാദിയുമില്ലാതൊരു പരബ്രഹ്‌മ-
- മന്തരാത്മനി തെളിഞ്ഞുണർന്നു വസിക്കേണം.
- അന്ധകാരങ്ങളകന്നാനന്ദമുദിക്കേണം
- ബന്ധവുമറ്റു മോക്ഷപ്രാപ്തിയുമരുളേണം.
- അവ്യക്തമതിസൂക്ഷ്‌മമായൊരു ഭവദ്രൂപം
- സുവ്യക്തഭാവേന ദേഹദ്വയവിലക്ഷണം
- ദൃഗ്രുപമേക,മന്യൻ സകലദൃശ്യം ജഡം
- ദുർഗ്രാഹ്യമതാന്മകമാകയാലജ്ഞാനികൾ 1820
- എങ്ങനെയറിയുന്നു മാനസവ്യതിരിക്തം
- മങ്ങീടാതൊരു പരമാത്മാനം ബ്രഹ്‌മാനന്ദം!
- ബുദ്ധ്യാത്മാഭാസങ്ങൾക്കുളൈളക്യമായതു ജീവൻ
- ബുദ്ധ്യാദിസാക്ഷിഭൂതം ബ്രഹ്‌മമെന്നതും നൂനം.
- നിർവികാരബ്രഹ്‌മണി നിഖിലാത്മനി നിത്യേ
- നിർവിഷയാഖ്യേ ലോകമജ്ഞാനമോഹവശാൽ
- ആരോപിക്കപ്പെട്ടൊരു തൈജസം സൂക്ഷ്‌മദേഹം
- ഹൈരണ്യമതു വിരാൾപുരുഷനതിസ്ഥൂലം.
- ഭാവനാവിഷയമായൊന്നതു യോഗീന്ദ്രാണാം
- കേവലം തത്ര കാണായീടുന്നു ജഗത്തെല്ലാം. 1830
- ഭൂതമായതും ഭവ്യമായതും ഭവിഷ്യത്തും
- ഹേതുനാ മഹത്തത്ത്വാദ്യാവൃത സ്ഥൂലദേഹേ
- ബ്രഹ്‌മാണ്ഡകോശവിരാൾപുരുഷേ കാണാകുന്നു
- സന്മയമെന്നപോലെ ലോകങ്ങൾ പതിന്നാലും.
- തുംഗനാം വിരാൾപുമാനാകിയ ഭഗവാൻ ത-
- ന്നംഗങ്ങളല്ലോ പതിന്നാലു ലോകവും നൂനം.
- പാതാളം പാദമൂലം പാർഷ്ണികൾ മഹാതലം
- നാഥ! തേ ഗുല്‌ഫം രസാതലവും തലാതലം
- ചാരുജാനുക്കളല്ലോ സുതലം രഘുപതേ!
- ഊരുകാണ്ഡങ്ങൾ തവ വിതലമതലവും 1840
- ജഘനം മഹീതലം നാഭി തേ നഭസ്ഥലം
- രഘുനാഥോരസ്ഥലമായതു സുരലോകം
- കണ്‌ഠദേശം തേ മഹർലോകമെന്നറിയേണം
- തുണ്ഡമായതു ജനലോകമെന്നതു നൂനം
- ശംഖദേശം തേ തപോലോകമിങ്ങതിൻമീതേ
- പങ്കജയോനിവാസമാകിയ സത്യലോകം
- ഉത്തമാംഗം തേ പുരുഷോത്തമ! ജഗൽപ്രഭോ!
- സത്താമാത്രക! മേഘജാലങ്ങൾ കേശങ്ങളും.
- ശക്രാദിലോകപാലന്മാരെല്ലാം ഭുജങ്ങൾ തേ
- ദിക്കുകൾ കർണ്ണങ്ങളുമശ്വികൾ നാസികയും. 1850
- വക്ത്രമായതു വഹ്നി നേത്രമാദിത്യൻതന്നെ
- ചിത്രമെത്രയും മനസ്സായതു ചന്ദ്രനല്ലോ.
- ഭൂഭംഗമല്ലോ കാലം ബുദ്ധി വാക്‌പതിയല്ലോ
- കോപകാരണമഹങ്കാരമായതു രുദ്രൻ.
- വാക്കെല്ലാം ഛന്ദസ്സുകൾ ദംഷ്‌ട്രകൾ യമനല്ലോ
- നക്ഷത്രപങ്‌ക്തിയെല്ലാം ദ്വിജപങ്‌ക്തികളല്ലോ
- ഹാസമായതു മോഹകാരിണി മഹാമായ
- വാസനാസൃഷ്‌ടിസ്തവാപാംഗമോക്ഷണമല്ലോ.
- ധർമ്മം നിൻ പുരോഭാഗമധർമ്മം പൃഷ്‌ഠഭാഗം
- ഉന്മേഷനിമേഷങ്ങൾ ദിനരാത്രികളല്ലോ. 1860
- സപ്തസാഗരങ്ങൾ നിൻ കുക്ഷിദേശങ്ങളല്ലോ
- സപ്തമാരുതന്മാരും നിശ്വാസഗണമല്ലോ.
- നദികളെല്ലാം തവ നാഡികളാകുന്നതും
- പൃഥിവീധരങ്ങൾപോലസ്ഥികളാകുന്നതും.
- വൃക്ഷാദ്യൗഷധങ്ങൾ തേ രോമങ്ങളാകുന്നതും
- ത്യ്‌രക്ഷനാം ദേവൻതന്നെ ഹൃദയമാകുന്നതും.
- വൃഷ്‌ടിയായതും തവ രേതസ്സെന്നറിയേണം
- പുഷ്ടമാം മഹീപതേ! കേവലജ്ഞാനശക്തി
- സ്ഥൂലമായുളള വിരാൾപുരുഷരൂപം തവ
- കാലേ നിത്യവും ധ്യാനിക്കുന്നവനുണ്ടാം മുക്തി. 1870
- നിന്തിരുവടിയൊഴിഞ്ഞില്ല കിഞ്ചന വസ്‌തു
- സന്തതമീദൃഗ്രൂപം ചിന്തിച്ചു വണങ്ങുന്നേൻ.
- ഇക്കാലമിതിൽക്കാളും മുഖ്യമായിരിപ്പോന്നി-
- തിക്കാണാകിയ രൂപമെപ്പോഴും തോന്നീടണം.
- താപസവേഷം ധരാവല്ലഭം ശാന്താകാരം
- ചാപേഷുകരം ജടാവല്‌ക്കലവിഭൂഷണം
- കാനനേ വിചിന്വന്തം ജാനകീം സലക്ഷ്‌മണം
- മാനവശ്രേഷ്‌ഠം മനോജ്ഞം മനോഭവസമം
- മാനസേ വസിപ്പതിന്നാലയം ചിന്തിക്കുന്നേൻ
- ഭാനുവംശോൽഭൂതനാം ഭഗവൻ! നമോനമഃ 1880
- സർവജ്ഞൻ മഹേശ്വരനീശ്വരൻ മഹാദേവൻ
- ശർവനവ്യയൻ പരമേശ്വരിയോടുംകൂടി
- നിന്തിരുവടിയേയും ധ്യാനിച്ചുകൊണ്ടു കാശ്യാം
- സന്തതമിരുന്നരുളീടുന്നു മുക്ത്യർത്ഥമായ്.
- തത്രൈവ മുമുക്ഷുക്കളായുളള ജനങ്ങൾക്കു
- തത്വബോധാർത്ഥം നിത്യം താരകബ്രഹ്‌മവാക്യം
- രാമരാമേതി കനിഞ്ഞുപദേശവും നല്‌കി-
- സ്സോമനാം നാഥൻ വസിച്ചീടുന്നു സദാകാലം.
- പരമാത്മാവു പരബ്രഹ്‌മം നിന്തിരുവടി
- പരമേശ്വരനായതറിഞ്ഞു വഴിപോലെ 1890
- മൂഢന്മാർ ഭവത്തത്വമെങ്ങനെയറിയുന്നു!
- മൂടിപ്പോകയാൽ മഹാമായാമോഹാന്ധകാരേ?
- രാമഭദ്രായ പരമാത്മനേ നമോനമഃ
- രാമചന്ദ്രായ ജഗത്സാക്ഷിണേ നമോനമഃ.
- പാഹി മാം ജഗന്നാഥ! പരമാനന്ദരൂപ!
- പാഹി സൗമിത്രിസേവ്യ! പാഹി മാം ദയാനിധേ!
- നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-
- യ്‌കംബുജവിലോചന! സന്തതം നമസ്‌കാരം."
- ഇർത്ഥമർത്ഥിച്ചു ഭക്ത്യാ സ്തുതിച്ച ഗന്ധർവനോ-
- ടുത്തമപുരുഷനാം ദേവനുമരുൾചെയ്‌തുഃ 1900
- "സന്തുഷ്‌ടനായേൻ തവ സ്തുത്യാ നിശ്ചലഭക്ത്യാ
- ഗന്ധർവശ്രേഷ്‌ഠ! ഭവാൻ മൽപദം പ്രാപിച്ചാലും.
- സ്ഥാനം മേ സനാതനം യോഗീന്ദ്രഗമ്യം പര-
- മാനന്ദം പ്രാപിക്ക നീ മൽപ്രസാദത്താലെടോ!
- അത്രയുമല്ല പുനരൊന്നനുഗ്രഹിപ്പൻ ഞാ-
- നിസ്‌തോത്രം ഭക്ത്യാ ജപിച്ചീടുന്ന ജനങ്ങൾക്കും
- മുക്തി സംഭവിച്ചീടുമില്ല സംശയമേതും;
- ഭക്തനാം നിനക്കധഃപതനമിനി വരാ."
- ഇങ്ങനെ വരം വാങ്ങിക്കൊണ്ടു ഗന്ധർവശ്രേഷ്‌ഠൻ
- മംഗലം വരുവാനായ്‌തൊഴുതു ചൊല്ലീടിനാൻഃ 1910
- "മുന്നിലാമ്മാറു കാണാം മതംഗാശ്രമം തത്ര
- സമ്പ്രാതി വസിക്കുന്നു ശബരീ തപസ്വിനി.
- ത്വൽപാദാംബുജഭക്തികൊണ്ടേറ്റം പവിത്രയാ-
- യെപ്പൊഴും ഭവാനേയും ധ്യാനിച്ചു വിമുക്തയായ്
- അവളെച്ചെന്നു കണ്ടാൽ വൃത്താന്തം ചൊല്ലുമവ-
- ളവനീസുതതന്നെ ലഭിക്കും നിങ്ങൾക്കെന്നാൽ."